ചിദംബരത്തിന്റെ കേസും സെന്റ് കിറ്റ്‌സ് കേസും


അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

പൗരന്റെ ജീവനും സ്വാതന്ത്ര്യവും ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 21-ാം അനുച്ഛേദം വേട്ടയാടപ്പെടുകയാണെന്നും അത് തടയാന്‍ മുന്നോട്ടു വരേണ്ട നീതിപീഠം ഒഴിഞ്ഞുമാറുകയാണെന്നും ഭയപ്പെട്ടവര്‍ക്ക് തല്‍ക്കാലമെങ്കിലും സുപ്രിംകോടതിയുടെ തീരുമാനം ആശ്വാസമായി. ചിദംബരത്തെ അറസ്റ്റുചെയ്യുന്നതില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ തിങ്കളാഴ്ച വരെ തടഞ്ഞുകൊണ്ടും സി.ബി.ഐക്കും എന്‍ഫോഴ്‌സ്‌മെന്റിനും എതിരായ ചിദംബരത്തിന്റെ ഹര്‍ജി തിങ്കളാഴ്ച കേള്‍ക്കാമെന്നും തീരുമാനിച്ചതോടെ. കഴിഞ്ഞ മൂന്നു ദിവസമായി ഭരണകൂടത്തിന്റെ രണ്ട് മുഖ്യ അന്വേഷണ ഏജന്‍സികളും ഭൂരിപക്ഷം മാധ്യമങ്ങളും വേട്ടപ്പട്ടികളെപ്പോലെ മുന്‍ ആഭ്യന്തരമന്ത്രിയും ധനമന്ത്രിയുമായിരുന്ന ചിദംബരത്തിനു പിന്നാലെ കുരച്ചോടുകയായിരുന്നു. അശ്ലീലവും ആഭാസവുമായ അസാധാരണ കാഴ്ചകൂടിയായിരുന്നു അത്. എം.പിയും മുന്‍മന്ത്രിയും മുതിര്‍ന്ന നിയമജ്ഞനും ഒക്കെയായ ഒരാള്‍ ഒളിവില്‍ പോയെന്നു പറഞ്ഞ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരും ദേശീയ ചാനലുകളിലെ റിപ്പോര്‍ട്ടര്‍ പടയും സകലമാന എഡിറ്റര്‍മാരും ഭൂമികുലുക്കി ചിദംബരത്തിനു പിറകെ പായുകയായിരുന്നു.
ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ കള്ളപ്പണം വെളുപ്പിച്ചതിന് ചിദംബരത്തിന്റെ പേരില്‍ രേഖാപരമായ തെളിവില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സുപ്രിംകോടതിയില്‍ സമ്മതിക്കേണ്ടിവന്നു. എന്‍ഫോഴ്‌സ്‌മെന്റിനു മാത്രമല്ല സി.ബി.ഐയ്ക്കും, ഇരു ഏജന്‍സികളും തെളിവുകളെന്ന പേരില്‍ എറിഞ്ഞുകൊടുക്കുന്ന പ്രചാരണ ഉച്ചിഷ്ടങ്ങള്‍ കൊത്തിവിഴുങ്ങി കാഷ്ടിച്ചുകൊണ്ടിരുന്ന ചാനല്‍ പക്ഷികള്‍ക്കും അത് പ്രഹരമായി. ജനാധിപത്യ ഭരണക്രമത്തിന്റെ സഭ്യതയും ശുദ്ധിയും വിശ്വാസ്യതയും പരിരക്ഷിക്കേണ്ട കേന്ദ്ര സര്‍ക്കാറിന്റെ മുഖവും വികൃതമായി.
ഉന്നത നീതിപീഠത്തിന്റെ വിശ്വാസ്യതയ്ക്കുമേല്‍ തങ്ങളുടെ തീരുമാനങ്ങള്‍ മഷിയൊഴിച്ചിട്ടില്ലേയെന്ന് ചീഫ് ജസ്റ്റിസും സുപ്രിംകോടതിയും ജസ്റ്റിസ് ആര്‍ ഭാനുമതിയും ജസ്റ്റിസ് എ.എസ് ബൊപ്പണ്ണയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ അതിഗൗരവമായി പുനര്‍ ചിന്തിക്കേണ്ടതുണ്ട്. രജിസ്ട്രി ലിസ്റ്റു ചെയ്യാത്ത ഹര്‍ജി പരിഗണിക്കാനാകില്ലെന്ന് അറസ്റ്റില്‍നിന്നു സംരക്ഷണം തേടിയ ചിദംബരത്തോട് ബുധനാഴ്ച നിലപാടെടുത്ത് ചിദംബരത്തെ വേട്ടക്കാര്‍ക്കു വിട്ടുകൊടുത്ത സുപ്രിംകോടതിയുടെതന്നെ മറ്റൊരു ഡിവിഷന്‍ ബഞ്ച് അഞ്ചുദിവസംമുമ്പ് ലിസ്റ്റുചെയ്യാത്ത മറ്റൊരു കേസ് കേള്‍ക്കാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാക്കാല്‍ പറഞ്ഞപ്പോള്‍ തയാറായെന്നതിന്റെ രേഖകള്‍ വെളിപ്പെടുമ്പോള്‍ പ്രത്യേകിച്ചും ജനാധിപത്യത്തിന്റെ രഥചക്രമാകേണ്ട ഭരണകൂടത്തില്‍നിന്ന് സര്‍വ്വാധിപത്യത്തിന്റെ കറുത്ത കൈകള്‍ പൗരന്മാരുടെ ജീവനും സ്വാതന്ത്ര്യത്തിനും എതിരെ നീളുമ്പോള്‍ സംരക്ഷ നല്‍കേണ്ടത് നീതിപീഠമാണ്. എന്നാല്‍ മുതിര്‍ന്ന അഭിഭാഷകന്‍കൂടിയായ ചിദംബരത്തേപ്പോലുള്ള ഒരാളുടെ അനുഭവം ഞെട്ടിക്കുന്നതായി. സംരക്ഷണം തേടി മൂന്നുദിവസമാണ് ചിദംബരം ചേമ്പറുകളില്‍നിന്ന് രജിസ്ട്രിയിലേക്കും രജിസ്ട്രിയില്‍നിന്നും വീണ്ടും ചേംമ്പറുകളിലേക്കും ഓടിയതെന്നും ഉടന്‍ നീതി നല്‍കേണ്ടവര്‍ കണ്ണുതുറന്നില്ലെന്നും കാണുമ്പോള്‍, തെളിവെടുത്ത് കുറ്റവാളിയെന്ന് വിധിക്കുംവരെ ഒരാള്‍ കുറ്റവാളിയല്ലെന്ന നീതിന്യായ ദര്‍ശനത്തിന്റെ സത്ത കെടുത്തിയ ഈ സംഭവത്തിന് ചീഫ് ജസ്റ്റിസ് അവസരം നല്‍കാന്‍ പാടില്ലാത്തതായിരുന്നു. ചിദംബരത്തിന് പറയാനുള്ളത് മുഖംതിരിക്കാതെ സുപ്രിംകോടതി കേട്ടിരുന്നെങ്കില്‍ നിരപരാധിയായി പരിഗണിക്കേണ്ട ഒരാളെ രാത്രിയില്‍ മതില്‍ ചാടിക്കടന്ന് സി.ബി.ഐക്ക് റാഞ്ചിക്കൊണ്ടു പോകാനോ തടവില്‍ പാര്‍പ്പിക്കാനോ കഴിയുമായിരുന്നില്ല.
ഹൈക്കോടതി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതുകൊണ്ട് മുന്‍ മന്ത്രിയും എം.പിയുമായ ചിദംബരം സി.ബി.ഐ ആസ്ഥാനത്തുചെന്ന് നിലംമുത്തി കീഴടങ്ങണമെന്നാണോ? രാത്രി സ്വന്തം വീടിന്റെ ഗേറ്റും വാതിലും തുറന്നിട്ട് സര്‍ക്കാറിന്റെ അന്വേഷണ ഏജന്‍സികളെ സ്വീകരിക്കാന്‍ ഉറക്കമിളച്ച് പൂച്ചെണ്ടുമായി കാത്തിരിക്കണമായിരുന്നെന്നാണോ? നമ്മുടെ ദേശീയ മാധ്യമങ്ങള്‍, വിശേഷിച്ച് വാര്‍ത്താ ചാനലുകള്‍ ഈ സംഭവത്തെ എത്ര ബാലിശവും വസ്തുതാവിരുദ്ധവും വികൃതവുമായാണ് അവതരിപ്പിച്ചത്!സുപ്രിംകോടതി ഒരുദിവസംകൂടി കഴിഞ്ഞ് വെള്ളിയാഴ്ചയേ തന്റെ ഹര്‍ജി പരിഗണിക്കൂ എന്നു ബോധ്യമായപ്പോള്‍ നിയമ നടത്തിപ്പിന്റെ അകവും പുറവും ദീര്‍ഘകാലമായി അറിവുള്ള ചിദംബരത്തെപ്പോലുള്ള ഒരാള്‍ എങ്ങനെ ഒളിവിന്റെ തുരങ്കം സൃഷ്ടിച്ച് മറഞ്ഞിരിക്കും എന്നെങ്കിലും മാധ്യമ വിദഗ്ധര്‍ ചിന്തിക്കാതെപോയി.അതുകൊണ്ടാണ് ഹര്‍ജി കേള്‍ക്കാന്‍ വൈകുമെന്ന സുപ്രിംകോടതി നിലപാട് വന്നതിനു തൊട്ടുപിറകെ ചിദംബരം എ.ഐ.സി.സി ഓഫീസിലെത്തി മാധ്യമങ്ങളെ കണ്ടത്. ഓടിയൊളിക്കുകയല്ല നിയമത്തിന്റെ സംരക്ഷണംതേടി നീതിക്കായി പരിശ്രമിക്കുകയാണെന്ന് പറഞ്ഞത്. തനിക്കെതിരെയോ തന്റെ കുടുംബാംഗങ്ങള്‍ക്കെതിരെയോ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. പ്രഥമ വിവര റിപ്പോര്‍ട്ടില്‍പോലും തന്റെ പേരില്ല. സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റും ചോദ്യംചെയ്യാന്‍ വിളിച്ചപ്പോഴെല്ലാം ഹാജരായിട്ടുണ്ട്. ഹൈക്കോടതി പതിനഞ്ചുമാസത്തോളം സംരക്ഷണം നല്‍കി. അത് റദ്ദാക്കിയപ്പോഴാണ് സുപ്രിംകോടതിയെ സമീപിച്ചത്. മറച്ചുപിടിച്ച സത്യത്തിന്റെ മുഖമാണ് രാജ്യത്തിനുമുമ്പില്‍ മാധ്യമപ്രതിനിധികളിലൂടെ ചിദംബരം വെളിപ്പെടുത്തിയത്.
അഴിമതികേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കുന്നപക്ഷം അത് തെറ്റായസന്ദേശം നല്‍കുമെന്നു പറഞ്ഞാണ് കഴിഞ്ഞദിവസം ഹൈക്കോടതി ജാമ്യം നിരസിച്ചത്. കസ്റ്റഡിയില്‍വെച്ച് ആഴത്തില്‍ അന്വേഷണം നടത്തിയാലേ തെളിവുകള്‍ കണ്ടെത്താനാകൂ എന്നാണ് വിരമിക്കാന്‍ ഒരുദിവസം ബാക്കിനില്‍ക്കെ ജനുവരിയില്‍ കേസ് മാറ്റിവെച്ച ജഡ്ജി ജാമ്യം നിഷേധിച്ച് പറഞ്ഞത്. അതിനുശേഷം വിധിയടക്കമുള്ള എല്ലാ വസ്തുതകളും നിയമവശങ്ങളും പരിശോധിച്ചുതന്നെയാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ ഇതേവാദം താല്ക്കാലികമായെങ്കിലും സുപ്രിംകോടതി വെള്ളിയാഴ്ച തള്ളിയത്. ഫലത്തില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുനില്‍ ഗൗറിന്റെ ചൊവ്വാഴ്ചത്തെ വിധിയാണ് ഇതിലൂടെ നിരാകരിച്ചത്. ഐ.എന്‍.എക്‌സ് മീഡിയാ കമ്പനിക്ക് വിദേശത്തുനിന്ന് 305 കോടി രൂപ നിക്ഷേപം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാറിന്റെ വിദേശ നിക്ഷേപ പ്രോത്സാഹനബോര്‍ഡ് അനുമതി നല്‍കിയതിന്റെ പേരിലാണ് അന്നത്തെ ധനമന്ത്രി ചിദംബരത്തിനെതിരെ അഴിമതിക്ക് സി.ബി.ഐയും കള്ളപ്പണം വെളുപ്പിക്കല്‍ നിരോധ നിയമമനുസരിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നത്. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിക്കിന്റെ വിദേശത്തുള്ള ആറ് കമ്പനികളില്‍നിന്നാണ് ഐ.എന്‍.എക്‌സിന് പണം നല്‍കിയതെന്നാണ് അന്വേഷണ ഏജന്‍സികള്‍ വാദിക്കുന്നത്. കുറ്റപത്രംപോലും ഹാജരാക്കാത്ത ഈ കേസില്‍ അഴിമതിയുടെ മുഖ്യ സൂത്രധാരന്‍ ചിദംബരമാണെന്നും കസ്റ്റഡിയിലെടുത്തുതന്നെ ചോദ്യം ചെയ്ത് തെളിവുകളുടെ അടിവേര് കണ്ടെത്തണമെന്നുമാണ് ജസ്റ്റിസ് ഗൗര്‍ ഉത്തരവിട്ടത്.
കൗതുകകരമായ ഒരു രാഷ്ട്രീയ തിരക്കഥയും ഉത്തര്‍പ്രദേശിലെ ബുലാന്ത്ശഹറില്‍നിന്ന് ഡല്‍ഹി ഹൈക്കോടതിയിലെത്തി ചിദംബരം കേസ് വിധിയോടെ ഔദ്യോഗികവൃത്തിയില്‍നിന്നു പിരിഞ്ഞ ജസ്റ്റിസ് ഗൗറിന്റെ പ്രധാനവിധികള്‍ക്കൊപ്പമുണ്ട്. സുബ്രഹ്മണ്യസ്വാമി കൊടുത്ത നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതുതൊട്ട് സ്ഥാനം ഒഴിയുന്ന ദിവസം മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ ബന്ധുവായ ബിസിനസ്സുകാരന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതുവരെയുള്ള തുടര്‍പശ്ചാത്തലമാണത്.
അഞ്ചുവര്‍ഷക്കാലം മോദി ഗവണ്മെന്റ് അധികാരത്തിലുണ്ടായിട്ടും ഈ കേസില്‍ നടപടിയുണ്ടായില്ല. കഴിഞ്ഞവര്‍ഷം സ്വന്തം മകളെ കൊന്നകേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന ഐ.എന്‍.എക്‌സിന്റെ ഡയറക്ടറായ ഇന്ദ്രാണി മുഖര്‍ജി കേസില്‍ മാപ്പുസാക്ഷിയായി. അതേതുടര്‍ന്ന് മജിസ്‌ട്രേറ്റ് മുമ്പാകെ നല്‍കിയ മൊഴിയിലാണ് ചിദംബരത്തെ കേസിലേക്ക് വലിച്ചിഴച്ചത്. എം.പിയായാലും മുന്‍മന്ത്രിയായാലും നിയമം നിയമത്തിന്റെ വഴിക്ക് എന്നാണ് സര്‍ക്കാറും ഒരുവിഭാഗം മാധ്യമങ്ങളും ഇതിനെ ന്യായീകരിക്കുന്നത്. എന്നാല്‍ എല്ലാ കുറ്റാരോപിതരും പ്രതികളോ കുറ്റക്കാരോ ആകുന്നില്ല. ചിദംബരത്തെ നാലുദിവസത്തെ കസ്റ്റഡിയിലിട്ട സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി അജയ് കുമാര്‍ കുഹാര്‍തന്നെ അതു വ്യക്തമാക്കി. കുറ്റാരോപിതനെന്ന നിലയില്‍ കോടതിയില്‍ എഴുന്നേറ്റുനിന്ന ചിദംബരത്തോട് ഇരിക്കാന്‍ പലതവണ ജഡ്ജി ആവശ്യപ്പെട്ടു. സി.ബി.ഐയ്ക്കുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്കുപോലും അതാവര്‍ത്തിക്കേണ്ടിവന്നു. ‘വേണ്ട, നിന്നോളാം’ എന്നു പറഞ്ഞ് ചിദംബരം ഉത്തരവു വരുംവരെ കോടതിയോടുള്ള ബഹുമാനം പുലര്‍ത്തി ഇരിക്കാതെ നില്‍ക്കുകയായിരുന്നു.
അഞ്ചുദിവസത്തേക്ക് ആവശ്യപ്പെട്ട കസ്റ്റഡി നാലുദിവസമാക്കി കുറച്ച സി.ബി.ഐ കോടതി ജഡ്ജി സി.ബി.ഐയ്ക്ക് കര്‍ശനമായ താക്കീതും നല്‍കി. ചിദംബരത്തിന്റെ അന്തസിന് ക്ഷതമേല്‍പ്പിക്കുന്ന ഒരു നടപടിയും ഉണ്ടാകരുത്. ദിവസവും അരമണിക്കൂര്‍ കുടുംബാംഗങ്ങളെയും അഭിഭാഷകനെയും കാണാനും അനുവദിക്കണം. മതില്‍ ചാടിക്കടന്ന് രാത്രിയില്‍ അറസ്റ്റുചെയ്യാനെത്തിയ സി.ബി.ഐയോട് രാവിലെ ഹാജരാകാമെന്ന് ചിദംബരം അപേക്ഷിച്ചിരുന്നു. സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കുന്നതിനുള്ള തയാറെടുപ്പുകള്‍ കാരണം തലേന്ന് ഉറങ്ങാന്‍ കഴിഞ്ഞില്ല. അതിന് അനുവദിക്കണം. പിടിച്ചപിടിയോടെ രാത്രി ഒമ്പതരമണിക്ക് ചിദംബരത്തെ സി.ബി.ഐ ആസ്ഥാനത്തേക്ക് കൊണ്ടുപോയി. എങ്കില്‍ ചോദിക്കാനുള്ളത് കഴിയട്ടെ എന്നുപറഞ്ഞ് ചോദ്യംചെയ്യലിന് ചിദംബരം രാത്രിതന്നെ തയാറായി. ഉറങ്ങണമെന്നല്ലേ പറഞ്ഞത്, അതു നടക്കട്ടേയെന്നാണ് സി.ബി.ഐ ഉദ്യോഗസ്ഥര്‍ ക്രൂരമായി പ്രതികരിച്ചത്. വ്യാഴാഴ്ച കാലത്തും ചിദംബരം ആവശ്യപ്പെട്ടെങ്കിലും 12 മണിക്കുശേഷമേ സി.ബി.ഐ ചോദ്യംചെയ്യാന്‍ തയാറായുള്ളൂ. മൂന്നരമണിക്ക് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുകയും ചെയ്തു. രാഷ്ട്രീയ ദുരുദ്ദ്യേശം തന്നെയായിരുന്നു സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റും മാധ്യമങ്ങളും ചേര്‍ന്നുള്ള ഈ കൂട്ടപ്പൊരിച്ചിലിന് പിന്നിലെന്നു വ്യക്തം. ചിദംബരത്തിന്റെ ഹര്‍ജി സുപ്രിംകോടതി തീര്‍പ്പാകുന്നതുവരെ കാത്തിരുന്നാല്‍ ഒരുപക്ഷെ അറസ്റ്റ് തടയപ്പെടുമായിരുന്നു. സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റും മുമ്പെന്നപോലെ ഇപ്പോഴും ഭരിക്കുന്ന സര്‍ക്കാറിന്റെ രാഷ്ട്രീയം പരിരക്ഷിക്കാന്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിക്കുന്നു എന്നുമാത്രം. വീണ്ടും അധികാരത്തില്‍വന്ന തന്റെ സര്‍ക്കാറിന്റെ ഭരണനയമാറ്റം സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്: മുമ്പെന്നപോലെ പ്രശ്‌നങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുകയോ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുകയോ ചെയ്യുന്ന പ്രശ്‌നമില്ല. പ്രശ്‌നങ്ങളെ കടപുഴക്കി മുന്നോട്ടുപോകുന്നതാണ് ഇനി ഈ ഗവണ്മെന്റിന്റെ ശൈലി.
ഈ ശൈലിയെ നേരിട്ട് ഉറച്ചുനിന്ന് എതിര്‍ക്കാന്‍ കോണ്‍ഗ്രസോ മറ്റു പ്രതിപക്ഷങ്ങളോ ഇന്ന് പ്രാപ്തരല്ല. നിയമപരമായും രാഷ്ട്രീയമായും രാജ്യസഭയ്ക്കകത്തും പുറത്തും തലയുയര്‍ത്തിനിന്ന് അന്തസ്സോടെ തെറ്റിനെ എതിര്‍ക്കുന്ന അംഗപരിമിതരായ നേതാക്കളില്‍ രാഷ്ട്രീയ അടിവേരും ബൗദ്ധിക തലയെടുപ്പുമുള്ള നേതാവാണ് ചിദംബരം. ജമ്മു-കശ്മീര്‍ സംസ്ഥാനത്തെ വെട്ടിമുറിച്ച് കേന്ദ്രസര്‍ക്കാറിനു കീഴ്‌പ്പെടുത്തുന്ന പ്രമേയം അവതരിപ്പിച്ച ആഭ്യന്തരമന്ത്രി അമിത് ഷായുടെ മുഖത്തു വിരല്‍ചൂണ്ടി ചിദംബരം പറഞ്ഞു: ‘വിജയം കൊയ്‌തെന്ന് നൈമിഷികമായി നിങ്ങള്‍ കരുതിയേക്കാം. നിങ്ങള്‍ക്കു തെറ്റി. നിങ്ങള്‍ക്കാണ് തെറ്റുപറ്റിയതെന്ന് ചരിത്രം തെളിയിക്കും. ഈ സഭ അതിഗുരുതരമായ തെറ്റാണ് ചെയ്തതെന്ന് ഭാവി തലമുറ മനസിലാക്കും.’ ചിദംബരത്തിന്റെ രാഷ്ട്രീയ പ്രതിച്ഛായയേയും ആ സാന്നിധ്യത്തെയും തടവിലെ ഇരുട്ടില്‍ തളച്ചിടാനാണ് ഈ കേസും നടപടിയും എന്നതാണ് പരമാര്‍ത്ഥം. നാക്കും നട്ടെല്ലുമുള്ള ഒരാളെയും പ്രതിപക്ഷ നിരയില്‍ നിലനിര്‍ത്താന്‍ ഈ ഗവണ്മെന്റ് തയാറല്ല എന്നതിന്റെ തുടക്കംകൂടിയാണ് ഈ കേസ്.
മുന്‍ ധനമന്ത്രി ചിദംബരവും മകന്‍ കാര്‍ത്തിക്കും ഉള്‍പ്പെട്ട വിദേശ അക്കൗണ്ടുമായി ബന്ധപ്പെട്ട ഈ കേസ് കുപ്രസിദ്ധമായ സെന്റ് കിറ്റ്‌സ് കേസ് ഓര്‍മ്മപ്പെടുത്തുന്നു. 1989ല്‍ ബൊഫോഴ്‌സ് തോക്കിടപാടിനെ തുടര്‍ന്ന് വി.പി സിംഗ് രാജീവ്ഗാന്ധി മന്ത്രിസഭയില്‍നിന്ന് രാജിവെച്ചു. സംയുക്ത പ്രതിപക്ഷ കക്ഷികളുടെ നേതാവായി 89ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്ന സമയം. കരീബിയന്‍ കടലിലെ സെന്റ് കിറ്റ്‌സ് ദ്വീപിലെ ഫസ്റ്റ് ട്രസ്റ്റ് കോര്‍പ്പറേഷന്‍ ബാങ്കില്‍ വി.പി സിംഗിന്റെ മകന്‍ അജയ് സിംഗിന്റെ ബാങ്ക് അക്കൗണ്ടില്‍ 2 കോടി 10 ലക്ഷം ഡോളര്‍ നിക്ഷേപമുണ്ടെന്നും അത് വി.പി സിംഗിനുവേണ്ടിയുള്ള കള്ളപ്പണമാണെന്നും വാര്‍ത്തവന്നു. 1989 ആഗസ്റ്റില്‍ 19ന് കുവൈറ്റ് ആസ്ഥാനമായ ‘അറബ് ടൈം’ പത്രമാണ് വാര്‍ത്ത ആദ്യം പ്രസിദ്ധീകരിച്ചത്. ഇന്ത്യയിലെ മാധ്യമങ്ങളും തുടര്‍ന്ന് അതേറ്റുപിടിച്ചു. വി.പി സിംഗും മകന്‍ അജയ് സിംഗും തങ്ങള്‍ക്ക് വിദേശത്ത് ബാങ്ക് അക്കൗണ്ടും നിക്ഷേപവും ഇല്ലെന്നുപറഞ്ഞ് വാര്‍ത്ത നിഷേധിച്ചു. പ്രധാനമന്ത്രി രാജീവ്ഗാന്ധി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറെ അന്വേഷണത്തിന് സെന്റ് കിറ്റ്‌സില്‍ അയച്ചു. വര്‍ഷങ്ങളെടുത്തെങ്കിലും വിചിത്രമായ കണ്ടെത്തലുകളാണ് ക്രമേണ പുറത്തുവന്നത്. വി.പി സിംഗിന്റെയും അജയ് സിംഗിന്റെയും കയ്യൊപ്പും രേഖകളും കൃത്രിമമായി ചമച്ചാണ് ഗള്‍ഫ് പത്രംവഴി ഇന്ത്യയിലേക്ക് വാര്‍ത്ത കടത്തിവിട്ടതെന്നു തെളിഞ്ഞു.
രാജീവ് മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായിരുന്ന നരസിംഹറാവുവിന്റെ ആത്മീയഗുരുവായിരുന്ന ചന്ദ്രസ്വാമി, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി മാമാജി, ആയുധ വ്യാപാരി ഖഷോഗിയുടെ മകളുടെ ഭര്‍ത്താവ് ലാറി ജെ കോള്‍, സെന്റ് കിറ്റ്‌സിലെ ഫസ്റ്റ് ട്രസ്റ്റ് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടര്‍ മെക്കലീന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ഗൂഢാലോചന നടത്തിയതും വി.പി സിംഗിനെതിരെ അഴിമതി ആരോപണം ഉയര്‍ത്തിയതും എന്നു പിന്നീട് വെളിപ്പെട്ടു. മാത്രമല്ല എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ വര്‍മ്മയും ഇതില്‍ കൂട്ടാളിയായിരുന്നു. വി.പി. സിംഗ് പ്രധാനമന്ത്രിയായപ്പോള്‍ ഇതു സംബന്ധിച്ച് എടുത്ത സി.ബി.ഐ കേസിന്റെ അന്വേഷണം നരസിംഹറാവു പ്രധാനമന്ത്രിയായതോടെ പിന്നീട് ഇഴഞ്ഞുനീങ്ങി. ഒടുവില്‍ സുപ്രിംകോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് അന്വേഷണം സജീവമായപ്പോള്‍ മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവും സെന്റ് കിറ്റ്‌സ് കേസില്‍ പ്രതിയായി. എന്നിട്ടും സി.ബി.ഐ കേസ് തേഞ്ഞുമാഞ്ഞു. വിചാരണക്കോടതി നരസിംഹറാവുവിനെ വിട്ടയച്ചെങ്കില്‍ സി.ബി.ഐ കോടതി അവസാനം ശേഷിച്ച ചന്ദ്രസ്വാമിയെയും സംശയത്തിന്റെ ആനുകൂല്യം നല്‍കി വിട്ടയച്ചു!
ഐ.എന്‍.എക്‌സ് മീഡിയയ്ക്ക് കാര്‍ത്തിക് 10 ലക്ഷം, 20 ലക്ഷം വീതമൊക്കെ വിദേശനിക്ഷേപം കൈമാറിയതിന്റെ തെളിവുകളുമായി എന്‍ഫോഴ്‌സ്‌മെന്റും സി.ബി.ഐയും കോടതികള്‍ കയറിയിറങ്ങുമ്പോള്‍ ചിദംബരമാണ് ഈ അഴിമതിയുടെയും കള്ളപ്പണം വെളിപ്പിക്കലിന്റെയും മുഖ്യ സൂത്രധാരന്‍ എന്ന അന്വേഷണ ഏജന്‍സികളുടെ വാദം ബഹുമാനപ്പെട്ട ജഡ്ജിമാര്‍ കോടതി ഉത്തരവായി എഴുതിവെക്കുമ്പോള്‍ സെന്റ് കിറ്റ്‌സ് കേസും അതിന്റെ ഗതിയും ഓര്‍ത്തുപോകുന്നു. ഒരു മുന്‍ പ്രധാനമന്ത്രിതന്നെ വി.പി സിംഗിനെയും മകനെയും കുരുക്കാന്‍ ശ്രമിച്ച രാഷ്ട്രീയ ഉപജാപം പുനരവതരിക്കുകയല്ലേ എന്ന് ചിദംബരത്തിനെതിരായ കേസ് ചോദ്യമുയര്‍ത്തുന്നു.
(കടപ്പാട് : ്മഹഹശസസൗിിൗീിഹശില.ംീൃറുൃല.ൈരീാ)

SHARE