പ്രയത്‌നവും പ്രതിഫലവും


എ.എ വഹാബ്

എല്ലാ പ്രയത്‌നത്തിനും ഫലവും പ്രതിഫലവുമുണ്ട്. ജീവിതത്തിന് അല്ലാഹു നിശ്ചയിച്ച വ്യവസ്ഥയാണത്. ആരൊരാള്‍ ഒരണുത്തൂക്കം നന്മ ചെയ്താല്‍ അതവന്‍ കാണും. ആരൊരാള്‍ ഒരണുത്തൂക്കം തിന്മ ചെയ്താല്‍ അതും അവന്‍ കാണും. (വി.ഖു: 99: 7-8) നന്മക്ക് നന്മയും തിന്മക്ക് ശിക്ഷയുമാണല്ലോ പ്രതിഫലം. പ്രയത്‌നത്തിന്റെയും പ്രതിഫലത്തിന്റെയും കാര്യത്തില്‍ അല്ലാഹു സ്വന്തത്തിന് ബാധ്യതയാക്കിവെച്ച ദയയെക്കുറിച്ച് ഖുര്‍ആന്‍ എടുത്ത്പറയുന്നുണ്ട്. തെറ്റ് ചെയ്തുപോകുന്ന മനുഷ്യര്‍ക്ക് ഏറെ ആശ്വസപ്രദമാണ് അല്ലാഹുവിന്റെ അതു സംബന്ധമായ വിവിധ പ്രഖ്യാപനങ്ങള്‍.
കര്‍മത്തിന്റെ ആദ്യ ഫലം ഭൗതിക ജീവിതത്തില്‍തന്നെ പ്രതിഫലിക്കുമല്ലോ. അതെന്തായാലും സുകൃതവുമായി ദൈവ സന്നിധിയിലെത്തുന്ന ഒരാള്‍ക്ക് അവന്റെ കര്‍മ്മത്തിന്റെ പത്തിരട്ടി പ്രതിഫലവുമുണ്ട്. ദുഷ്‌കര്‍മവുമായി എത്തുന്നവര്‍ക്ക് താന്‍ പ്രവര്‍ത്തിച്ച ദുഷ്‌കര്‍മത്തിന് ഒത്ത ശിക്ഷയേ നല്‍കൂ. അവര്‍ അനീതിക്കിരയാകുന്നതല്ല (6:160). ഓരോ സല്‍കര്‍മത്തിനും അതിന്റെ മൂല്യത്തിന്റെ പത്തിരട്ടി മൂല്യമുള്ള പ്രതിഫലം എന്നത് അല്ലാഹു നല്‍കുന്ന ഏറ്റവും കുറഞ്ഞ തോതാണ്. എഴുപതും എഴുനൂറും ഏഴായിരവും ഒക്കെ പ്രതിഫലം ഉള്ളതായി ഹദീസുകളില്‍ വിവരിക്കുന്നുണ്ട്. ഒരു സല്‍കര്‍മത്തിന്റെ യഥാര്‍ത്ഥ മൂല്യമെന്തെന്ന് നമുക്കറിയില്ല. നമ്മുടെ കണക്കില്‍ അതിന്റെ ക്ഷണിക, ഭൗതിക മാനദണ്ഡങ്ങള്‍ മാത്രമേ വരികയുള്ളൂ. കര്‍മ്മത്തിന്റെ യഥാര്‍ത്ഥ മൂല്യമറിയുക സ്രഷ്ടാവായ അല്ലാഹുവിന് മാത്രമാണ്. അതാണ് പ്രവാചകന്‍ പറഞ്ഞത് സല്‍കര്‍മ്മങ്ങളില്‍ ഒന്നിനെയും നിസ്സാരമായി ഗണിക്കരുതെന്ന്. മറ്റൊരാളുടെ മുഖത്ത് നോക്കിയുള്ള പുഞ്ചിരി പോലും, അത് സത്യവിശ്വാസിക്ക് ധര്‍മ്മമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. പരസ്പരം കാണുമ്പോള്‍ പുഞ്ചിരിക്കുടനെ ഹസ്തദാനവും സലാം പറച്ചിലും. പുഞ്ചിരി സൗഹൃദം വര്‍ധിപ്പിക്കുമ്പോള്‍ ഹസ്തദാനം ഉള്ളിലെ പക ഇല്ലാതാക്കും. സലാം പറച്ചില്‍ പ്രാര്‍ത്ഥനയാണ്. പ്രാര്‍ത്ഥന ആരാധനയുടെ സത്തയാണ്. ആരാധനക്കായാണല്ലോ മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അങ്ങനെ സല്‍കര്‍മ്മങ്ങള്‍ സത്യവിശ്വാസികള്‍ക്ക് ഇരുലോകത്തും പ്രയോജനപ്രദവും പ്രതിഫലാര്‍ഹവുമായിത്തീരുന്നു.
നന്മയോടുള്ള അല്ലാഹുവിന്റെ താല്‍പര്യവും നന്മ പ്രവര്‍ത്തിക്കുന്നവരോടുള്ള അവന്റെ ഔദാര്യാനുഗ്രഹങ്ങളുമാണ് ഉന്നതമായ ഈ പ്രതിഫല പ്രഖ്യാപനത്തില്‍ മുഴച്ചുകാണുന്നത്. നന്മ ചെയ്യാനും പ്രചരിപ്പിക്കാനും മനുഷ്യനുള്ള മഹത്തായ പ്രചോദനമാണിത്. തിന്മക്കുള്ള ശിക്ഷയുടെ കാര്യത്തില്‍പോലും അല്ലാഹു അതീവ ഔദാര്യവാനാണ്. നന്മ രേഖപ്പെടുത്തുന്ന വേഗത്തില്‍ മനുഷ്യന്റെ തിന്മ മലക്കുകള്‍ രേഖപ്പെടുത്തുകയില്ല. ഒരാള്‍ ഒരു നന്മ ചെയ്യാന്‍ തീരുമാനിച്ചാല്‍ ഉടന്‍തന്നെ നന്മ രേഖപ്പെടുത്തുന്ന മലക്ക് ഒരു നന്മ രേഖപ്പെടുത്തും. അയാള്‍ ആ നന്മ ചെയ്യുമ്പോള്‍ ഒമ്പത് നന്മകള്‍കൂടി രേഖപ്പെടുത്തി ഏറ്റവും കുറഞ്ഞ പ്രതിഫലമായ പത്തിരട്ടിയാക്കും. എഴുപതും, എഴുനൂറും ഒക്കെ അല്ലാഹുവിന്റെ നിര്‍ദ്ദേശപ്രകാരമുള്ള തീരുമാനമാണ്. മറിച്ച് ഒരാള്‍ ഒരു തിന്മ ചെയ്യാന്‍ തീരുമാനിച്ചാല്‍ ഉടനെ ഒന്നും രേഖപ്പെടുത്തില്ല. തീരുമാനത്തില്‍ ഉറച്ച്‌നില്‍ക്കാതെ പിന്‍വാങ്ങിയാല്‍ അയാള്‍ക്ക് ഒരു നന്മ രേഖപ്പെടുത്തും. തീരുമാനത്തില്‍ തന്നെ ഉറച്ച്‌നിന്ന് തിന്മചെയ്താല്‍ തിന്മ രേഖപ്പെടുത്തുന്ന മലക്ക് ഒരു തിന്മ അയാളുടെ പേരില്‍ എഴുതാന്‍ തുനിയുമ്പോള്‍ നന്മ രേഖപ്പെടുത്തുന്ന മലക്ക് തടസ്സപ്പെടുത്തിക്കൊണ്ട് കുറച്ച് സാവകാശം നല്‍കാന്‍ ആവശ്യപ്പെടും. തിന്മയെ തുടര്‍ന്ന് അയാള്‍ നന്മ ചെയ്യുകയോ പാപമോചനം തേടുകയോ ചെയ്താല്‍ തിന്മ മായ്ക്കുകയോ നന്മ രേഖപ്പെടുത്തുകയും ചെയ്യും. സത്തയില്‍ ‘കരുണ’ ബാധ്യതയായി നിശ്ചയിച്ച സ്രഷ്ടാവിന്റെ മഹാകാരുണ്യമാണ് നമുക്കിവിടെ കാണാന്‍ കഴിയുന്നത്.
സ്‌നേഹവും ഉദാരതയും കാരുണ്യവും എത്ര വര്‍ധിപ്പിക്കുന്നുവോ അത്രയും ആശ്വാസകരമാവും മനുഷ്യന് ജീവിതം. എന്നാല്‍ പാപം ചെയ്യുകയും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നവര്‍ക്ക് അവരുടെ പാപത്തിന്റെ ന്യായമായ പ്രതിഫലം മാത്രമേ നല്‍കു എന്ന അല്ലാഹുവിന്റെ നിശ്ചയം അവന്റെ നീതിയുടെയും സൃഷ്ടികളോടുള്ള കാരുണ്യത്തിന്റെയും താല്‍പര്യമാണ്. കാരുണ്യം വര്‍ധിപ്പിക്കുന്നതില്‍ അനീതിയുണ്ടാവില്ല. ശിക്ഷ വര്‍ധിപ്പിക്കുന്നത് നീതിയാവില്ലല്ലോ.
‘അവര്‍ അനീതിക്ക് ഇരയാകുന്നതല്ല’ എന്ന സൂക്തത്തിലെ പിന്‍കുറി ഏറെ ആഴത്തില്‍ അര്‍ത്ഥ തലങ്ങളുള്ളതാണ്. പാപികളുടെ കാര്യത്തിലായാലും ഒരന്യായവും വിചാരണ നാളില്‍ ഉണ്ടാകുന്നതല്ല എന്ന വാഗ്ദാനം അതിലുണ്ട്. ഒരു നന്മയും അവഗണിക്കപ്പെടുകയോ പ്രതിഫലം നല്‍കാതെ തള്ളപ്പെടുകയോ ഇല്ല. അക്കാര്യം ഖുര്‍ആന്‍ മറ്റൊരിടത്ത് ഇങ്ങനെ വ്യക്തമാക്കുന്നു. (ലുഖ്മാന്‍ മകനെ ഉപദേശിച്ചു കൊണ്ട്) മകനെ, ഒരു പാറയുടെ അന്തര്‍ഭാഗത്തോ അല്ലെങ്കില്‍ ആകാശത്തോ ഭൂമിയിലോ മറഞ്ഞിരുന്നാലും ശരി, കടുകുമണിയോളമുള്ള ഒരു സംഗതിയും അല്ലാഹു കണ്ടെത്തും. അവന്‍ സൗമ്യനും സൂക്ഷ്മജ്ഞനുമാകുന്നു (31:17).
അല്ലാഹു ഉദാരമായി പ്രഖ്യാപിച്ച പാപമോചനത്തിന്റെ വഴിയൊന്നും അവലംബിക്കാതെ പാപങ്ങളിലും തെറ്റുകുറ്റങ്ങളിലും മനുഷ്യന്‍ നിരന്തരമായി മുഴുകുമ്പോഴാണ് അവന്‍ ശിക്ഷാര്‍ഹനാവുക. ജീവിത പരീക്ഷണങ്ങളുടെ പ്രയാസത്തെ ശിക്ഷയായി കണക്കാക്കാതിരിക്കാന്‍ ഖുര്‍ആന്‍ ഉപദേശിക്കുന്നുണ്ട്. നന്മ തിന്മകള്‍ പരീക്ഷണമായി അല്ലാഹു ഏര്‍പ്പെടുത്തുമ്പോള്‍ സത്യവിശ്വാസ വീഥിയില്‍ ഉറച്ചുനില്‍ക്കുകയാണ് ഓരോ വിശ്വാസിയുടെയും കടമ. എല്ലാ പ്രയാസങ്ങള്‍ക്കൊപ്പവും അല്ലാഹു ആശ്വാസം സൃഷ്ടിച്ചിട്ടുണ്ടെന്ന ഉണര്‍ത്തലിലൂടെ പ്രയാസങ്ങളെ അതിജയിക്കാനുള്ള കരുത്ത് ഖുര്‍ആന്‍ തരുന്നുണ്ട്. സത്യത്തില്‍ വിശ്വസിച്ചവരെ നേര്‍വഴിയിലാക്കും, രക്ഷിക്കും, അവര്‍ക്കായി പ്രതിരോധിക്കും തുടങ്ങിയ അനേകം വാഗ്ദാനങ്ങളിലൂടെ സത്യവിശ്വാസിക്ക് നന്മയുടെ വീഥിയില്‍ ഉറച്ചുനില്‍ക്കാന്‍ അല്ലാഹു ഊര്‍ജം പകരുന്നുണ്ട്.
അല്ലാഹുവിനെ സൂക്ഷിക്കുകയും വളച്ചുകെട്ടില്ലാതെ കാര്യങ്ങള്‍ നേരെ ചൊവ്വെ പറയുകയും ചെയ്താല്‍ മനുഷ്യന് അവന്റെ കര്‍മങ്ങള്‍ നന്നാക്കിത്തരാമെന്നും പാപങ്ങള്‍ പൊറുത്തുതരാമെന്നും അല്ലാഹു വാഗ്ദാനം ചെയ്യുന്നുണ്ട് (33: 70-71) ഓരോ മനുഷ്യന്റെയും ജീവിതം നന്നാക്കാന്‍ അല്ലാഹു നിര്‍ദ്ദേശിക്കുന്നത്. ‘ആണാകട്ടെ, പെണ്ണാകട്ടെ സത്യവിശ്വാസം സ്വീകരിച്ച് സുകൃതം ചെയ്ത ആര്‍ക്കും സുഖകരമായ ഒരു ജീവിതം നാം സമ്മാനിക്കും. അവര്‍ പ്രവര്‍ത്തിച്ചതിനേക്കാള്‍ മികച്ച പ്രതിഫലം അവര്‍ക്ക് നല്‍കുകയും ചെയ്യും’ (16: 97). സത്യവിശ്വാസം സ്വീകരിച്ച സുകൃതവാന്മാര്‍ക്ക് ഇരുലോകത്തും നല്ല ജീവിതം മാത്രമാണ് ഖുര്‍ആന് വാഗ്ദാനം ചെയ്യാനുള്ളത്. നിഷേധികള്‍ക്ക് കുറ്റവാളികള്‍ക്കും ശിക്ഷയെക്കുറിച്ചുള്ള താക്കീതും.

SHARE