ജനപക്ഷമാവുക നല്ല പ്രതിപക്ഷമാവുക


അഡ്വ.കെ.എന്‍.എ.ഖാദര്‍


പതിനേഴാം ലോക് സഭാ തെരഞ്ഞെടുപ്പില്‍ മഹാഭൂരിപക്ഷം സീറ്റുകളും കരസ്ഥമാക്കി എന്‍.ഡി.എ വീണ്ടും അധികാരത്തിലെത്തി. ഭാരതീയ ജനതാ പാര്‍ട്ടിക്ക് മാത്രം ഭരിക്കാന്‍ ആവശ്യമായതിലേറെ സീറ്റുകള്‍ നേടാന്‍ കഴിഞ്ഞു. രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങി അടുത്ത കാലത്ത് നിയമസഭയില്‍ ഭൂരിപക്ഷം നേടി കോണ്‍ഗ്രസ്സ് അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലും ബി.ജെ.പിയും സഖ്യകക്ഷികളും വന്‍നേട്ടങ്ങള്‍ കൊയ്തു. യു.പി യിലും അപ്രതീക്ഷിതമായ വിജയം നേടാന്‍ ബി.ജെ.പി ക്ക് കഴിഞ്ഞു. പശ്ചിമ ബംഗാളിലും കര്‍ണ്ണാടകയിലും സംസ്ഥാനഭരണം കയ്യിലില്ലാത്ത അവര്‍ കാര്യമായ നേട്ടങ്ങള്‍ ഉണ്ടാക്കി. ഇന്ത്യയുടെ മൊത്തം ചിത്രമെടുത്താല്‍ അപൂര്‍വ്വം സംസ്ഥാനങ്ങളില്‍ മാത്രമാണ് പറയത്തക്ക നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ മതേതര ശക്തികള്‍ക്ക് കഴിഞ്ഞിട്ടുള്ളത്. അധിക സംസ്ഥാനങ്ങളിലും സാന്നിധ്യം തെളിയിക്കാന്‍ മാത്രമെ കോണ്‍ഗ്രസ്സിനും സഖ്യകക്ഷികള്‍ക്കും കഴിഞ്ഞുള്ളൂ. ഒരു സീറ്റു പോലും നേടാനാവാത്ത സംസ്ഥാനങ്ങള്‍ നിരവധിയാണ്. ഏറെക്കുറെ പ്രതീക്ഷിച്ചിരുന്ന പോലെ നരേന്ദ്ര മോദിയും കൂട്ടാളികളും വീണ്ടും അധികാരത്തിലെത്തി.ഇത്രയേറെ ഭൂരിപക്ഷം നേടാനും ജനപിന്തുണ ആര്‍ജ്ജിക്കുവാനും അവര്‍ക്ക് സാധിക്കുമെന്ന് ഇന്ത്യയിലാരും പ്രതീക്ഷിച്ചതല്ല.
ഏതു തെരഞ്ഞെടുപ്പിലും വിജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കുന്നത് പല ഘടകങ്ങള്‍ ചേര്‍ന്നാണ്. ഇന്ത്യയിലാകുമ്പോള്‍ ജാതിയും മതവും ഉള്‍പ്പടെ അതില്‍ ഭാഗഭാക്കാവും. ദുസ്സഹമായ ജീവിത സാഹചര്യങ്ങളും ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട മറ്റനേക പ്രശ്‌നങ്ങളുംവികസനകാര്യങ്ങളും ഉള്‍പ്പടെ ഇതില്‍പ്പെടുന്നു. ഈ തെരഞ്ഞെടുപ്പില്‍ പാക് വിരുദ്ധതയും പുല്‍വാമയിലെ ജവാന്മാരുടെ രക്തസാക്ഷിത്വവും ബാലാക്കോട്ട് സൈനികാക്രമണവും ദേശീയതയും വേണ്ടത്ര തെരഞ്ഞെടുപ്പ് വിഷയമാക്കുവാന്‍ മോദി ശ്രമിക്കുകയുണ്ടായി. ഒരേ ഒരു മോദിക്കു ചുറ്റും തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ കറങ്ങുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടത്. ഫാസിസവും മതേതരത്വവും ജനാധിപത്യവും ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും പ്രശ്‌നങ്ങളും തൊഴിലില്ലായ്മയും ദാരിദ്ര്യവും നോട്ടുനിരോധനവും ജി.എസ്.ടി യും റഫാല്‍ അഴിമതിയും കോര്‍പ്പറേറ്റ് ഭീമന്മാരുടെ വമ്പന്‍ വളര്‍ച്ചയും പ്രധാനമന്ത്രിയില്‍ അവര്‍ക്കുള്ള സ്വാധീനവും തുടങ്ങി സുപ്രധാന വിഷയങ്ങള്‍ തെരഞ്ഞെടുപ്പ് കാലത്ത് ചര്‍ച്ച ചെയ്യുന്നതിനായി കോണ്‍ഗ്രസ്സും ഇതര മതേതര കക്ഷികളും ഉയര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമിച്ചിരുന്നു.എങ്കിലും അവയൊന്നും തന്നെ മഹാഭൂരിപക്ഷം ജനങ്ങളും പൊതുവെ ഏറ്റടുക്കുകയുണ്ടായില്ല.
നരേന്ദ്ര മോദി, അമിത് ഷാ തുടങ്ങിയ നേതാക്കന്‍മാര്‍ തെരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞ കാര്യങ്ങളും നൈരാശ്യം വ്യക്തമാക്കുന്ന അവരുടെ പ്രസ്താവനകളും ശരീരഭാഷയും പരാജയഭീതിയും ഇന്ത്യ മുഴുവന്‍ ശ്രദ്ധിച്ചിട്ടുള്ളതാണ്. ഇത്തവണ ഒരിക്കല്‍ കൂടി തിരിച്ചു വരുക അവര്‍ക്ക് വലിയ പ്രയാസമായിരിക്കും എന്ന തോന്നലുകളാണ് അത് പൊതുവെ സൃഷ്ടിച്ചത്. മതേതര ശക്തികള്‍ക്ക് മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നും ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായിരിക്കുമെങ്കിലും കോണ്‍ഗ്രസ്സും സഖ്യകക്ഷികളും ചേര്‍ന്നാല്‍ ഭരണത്തിലേറാമെന്ന് പൊതുവെ പ്രതീക്ഷിക്കപ്പെട്ടിരുന്നതാണ്. അത്തരം പ്രതീക്ഷകള്‍ പൂര്‍ണ്ണമായും അസ്ഥാനത്താണെന്ന് തെളിയിക്കും മട്ടില്‍ അഭൂതപൂര്‍വ്വമായ ഭൂരിപക്ഷം നേടി എന്‍.ഡി.എ. ജയിച്ചു വന്നതിനു പിന്നില്‍ വല്ല കള്ളക്കളികളും നടന്നിട്ടുണ്ടോ എന്ന് ന്യായമായി സംശയിക്കാവുന്നതാണ്. എന്നാല്‍ ഈ ശങ്കകളെ ദൂരീകരിക്കുവാനും വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങളെ മനസ്സിലാക്കുന്നതിനും വേണ്ടി ഒരു ശ്രമവും ഒരു കക്ഷിയും ഇതുവരെ നടത്തിയിട്ടില്ല എന്നത് അതിലേറെ അത്ഭുതമാണ്. അതു കൊണ്ടു തന്നെ ബി.ജെ.പി യുടേയും സഖ്യകക്ഷികളുടേയും വിജയത്തില്‍ അവരെ അഭിനന്ദിക്കുവാനും നിരാശയുടെ പടുകുഴിയിലേക്ക് സ്വയം ഇറങ്ങിപ്പോകാനും മാത്രമാണ് അധികം രാഷ്ട്രീയ കക്ഷികളും ശ്രമിക്കുന്നത്. അതുകൊണ്ടു തന്നെ ഇനിയും ആ വിഷയത്തെക്കുറിച്ച് പ്രതിപാദിക്കുന്നതു കൊണ്ട് പ്രയോജനം ഉണ്ടാവുമെന്ന് തോന്നുന്നില്ല.
മതേതരശക്തികള്‍ക്ക് ഊര്‍ജ്ജസ്വലമായ നേതൃത്വം നല്‍കുവാന്‍ ദേശവ്യാപകമായി മുന്നില്‍ നിന്ന് ഒറ്റക്ക് പ്രവര്‍ത്തിച്ച രാഹുല്‍ ഗാന്ധിയെ അഭിനന്ദിക്കുകയാണ് വേണ്ടത്. അദ്ദേഹത്തിന്റെ സഹോദരി പ്രിയങ്കാ ഗാന്ധിയും അപൂര്‍വ്വം ചില നേതാക്കളും മാത്രമാണ് ദേശീയതലത്തില്‍ മോദിക്കും ബി.ജെ.പി ക്കുമെതിരെ പ്രതിരോധം തീര്‍ക്കുവാന്‍ ധൈര്യപൂര്‍വ്വം നിലകൊണ്ടത്. എന്തു കൊണ്ടോ രാജ്യവ്യാപകമായി മതേതര ശക്തികള്‍ക്ക് നേതൃത്വം കൊടുക്കുവാന്‍ ത്രാണിയും പ്രാപ്തിയുമുള്ള അനേകം നേതാക്കള്‍ രംഗത്തു വന്നതായി അനുഭവപ്പെട്ടില്ല. ഇത്രയേറെ നേതൃ ദാരിദ്ര്യം അനുഭവപ്പെട്ട ഒരു കാലഘട്ടം ഓര്‍മ്മയിലില്ല. ചുരുങ്ങിയത് രാഹുല്‍ ഗാന്ധിക്കു സമാനനായ പത്തു പേരെങ്കിലും അതിശക്തമായി രാജ്യമാകെ നിറഞ്ഞു നിന്ന് പ്രവര്‍ത്തിച്ചാല്‍പ്പോലും പ്രതിരോധിക്കാന്‍ പ്രയാസമുണ്ടാക്കുന്ന അത്ര ശക്തിയും സമ്പത്തും മോദിക്കുണ്ടായിരുന്നു. ഈ യുദ്ധം പരാജയപ്പെട്ടതാണെങ്കിലും ഒരേ ഒരു നായകന്‍ രാഹുല്‍ഗാന്ധി മാത്രമായിരുന്നു. ദുര്‍ബലനായും പക്വതയില്ലാത്തവനായും അനുഭവസമ്പത്ത് ഇല്ലാത്തവനായുമൊക്കെ എതിരാളികള്‍ പലപ്പോഴും അദ്ദേഹത്തെ പരിഹസിച്ചുവെങ്കിലും അതിനെയെല്ലാം ഏറെക്കുറെ അതിജീവിക്കുവാനും ശരിയായ മുദ്രാവാക്യങ്ങളെ തക്കസമയങ്ങളില്‍ ഏറ്റെടുത്ത് തന്റെ അറിവും പരിചയവും തന്റേടവും സാധ്യമാകുന്ന അത്ര പ്രയോജനപ്പെടുത്തുവാന്‍ അദ്ദേഹത്തിനു സാധിച്ചു. പരാജയത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കേണ്ടത് അദ്ദേഹത്തില്‍ മാത്രമല്ല. വളരെ വസ്തുനിഷ്ഠമായി സമയമെടുത്ത് പരിശോധിക്കേണ്ട ഒരു വിഷയമാണത്.
ഇത്തവണത്തെ തെരഞ്ഞെടുപ്പ് തീവ്രമായ ആശയസമരങ്ങള്‍ക്ക് പ്രാധാന്യം ലഭിച്ച ഒന്നായിരുന്നു. പ്രത്യയശാസ്ത്രപരമായ ഏറ്റുമുട്ടലുകളും അതില്‍ അന്തര്‍ലീനമായിരുന്നു. എതിരാളികള്‍ക്ക് ആശയപരമായി അതിനെ നേരിടാനുള്ള കെല്‍പ്പുണ്ടായിരുന്നില്ല. ഫാസിസത്തിനും വര്‍ഗ്ഗീയതക്കുമെതിരെ രാജ്യനന്മയെ ലക്ഷ്യമാക്കി മതേതര, ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായി നടത്തിയ ഈ പോരാട്ടത്തില്‍ മതേതരപക്ഷം ഉയര്‍ത്തിയ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിനു പകരം അത്തരം സുപ്രധാന വിഷയങ്ങളില്‍ നിന്ന് ജനങ്ങളെ ബോധപൂര്‍വ്വം വഴിമാറ്റി ദേശീയതയും രാമജന്മഭൂമിയും വര്‍ഗ്ഗീയതയും പാകിസ്ഥാനും പുല്‍വാമയും ബാലാക്കോട്ടും സൈന്യവും ശുചിമുറിയും പാചകവാതക കണക്ഷനുകളും ബഹിരാകാശ നേട്ടങ്ങളും വിഷയങ്ങളാക്കി മുന്നോട്ടു പോകുകയാണ് എന്‍.ഡി.എ ചെയ്തത്. ലോലമായ ജനവികാരങ്ങളെ തട്ടിയുണര്‍ത്തിയും താല്‍ക്കാലികമായ ആശ്വാസ നടപടികളില്‍ അഭിരമിക്കുവാന്‍ അവരെ പ്രേരിപ്പിച്ചും സര്‍ക്കാരിനെതിരായ ആരോപണങ്ങളെ മുഴുവന്‍ രാജ്യത്തിനെതിരായ ആരോപണങ്ങളായി ചിത്രീകരിച്ചും തങ്ങളുടെ കൈവശം സൂക്ഷിച്ച സമ്പത്തിന്റെ അക്ഷയഖനികള്‍ ദുരുപയോഗം ചെയ്തും വിജയിക്കാനാണ് അവര്‍ ശ്രമിച്ചത്. നിരക്ഷരരും സാധാരണക്കാരുമായ ജനകോടികള്‍ക്ക് മഹത്തായ വിഷയങ്ങള്‍ പറയുന്നവരോട് വലിയ താല്‍പര്യമുണ്ടാവുക എളുപ്പമല്ല. മൂല്യാധിഷ്ഠിതമായ ജനാധിപത്യമോ, വിദ്യാഭ്യാസവും വകതിരിവുമുള്ള വോട്ടര്‍മാരോ രാജ്യമാകെ ഉണ്ടാകുന്നതു വരെ ജനാധിപത്യം പ്രയോജനപ്പെടുത്തുവാന്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍ക്ക് പ്രയാസമുണ്ടാകാറില്ല.അത്തരം സാധ്യതകളെ ഇന്ത്യയില്‍ മിക്ക രാഷ്ട്രീയ കക്ഷികളും ചെറിയ അളവിലെങ്കിലും ഏതു തെരഞ്ഞെടുപ്പിലും പ്രയോജനപ്പെടുത്തിയിട്ടുണ്ട്.കാരണങ്ങള്‍ ഏതു തന്നെയായാലും ഡല്‍ഹിയിലും പഞ്ചാബിലും ആംആദ്മി പാര്‍ട്ടിയുമായും ഉത്തര്‍പ്രദേശില്‍ എസ്.പി, ബി.എസ്.പി കക്ഷികളുമായും ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സുമായും ഇതരസംസ്ഥാനങ്ങളില്‍ അനുയോജ്യമായ മറ്റു കക്ഷികളുമായും സഖ്യമുണ്ടാക്കുവാന്‍ സാധിക്കാതെ പോയി. ദേശീയതലത്തില്‍ ഒരു മതേതര മഹാകക്ഷിയെന്ന സങ്കല്‍പം തെരഞ്ഞെടുപ്പിന് വളരെ മുമ്പു തന്നെ കൂമ്പടഞ്ഞു പോയതാണ്. വ്യത്യസ്ത സംസ്ഥാനങ്ങളില്‍ ചെറുതും വലുതുമായ പല സഖ്യങ്ങളും രുപപ്പെടുന്ന സാഹചര്യമാണുണ്ടായത്. ഇത്തരം പ്രാദേശിക സഖ്യങ്ങള്‍ അതത് സംസ്ഥാനങ്ങളില്‍ ബി.ജെ.പി.ക്കെതിരെ വന്‍പോരാട്ടങ്ങള്‍ തന്നെ നടത്തുകയുണ്ടായി. മമതാ ബാനര്‍ജിയും ചന്ദ്രബാബു നായിഡുവും അഖിലേഷ് യാദവും മായാവതിയും സ്റ്റാലിനുമൊക്കെ നടത്തിയ പോരാട്ടങ്ങള്‍ അവിസ്മരണീയമാണ്. സംസ്ഥാനങ്ങളില്‍ നിന്ന് ജയിച്ചു വരുന്ന പ്രാദേശിക സഖ്യങ്ങള്‍ ചേര്‍ന്നൊരുമഹാ സഖ്യം എന്ന മുദ്രാവാക്യം നടപ്പിലായില്ല. ഈ വിഷയത്തില്‍ 22പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നു രണ്ടു തവണ ഒരുമിച്ചു ചേര്‍ന്നതും ചന്ദ്രബാബു നായിഡുവിന്റെ മുന്‍കയ്യില്‍ അത്തരം ഒരു ദേശീയസഖ്യമുണ്ടാക്കാന്‍ നടത്തിയ വിഫലമായ പരിശ്രമങ്ങളും പ്രതീക്ഷക്ക് വക നല്‍കിയിരുന്നു. എങ്കിലും ലക്ഷ്യം ഒരുപാടു കാതം അകലമായിരുന്നു.
ആശയപരമായ വ്യക്തതയും അടിത്തറയും ഉണ്ടായാല്‍ പോലും അവയെ പ്രയോഗവല്‍കരിക്കുവാന്‍ആവശ്യമായ ഭൗതിക സംവിധാനം സംഘടനാപരമായ ശേഷിയാണ്. ആയുധം കയ്യിലില്ലാതെ അടരാടുന്നതെങ്ങനെയെന്ന ചോദ്യം പ്രസക്തമാണ്. മതേതര ശക്തികള്‍ക്ക് മികച്ച ആശയങ്ങളുടെ പിന്‍ബലമുണ്ടായിരുന്നു. എന്നാല്‍ അവയെ പ്രാവര്‍ത്തികമാക്കാനുള്ള സംഘടനാ സംവിധാനം ഉണ്ടായിരുന്നില്ല. എന്‍.ഡി.എ സഖ്യത്തിന് മികച്ച സംഘടനാപാഠവവും ആവശ്യത്തിലേറെ ഭൗതികസൗകര്യങ്ങളുമുണ്ടായിരുന്നു.ആ ശക്തിവൈഭവം പ്രയോജനപ്പെടുത്തി അവര്‍ മഹത്തായ ആശയങ്ങളെ പരാജയപ്പെടുത്തുകയാണ് ചെയ്തത്. തെരഞ്ഞെടുപ്പു കാലത്ത് മാത്രമായി രൂപപ്പെടുത്താന്‍ സാധിക്കുന്ന ഒരു കാര്യമാണ് സംഘടനാശേഷിയെന്ന് കരുതുന്നത് തെറ്റാണ്. ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന കക്ഷികളെ ഇന്ത്യന്‍ ജനത പരാജയപ്പെടുത്തുകയും പ്രാദേശിക കക്ഷികള്‍ക്ക് പ്രാധാന്യം നല്‍കുകയും ചെയ്യുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. അനേകം വര്‍ഷങ്ങളായി ദേശീയ കക്ഷികളുടെ കരങ്ങളിലാണ് ജനം അധികാരമേല്‍പിച്ചത്. പിന്നീട് ദേശീയ കക്ഷികള്‍ ദുര്‍ബലമാകുകയും ഓരോരോ പ്രാദേശിക കക്ഷികള്‍ ശക്തിപ്പെടുകയും ചെയ്തു. ഇപ്പോള്‍ വീണ്ടും ബി.ജെ.പി പോലെ പ്രബലമായ ദേശീയ കക്ഷികള്‍ പ്രാദേശിക കക്ഷികളെ പരാജയപ്പെടുത്തി കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും അധികാരം പിടിച്ചെടുക്കുന്ന സ്ഥിതിവിശേഷം സംജാതമായി. അതിനെ നേരിടുവാന്‍ സാധിക്കുന്ന തരത്തില്‍ പ്രബലമായ ഒരു ദേശീയമുന്നണിക്ക് മതേതരപക്ഷത്തു നിന്ന് പുനര്‍ജനി നല്‍കേണ്ടതുണ്ട്.
ഈ തെരഞ്ഞെടുപ്പില്‍ ഇടതു പക്ഷ പ്രസ്ഥാനങ്ങളും ഏതാനും സംസ്ഥാനങ്ങളിലെ ചില പ്രാദേശിക കക്ഷികളും തകര്‍ന്നടിഞ്ഞു.കോണ്‍ഗ്രസ്സ് പാര്‍ട്ടി അതിന്റെ ചരിത്രത്തില്‍ തന്നെ ദുര്‍ബലമായി. ബി.ജെ.പി ക്കും മോദിക്കും അനുകൂലമായ ഒരു മഹാ രാഷ്ട്രീയ പ്രളയമാണ് സംഭവിച്ചത്. കൂലം കുത്തിയൊഴുകിയ ഈ പ്രവാഹത്തില്‍ പരിക്കേറ്റവര്‍ ഏറെയുണ്ട്. പരസ്പരം കുറ്റപ്പെടുത്തുന്നതിനു പകരം പരാജിതര്‍ ഒരുമിച്ചു ചേര്‍ന്ന് ദുഃഖങ്ങള്‍ പങ്കു വച്ച് വീഴ്ചയുടെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്തി അവ ഭാവിയില്‍ സംഭവിക്കാതിരിക്കാനുള്ള കരുതല്‍ നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്.വിജയപരാജയങ്ങള്‍ ജനങ്ങളുടെ തീരുമാനമാണ്. ജനാധിപത്യത്തിന്റെ മാര്‍ഗ്ഗത്തിലൂടെയാണ് ഇപ്പോള്‍ ബി.ജെ.പി അധികാരത്തിലെത്തിയിട്ടുള്ളത്. അതേ മാര്‍ഗ്ഗത്തില്‍ ജനപക്ഷത്തു നിന്നു പോരാടുവാന്‍ ക്രമാനുഗതമായി ശക്തി സമാഹരിക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടത്.
കേരളത്തിലും തമിഴ് നാട്ടിലും കോണ്‍ഗ്രസ്സും ഡി.എം.കെ യും കാണിച്ചു കൊടുത്ത മാര്‍ഗ്ഗം ഇതരസംസ്ഥാനങ്ങളും ഇന്ത്യയും സ്വീകരിക്കണം. ഐക്യജനാധിപത്യ മുന്നണി ഇത്രയും മികച്ച വിജയംം കരസ്ഥമാക്കിയതിനു പിന്നില്‍ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളുടെ ദുര്‍ഭരണത്തോടുള്ള എതിര്‍പ്പുകളാണ് പ്രകടമായത്. പിണറായി സര്‍ക്കാരിന്റെ കഴിവുകേടും ജനവിരുദ്ധമായ നിലപാടുകളിലും വോട്ടര്‍മാര്‍ക്കുള്ള പ്രതിഷേധമാണ് കണ്ടത്. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യവും അഹങ്കാരവും ഏകാധിപത്യവും ജനങ്ങളെ അസ്വസ്ഥരാക്കിയിട്ടുണ്ട്. ഭരണത്തിനു നേതൃത്വം കൊടുക്കുന്ന മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയെപ്പോലും പുറമ്പോക്കിലേക്ക് അകറ്റി നിര്‍ത്തിക്കൊണ്ട് പാര്‍ട്ടിക്കും പാര്‍ട്ടി സെക്രട്ടറിക്കും കാലങ്ങളായി ഭരണത്തിനു മേലുണ്ടായിരുന്ന മേധാവിത്വം നഷ്ടമാക്കി മുഖ്യമന്ത്രി മുന്നേറുന്നതാണ് 3 വര്‍ഷം കേരളം കണ്ടത്.പാര്‍ട്ടി അദ്ദേഹത്തിന്റെ നിഴലു മാത്രമാണ്. മന്ത്രിമാര്‍ സ്വാതന്ത്ര്യം അടിയറ വച്ച് മുഖ്യമന്ത്രിക്ക് ജയജയ പാടുന്ന റാന്‍മൂളികള്‍ മാത്രമാണ്. കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ ഏകീകരണവും ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ട ഹൈന്ദവര്‍ക്കിടയില്‍ വ്യാപകമായി പടര്‍ന്നു പിടിച്ച അസംതൃപ്തിയും സി.പി.എം ന്റെ പരമ്പരാഗതമായ വോട്ടുകള്‍ ചോരുന്നതിന് ഇടവരുത്തി. ശബരിമല വിഷയത്തില്‍ വിശ്വാസികളെ വെല്ലുവിളിച്ചു കൊണ്ട് മുഖ്യമന്ത്രി സുപ്രീം കോടതി വിധിയുടെ തണലില്‍ കരാളനൃത്തം ചവിട്ടുന്നത് കേരളം കണ്ടതാണ്. അനേകം ജീവനും സ്വത്തുക്കളും ബലി കൊടുത്ത മഹാപ്രളയത്തിനു കാരണമായതും പ്രളയാനന്തര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒളിച്ചോടിയതും മറ്റൊരു കാരണമാണ്. ഇതുപോലെ ഒട്ടനേകം വിഷയങ്ങള്‍ കാരണം എല്ലാ മതസ്ഥരിലും പെട്ടവര്‍ പാര്‍ട്ടി അനുഭാവികള്‍ ഉള്‍പ്പടെ യു.ഡി.എഫിനാണ് വോട്ട് ചെയ്തത്. നല്ലൊരു പങ്ക് എല്‍.ഡി.എഫ് വോട്ടുകള്‍ സമാഹരിക്കുന്നതില്‍ ബി.ജെ.പി യും വിജയിച്ചു. ഇടതുപക്ഷത്തിന് കിട്ടിയ ആലപ്പുഴ സീറ്റു പോലും അവരുടെ വിജയമായി കാണുന്നതില്‍ അര്‍ത്ഥമില്ല. ഐക്യജനാധിപത്യമുന്നണിക്കു സംഭവിച്ച ഒരു പിശകായി മാത്രമെ അതിനെ കാണാന്‍ സാധിക്കുകയുള്ളൂ. അവര്‍ മത്സരിപ്പിച്ച എം.പി മാരും എം.എല്‍.എ മാരും ഒന്നൊഴികെ തോറ്റതിന്റെ കാരണം പ്രധാനമായും തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശബരിമലയും വടക്കന്‍ കേരളത്തില്‍ കൊലപാതക രാഷ്ട്രീയവുമാണ്. സാധാരണക്കാരായ മനുഷ്യരെയും രാഷ്ട്രീയമായി എതിര്‍പക്ഷത്തു നില്‍ക്കുന്നവരുമായ എത്രയോ ആളുകളെ നിര്‍ദ്ദയം വെട്ടിക്കൊല്ലുന്ന അക്രമരാഷ്ട്രീയം കേരളീയര്‍ ഒരിക്കലും പൊറുപ്പിക്കുകയില്ല. വിശ്വാസി സമൂഹത്തില്‍ തന്നെ സ്ത്രീകള്‍ മഹാഭൂരിപക്ഷവും ഇത്തവണ യു.ഡി.എഫിനാണ് വോട്ട് ചെയ്തത്. സി.പി.എമ്മിന് ലോക് സഭയില്‍ ലഭിച്ച മൂന്ന് സീറ്റില്‍ രണ്ടു പേരും ഡി.എം.കെ, കോണ്‍ഗ്രസ്സ്, മുസ്‌ലീം ലീഗ് തുടങ്ങിയവരുടെ സഖ്യത്തിന്റെ ഭാഗമായതു കൊണ്ടാണ് തമിഴ്‌നാട്ടില്‍ നിന്ന് ജയിക്കാനായത്.ഇടതുപക്ഷജനാധിപത്യമുന്നണിക്കു ഒരു സീറ്റു മാത്രമാണ് വാസ്തവത്തില്‍ ലഭ്യമായത്. ഇടതു പക്ഷ പ്രസ്ഥാനം ഉള്‍പ്പടെയുള്ള മതേതര ജനാധിപത്യ ശക്തികള്‍ തകര്‍ന്നു പോകണമെന്ന് ആരും ആഗ്രഹിക്കുകയില്ല. നയവൈകല്യവും ഭരണവൈകല്യവും കാരണം തകര്‍ന്നു പോകുന്നതില്‍ നിന്ന അവരെ രക്ഷിക്കുവാന്‍ അവര്‍ക്കല്ലാതെ മറ്റാര്‍ക്കും സാധ്യവുമല്ല.

SHARE