അര്‍ധ അതിവേഗ റെയില്‍വേയും ആശങ്കകളും

ലെജു കല്ലുപ്പാറ

സംസ്ഥാനത്തിന്റെ സ്വപ്‌നപദ്ധതിയായിരുന്ന അതിവേഗ റെയില്‍ പാത പദ്ധതി സംസ്ഥാന സര്‍ക്കാര്‍ അര്‍ധ അതിവേഗ റെയില്‍ പാത ( സില്‍വര്‍ ലൈന്‍) പദ്ധതിയായി വെട്ടിച്ചുരുക്കി പ്രഖ്യാപിച്ചെങ്കിലും ഇതും നടപ്പാകുമോയെന്ന ആശങ്ക ബാക്കി. ചെലവ് കുറക്കുന്നതിനുവേണ്ടി നടത്തിയ ഈ മാറ്റം പ്രതീക്ഷിച്ച ഫലം ചെയ്യില്ലെന്നു മാത്രമല്ല വിപരീത ഫലമാകും ഉളവാക്കുക എന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരനുള്‍പ്പെടെയുള്ളവര്‍ ഈ ആശങ്ക പങ്കുവെക്കുകയും ചെയ്തു.

2006ലെ അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്താണ് അതിവേഗ റെയില്‍പാത തുടങ്ങുമെന്ന് അവകാശപ്പെട്ട് സര്‍വ്വേയും പഠനവുമൊക്കെ ആരംഭിച്ചത്. 2009-ല്‍ രൂപം നല്‍കിയ കേരള ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ പദ്ധതിയുടെ പ്രാഥമിക പഠനവും രൂപരേഖ തയാറാക്കലും പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം ചെലവ് കുറഞ്ഞ അര്‍ധ അതിവേഗ റെയില്‍പാത എന്ന ആശയം സ്വീകരിക്കുകയും ഈ കോര്‍പ്പറേഷന് താഴിടുകയും ചെയ്തു.

തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 430 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിവേഗ റെയില്‍പാത പദ്ധതിക്ക് 1.2 ലക്ഷം കോടിരൂപയായിരുന്നു ചെലവ് കണക്കാക്കിയിരുന്നത്. ടി.ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ഇതിനായി ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ രൂപീകരിക്കുകയും ചെയ്തിരുന്നു. മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന പാതയാണ് വിഭാവനം ചെയ്തിരുന്നത്. സ്ഥലമെടുപ്പിന്റെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഭൂമിക്കടിയിലൂടെയും മേല്‍പ്പാലത്തിലൂടെയുമായിരുന്നു ഭൂരിഭാഗം നിര്‍മ്മിതിയും വിഭാവനം ചെയ്തിരുന്നത്. ഉപരിതലത്തിലൂടെ 94 കിലോമീറ്റര്‍ പാത മാത്രമെന്നതായിരുന്നു ഇതിന്റെ പ്രധാന സവിശേഷത. പദ്ധതി്‌ക്കെതിരെ വ്യാപക എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് അലൈന്‍മെന്റ് തയാറാക്കാനുള്ള സര്‍വേ നടത്താന്‍ പോലും പലയിടങ്ങളിലും കടന്നു ചെല്ലാന്‍ ഉദ്യോഗസ്ഥര്‍ക്കായില്ല. ഇതോടെ രൂപരേഖ തയ്യാറാക്കല്‍ വൈകി. ഒടുവില്‍ ഇ.എം.ശ്രീധരന്‍ മുന്‍കയ്യെടുത്ത് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ വഴിയാണ് സാധ്യതാ പഠനവും അലൈന്‍മെന്റ് രൂപീകരണവും പൂര്‍ത്തിയാക്കി നല്‍കിയത്. എന്നാല്‍ പദ്ധതി സ്വപ്‌ന പദ്ധതിയായി അവശേഷിക്കുകയായിരുന്നു.

പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ അതിവേഗ പദ്ധതിക്ക് അധിക ചെലവെന്ന കാരണം പറഞ്ഞ് പദ്ധതി ഉപേക്ഷിച്ചു. ഇ.ശ്രീധരനുമായി സര്‍ക്കാരിനുണ്ടായ അഭിപ്രായ വ്യത്യാസമാണ് പദ്ധതി ഉപേക്ഷിക്കാന്‍ പ്രധാനകാരണമെന്നും പറയപ്പെടുന്നു. ഇതിനിടെ ചെലവുകുറിച്ച് റെയില്‍ പാത നിര്‍മ്മിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തുകയും അത് അര്‍ധ അതിവേഗ റെയില്‍ പാതയില്‍ എത്തുകയുമായിരുന്നു. പദ്ധതിയില്‍ പങ്കാളികളാകാന്‍ റെയില്‍ വേ ബോര്‍ഡ് തയ്യാറായതോടെ 2017-ല്‍ സംയുക്ത സംരഭമായി കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന് രൂപം നല്‍കുകയും ചെയ്തു. 50000 കോടിരൂപയില്‍ പദ്ധതി പൂര്‍ത്തിയാക്കാണമെന്നായിരുന്നു സര്‍ക്കാരിന്റെ നിര്‍ദ്ദേശം. പാതയുടെ നീളം 100 കിലോമീറ്റര്‍ വര്‍ദ്ധിപ്പിച്ച് കാസര്‍കോട് വരെയാക്കാനും വിമാനതാവളങ്ങളുമായി ബന്ധിപ്പിക്കുന്നതിനും നിര്‍ദ്ദേശിക്കുകയും ചെയ്തു. 2019ല്‍ ഹൈസ്പീഡ് കോര്‍പ്പറേഷന്‍ പൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനിടെ അതിവേഗ റെയില്‍പാത പദ്ധതിക്കായി 30 കോടിരൂപ ചെലവഴിച്ചു കഴിഞ്ഞിരുന്നു.

തിരുവനന്തപുരം- കാസര്‍കോട് അര്‍ധ അതിവേഗ റെയില്‍പാതയുടെ( സില്‍വര്‍ ലൈന്‍) അലൈന്‍മെന്റിന് കഴിഞ്ഞ മന്ത്രിസഭ അനുമതി നല്‍കി. സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം മാഹി, വടകര എന്നിവിടങ്ങളിലെ അലൈന്‍മെന്റുകളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് അന്തിമ അലൈന്‍മെന്റ് തയ്യാറാക്കിയിട്ടുള്ളത്. പൈതൃക സ്ഥാപനങ്ങളെയും ആരാധനാലയങ്ങളെയും ഒഴിവാക്കാന്‍ വേണ്ടി നേരത്തെ സാധ്യതാ പഠനറിപ്പോര്‍ട്ടിന്റെ അലൈന്‍മെന്റില്‍ പലയിടത്തായി പരമാവധി പത്തു മുതല്‍ 50 മീറ്റര്‍ വരെ മാറ്റം വരുത്തിയിരുന്നു. പുതുച്ചേരി സര്‍ക്കാരിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് മാഹി പൂര്‍ണ്ണമായും ഒഴിവാക്കി. മാഹിയെ പാത രണ്ടായി വിഭജിക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ പരാതി. തുടര്‍ന്ന് മാഹിയിലെ ബൈപാസ് പൂര്‍ണ്ണമായും ഒഴിവാക്കി നിലവിലുള്ള റെയില്‍ പാതയക്ക് സമാന്തരമായിതന്നെ അര്‍ധ അതിവേഗപാത നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. വടകര പയ്യോളിയിലെ ബൈപാസും ഇതേ രീതിയില്‍ ഒഴിവാക്കിയാണ് പുതിയ അലൈന്‍മെന്റ്. തിരുവനന്തപുരം മുതല്‍ തിരൂര്‍വരെ ഇപ്പോഴത്തെ റെയില്‍പാതയില്‍നിന്ന് മാറിയും തുടര്‍ന്ന് കാസര്‍കോടുവരെ ഇപ്പോഴത്തെ പാതക്ക് സമാന്തരവുമായിട്ടുമാണ് സില്‍വര്‍ ലൈന്‍ നിര്‍മ്മിക്കുക.

പാത യാഥാര്‍ത്ഥമാകുന്നതോടെ തിരുവനന്തപുരത്തിനിന്നും നാലുമണിക്കൂറിനുള്ളില്‍ കാസര്‍കോട്ടെത്താന്‍ കഴിയും. ഇപ്പോള്‍ സംസ്ഥാനത്തോടുന്ന വേഗമേറിയ തീവണ്ടികള്‍ ഈ ദൂരം താണ്ടാന്‍ 9 മണിക്കൂറിലധികം സമയം എടുക്കുന്നു. വലിയ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന തിരുവനന്തപുരം-എറണാകുളം യാത്രാസമയം പുതിയ പാതയിലൂടെ വെറും ഒന്നര മണിക്കൂറായി ചുരുങ്ങും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ക്ക് സഞ്ചരിക്കാനാകും.
തിരുവനന്തപുരത്തുനിന്ന് 11 ജില്ലകളിലൂടെ കാസര്‍കോട്ടെത്തുന്ന സില്‍വര്‍ ലൈനില്‍ 11 സ്‌റ്റോപ്പുകളുണ്ടാകും. ഈ വര്‍ഷം നിര്‍മ്മാണം തുടങ്ങി അഞ്ചു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. 63,941 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, നെടുമ്പാശ്ശേരി വിമാനത്താവളം, തൃശ്ശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിങ്ങനെയാണ് സ്റ്റേഷനുകള്‍ ഉണ്ടാകുക.

അതിവേഗ റെയില്‍വേക്ക് പകരം അര്‍ധ അതിവേഗ റെയില്‍വേയാക്കിയതുകൊണ്ട് ചെലവില്‍ കാര്യമായ കുറവുണ്ടാകില്ലെന്നാണ് ഇ.എം.ശ്രീധരന്‍ ഉള്‍പ്പെയുള്ള വിദഗ്ധരുടെ അഭിപ്രായം. 200കിലോമീറ്റര്‍ വേഗത്തില്‍ യാത്രാ ട്രെയിനുകള്‍ ഓടിക്കുന്ന പാളത്തിലൂടെ 75 കിലോമീറ്റര്‍ വേഗത്തില്‍ പോലും ചരക്ക് തീവണ്ടികള്‍ ഓടിക്കാനാകില്ല. ചരക്ക് തീവണ്ടികള്‍ ഓടിക്കണമെങ്കില്‍ പാളത്തിന്റെ ആക്‌സില്‍ ലോഡ് കുറഞ്ഞത് 25 ടണ്‍ ആയിരിക്കണം. അര്‍ധ അതിവേഗ പാതക്കായി കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ടിവരും. അതിവേഗ പദ്ധതിയില്‍ 6000കുടുംബങ്ങളെ മാത്രം ഒഴിപ്പിക്കേണ്ടിയത്ത് ഇവിടെ 20000ത്തില്‍ അധികം കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടി വരുമെന്നും ചൂണ്ടി കാണിക്കപ്പെടുന്നു.

SHARE