കോണ്‍ഗ്രസിന് ജീവാമൃതം

വിശാല്‍ ആര്‍

സംഘ്പരിവാര ഫാസിസം മേഞ്ഞുനടക്കുന്ന ഇന്ത്യയില്‍ മതേതര ബഹുസ്വര മൂല്യങ്ങള്‍ വീണ്ടെടുക്കുന്നതിന് കരുത്തു തെളിയിച്ച് തിരിച്ചുവരാന്‍ ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നല്ല അവസരമാണ് കൈവന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തട്ടകത്തില്‍ ബി.ജെ.പിയെ വിറപ്പിച്ച നിയമസഭാ തെരഞ്ഞെടുപ്പു ഫലവും 2ജി സ്‌പെക്ട്രം കേസില്‍ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കിയ കോടതി വിധിയും കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് ശക്തമായ ഊര്‍ജം പകരുന്നതാണ്. ഒപ്പം നേതൃനിരയിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ രംഗപ്രവേശവും കൂടിയാകുമ്പോള്‍ കാര്യങ്ങള്‍ എളുപ്പമാവുകയാണ്.

യു.പി.എ സര്‍ക്കാറിന്റെ പതനത്തിലേക്ക് കൊണ്ടെത്തിയ 2ജി കേസില്‍ നിര്‍ണായക വിധി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തെല്ലൊന്നുമല്ല ആശ്വാസമായത്. കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായി സംഘ്പരിവാറിന്റെ വിവേകാനന്ദ ഫൗണ്ടേഷന്‍ അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ രാജ്യമൊട്ടുക്കും ഉയര്‍ത്തിക്കൊണ്ടുവന്ന അഴിമതി വിരുദ്ധ പ്രസ്ഥാനം ഉപയോഗിച്ച ഒരു കേസിന്റെ ദാരുണാന്ത്യത്തിനാണ് പട്യാല ഹൗസ് കോടതി കഴിഞ്ഞദിവസം സാക്ഷ്യം വഹിച്ചത്. 2009 ല്‍ അധികാരത്തില്‍ എത്തി രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ നേരിട്ട അഴിമതിയാരോപണം മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായ യു.പി.എ സര്‍ക്കാരിനെ മുള്‍മുനയിലായിരുന്നു നിര്‍ത്തിയത്. ഇന്ത്യ മുഴുവന്‍ വന്‍ ചര്‍ച്ചയായ കേസില്‍ തുടര്‍ന്ന്‌വന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് ആരോപണത്തിന്റെ ശരശയ്യയില്‍ കിടക്കേണ്ടിയും വന്നു. ഇതേതുടര്‍ന്ന് വലിയ വിലയാണ് പാര്‍ട്ടി നല്‍കേണ്ടിവന്നത്. കേസില്‍ ആരോപണ വിധേയരായ എ രാജ ടെലികോം മന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെ തന്നെ ജയിലില്‍ പോകേണ്ടി വരികയും ചെയ്തിരുന്നു. ഒരു മന്ത്രിക്ക് സ്ഥാനത്തിരിക്കെ അഴിമതിക്കേസില്‍ ജയിലില്‍ പോകേണ്ടി വരുന്ന ആദ്യ സംഭവമെന്ന അപൂര്‍വതയും കേസിനുണ്ടായിരുന്നു. താന്‍ തെറ്റു ചെയ്തിട്ടില്ലെന്നും ഭരണഘടനാപരമായ കാര്യങ്ങള്‍ ചെയ്യുക മാത്രമാണ് ചെയ്തതെന്നും ആദ്യം മുതല്‍ പറഞ്ഞിരുന്ന രാജക്കും വിധിയോടെ ആശ്വാസമായിരിക്കുകയാണ്.

കേസില്‍ വിധി പറഞ്ഞ വിചാരണകോടതി കുറ്റപത്രത്തില്‍ പറഞ്ഞ ആരോപണങ്ങളൊന്നും തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. 2ജി സ്‌പെക്ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ട് 1.76 ലക്ഷം കോടിയുടെ അഴിമതി നടന്നെന്നാണ് സി.എ.ജി കണ്ടെത്തിയിരുന്നത്. എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ 122 സ്വകാര്യ ടെലകോം കമ്പനികള്‍ക്ക് 2ജി ലൈസന്‍സ് സ്‌പെക്ട്രം വിതരണം ചെയ്തതില്‍ സര്‍ക്കാര്‍ ഖജനാവിന് 30,984 കോടിയുടെ നഷ്ടമുണ്ടായെന്നാണ് സി.ബി.ഐ കേസ്. ഈ ലൈസന്‍സുകള്‍ 2012 ഫെബ്രുവരി രണ്ടിന് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. സി.ബി.ഐ ഫയല്‍ചെയ്ത ആദ്യ കേസില്‍ മുന്‍ ടെലികോം മന്ത്രി എ. രാജ, കനിമൊഴി, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ് ബെഹൂറ, രാജയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി പി.കെ. ചന്ദോലിയ തുടങ്ങി 14 പേരും സ്വാന്‍ ടെലികോം, റിലയന്‍സ് ടെലികോം, യുണീടെക് വയര്‍ലെസ് എന്നീ കമ്പനികളും പ്രതിസ്ഥാനത്തുണ്ടായിരുന്നു. ഒന്നിനും തെളിവില്ലെന്ന് കണ്ട് കോടതി പ്രതികളെയെല്ലാം കുറ്റവിമുക്തമാക്കിയിരിക്കുകയാണ്.

കേസില്‍ പ്രതികളെന്ന ആരോപണത്തിനു വിധേരായ എ. രാജയും കനിമൊഴിയുമെല്ലാം യു.പി.എ ഘടകകക്ഷിയായ ഡി.എം.കെ നേതാക്കന്മാരാണെങ്കിലും കൂടുതല്‍ പരിക്കേറ്റത് കോണ്‍ഗ്രസിനായിരുന്നു. ബി.ജെ.പിയും സംഘ്പരിവാര പാര്‍ട്ടികളും കോണ്‍ഗ്രസിനെ അഴിമതി പാര്‍ട്ടിയാക്കി ചിത്രീകരിച്ചെടുക്കുന്നതില്‍ ഏറെ വിജയിച്ചത് ഈ സംഭവത്തോടെയാണ്. വന്‍കിട ദേശീയ മാധ്യമങ്ങള്‍ അവര്‍ക്കൊപ്പം ചേര്‍ന്നത് കാര്യങ്ങള്‍ എളുപ്പമാക്കി. നിറംപിടിപ്പിച്ച പല കഥകളുമാണ് ഇക്കാലയളവില്‍ പടച്ചുണ്ടാക്കിയത്. പയനിയര്‍ പത്രം മാസങ്ങളോളം അച്ചുനിരത്തി. സ്വതന്ത്ര ഭാരതം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്നായിരുന്നു ആരോപണം. ആരോപണത്തിന് കൊടിപിടിച്ചു സുബ്രമണ്യന്‍ സ്വാമിയും രംഗം കൊഴുപ്പിച്ചു. കേസ് കുംഭകോണമായിരുന്നില്ലെന്നും കുംഭകോണമാക്കി എതിരാളികള്‍ മാറ്റുകയായിരുന്നെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ പ്രതികരണം. അമേരിക്കയിലെ വാട്ടര്‍ഗേറ്റിനു ശേഷം ലോകത്തെ രണ്ടാമത്തെ കൊടിയ അഴിമതിയെന്നാണ് ടൈം മാഗസിന്‍ ചൂണ്ടിക്കാട്ടിയത്. കോടതി വിധിയോടെ എല്ലാം തകിടംമറിഞ്ഞ് കോണ്‍ഗ്രസ് അഗ്നിശുദ്ധി വരുത്തി തിരിച്ചുവന്നിരിക്കുകയാണ്. കോണ്‍ഗ്രസിനൊപ്പം തമിഴ്‌നാട്ടില്‍ ഡി.എം.കെക്കും വിധി പുനര്‍ജ്ജനിയാണ്. കേസിനെ തുടര്‍ന്ന് എ.ഐ.എ.ഡി.എം.കെക്ക് മുന്നില്‍ തല കുനിക്കേണ്ടി വന്ന ഡി.എം.കെക്കും കേസ് ഉണ്ടാക്കിയ പൊല്ലാപ്പ് ചില്ലറയായിരുന്നില്ല. ആര്‍കെ നഗറില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തന്നെ വിധി വന്നത് ഡി.എം.കെക്ക് തിരിച്ചുവരവിനുള്ള അവസ്ഥ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. അഴിമതി കേസ് ഡി.എം.കെക്ക് എതിരേ തെരഞ്ഞെടുപ്പുകളില്‍ വ്യാപകമായി പ്രചാരം നേടിയിരുന്നു.

2 ജി കേസില്‍ സുബ്രഹ്മണ്യന്‍ സ്വാമിയും സംഘ്പരിവാര്‍ ഉറവിടങ്ങളും സെലക്ടീവായി പുറത്തുവിട്ട രേഖകളില്‍ നിന്ന് എന്‍.ഡി.എ സര്‍ക്കാറിന്റെയും ബി.ജെ.പി നേതാക്കളുടെയും പങ്ക് മറച്ചുവെച്ചിരുന്നു. അതിന് വേണ്ടി എന്തൊക്കെ ചെയ്‌തോ അത്രയും ഈ കേസിന്റെ മെറിറ്റില്‍ വന്നു ചേര്‍ന്നു. 2ജി അഴിമതി അന്വേഷിക്കുമ്പോള്‍ ഒരു പ്രത്യേക കാലയളവിലുള്ള വരെ മാത്രം പ്രതികളാക്കി പ്രോസിക്യൂഷന്‍ നടപടിക്ക് വിധേയരാക്കി ജയിലിലയക്കണമെന്ന മാധ്യമ കോടതികളുടെ ആഗ്രഹങ്ങള്‍ക്കും തിരിച്ചടി ലഭിച്ചു.

ഗുജറാത്തിലെ ശക്തമായ തിരിച്ചുവരവാണ് കോണ്‍ഗ്രസിന് ഗുണം ചെയ്യുന്ന മറ്റൊരു കാര്യം. മോദിയുടെയും അമിത്ഷായുടെയും തട്ടകമായ ഗുജറാത്തില്‍ വിറച്ചാണ് ബി.ജെ.പി അധികാരം കൈപിടിയിലൊതുക്കിയത്. പല മണ്ഡലങ്ങളും വോട്ടിങ് യന്ത്രത്തിന്റെ സഹായത്താലാണ് ബി.ജെ.പി ജയിച്ചുകയറിയതെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. ഗോധ്ര മണ്ഡലത്തില്‍ ഇത് വളരെ വ്യക്തമാണ്. സംസ്ഥാനത്തെ ഏറ്റവും പ്രധാന മണ്ഡലങ്ങളിലൊന്നായ ഗോധ്ര മണ്ഡലത്തില്‍ യഥാര്‍ത്ഥത്തില്‍ പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ കൂടുതല്‍ വോട്ടുകളാണ് യന്ത്രത്തില്‍ തെളിഞ്ഞതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വോട്ട് ചെയ്ത വോട്ടര്‍മാരേക്കാള്‍ 2494 വോട്ടുകളുടെ വര്‍ധനയാണ് വോട്ടിങ് യന്ത്രത്തില്‍ ഉണ്ടായത്. അതായത്, ഇത്രയും കള്ളവോട്ടുകള്‍ നടന്നുവെന്നു സാരം. റിട്ടേണിങ് ഓഫീസറുടെ കൈയൊപ്പോടെ സാക്ഷ്യപ്പെടുത്തിയ കണക്കില്‍ ഇവിടെ ആകെ 1,76,417 വോട്ടര്‍മാരാണ് വോട്ട് ചെയ്തത്. ഈ വോട്ടുകള്‍ എണ്ണി മുദ്രവച്ച് അടച്ച വോട്ടിങ് യന്ത്രം പോളിങിനു ശേഷം തുറന്നപ്പോള്‍ കണ്ടത് 1,78,911 വോട്ടുകള്‍. കേന്ദ്ര ഭരണം കൈയാളുന്ന പാര്‍ട്ടി ഭരിക്കുന്ന ഗുജറാത്തില്‍ നടന്ന ഗുരുതരമായ തട്ടിപ്പാണ് ഇതിലൂടെ പുറത്തുവരുന്നത്. കനത്ത മത്സരം നടന്ന ഗോധ്ര മണ്ഡലത്തില്‍ ബി.ജെ.പിയുടെ സി.കെ റാവുല്‍ജി ജയിച്ചത് കേവലം 258 വോട്ടിനാണ്. കോണ്‍ഗ്രസിന്റെ പര്‍മാര്‍ രാജേന്ദ്രസിങിനെയാണ് തോല്‍പ്പിച്ചത്. എന്നാല്‍ വോട്ടിങ് യന്ത്രത്തിലെ ക്രമക്കേട് വ്യക്തമായതോടെ റാവുല്‍ജിയുടെ വിജയത്തിനു പിന്നില്‍ വ്യക്തമായ തട്ടിപ്പാണെന്ന് തെളിഞ്ഞു. ഗുജറാത്തിലെ പല മണ്ഡലങ്ങളിലും വോട്ടിങ് മെഷീന്‍ ഹാക്കിങ് നടന്നതായുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് ശരിവെക്കുന്നതാണ് ഗോധ്രയിലെ ക്രമക്കേട്. ആകെ 2,52,334 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും ബി.ജെ.പി എഞ്ചിനീയര്‍മാരെ ഉപയോഗിച്ച് ഇ.വി.എം മെഷീന്‍ ഹാക്ക് ചെയ്തതായി പട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതി നേതാവ് ഹാര്‍ദിക് പട്ടേല്‍ ആരോപിച്ചിരുന്നു. ഇതിനായി 140 എഞ്ചിനീയര്‍മാരെയാണ് ബി.ജെ.പി ചുമതലപ്പെടുത്തിയതെന്നും ഹാര്‍ദിക് പറഞ്ഞിരുന്നു. വിസ്‌നഗര്‍, പാടന്‍, ടങ്കാര, ഊംജ, വാവ്, ജേത്പൂര്‍, രാജ്‌കോട്, ലാഠിബാബ്‌റ, ഛോട്ടാ ഉദയ്പൂര്‍, സന്ത്രാംപൂര്‍, രാജ്പിപ്ല, ദബോയ, ഖാസ് തുടങ്ങി പട്ടേല്‍, ആദിവാസി ആധിപത്യമുള്ള പ്രദേശങ്ങളില്‍ ഇ.വി.എം സോഴ്‌സ് കോഡ് ഹാക്ക് ചെയ്യാനുള്ള ശ്രമം നടന്നതായും ഹാര്‍ദിക് ട്വീറ്റ് ചെയ്തിരുന്നു.

ഇതുകൂടാതെ ജിഗ്‌നേഷ് മേവാനി ജയിച്ച വദ്ഗാമിലെ രണ്ടു ബൂത്തുകളില്‍ വോട്ടിങ് മെഷീന്‍ ക്രമക്കേട് നടന്നിരുന്നു. ഒരു ബൂത്തിലെ മെഷീനില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കുള്ള ബട്ടണ്‍ മാത്രമേ തെളിഞ്ഞിരുന്നുള്ളൂ. മറ്റൊരു മണ്ഡലത്തില്‍ ബ്ലൂടൂത്ത് വഴി മെഷീന്‍ ഹാക്ക് ചെയ്തിരുന്നു. തുടര്‍ന്ന് മൂന്നു നാലു മണിക്കൂറോളം വോട്ടിങ് നിലക്കുന്ന അവസ്ഥയും ഉണ്ടായിരുന്നു. സൂറത്തിലും രാജ്‌കോട്ടിലും അഹമ്മദാബാദിലും വോട്ടിങ് യന്ത്രത്തില്‍ വലിയ തട്ടിപ്പ് നടന്നതായും ആരോപണമുണ്ട്. ആകെയുള്ള 182 സീറ്റുകളില്‍ 99 സീറ്റുകളാണ് ബി.ജെ.പി നേടിയത്. കോണ്‍ഗ്രസ് 77 സീറ്റുകള്‍ നേടിയപ്പോള്‍ ആറു സീറ്റുകളാണ് മറ്റു മറ്റു സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം നിന്നത്. ഈ വിജയം തന്നെയും വ്യാപക ക്രമക്കേടുകളിലൂടെയാണ് നേടിയതെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലായിരുന്നു ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. കോണ്‍ഗ്രസും പിന്നാക്ക സമുദായ സംഘടനകളും കനത്ത വെല്ലുവിളിയുയര്‍ത്തിയ തെരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്താന്‍ ബി.ജെ.പിക്ക് വിയര്‍ക്കേണ്ടിവന്നു. 2012 ല്‍ 115 സീറ്റുകളാണ് സംസ്ഥാനത്ത് ബി.ജെ.പി നേടിയത്. കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ഗാന്ധി സ്ഥാനമേറ്റതും പോസിറ്റീവ് ഘടകങ്ങളില്‍ പ്രധാനമാണ്. ഗുജറാത്തില്‍ അധികാരത്തിലെത്താന്‍ സാധിച്ചില്ലെങ്കിലും പണവും അധികാരത്തിന്റെ ഹുങ്കും കൊണ്ട് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനായി എന്നത് രാഹുല്‍ ഗാന്ധിയുടെ ഇടപെടലുകളുടെ ഫലമായി വേണം നോക്കികാണാന്‍. 2014ന് ശേഷം വിവിധ സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെല്ലാം കോണ്‍ഗ്രസ് നേരിട്ട വലിയ വെല്ലുവിളി രാഹുല്‍ ഗാന്ധിയെ വേണ്ട രീതിയില്‍ ഉയര്‍ത്തികൊണ്ടുവരാന്‍ സാധിച്ചില്ല എന്നതാണ്. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ ശരീര ഭാഷയിലും സംഭാഷണ ശൈലിയിലും നരേന്ദ്ര മോദിയോടും അമിത്ഷായോടും ഏറ്റുമുട്ടാന്‍ രാഹുലിനെ പ്രാപ്തനാക്കി എന്നാണ് തെരഞ്ഞെടുപ്പ് ചിത്രം തെളിയിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് വര്‍ഷത്തെ ഭരണം രാഹുലിനെയും കോണ്‍ഗ്രസിനെയും ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചതായി ഇന്ത്യാ ടുഡേ മൂഡ് ഓഫ് ദ നേഷന്‍ അഭിപ്രായ സര്‍വെ കണ്ടെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനസമ്മതി ഇടിയുന്നതായും 2019ലെ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി നരേന്ദ്രമോദിക്ക് ശക്തമായ വെല്ലുവിളി തീര്‍ക്കുമെന്നും രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് നടന്ന സര്‍വെ പ്രവചിച്ചിരുന്നു. മോദി ഭരണത്തിന്‍കീഴില്‍ ഇന്ത്യയില്‍ അസഹിഷ്ണുത വളരുമ്പോള്‍, രാഹുല്‍ ഗാന്ധിയിലാണ് ജനങ്ങള്‍ പ്രതിക്ഷ വെച്ചുപുലര്‍ത്തുന്നത്. സംഘ്പരിവാര്‍വത്കരണത്തിനെതിരായ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കാനുള്ള രാഹുലിന്റെ കാമ്പസ് യാത്രകളും തങ്ങളിലൊരാളായി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നിലകൊണ്ടതും യുവതലമുറക്കിടയില്‍ രാഹുലിന്റെ ജനപ്രീതി ഉയര്‍ത്താനിടയാക്കി. എഫ്.ടി.ഐ.ഐയിലെ വിദ്യാര്‍ത്ഥി സമരത്തിന്റെ ഭാഗമായതും രോഹിത് വെമുല സംഭവത്തില്‍ ഹൈദരാബാദ് സര്‍വകലാശാലയിലെത്തിയതും നിരാഹാരമിരുന്നതും ജെ.എന്‍.യു പ്രക്ഷോഭത്തിനെത്തിയതും രാഹുലില്‍ മതിപ്പുളവാക്കി. വിദ്യാര്‍ത്ഥി പ്രശ്‌നങ്ങളും ദലിത് വിഷയങ്ങളും രാഹുല്‍ ഏറ്റെടുത്തു. മോദിയുടെ നയങ്ങളെ ധനികരും ദരിദ്രരും തമ്മിലുള്ള പോരാട്ടമായാണ് രാഹുല്‍ നേരിട്ടത്. കോര്‍പറേറ്റുകളെയാണ് മോദിക്ക് പ്രിയമെന്നും പാവപ്പെട്ടവനൊപ്പം നില്‍ക്കുന്ന മോദിയെ നിങ്ങള്‍ക്ക് കാണിച്ചുതരാനാകുമോ എന്നും രാഹുല്‍ വെല്ലുവിളിച്ചു. വിവാദമായ ഭൂമി ഏറ്റെടുക്കല്‍ ബില്ലും ജി.എസ്.ടിയും മുതല്‍ മോദിയുടെ വിദേശയാത്രകള്‍ വരെ രാഹുല്‍ ചോദ്യം ചെയ്തു. വികസനം, തൊഴില്‍, അഴിമതി, ദാരിദ്ര്യം തുടങ്ങിയ വിഷയങ്ങളില്‍ നിന്നും രാഷ്ട്രീയ സംവാദം അസഹിഷ്ണുത, ബീഫ് വിവാദം, എഫ്.ടി.ഐ.ഐ നിയമന വിവാദം, പുരസ്‌കാരം തിരിച്ചുകൊടുക്കല്‍, ജാതി പ്രശ്‌നം, അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റം എന്നിവയിലേക്ക് വഴിമാറി. ജനങ്ങളെ ഭിന്നിപ്പിക്കുന്ന പാര്‍ട്ടിയായി ബി.ജെ.പിയും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസും എന്ന നിലയിലേക്ക് രാഷ്ട്രീയ ഗതി മാറി. ജനാധിപത്യ മാര്‍ഗത്തില്‍ തെരഞ്ഞെടുപ്പ് നേരിടാന്‍ ബി.ജെ.പി തയാറായാല്‍ ഇനിയുള്ള കാലം കോണ്‍ഗ്രസിന്റെതും രാഹുലിന്റെതുമാകും.

SHARE