എന്‍ അന്‍പാര്‍ന്ന വാക്കാര്‍കളേ, നം മതസാര്‍പട്ട ഏണി ചിഹ്നത്തില്‍…! വര്‍ഗീയതക്കല്ല, മതേതരത്വത്തിനൊപ്പം


കെ.പി ജലീല്‍
രാമനാഥപുരം

”എന്‍ അന്‍പാര്‍ന്ന വാക്കാര്‍കളേ….നമ്മ മതസാര്‍പട്ട കൂട്ടണിയിലുള്ള മുസ്്‌ലിംലീഗുടയ ഏണി ചിഹ്നത്തില്‍ …..!” പതിഞ്ഞ ശബ്്ദത്തില്‍ കെ. നവാസ് ഗനി മുന്നേറുകയാണ്. രാമനാഥപുരത്ത് പതിവില്‍ കവിഞ്ഞ ജനക്കൂട്ടം. ഈ പൊരിവെയിലിലും വര്‍ഗീയതയെ നേരിടാന്‍ ഞങ്ങള്‍ തയ്യാറാണെന്നാണ ്ആ ജനക്കൂട്ടം വിളിച്ചുപറയുന്നത്. രാമനാഥപുരം പണ്ടുമുതലേ മതേതരത്വത്തിന ്‌പേരുകേട്ട പ്രദേശമാണ്. ഇവിടെയാണ് പ്രസിദ്ധസൂഫിവര്യന്മാര്‍ ഇസ്‌ലാം മതപ്രബോധനത്തിനായി എത്തിയതും പല ഇടങ്ങളിലായി അന്തിയുറങ്ങുന്നതും. ഏര്‍വാടിയിലെ സുല്‍ത്താന്‍ ഇബ്രാഹിം ബാദുഷായുടെ പാദസ്പര്‍ശം കൊണ്ട് ധന്യമാക്കപ്പെട്ട മണ്ണിലേക്ക് തെക്കേ ഇന്ത്യയുടെ പലഭാഗങ്ങളില്‍ നിന്നും വിശ്വാസികള്‍ കൂട്ടത്തോടെ ശാന്തി തേടി എത്തുന്നു.
ഇന്നലെ സ്ഥാനാര്‍ത്ഥിപര്യടനം രാമനാഥപുരത്തെ പരമക്കുടിയിലായിരുന്നു. പല ഇടങ്ങളിലും പുരുഷന്മാരേക്കാള്‍ സ്ഥാനാര്‍ത്ഥിപ്പടയെ വരവേറ്റത് സ്ത്രീകളുടെ കൂട്ടമാണ്. സാരിയുടുത്ത് കുറിവരച്ച സ്ത്രീകള്‍ യഥേഷ്ടം വീറോടെ ഗനി സാഹിബിനുവേണ്ടി വോട്ട് ചോദിക്കാന്‍ കൂടെയുണ്ട്. തമിഴ്‌നാട്ടിലെ ഏക മുസ്്‌ലിംലീഗ് എം.എല്‍.എ അബൂബക്കറിനാണ് പ്രചാരണത്തിന്റെ കടിഞ്ഞാണ്‍. അദ്ദേഹം എല്ലായിടത്തും ഓടിയെത്തി വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നു. പച്ചക്കൊടികളേക്കാള്‍ കാണുന്നത് കറുത്തതും ചുവന്നതുമായ ഡി.എം.കെയുടെ കൊടിയാണ്. അണ്ണാദുരൈയുടെ ചിത്രമുള്ള കൊടികളുംതോരണങ്ങളും നഗരത്തിലെങ്ങും കാണാം. കഴിഞ്ഞദിവസം ഡി.എം.കെയുടെ ഭാവിമുഖ്യമന്ത്രി സ്റ്റാലിന്‍ നേരിട്ടെത്തിയത് അണികളില്‍ ആവേശമുയര്‍ത്തി. രാമനാഥപുരം, പരമക്കുടി (എസ്.സി), തിരുച്ചുളി, തിരുവടനൈ, അരന്താങ്കി, മുതുകുളത്തൂര്‍ എന്നിവയാണ് രാമനാഥപുരം ലോക്‌സഭാമണ്ഡലത്തിലെ നിയമസഭാമണ്ഡലങ്ങള്‍. ഇതില്‍ പലതിലും അണ്ണാ ഡി. എം.കെയാണ് മുമ്പ് ജയിച്ചത്. ഇത്തവണ പക്ഷേ കാറ്റ് മാറി വീശുകയാണ്. അണ്ണാ ഡി.എം.കെയെ ബി.ജെ.പിയുടെ കാവിത്തൊഴുത്തില്‍ കെട്ടിയതിനുള്ള പ്രതികാരം വീട്ടാനൊരുങ്ങുകയാണ് ജനത. രാമനാഥപുരത്തിന്റെ പാരമ്പര്യത്തെ ഒരു വര്‍ഗീയശക്തിക്കും വിട്ടുകൊടുക്കില്ലെന്ന ശപഥത്തോടെ.
മുസ്്‌ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷന്‍ മുന്‍ എം.പി കെ.എം ഖാദര്‍ മൊയ്തീന്‍ സാഹിബ് ഇന്നെത്തുമെന്നറിഞ്ഞതോടെ എങ്ങും ആവേശം. 16.39 ശതമാനമാണ് മണ്ഡലത്തിലെ മുസ്്‌ലിം ജനസംഖ്യ. പട്ടികവിഭാഗക്കാര്‍ 22 ശതമാനത്തിലധികം വരും. ഇവരാണ് വിധി നിര്‍ണയിക്കുക.
എന്‍ അന്‍പുക്കൂറിയ തമിഴ് മക്കളേ.. എന്ന ജയലളിതയുടെ വിളി ഇനിയില്ല. അന്ന് ബി.ജെ.പിയെ എതിര്‍ത്ത അണ്ണാ ഡി.എം.കെയെ ബി.ജെ.പിയുടെ ആലയില്‍ കെട്ടിയത് പണത്തിനുവേണ്ടിയാണെന്ന് ഡി.എം.കെ. -ലീഗ് മുന്നണി പ്രവര്‍ത്തകരും നേതാക്കളും പറയുന്നു. ഇത്തവണ വിജയം മുസ്്‌ലിംലീഗ് മുന്നണിക്ക് തന്നെയാണെന്ന് മുസ്‌ലിം ലീഗ് നേതാവ് തിരുപ്പൂര്‍ ശരീഫ് പറയുന്നു. ഡി.എം.കെ നേതാക്കളായ ശരവണന്‍, കോണ്‍ഗ്രസിന്റെ നാഗരത്‌നം, ഖാദര്‍ പാഷ, മുത്തുലിംഗം എന്നിവരും പൊതുയോഗങ്ങളില്‍ മുന്നണിക്ക് വേണ്ടി പ്രസംഗിക്കുന്നു. മുസ്്‌ലിം യൂത്ത് ലീഗ് കേരള സംസ്ഥാനപ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും സി.കെ.സുബൈറും കഴിഞ്ഞദിവസം ഇവിടെയെത്തിയിരുന്നു.
മുസ്്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി ഡി.എം.കെ ഒഴിഞ്ഞുതന്നതാണ് ഇത്തവണ രാമനാഥപുരം. 15,56000 വോട്ടില്‍ 3,18000 മുസ്്‌ലിം വോട്ടുകള്‍ നിര്‍ണായകമാണ്. മുസ്്‌ലിം ലീഗിനെ വരിച്ചവര്‍ ഇതില്‍ ഭൂരിപക്ഷവും. തൊട്ടടുത്ത തിരുനെല്‍വേലി മണ്ഡലത്തിലാണ് മുസ്്‌ലിംലീഗ് സ്ഥാപകന്‍ ഖാഇദേമില്ലത്ത് പിറന്നതും ഇപ്പോള്‍ പാര്‍ട്ടിയുടെ ശക്തിദുര്‍ഗമായി മണ്ഡലം നിലകൊള്ളുന്നതും.
2014ല്‍ അണ്ണാ ഡി.എം.കെയുടെ അന്‍വര്‍രാജയാണ് വിജയിച്ചത്. ഭൂരിപക്ഷം 1.19,324. കോണ്‍ഗ്രസ് വേറിട്ടാണ് കഴിഞ്ഞതവണ മല്‍സരിച്ചത്. ഡി.എം.കെയുടെ ജലീലിനെയാണ് കഴിഞ്ഞതവണ പരാജയപ്പെടുത്തിയത്. 2009ലും 2004ലും ഡി.എം.കെയാണ് ഇവിടെ വിജയിച്ചത്. കൂടുതല്‍ തവണയും മണ്ഡലം കോണ്‍ഗ്രസ്- ഡി.എം.കെ ചേരിയൊടൊപ്പമായിരുന്നു. ഭൂരിപക്ഷം ഇത്തവണ അമ്പതിനായിരമായി മാറുമെന്ന് ഡി.എം.കെ സഖ്യം പറയുന്നു. ഡി.എം.കെ, കോണ്‍ഗ്രസ്, മുസ്്‌ലിംലീഗ്, സി.പി.എം, സി.പി.ഐ കക്ഷികളുടെ കൂട്ടായ്മയാണിത്. യു.പി.എയില്‍ 15 കൊല്ലമായി നിലകൊള്ളുന്ന ഡി.എം.കെ കരുണാനിധിയുടെ വിയോഗത്തോടെ നാമാവശേഷമാകുമെന്ന് കരുതിയവര്‍ക്ക് തെറ്റിയിരിക്കുന്നു. അന്‍വര്‍രാജയെ കണ്ടാല്‍ അടിക്കുമെന്നാണ് ഡി.എം.കെ അണികള്‍ പറയുന്നത്. അതുകൊണ്ടുതന്നെ കനത്ത ബന്ധവസ്സാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞദിവസം പ്രധാനമന്ത്രി മോദി ഇവിടെ പ്രചാരണപ്രസംഗത്തിനെത്തി. കൂടെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും. പളനിസ്വാമിയെ കുറിച്ച് ചോദിച്ചപ്പോള്‍ കൂടിനിന്ന സ്ത്രീകളിലൊരാള്‍ പ്രതികരിച്ചത് നിലത്ത് തുപ്പിയാണ്. 18നാണ് രാമനാഥപുരത്തെ വോട്ടെടുപ്പ്. പൊതുപ്രചാരണം നാളെ അവസാനിക്കും. മൊത്തം 16 സ്ഥാനാര്‍ത്ഥികളാണ് രംഗത്തുള്ളത്. മുഖ്യഎതിരാളി അണ്ണാ ഡി.എം.കെയുടെ നൈനാര്‍ നാഗേന്ദ്രന്‍. അടുത്തിടെയാണ് ബി.ജെ.പിയിലേക്ക് ഇയാള്‍ ചേക്കേറിയത്. ഇപ്പോള്‍ ബി.ജെ.പിക്കാണ് മണ്ഡലംകൊടുത്തിരിക്കുന്നത്. ടി.ടി.വി ദിനകരന്റെ കക്ഷിയും മൂന്നാംസ്ഥാനത്തിനുവേണ്ടി മല്‍സരിക്കുന്നുണ്ട്. പരമക്കുടിയില്‍ ഇത്തവണ നിയമസഭാ ഉപെതരഞ്ഞെടുപ്പുമുണ്ട്.

SHARE