തെരഞ്ഞെടുപ്പിലെ മതവും വര്‍ഗീയതയും

എ.വി ഫിര്‍ദൗസ്


ഒരു സമൂഹവും ജനതയും എത്രമാത്രം ജാതി, മതം, വിശ്വാസം, ആചാരം എന്നിവയുമായി ബന്ധിതമായിരിക്കുമോ അത്രമാത്രം ആ ജനതയുടെയും സമൂഹത്തിന്റെയും രാഷ്ട്രീയത്തിലേക്കും ജാതി മതാദികളുടെ സ്വാധീന ഘടകങ്ങള്‍ കടന്നുചെല്ലുക സ്വാഭാവികമാണ്. ഭരണഘടനാപരമായി ഒരു ‘മതേതര പൗര സമൂഹ’മാണ് ഇന്ത്യയിലേതെങ്കിലും അടിസ്ഥാനപരമായി മതപരമായ ബഹുധയെ പ്രതിഫലിക്കുന്നതാണ് സമൂഹത്തിന്റെ സ്വഭാവം. ആ നിലക്ക് മതേതരത്വത്തിന് പോലും പുതിയ അര്‍ത്ഥങ്ങള്‍ നല്‍കപ്പെട്ടിരിക്കുന്നു. ഇന്ത്യന്‍ മതേതരത്വം മതനിരപേക്ഷതയും മതധര്‍മ്മ സമഭാവനയുമായി അങ്ങനെ മനസ്സിലാക്കപ്പെട്ടിട്ടുണ്ട്. ഭരണഘടനാപരമായ അവകാശങ്ങളെയും ചുമതലകളെയും കുറിച്ചുള്ള ചര്‍ച്ചകളിലേക്കെല്ലാം ഇന്ത്യന്‍ മതേതരത്വത്തിന്റെ അര്‍ത്ഥ വൈവിധ്യം കടന്നുചെല്ലാറുണ്ട്. എല്ലാ മതവിശ്വാസങ്ങള്‍ക്കും സൗമ്യമായ ഒരു നിലനില്‍പ്പ് ഉറപ്പുവരുത്തിക്കൊണ്ട് മാത്രമേ ഇന്ത്യയില്‍ എക്കാലവും ഭരണഘടനയുടെ മതേതരത്വ ഭദ്രതയെ കുറിച്ചുള്ള ചര്‍ച്ചകള്‍ മുന്നോട്ട് പോയിട്ടുള്ളൂ. രാഷ്ട്രീയത്തെ ഇത് കാര്യമായി സ്വാധീനിക്കതന്നെ ചെയ്തിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ അവയുടെ മതേതര സ്വഭാവത്തെ നിര്‍ണയിച്ചത് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ലഭിക്കുമാറ് വിശാലാര്‍ത്ഥത്തിലാണ്. ദേശീയ പാര്‍ട്ടികളും വിപ്ലവകരമായ ആശയാദര്‍ശങ്ങള്‍ പിന്തുടരുന്ന പാര്‍ട്ടികളും കൂടുതലായി മതേരത്വത്തെ വ്യാഖ്യാനിക്കയും ചെയ്തിട്ടുണ്ട്. ജാതി വിഭാഗങ്ങള്‍ക്ക് അവയുടെ സ്വന്തം പാര്‍ട്ടികള്‍ രൂപീകരിച്ചു പ്രവര്‍ത്തിക്കുവാന്‍ അവകാശ സ്വാതന്ത്ര്യങ്ങള്‍ നിലനില്‍ക്കുന്നതിനെ പ്രയോജനപ്പെടുത്തി ജാതി രാഷ്ട്രീയ പ്രസ്ഥാനങ്ങളും കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ഇന്ത്യയില്‍ ഉരുത്തിരിഞ്ഞുവരികയുണ്ടായി. മതേതരത്വത്തിന്റെ വിശാലാര്‍ത്ഥ നിര്‍ണയത്തെ മുന്‍നിര്‍ത്തി വിശ്വാസി സമൂഹങ്ങളുമായി സമദൂര സൗമ്യതയില്‍ വര്‍ത്തിക്കുന്ന രാഷ്ട്രീയവും, ജാതീയമായ സാമൂഹ്യ സാഹചര്യങ്ങളെ മുതലെടുത്ത് ആള്‍ക്കൂട്ട രൂപീകരണത്തിന് ശ്രമിക്കുന്ന ജാതി രാഷ്ട്രീയ ഗ്രൂപ്പുകളും കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ഇന്ത്യയില്‍ സജീവമായിരുന്നപ്പോഴും തീവ്രമായ മതാശയ വാദങ്ങളില്‍ ഊന്നിപ്രവര്‍ത്തിക്കുന്ന മത-വര്‍ഗീയ രാഷ്ട്രീയത്തിന്റെ പ്രത്യക്ഷ രൂപങ്ങള്‍ മുഖ്യധാരയെ കീഴടക്കുന്ന സ്ഥിതി ഉണ്ടായില്ല എന്നതു ശ്രദ്ധേയമാണ്. എന്നാല്‍ നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികളെ വര്‍ഗീയമായി വഴി നടത്തുവാന്‍ ശ്രമിക്കുന്ന മതഗ്രൂപ്പുകളും ആര്‍.എസ്.എസ് പോലുള്ള തീവ്രമത ദേശീയ പ്രസ്ഥാനങ്ങളും ആ വിടവ് നികത്തുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.
വോട്ടുബാങ്കധിഷ്ഠിത രാഷ്ട്രീയം പിന്തുടര്‍ന്നു വന്നിട്ടുള്ള ഇന്ത്യയിലെ ബഹുഭൂരിപക്ഷം പാര്‍ട്ടികളും തെരഞ്ഞെടുപ്പുകളെ മാത്രം മുന്നില്‍ക്കണ്ടാണ് മതസമൂഹങ്ങളുമായുള്ള അവരുടെ ആശയവിനിമയങ്ങളെ രൂപപ്പെടുത്തിയെടുത്തത്. ഈ ആശയവിനിമയങ്ങളില്‍ വിട്ടുവീഴ്ചകളുടെയും കണ്ണടയ്ക്കലുകളുടെയും വലിയ വശങ്ങള്‍ ഉണ്ടായിരുന്നു. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ മതാത്മക-വിശ്വാസി സമൂഹങ്ങളുമായി പുലര്‍ത്തിയ ബന്ധങ്ങളുടെ വിടവുകളിലൂടെ വര്‍ഗീയവാദത്തിന്റെയും മതതീവ്രവാദത്തിന്റെയും മുതലെടുപ്പുകള്‍ സംഭവിക്കുകയും ചെയ്തു. ഒരു വശത്ത് ഇന്ത്യന്‍ രാഷ്ട്രീയം മതനിരപേക്ഷമായ ഒരു വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ തന്നെ മറുവശത്ത് വര്‍ഗീയതയുടെയും മതഭ്രാന്തിന്റെയും പ്രസ്ഥാന രൂപങ്ങള്‍ ഇവിടെ ശക്തിയാര്‍ജ്ജിച്ചു. പൊതു തെരഞ്ഞെടുപ്പുകള്‍ സമാഗതമാകുമ്പോള്‍ വര്‍ഗീയ ഗ്രൂപ്പുകള്‍ മുഖ്യധാരാ പാര്‍ട്ടികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും പലപ്പോഴും അവരുടെ ശ്രമങ്ങള്‍ പരാജയപ്പെടുന്ന അവസ്ഥ ഉണ്ടായിവരികയും ചെയ്തിട്ടുണ്ട്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം രഹസ്യമായി വര്‍ഗീയ ഗ്രൂപ്പുകളുമായി വോട്ട് ഡീലിങ്ങ്‌സിലേര്‍പ്പെടുന്നു എന്ന ആരോപണം എന്നാല്‍ ഒട്ടും കുറയാതെ നിലനിന്നിട്ടുമുണ്ട്. സത്യത്തില്‍ കഴിഞ്ഞ പതിറ്റാണ്ടുകളുടെ ഇന്ത്യന്‍ അവസ്ഥ വെച്ചു ചിന്തിക്കുമ്പോള്‍ ഇന്ത്യയിലെ മുഖ്യധാരാ മതനിരപേക്ഷ രാഷ്ട്രീയ പാര്‍ട്ടി എന്നു പറയാന്‍ കഴിയുമായിരുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ കുറിച്ചാണ്. കോണ്‍ഗ്രസിനെ സ്വാധീനിക്കാന്‍ ഇന്ത്യയിലെ ഏതെങ്കിലും വര്‍ഗീയ ശക്തികള്‍ നടത്തിയ ശ്രമം വിജയിച്ചിരുന്നുവെങ്കില്‍ എന്നോ ഇന്ത്യയുടെ അവസ്ഥ തന്നെ മറ്റൊന്നായി മാറുമായിരുന്നു. കഴിയുന്നത്ര മതനിരപേക്ഷത കാത്തുസൂക്ഷിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് സാധിച്ചതിന്റെ ഫലം തന്നെയാണ് ‘മതേതരത്വം’ എന്ന ആശയത്തിന് ഇന്ത്യയില്‍ ഇന്നും അനന്യമായ സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ചെറുതും വലുതുമായ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ജനാധിപത്യം എന്ന ആശയത്തോടും ഭരണഘടനയുടെ സ്വഭാവമായി നിര്‍ണയിക്കപ്പെട്ടിട്ടുള്ള മതേതരത്വത്തോടും ബന്ധപ്പെട്ടല്ലാതെ ഇവിടെ നിലനില്‍പ്പ് സാധിക്കുമായിരുന്നില്ല. അതിനുള്ള പശ്ചാത്തലം സംരക്ഷിച്ചുകൊണ്ടിരുന്നു എന്നതാണ് കോണ്‍ഗ്രസ് അടിസ്ഥാനപരമായി ഇന്ത്യന്‍ രാഷ്ട്രീയത്തിന് നല്‍കിയ സംഭാവന. തെരഞ്ഞെടുപ്പുകള്‍ ആവര്‍ത്തിക്കുകയും ജനങ്ങള്‍ക്ക് അവരുടെ വരുംകാല ഭരണാധികാരികളെ നിര്‍ണയിക്കാനുള്ള അവകാശം സുരക്ഷിതമാണ് എന്നൊരു പ്രത്യാശ നിലനിര്‍ത്തുകയും ചെയ്യുന്നതില്‍ കോണ്‍ഗ്രസിന്റെ ജനാധിപത്യ ജാഗ്രത വലിയ പങ്കുവഹിച്ചു.
തെരഞ്ഞെടുപ്പുകളില്‍ മതവും വിശ്വാസവും ഉപയോഗിക്കുന്നതിനെതിരായ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പുകള്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും ആവര്‍ത്തിക്കയും, ചില സംസ്ഥാനങ്ങളിലെങ്കിലും പ്രധാന തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ അതാവര്‍ത്തിക്കുകയും ചെയ്തു വരുന്നുണ്ട്. രാമക്ഷേത്രത്തിന്റെ പേരില്‍ വര്‍ഗീയ മതഭ്രാന്തിളക്കിവിട്ട് വോട്ടുബാങ്ക് സൃഷ്ടിച്ച് അധികാരമുറപ്പിക്കാന്‍ ശ്രമിച്ചുവന്ന ഒരു പാര്‍ട്ടി അധികാരത്തിലിരിക്കുന്ന ഇക്കാലത്തും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അക്കാര്യത്തില്‍ പിറകോട്ടു പോയിട്ടൊന്നുമില്ല. സ്ഥാനാര്‍ത്ഥിയുടെ മതവും വിശ്വാസപക്ഷവും ചൂണ്ടിക്കാണിച്ച് അതേ മതവും വിശ്വാസപക്ഷവുമുള്ള വോട്ടര്‍മാരെ സ്വാധീനിക്കുവാന്‍ ശ്രമിക്കുന്നതും വോട്ടു നേടാന്‍ ശ്രമിക്കുന്നതും തെറ്റാണെങ്കില്‍, 1947ന് ശേഷം ഇന്നാള്‍വരെയും ഇന്ത്യക്കകത്ത് നടന്നിട്ടുള്ള ചെറുതും വലുതുമായ ഏതു തെരഞ്ഞെടുപ്പുകളിലാണ് അത്തരത്തിലുള്ള സ്വാധീന നീക്കങ്ങള്‍ നടക്കാതിരുന്നിട്ടുള്ളത് എന്നതാണ് ചോദ്യം. പരസ്യമായി അത്തരം നീക്കങ്ങള്‍ സ്ഥാനാര്‍ത്ഥികള്‍ നടത്താറില്ലെങ്കിലും, രഹസ്യമായും, ചില പോക്കറ്റുകള്‍ കേന്ദ്രീകരിച്ചും സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി അവരുടെ വിജയം ഉറപ്പിക്കുവാന്‍ പ്രവര്‍ത്തിക്കുന്നവര്‍ അത്തരം ശ്രമങ്ങള്‍ നടത്താറുണ്ട് എന്നത് ഒരിന്ത്യന്‍ യാഥാര്‍ത്ഥ്യമാണ്. ഇത്തരം വോട്ടു പിടുത്തങ്ങള്‍ പരമാവധി തിരശ്ശീലക്കു പിന്നില്‍ നടക്കുന്നവയായിരിക്കയാല്‍ പൊതു തെരഞ്ഞെടുപ്പിന്റെ ഉപരിപ്ലവ തലങ്ങളെ പൊതുവേ ബാധിക്കാറില്ല. എന്നാല്‍ എതിര്‍സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താനായി മറ്റൊരു സ്ഥാനാര്‍ത്ഥി ഉപയോഗിക്കുന്ന മതവും വിശ്വാസവും വര്‍ഗീയതയും ആണ് അപകടകരമായ തലങ്ങളിലേക്കെത്തുന്നത്. ഒരു സ്ഥാനാര്‍ത്ഥി സ്വന്തം മതം ചൂണ്ടിക്കാണിച്ച് അതേ മതത്തില്‍പെട്ട ചില വ്യക്തികളെ തനിക്കനുകൂലമാക്കാന്‍ ശ്രമിക്കുന്നതും, എതിര്‍ സ്ഥാനാര്‍ത്ഥിയുടെ മതം ചൂണ്ടിക്കാണിച്ച് വോട്ടര്‍മാരെ അയാള്‍ക്കെതിരാക്കി മാറ്റുവാന്‍ യത്‌നിക്കുന്നതും തമ്മിലുള്ള വ്യത്യാസം വലുതാണ്. ചില വിഭാഗം വിശ്വാസികള്‍ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശങ്ങളില്‍ ആ വിഭാഗക്കാരുടെ ഏകോപനത്തിലൂടെ തങ്ങള്‍ക്കനുകൂലമായ വോട്ടുബാങ്ക് സാഹചര്യം രൂപപ്പെടുത്തിയെടുക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന നീക്കങ്ങള്‍ ഇന്ത്യയില്‍ വര്‍ഗീയ കലാപങ്ങളായി മാറിയതിന് ഗോധ്ര മുതല്‍ മുസാഫര്‍നഗര്‍ വരെയുള്ള അനുഭവങ്ങള്‍ ഉദാഹരണമായി ചൂണ്ടിക്കാണിക്കാന്‍ കഴിയും. ഇന്ത്യയില്‍ എക്കാലത്തും എവിടെയും നടന്നിട്ടുള്ള വര്‍ഗീയ കലാപങ്ങളുടെ അടിവേരുകള്‍ ചില പൊതു തെരഞ്ഞെടുപ്പുകള്‍ വരെ നീണ്ടുചെല്ലുന്നവയാണ്. ഇതൊന്നും ഇല്ലാതെയാക്കുവാന്‍ അതാതു കാലങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കോ, സിവില്‍ അധികാരികള്‍ക്കോ സാധിക്കയുണ്ടായിട്ടില്ല. അതീവ ഗോപ്യവും ആസൂത്രിതവുമായ വിധത്തില്‍ മതത്തെയും വര്‍ഗീയതയെയും പൊതു തെരഞ്ഞെടുപ്പുകളില്‍ യഥേഷ്ടം വിനിയോഗിക്കപ്പെട്ടുവന്നിട്ടുള്ള ഒരു രാജ്യത്ത്, ജനാധിപത്യ പ്രക്രിയകളുടെ പരമാവധി തലങ്ങളില്‍ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങളില്‍ അധിഷ്ഠിതമായ നീതിനിര്‍വഹണം ഉറപ്പുവരുത്തുന്ന ഉദ്യോഗസ്ഥര്‍ എക്കാലവും ഉണ്ടായിരുന്നുവെന്നതും അവിസ്മരണീയമാണ്.
‘ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധിയെ മതവികാരം ഇളക്കിവിടുന്ന വിധത്തില്‍ വ്യാഖ്യാനിച്ച് ഈ പൊതു തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കരുത്’ എന്നാണ് കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ ആ വിഷയത്തെ കേരളത്തിലെ ഭരണകൂടം സമീപിക്കുകയും കൈകാര്യം ചെയ്യുകയും വ്യാഖ്യാനിക്കുകയും ചെയ്തതിലെ പ്രശ്‌നവശങ്ങള്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശ പരിധിയില്‍ വരുന്നില്ല എന്നോര്‍ക്കണം. ‘വിശ്വാസ സംരക്ഷണാവകാശം’ എന്ന ഭരണഘടനാപരമായ മൂല്യത്തിനെതിരെ നില്‍ക്കുന്ന തലങ്ങള്‍ അതിലുള്ള കാലത്തോളം കേരളത്തിലെ പ്രതിപക്ഷത്തിന് സര്‍ക്കാരിനെതിരായ വിഷയമെന്ന നിലയില്‍ അതുന്നയിക്കാന്‍ കഴിയും. എന്നാല്‍ അതില്‍ സംഘ്പരിവാറിനെയോ, ബി.ജെ.പിയെയോ സഹായിക്കുന്ന ഘടകങ്ങള്‍ ഒന്നുമില്ല. ശബരിമല വിഷയത്തെ അതിന്റെ ജനാധിപത്യപരവും ഭരണഘടനാപരവുമായ മാനങ്ങളില്‍ നിന്ന് വര്‍ഗീയ-മതഭ്രാന്തിന്റെ മാനങ്ങളിലേക്ക് കൊണ്ടുപോകാനാണ് സംഘ്പരിവാര്‍ ശ്രമിച്ചതും ശ്രമിച്ചുവരുന്നതും. അതുകൊണ്ടാണ് ആ വിഷയത്തെ സംഘ്പരിവാര്‍ തെരഞ്ഞെടുപ്പ് വിഷയമായുന്നയിക്കുന്നിടത്ത് ചട്ടലംഘനങ്ങള്‍ സ്വാഭാവികമായിത്തീരുന്നത്. സത്യത്തില്‍ സംഘ്പരിവാറിന് ശബരിമല വിഷയത്തില്‍ സംസാരിക്കുവാനേ അര്‍ഹതയില്ലെന്നാണ് അവര്‍ തന്നെ തെളിയിച്ചത്. കേരളത്തിലെ ജനാധിപത്യ ശക്തികള്‍ ഇടതുപക്ഷവും വലതുപക്ഷവുമാണ്. വിഷയങ്ങളുടെ നേരിയ പഴുതുകളിലൂടെ നുഴഞ്ഞുകയറി സമൂഹത്തിലും പൊതു മണ്ഡലത്തിലും തെറ്റിദ്ധാരണകളും ഊഹാപോഹങ്ങളും പ്രചരിപ്പിച്ച വിലകുറഞ്ഞ രാഷ്ട്രീയ മുതലെടുപ്പുകള്‍ക്ക് ശ്രമിക്കുന്ന സംഘ്പരിവാറിനെ കേരളത്തിലെ പ്രബുദ്ധ ജനങ്ങള്‍ ഒരു ജനാധിപത്യ ചേരിയായി അംഗീകരിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ശബരിമല പ്രക്ഷോഭ കാലത്ത് ഹൈന്ദവ പൊതു സമൂഹത്തെ വേദനിപ്പിക്കുമാറ് സംഘ്പരിവാര്‍ അവരുടെ സമരരീതികളെ അരാഷ്ട്രീയവല്‍ക്കരിച്ചതോര്‍ക്കുക. ശബരിമലക്ക് കേരളത്തിനു പുറത്ത് മറ്റു സംസ്ഥാനങ്ങളിലുള്ള പേരും പ്രശസ്തിയും തേച്ചുമായ്ച്ചു കളയുന്ന വിധത്തിലുള്ള അട്ടഹാസങ്ങളും ആള്‍ക്കൂട്ട ഭ്രാന്തുകളും സംഘ്പരിവാര്‍ സമരങ്ങളുടെ മറവില്‍ അവിടെ അരങ്ങേറിയത് കേരളത്തിലെ ജനങ്ങള്‍ നേരിട്ടു കണ്ടതാണ്. അതുകൊണ്ട് ശബരിമലയുടെ പേരില്‍ വര്‍ഗീയ മതവികാരം ഇളക്കിവിട്ട് വോട്ടു നേടാമെന്നുള്ള സംഘ്പരിവാര്‍ നേതൃത്വത്തിന്റെ വ്യാമോഹം നടക്കാന്‍ പോകുന്നില്ല. കാരണം, ശബരിമല വിഷയത്തില്‍ സംഘ്പരിവാര്‍ നിലപാടുകള്‍ തനിക്കാപട്യമാണെന്ന് കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. ഈ കാപട്യമാണ് വര്‍ഗീയതയായും മതധ്രുവീകരണമായും അപകടം ചെയ്യാനിടയുള്ളത്. കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ‘ശബരിമല തെരഞ്ഞെടുപ്പില്‍ വിഷയമാക്കരുതെന്ന്’ പറയുമ്പോള്‍ ആ നിര്‍ദ്ദശം സംഘ്പരിവാറിന് ബാധകമായി മാറുന്നതും, ജനാധിപത്യ ശക്തികള്‍ക്ക് ബാധകമാകാതെ വരുന്നതും ഈ അടിസ്ഥാനത്തിലാണ്. മതവുമായും വിശ്വാസവുമായും ബന്ധപ്പെട്ട വിഷയങ്ങളാണെങ്കില്‍ പോലും അവയുടെ തരവും സ്വഭാവവും അനുസരിച്ചാണ് പൊതു തെരഞ്ഞെടുപ്പുകളിലെ ഉപയോഗത്തിന്റെ സാധ്യതയും അസാധ്യതയും നിലനില്‍ക്കുന്നത് എന്നര്‍ത്ഥം.
ഇവിടെ ഉയര്‍ന്നുവരുന്ന ഒരു സുപ്രധാന ചോദ്യമുണ്ട്: ‘മതവും വിശ്വാസവും വര്‍ഗീയതയും ഉപയോഗിച്ച് വോട്ടു പിടിക്കുക’ എന്നതിന്റെ പരിധിയില്‍ വരുന്ന കാര്യമല്ലേ, ‘ചില പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും എതിരായി വര്‍ഗീയ ബന്ധം ആരോപിച്ച് പൊതു സമൂഹത്തില്‍ മോശമായ അഭിപ്രായ രൂപീകരണത്തിന് ഉദ്യഗമിക്കുന്നതും വിജയം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതും?’ എന്നതാണ് ചോദ്യം. ചില സ്ഥാനാര്‍ത്ഥികള്‍ ഏതെങ്കിലും വര്‍ഗീയ-മതമൗലിക പ്രസ്ഥാനങ്ങളുടെ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി എന്ന വിധത്തില്‍ കുപ്രചരണം നടത്തി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതും സത്യത്തില്‍ മതത്തിന്റെയും വിശ്വാസത്തിന്റെയും വര്‍ഗീയതയുടെയുമെല്ലാം തെരഞ്ഞെടുപ്പ് ദുരുപയോഗമായിത്തന്നെയാണ് കാണേണ്ടത്. കാരണം ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ആത്യന്തികമായി മുന്നില്‍ കാണുന്നതും ലക്ഷ്യമിടുന്നതും തങ്ങള്‍ക്കനുകൂലമായ വര്‍ഗീയ- മതവിശ്വാസ ധ്രുവീകരണം തന്നെയാണ്. മതേതരത്വ രാഷ്ട്രീയത്തോടുള്ള പ്രതിബദ്ധതയും കറകളഞ്ഞ കടപ്പാടും കൊണ്ടല്ല ആരോപണം ഉന്നയിക്കുന്നവര്‍ രംഗത്ത് വരുന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്നിരിക്കേ, മതം, വിശ്വാസം, വര്‍ഗീയത എന്നിവയെ മുന്‍നിര്‍ത്തിയുള്ള വോട്ടുപിടുത്തം തന്നെയാണ് ഇത്തരം ദുരാരോപണങ്ങളിലും ഉള്ളത്. തെരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ വിലക്കപ്പെട്ടിട്ടുള്ള കാര്യങ്ങളില്‍ ആത്യന്തികമായി ഇത്തരം ആരോപണങ്ങളും ഉള്‍പ്പെടുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യം ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ അംഗീകരിക്കേണ്ടിയിരിക്കുന്നു. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിലുള്ള വോട്ടുപിടുത്തങ്ങളില്‍ വര്‍ഗീയതയും മതതീവ്രതയും കടന്നുവരുന്നതാണ് പ്രശ്‌നം എന്നു കരുതുന്നുവരുണ്ട്. അതേസമയം അവകാശങ്ങള്‍, പൗര സ്വാതന്ത്ര്യങ്ങള്‍ എന്നീ മേഖലകളുമായി ബന്ധപ്പെട്ട് മതം, വിശ്വാസം എന്നിവയുടെ അനുവദനീയങ്ങളായ വിനിമയങ്ങളും, ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് അത്തരം വിനിമയങ്ങള്‍ക്കെതിരെ സംഭവിക്കുന്ന ഇടപെടലുകളും തെരഞ്ഞെടുപ്പ് വിഷയങ്ങളാകാതിരിക്കുക ഒരു ജനാധിപത്യ സമൂഹത്തില്‍ അസാധ്യമാണ്. ശബരിമലയുമായി ബന്ധപ്പെട്ട തെറ്റായ വിനിമയങ്ങളെ വിലക്കിയ കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഉദ്ദേശിക്കുന്ന പരിധിയില്‍ വരുന്നതു തന്നെയാണ് ചില പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും എതിരായി ഉന്നയിക്കപ്പെടുന്ന തെറ്റായ വര്‍ഗീയബന്ധ ആരോപണവും, ആ നിലക്ക് പ്രസ്തുത ആരോപണം ഉന്നയിച്ചവര്‍ക്കെതിരെയും നടപടികള്‍ സ്വീകരിക്കേണ്ടതാണ്. മതത്തെയും വിശ്വാസത്തെയും തെരഞ്ഞെടുപ്പുകള്‍ക്കായി ചൂഷണം ചെയ്യുക എന്ന ഇന്ത്യയില്‍ ഏറിയും കുറഞ്ഞും എക്കാലവും നിലനിന്നു വന്നിട്ടുള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം സാധ്യമാകുന്ന കാലം സത്യത്തില്‍ വളരെ ദൂരെത്തന്നെയാണ്. മതവിധേയത്വത്തില്‍ നിന്ന് മതാധിഷ്ഠിത രാഷ്ട്രീയത്തിലേക്കെത്തിയ ദേശീയ രാഷ്ട്രീയ ചരിത്രമുള്ള ഇന്ത്യയില്‍ ആ ദൂരം വളരെ വലുതാണ്.

SHARE