ഫാസിസവും ദുരൂഹ അജണ്ടകളും


ഫിര്‍ദൗസ് കായല്‍പ്പുറം


അഴിമതിയോ വികസന മുരടിപ്പോ അല്ല, വര്‍ഗീയതയും ഫാസിസവുമാണ് ഏറ്റവും അപകടകരം എന്ന തിരിച്ചറിവില്‍ നിന്നുകൊണ്ടുതന്നെയാകും പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിനെ കേരളം നേരിടുക. 23ന് ചൂണ്ടുവിരലില്‍ മഷി പുരട്ടുമ്പോള്‍ അത് ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള പോരാട്ടമാണ്. മുന്‍കാലങ്ങളില്‍നിന്നെല്ലാം വ്യത്യസ്തമായി ഈ തെരഞ്ഞെടുപ്പിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്. അത് കേവലമായ അര്‍ത്ഥത്തിലുള്ള തെരഞ്ഞെടുപ്പല്ല, ജനതയുടെ ജീവിക്കാനുള്ള ‘ജനവിധി’ തീരുമാനിക്കലാണ്. അത്രമാത്രം സങ്കീര്‍ണമാണ് രാജ്യത്തെ രാഷ്ട്രീയകാലാവസ്ഥ.
ജനാധിപത്യവും ഭരണഘടനയും ശക്തമായ വെല്ലുവിളി നേരിടുന്ന കാലം. ‘ഒരിക്കല്‍ക്കൂടി നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഇനി നമുക്ക് വോട്ട് ചെയ്യേണ്ടിവരില്ല’ എന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം നിസാരമായി കാണേണ്ടതല്ല. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തെയും മതേതര സംസ്‌കാരത്തെയും ഇല്ലാതാക്കാനുള്ള ശ്രമം തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു. നാം ആര്‍ജ്ജിച്ചെടുത്ത എല്ലാ സാംസ്‌കാരിക മൂല്യങ്ങളെയും തൊഴുത്തില്‍ കെട്ടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഭരണഘടന പൊളിച്ചെഴുതാനും ജനാധിപത്യത്തെ കശാപ്പ് ചെയ്യാനും മോദിയുടെ നേതൃത്വത്തില്‍ തന്ത്രം മെനയുകയാണ്. എന്‍.ഡി.എ ഇത്തവണ അധികാരം ആഗ്രഹിക്കുന്നത് രാജ്യത്തെ എല്ലാക്കാലത്തേക്കും അവര്‍ക്ക് വെച്ചനുഭവിക്കാനാണ്. ഭരണഘടനയില്ലാത്ത, ജനാധിപത്യമില്ലാത്ത ഏകാധിപത്യ ഹിന്ദുസ്ഥാന്‍ സ്വപ്‌നം അവര്‍ കാണുന്നു. അതുകൊണ്ടുതന്നെ രാജ്യം അപകട മുനമ്പിലാണ്. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മതനിരപേക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തേണ്ടത് ഇന്ത്യയുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. ജനാധിപത്യത്തിനും ഭരണഘടനക്കും ഭീഷണിയാവുകയും സമ്പദ്ഘടന തകര്‍ക്കുകയും ജനജീവിതം ദുരിതപൂര്‍ണമാക്കുകയും ചെയ്ത മോദി സര്‍ക്കാരിനെ അധികാരത്തില്‍നിന്ന് പുറത്താക്കുകയെന്ന അടിയന്തര കടമയാണ് ജനങ്ങള്‍ ഏറ്റെടുക്കേണ്ടത്. ആരാധനാ സ്വാതന്ത്ര്യവും ഭക്ഷണസ്വാതന്ത്ര്യവും ഉള്‍പെടെ തടസപ്പെടുത്തിക്കൊണ്ട് ദൈനംദിന ജീവിതത്തിലേക്ക് കടന്നുകയറുന്ന കാവിരാഷ്ട്രീയം മുന്നോട്ടുവെക്കുന്ന ‘ഹൈന്ദവരാജ്യം’ തന്നെയാണ് ഏറ്റവും അപകടകരം. ബാങ്ക് വിളിക്ക് പോലും വിലക്കേര്‍പ്പെടുത്താന്‍ ശ്രമിക്കുന്ന യോഗി ആദിത്യനാഥ്, നാളെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ എന്തെല്ലാം അവകാശങ്ങള്‍ക്ക് തടയിടുമെന്ന് പ്രവചിക്കാനാവില്ല. ദുരൂഹമായ ചില അജണ്ടകള്‍ സംഘ്പരിവാര്‍ കേന്ദ്രങ്ങളില്‍ ഒരുങ്ങുന്നുണ്ടെന്നുവേണം മനസ്സിലാക്കാന്‍. എന്നാല്‍ അടിസ്ഥാന പ്രശ്‌നങ്ങളും സാമൂഹ്യജീവിതത്തിന് വിഘാതമാകുന്ന വിഷയങ്ങളും തെരഞ്ഞെടുപ്പുകളില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നത് ചില ബുദ്ധികേന്ദ്രങ്ങളുടെ ആസൂത്രിതമായ ഗൂഢാലോചനയാണ്. കേരളത്തില്‍ ശബരിമല വിഷയം ഉയര്‍ത്തുന്നതിന് പിന്നില്‍ ശബരിമലയോടോ അയ്യപ്പനോടോ ഉള്ള ഭക്തിയല്ലെന്ന് ഏവര്‍ക്കും അറിയാവുന്നതാണ്. ചെറിയൊരു ശതമാനത്തെയെങ്കിലും മതവികാരത്തിന്റെ പേരില്‍ തങ്ങളിലേക്ക് അടുപ്പിക്കുക എന്ന വിലകുറഞ്ഞ തന്ത്രം മാത്രമാണിതിന് പിന്നില്‍. ശബരിമല ഉള്‍പെടുന്ന പത്തനംതിട്ടയും വിഷയം പ്രതിഫലിക്കാന്‍ ഇടയുള്ള തിരുവനന്തപുരവുമാണ് ബി.ജെ.പി പ്രധാനമായും ലക്ഷ്യമിടുന്നത്. ഈ രണ്ട് മണ്ഡലങ്ങളിലും പ്രതീക്ഷ വെക്കുന്നു എന്നാണവര്‍ പറയുന്നത്. ഇവിടങ്ങളിലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ‘വിശ്വാസസംരക്ഷണം’ എന്ന ചാക്കില്‍ അവര്‍ കയറാന്‍ ഇടയില്ല.
പതിവുപോലെ ഇക്കുറിയും ബി.ജെ.പി തീവ്രഹിന്ദുത്വ കാര്‍ഡ് ഇറക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടാണ് ദക്ഷിണേന്ത്യയില്‍ ശബരിമലയും മറ്റിടങ്ങളില്‍ രാമക്ഷേത്രവും മുദ്രാവാക്യമായി ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച ദുരിതങ്ങള്‍ ഏറ്റുവാങ്ങാന്‍ നിര്‍ബന്ധിതമായ ജനതയെ ഇത്തരം മുദ്രാവാക്യങ്ങള്‍കൊണ്ട് തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ല. കാവി രാഷ്ര്ട്രീയം തലക്ക്പിടിച്ച് ഗോമാതാവിന്റെ പേരില്‍ തല്ലിക്കൊന്ന അഖ്‌ലാഖിനെയും ജുനൈദിനെയും പോലെ നൂറുകണക്കിന് പേരുടെ കുടുംബത്തിന്റെ കണ്ണീരിന്റെ വില കൂടിയാണ് ഈ തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തുന്ന ഓരോ വോട്ടും. മുസ്‌ലിംകളും ദലിതുകളും വ്യാപകമായി വേട്ടയാടപ്പെട്ട കാലത്തിന് അന്ത്യംകുറിക്കേണ്ടതുണ്ട്. നരേന്ദ്ര ദബോല്‍ക്കറിനെയും പന്‍സാരെയെയും കല്‍ബുര്‍ഗിയെയും ഗൗരി ലങ്കേഷിനെയും ഓര്‍ക്കാതെ നമുക്കെങ്ങനെ വോട്ട് രേഖപ്പെടുത്താനാകും?. രാജ്യത്തുടനീളം എ.ടി.എം മെഷീനുകള്‍ക്ക്മുമ്പില്‍ ദിവസങ്ങളോളം കാത്തുനിന്നതും മനുഷ്യാവകാശം എന്തെന്നുപോലും അറിയാതെ ജീവിച്ചുമരിച്ച കശ്മീര്‍ സഹോദരങ്ങളെയും ആംബുലന്‍സോ അടിസ്ഥാന പരിചരണമോ ലഭിക്കാതെ മരിച്ച നിരവധിപേരെയും അവരുടെ മൃതശരീരം തോളില്‍ ചുമന്ന് നടക്കേണ്ടി വന്ന ഗതികേടിനെയും വിസ്മരിച്ചു എങ്ങനെ വോട്ട് ചെയ്യാനാകും?.…
യു.പി.എ അധികാരത്തിലെത്താനുള്ള സാധ്യതയെ കുറിച്ച് രാഷ്ട്രീയ നിരീക്ഷകരില്‍ വ്യത്യസ്ത അഭിപ്രായമാണുള്ളത്. എന്നാല്‍ നോട്ടുനിരോധനവും ജി.എസ്.ടിയും ഉള്‍പ്പെടെ സാധാരണക്കാരന്റെ ജീവിതത്തെ ഇത്രത്തോളം പ്രതിസന്ധിയിലാക്കിയ സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ലഭിക്കുമെന്ന് ന്യായമായും കരുതാനാവില്ല. അതിന്റെ സൂചനകളും കാണാനായിട്ടുണ്ട്. ബി.ജെ.പി പിന്തുടര്‍ന്ന അതേ നയങ്ങള്‍ തന്നെയാണ് സംസ്ഥാനങ്ങളിലും അവരുടെ സര്‍ക്കാരുകള്‍ നടപ്പാക്കിയത്. ഇതിനെതിരായി ഉയര്‍ന്ന ജനരോഷമാണ് രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിച്ചത്. ഈ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനുണ്ടായ വിജയം പ്രതീക്ഷ നല്‍കുന്നതാണ്. രാജ്യത്തൊട്ടാകെ കോണ്‍ഗ്രസ് ശക്തിപ്രാപിച്ചാല്‍ മാത്രമേ വര്‍ഗീയ ഫാസിസ്റ്റുകളെ അധികാരത്തില്‍നിന്ന് അകറ്റി നിര്‍ത്താനാകൂ എന്ന സാമാന്യ യുക്തിയിലേക്ക് ഇടതുപക്ഷം ഇനിയും എത്തിച്ചേര്‍ന്നിട്ടില്ല എന്നത് അതിശയകരം തന്നെയാണ്. ഇടതുപക്ഷം ഇപ്പോഴും സ്വപ്‌ന ലോകത്താണ്. അവര്‍ കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും ഒരുപോലെ എതിര്‍ക്കുന്നെന്നാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഒന്നാം യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത് തെറ്റായിപ്പോയെന്ന് പിന്നീട് വിലയിരുത്തിയവര്‍ ഇപ്പോഴും തെറ്റുകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. രാജ്യത്ത് ഏകകക്ഷി ഭരണത്തിന് ഇനി സാധ്യതയില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. അത് 1980കളില്‍ അവസാനിച്ചതുമാണ്. പുതിയ സാഹചര്യത്തില്‍ പ്രാദേശിക പാര്‍ട്ടികളുടെ പ്രസക്തി വിസ്മരിക്കാനാവില്ല. രാജ്യവ്യാപകമായി ഒറ്റക്ക് മത്സരിച്ച് ഭൂരിപക്ഷം നേടുന്ന അവസ്ഥ ബി. ജെ.പിയും കോണ്‍ഗ്രസും ഉള്‍പെടെ ഒരു പാര്‍ട്ടിക്കും ഇന്ന് സാധ്യമല്ല. അത്തരമൊരു സാഹചര്യത്തില്‍ വര്‍ഗീയതയെയും ഫാസിസത്തെയും ചെറുക്കാന്‍ സമാന ചിന്താഗതിക്കാര്‍ ഒരുമിച്ച് നില്‍ക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പില്‍ വോട്ടുകള്‍ വിഘടിച്ചുപോയശേഷം നല്‍കുന്ന പിന്തുണക്കോ, ഐക്യത്തിനോ എന്ത് പ്രസക്തിയാണുള്ളത്. ഇവിടെയാണ് കോണ്‍ഗ്രസിന്റെയും ഘടകകക്ഷികളുടെയും പ്രസക്തി വര്‍ധിക്കുന്നത്.യു.പി.എ അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ കടം എഴുതിതള്ളുന്ന ഫയലായിരിക്കും ആദ്യം ഒപ്പുവെക്കുകയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് 52,000 കോടി രൂപയുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയിരുന്നു. അതുകൊണ്ടുതന്നെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യു.പി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയേ മതിയാകൂ. യു.പി.എ അധികാരത്തിലെത്തിയാല്‍ കര്‍ഷകര്‍ക്കായി പ്രത്യേക ബജറ്റ് അവതരിപ്പിക്കുമെന്ന് രാഹുല്‍ഗാന്ധി പ്രഖ്യാപിച്ചതും ആശാവഹമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നൂറുകണക്കിന് കര്‍ഷക സമരങ്ങളാണ് രാജ്യത്തുടനീളം നടന്നത്.

SHARE