പ്രാണവായുവിന് നല്‍കാം അല്‍പ്പം പ്രാണന്‍


സതീഷ്ബാബു കൊല്ലമ്പലത്ത്
വന്‍കിട രാഷ്ടങ്ങള്‍ നടത്തുന്ന വിസര്‍ജനത്തിനെരെ കഴിഞ്ഞ ഫെബ്രുവരി 14ന് സ്വീഡനിലെ 16 വയസ്സ് മാത്രം പ്രായം ചെന്ന ഒരു കുട്ടി പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് പ്ലകാര്‍ഡ് പിടിച്ച് സമരം തുടങ്ങിയത് ചരിത്ര സംഭവമായി. വന്‍കിട രാഷ്ട്രങ്ങള്‍ നടത്തുന്ന വായുമലിനീകരണം ഉടന്‍ തടയണമെന്ന് ആവശ്യപ്പെട്ടു ഗ്രിത തുംബര്‍ഗ് എന്ന വിദ്യാര്‍ത്ഥിനി നടത്തിയ റാലിയില്‍ ആസ്‌ത്രേലിയ, ബെല്‍ജിയം, ജര്‍മ്മനി, അമേരിക്ക, ജപ്പാന്‍ തുടങ്ങിയ രാഷ്ട്രങ്ങളുടെ പ്രതിനിധികളും വിദ്യാര്‍ത്ഥികളും പങ്കെടുത്തിരുന്നു. അമേരിക്ക അടക്കമുള്ള ചുരുക്കം ചില വ്യവസായ രാഷ്ട്രങ്ങള്‍ നടത്തുന്ന വായു മലിനീകരണമാണ് ഭൂമിയെ ആസന്ന മൃത്യുവിലേക്ക് തള്ളിവിടുന്നത്. ഭൂമിയില്‍ കാര്‍ബണിന്റെയും മറ്റു ഹരിതവാതകങ്ങളുടെയും അളവ് വര്‍ധിച്ച എല്ലാ ചരിത്ര ഘട്ടത്തിലും സര്‍വനാശം ഭൂമിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. 5000 വര്‍ഷം മുമ്പ് നിലനിന്നിരുന്ന കാര്‍ബണിന്റെ അളവാണ് 2019ല്‍ ലോകത്ത് നിലനില്‍ക്കുന്നത്. 430 പാര്‍ട്ട് പെര്‍ മില്യണ്‍ (പി.പി.എം) വരെയായി കാര്‍ബണ്‍ അളവ്. ചരിത്രപരമായി നോക്കുമ്പോള്‍ ഇന്ന് അന്തരീക്ഷത്തിലുള്ള കാര്‍ബണിന്റെ 40 ശതമാനത്തോളം സംഭാവന ചെയ്തത് അമേരിക്കയാണ്. പിന്നീട് ചൈനയിലും ചുരുങ്ങിയ കാലംകൊണ്ട് വായുമലിനീകരണ നിരക്കില്‍ വര്‍ധനവ് ഉണ്ടായി. പക്ഷേ 2015ലെ കാലാവസ്ഥാകരാര്‍ ശക്തമായി നടപ്പാക്കി വിസര്‍ജ്ജന നിരക്ക് 2015നെ അപേക്ഷിച്ച് 20 ശതമാനത്തോളം കുറയ്ക്കാന്‍ കഴിഞ്ഞത് ചരിത്ര നേട്ടമായി വിലയിരുത്തുന്നു. അമേരിക്കയില്‍ ട്രംപ് അധികാരത്തില്‍ വന്നശേഷം കാലാവസ്ഥാകരാര്‍ തട്ടിപ്പാണെന്ന ന്യായം പറഞ്ഞ് കരാറില്‍നിന്ന് ഏകപക്ഷീയമായി പിന്‍വാങ്ങുകയാണുണ്ടായത്. വായു മലിനീകരണം ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഭൂമിയെ അതിന്റെ സര്‍വ നാശത്തിലേക്ക് വിടുക മാത്രമല്ല വളരെ നല്ല മനുഷ്യരെ പോലും കൊലപാതികകളും ക്രിമിനലുകളും ആക്കുന്നതോടൊപ്പം കാര്‍ഷിക രംഗത്തും വ്യവസായ രംഗത്തും വന്‍ തകര്‍ച്ചയുണ്ടാക്കുന്നതിനും വായു മലിനീകരണം കാരണമാവുന്നു. ഇതുകൊണ്ട് തന്നെയാണ് ഐക്യരാഷ്ട്ര സഭ 2019ലെ പരിസ്ഥിതി ദിനത്തിന്റെ ലക്ഷ്യം തന്നെ വായുമലിനീകരണത്തെ പരാജയപ്പെടുത്തുക എന്നാക്കി മാറ്റിയത്.
ജൈവഘടനയില്‍ 2100 ആവുമ്പോഴേയ്ക്കും മൊത്തത്തില്‍ മാറ്റം സംഭവിക്കും. ഇന്നുള്ള ജീവിവര്‍ഗങ്ങളുടെ 30 ശതമാനത്തോളം കാലാവസ്ഥാ വ്യതിയാനം താങ്ങാനാവാതെ ഭൂമിയില്‍നിന്ന് അപ്രത്യക്ഷമാകും. വ്യവസായങ്ങള്‍ പുറന്തള്ളുന്ന കാര്‍ബണിന്റെ വലിയൊരു ഭാഗവും അന്റാര്‍ട്ടിക് പ്രദേശത്തിലേക്ക് എത്തിപ്പെടുമ്പോഴുണ്ടാകുന്ന ദുരന്തം ഇന്നത്തേതിന്റെ അഞ്ച് ഇരട്ടിയില്‍ കൂടുതലാണ്. ഗ്രീന്‍ലാന്റ, ഐലാന്റ്, ലോസാഞ്ചല്‍സിലെ നഗരങ്ങള്‍, ലണ്ടന്‍ കൂടാതെ കടലിലെ ജീവനസമൂഹങ്ങളായ റയോഡി ജനീറോ തുടങ്ങി ജീവസമൂഹങ്ങള്‍ കടലില്‍ താഴ്ന്നുപോകും. ഇതുകൊണ്ടാണ് 2015ലെ ആഗോള കാലാവസ്ഥ മീറ്റില്‍ ദ്വീപ് സമൂഹത്തില്‍ നിന്നുള്ള ചെറിയ കുട്ടികളും രാഷ്ട്രത്തലവന്മാരും ഒരുമിച്ചുനിന്നുകൊണ്ട് ഭൂമിയെ രക്ഷിക്കുന്നതിനു വന്‍ കാര്‍ബണ്‍ വിസര്‍ജ്ജന രാഷ്ട്രങ്ങള്‍ മുന്നോട്ട് വരണമെന്ന് ആവശ്യപ്പെട്ടത്. താപനില ആറിരട്ടിയായി വര്‍ധിക്കും. ഇന്ന് ഭൂമിയിലുണ്ടാകുന്ന കൊടുങ്കാറ്റിന്റെയും പേമാരിയുടെയും വരള്‍ച്ചയുടെയും തോത് പത്തിരിട്ടിയില്‍ കവിയുമെന്നാണ് ആറാമത് ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയിഞ്ചിന്റെ അവസാനറിപ്പോര്‍ട്ടില്‍ പറഞ്ഞത്. ഏറ്റവും മോശമായ അവസ്ഥ ഭൂമിക്ക് ഉപരിഭാഗത്തുള്ള ഓസോണിന്റെ അളവ് വര്‍ധിക്കുമ്പോഴാണ് ഉണ്ടാവുന്നത്. ഹൃദ്രോഗം ഇന്നത്തേതിന്റെ മൂന്ന് മടങ്ങ് വര്‍ധിക്കും. ഓസോണ്‍ പാളികളുടെ നാശം ഉണ്ടാവുന്നതിനാല്‍ മാരകമായ ആള്‍ട്രാ വയലറ്റ് രശ്മികള്‍ ഭൂമിയില്‍ പതിക്കുകയും സൂര്യാഘാതംമൂലം മരണമടയുന്നവരുടെ നിരക്ക് ഇന്നത്തെ അപേക്ഷിച്ച് 600 മടങ്ങ്‌വര്‍ധിക്കുകയും ചെയ്യുമെന്നാണ് ഐ.പി.സി. സി റിപ്പോര്‍ട്ട്.
അമേരിക്കയും മറ്റും നടത്തുന്ന വായു മലിനീകരണം ബാധിക്കുന്നത് വികസന രാഷ്ട്രങ്ങളിലെ ജനങ്ങളെയാണ്. ഇത്തരം രാജ്യങ്ങളില്‍നിന്ന് പുറത്തുവിടുന്ന കാര്‍ബണ്‍ഡൈഓക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ്, ഹരിതവാതകങ്ങള്‍ നൈട്രജന്‍ ഓക്‌സൈഡ്, ആര്‍ഗണ്‍ തുടങ്ങിയ വാതകങ്ങളുടെ സാന്നിധ്യം അത് ഉത്പാദിപ്പിക്കുന്ന രാജ്യത്ത് തന്നെയാണെങ്കില്‍ നമുക്ക് യാതൊരു പ്രശ്‌നവുമില്ലായിരുന്നു. എന്നാല്‍ ഈ വാതകങ്ങള്‍ വായുവിന്റെ ചലനത്തില്‍പെട്ട് മലിനീകരണം കുറഞ്ഞതും അതുകൊണ്ട് തന്നെ വായുസാന്ദ്രത വളരെ കുറഞ്ഞതുമായ രാഷ്ട്രങ്ങളിലേക്ക് എത്തിപ്പെടുന്നതിന്റെ ഭാഗമായി ദുരിതമനുഭവിക്കുന്നത് നിര്‍ധനരായ രാജ്യങ്ങളിലെ ജനതയാണ്. ഒരു ശതമാനം പോലും വായു മലിനീകരണം നടത്താത്ത പാക്കിസ്താന്‍, ബംഗ്ലാദേശ്, ലാറ്റിന്‍അമേരിക്കന്‍ രാജ്യങ്ങള്‍ തുടങ്ങി 60 ഓളം വരുന്ന രാജ്യങ്ങളില്‍ വര്‍ധിച്ചുവരുന്ന ഹൃദ്രോഗവും ആസ്തമയും കരള്‍ സംബന്ധമായ രോഗങ്ങളും അലര്‍ജിയും ഇത്തരം രാഷ്ട്രങ്ങളില്‍നിന്ന് ഉയരുന്ന വിഷവാതകങ്ങള്‍ ശ്വസിച്ചതുകൊണ്ടാണെന്ന് പറയാം. വായുവിലെ ഘടനമാറ്റം ചില്ലറക്കാരനല്ല. വലിയ കൊലപാതകിയാണിത്. ലോകത്ത് മൊത്തം 24.4 മില്യണ്‍ ആളുകള്‍ ഹൃദയാഘാതം മൂലം മരണമടയുമ്പോള്‍ അതിന്റെ 24 ശതമാനവും വായു മലിനീകരണം കൊണ്ടാണെന്ന് ഫെബ്രുവരിയില്‍ ലോകാരോഗ്യ സംഘടന ജനീവയില്‍ നടന്ന സമ്മേളനത്തില്‍ വെളിപ്പെടുത്തിയതാണ്. 91 ശതമാനം ജനങ്ങളും പ്രത്യക്ഷമായും പരോക്ഷമായും വായു മലിനീകരണത്തിന്റെ ഇരകളാണ്. ഇന്ത്യയിലും കേരളത്തിലും നടക്കുന്ന ഹൃദ്രോഗത്തിന്റെ വലിയൊരു വിഭാഗവും വായു മലിനീകരണം വഴിയാണെന്ന് ലാന്‍സെറ്റ് പ്ലാനിറ്ററി ഹെല്‍ത്ത് നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.
പുതുതായി നടന്ന എല്ലാ പഠനങ്ങളും വായുവിലെ ഘടനമാറ്റം കുറ്റവാസന വര്‍ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. നാം വിചാരിക്കുന്ന സ്ഥലങ്ങള്‍ക്കപ്പുറമായി നമ്മുടെ മനസ്സിന്റെ ഘടനയെ തന്നെ മാറ്റി മനുഷ്യനെ മൃഗമാക്കി മാറ്റാനുള്ള കഴിവ് വായുവിലെ ഘടനാമാറ്റത്തിന് ഉണ്ടെന്ന് ക്ലോറഡോ പബ്ലിക് സ്‌കൂളിലെ ജോനാദ് സോണറ്റ് പറയുന്നു. ചൈനയിലെ ബീജിംഗ് യൂണിവേഴ്‌സിറ്റിയിലെ നിരവധി പേര്‍ക്കും ഇതേ അഭിപ്രായം തന്നെയാണ്. ലോകത്തിലെ ഏറ്റവും മലിന നഗരമാണ് ഡല്‍ഹി. ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങളും നടക്കുന്നത് ഇവിടെ തന്നെയാണ്. മറ്റൊരു പ്രത്യേകത 20 മുതല്‍ 25 വര്‍ഷം വരെ സ്ഥിരമായി വായു മലിനീകരണം നടക്കുമ്പോള്‍ ജീനുകളില്‍ ഉണ്ടാകുന്ന ഘടനാമാറ്റമാണ് ഈ പ്രത്യേക സ്വഭാവ വിശേഷണത്തിന് കാരണമായി പറയപ്പെടുന്നത്. ഡല്‍ഹിയിലെ വായുവിന്റെ ഘടന മാറ്റം തുടങ്ങിയിട്ട് 30 വര്‍ഷത്തില്‍ കൂടുതലായി. ഡല്‍ഹിയിലെ രാജ്ഘട്ട്, ബദര്‍പൂര്‍ ആണവ നിലയങ്ങള്‍ പുറത്ത്‌വിടുന്ന സൂഷ്മ പൊടിപടലങ്ങള്‍ ഡല്‍ഹി നിവാസികളിലെ തലച്ചോറിലെ ന്യൂറോണുകളില്‍ മാറ്റംവരുത്തുന്നു. പാറ്റ്‌ന, ജപല്‍പൂര്‍, നാഗ്പൂര്‍, ജയ്പൂര്‍, ഗ്വാളിയര്‍, ഭോപ്പാല്‍, ഇന്‍ഡോര്‍ തുടങ്ങി ഏറ്റവും മലിനമായ നഗരങ്ങളില്‍ തന്നെയാണ് ക്രിമിനല്‍ നിരക്കും കൂടുതലുള്ളത്.
മലിനീകരണ പ്രേരിത ആകാംഷയും ഹൈപ്പര്‍ടെന്‍ഷനും തടയാന്‍ യോഗ പരിശീലനം സഹായിക്കും. ലഖ്‌നോ, ഫാരീദാബാദ്, കാണ്‍പൂര്‍തുടങ്ങിയ സ്ഥലങ്ങളില്‍ മലിനീകരണ സംബന്ധമായ രോഗങ്ങള്‍ വളരെ കൂടിയപ്പോള്‍ നഗരങ്ങളെ കേന്ദ്രീകരിച്ച് തുടങ്ങിയ യോഗകളില്‍ പരിശീലനം നേടിയ ആളുകളില്‍ ആസ്തമ അലര്‍ജി ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളില്‍ വലിയ കുറവ് കണ്ടെത്തി. കപല്‍ഭാതി പ്രാണായാമം ശരീരത്തിലെ വിഷവായുവിനെ പുറത്ത്‌വിടുന്നു. ഒരുതവണ ദീര്‍ഘമായി ശ്വാസം ഉള്ളോട്ടെടുത്ത് തുടര്‍ച്ചയായി 20 മതുല്‍ 30 തവണ വരെ പുറത്തേക്ക് വിടുന്ന പ്രക്രിയയാണ് ഇത്. യോഗയില്‍ നടക്കുന്ന ഏത് വ്യായാമവും ശരീരത്തിലെ വിഷവാതകങ്ങളെ പുറത്തേക്ക് തള്ളിവിടുന്നതിന് സഹായകമാണ്. ഉഷ്ണവേളയിലും സിറ്റി ഏരിയയിലും കൂടുതല്‍ യാത്ര കഴിഞ്ഞ് വന്നശേഷം പ്രാണായാമ പ്രക്രിയ തുടര്‍ച്ചയായി ചെയ്യുകയാണെങ്കില്‍ വായു മലിനീകരണത്തിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാം.
2015ല്‍ ഒബാമ സര്‍ക്കാര്‍ നേതൃത്വം നല്‍കി രൂപം നല്‍കിയ പാരീസ് ഉടമ്പടി ഭൂമിക്ക് പുതിയൊരു പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ ട്രംപ് അധികാരത്തില്‍ വന്നശേഷം കരാര്‍ തട്ടിപ്പാണെന്ന് പറഞ്ഞ് ഏകപക്ഷീയമായി പിന്മാറുകയാണ് ചെയ്തത്. ഇത് ലോകരാഷ്ട്രങ്ങളില്‍ വളരെ പ്രതിഷേധമുണ്ടാക്കി. പകരം സംവിധാനത്തെ ആലോചിക്കാതെ ഇനി കാലാവസ്ഥാകരാര്‍ അമേരിക്കയുടെ നിയന്ത്രണത്തില്‍ എത്രമാത്രം വിജയപ്രദമാകുമെന്ന് ഉറപ്പ് പറയാന്‍ പറ്റില്ല. കരാറിന്റെ ഏറ്റവും പ്രധാന പോരായ്മ രാഷ്ട്രങ്ങള്‍ തമ്മിലുള്ള കരാര്‍ എന്നതാണ്. മലിനീകരണം നടത്തുന്നത് രാഷ്ട്രങ്ങളില്‍ സ്വകാര്യ കമ്പനികളാണ്. നാഷണല്‍ തെര്‍മ്മല്‍ കോര്‍പറേഷന്‍ തന്നെ മൊത്തം വിസര്‍ജ്ജനത്തിന്റെ 24.2 ശതമാനത്തോളം സംഭാവന ചെയ്തിട്ടുണ്ട്. ലോകത്തിലെ 90 വ്യവസായങ്ങള്‍ ചേര്‍ന്നാണ് കാര്‍ബണ്‍ വിസര്‍ജ്ജനത്തിന്റെ 3ല്‍ 2 ഭാഗവും (63 ശതമാനം) നടത്തുന്നത്. ഇത്തരം കമ്പനികളെ നിയന്ത്രിക്കാനുള്ള അവകാശം അന്താരാഷ്ട്ര സംഘടനകള്‍ക്ക് നല്‍കുന്നതിനുള്ള നിയമമാണ് നടപ്പാക്കേണ്ടത്. 78 മില്യണ്‍ ടണ്‍ കാര്‍ബണ്‍ വ്യവസായം നടത്തുന്ന അമേരിക്കന്‍ ഇലക്ട്രിക് പവറും 108 മില്യനോളം കാര്‍ബണ്‍ പുറന്തള്ളുന്ന എ.ഇ.എസ് കോര്‍പറേഷനും കരാറിന് പുറത്തായത് പാരീസ് കരാറിന്റെ ക്ഷീണത്തിനിടയാക്കി. ഇന്ത്യയിലെ പബ്ലിക് യൂട്ടിലിറ്റി സര്‍വീസുകള്‍ (62 എണ്ണം) 155 മില്യണ്‍ ടണ്‍ കാര്‍ബണ്‍ പുറത്തുവിടുന്നു. ഇത്തരം കമ്പനികളെ നിയന്ത്രിക്കുന്നതിനുള്ള സ്വതന്ത്രമായ അന്താരാഷ്ട്ര സംഘടന നിയമത്തിലൂടെ അധികാരത്തില്‍ വന്നാല്‍ ഒരു രാജ്യം വിചാരിച്ചാല്‍ കരാറിനെ പരാജയപ്പെടുത്താന്‍ പറ്റാതാകും.

SHARE