സുതാര്യതയിലേക്ക് ഒരു ചവിട്ടുപടി കൂടി

മോഷ്ടിച്ചു കിട്ടിയതെന്ന് ആക്ഷേപമുള്ള രേഖകള്‍പോലും തെളിവായി കോടതിക്ക് പരിശോധിക്കാം എന്നത് ഇന്ത്യന്‍ തെളിവ് നിയമത്തില്‍ ഒരു ലെേേഹലറ ഹമം ആണെന്ന കാര്യം അറിയാഞ്ഞിട്ടല്ല ബി.ജെ.പി സര്‍ക്കാര്‍ കോടതിയില്‍ അതിനെ ശക്തിയുക്തം എതിര്‍ത്തത്. അതും നമ്മുടെ ചെലവില്‍. പലരും പറയുന്നത് പോലെ റഫാല്‍ ഡീലില്‍ അഴിമതിയുണ്ടോ എന്നല്ല കോടതി ഈ കേസില്‍ പരിശോധിച്ചത്. റഫാല്‍ ഡീലില്‍ അഴിമതിയുണ്ടോ എന്ന കാര്യത്തില്‍ ഒരു ഏജന്‍സിയുടെ അന്വേഷണം വേണ്ടതാണ് എന്ന പരാതിയില്‍ മെറിറ്റ് പരിശോധിക്കാതെ തള്ളിയോ അതില്‍ ശരികേടുണ്ടോ എന്ന കാര്യം പരിശോധിക്കുന്ന റിവ്യൂ ഹരജി മെറിറ്റില്‍ കോടതി കേള്‍ക്കണോ വേണ്ടയോ എന്ന കാര്യമാണ് ഇന്നലത്തെ വിധിക്ക് ആധാരം. റിവ്യൂ ഹരജിയുടെ മെറിറ്റ് പോലും കേള്‍ക്കാനേ പാടില്ല എന്ന് വാശിയുള്ളത്‌കൊണ്ടാണ് നിലനില്‍ക്കില്ലെന്ന് അറിഞ്ഞിട്ടും മോദി സര്‍ക്കാര്‍ ഈ മുടന്തന്‍ വാദവുമായി വന്നത്.
അഴിമതി സംബന്ധിച്ച നിര്‍ണ്ണായക രേഖകള്‍ സര്‍ക്കാര്‍ സ്വമേധയാ പുറത്തുവിടേണ്ടതാണ്. അതുണ്ടായില്ല. അപേക്ഷിച്ച ആളുകള്‍ക്കോ പാര്‍ലമെന്റിനോ അത് ലഭ്യമാക്കേണ്ടതാണ്. അതുമുണ്ടായില്ല. സി.എ.ജി പരിശോധിച്ചില്ല, പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി കണ്ടിട്ടില്ല. എന്നാല്‍ ഇല്ലാത്ത സി.എ.ജി റിപ്പോര്‍ട്ട് പി.എ.സി കണ്ടെന്നു കേന്ദ്ര സര്‍ക്കാര്‍ സീല്‍ഡ് കവറില്‍ നല്‍കിയ റിപ്പോര്‍ട്ട് വഴി കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്നതാണ് റിവ്യൂ ഹരജിയുടെ കാതല്‍.
വിസില്‍ ബ്ലോവര്‍ സംരക്ഷണ നയമുള്ളപ്പോള്‍ ഏതോ ഉദ്യോഗസ്ഥന്‍ അത് ലീക്ക് ചെയ്തു, ദി ഹിന്ദു, കാരവന്‍ ഉള്‍പ്പെടെ ചിലര്‍ മാത്രം അത് വാര്‍ത്തയാക്കി. ആ രേഖകള്‍കൂടി പരാതിക്കാര്‍ ഹാജരാക്കി. മോഷണം പോയവയാണെന്നു ആദ്യവും അതല്ല രഹസ്യസ്വഭാവമുള്ള രേഖകളാണെന്നു പിന്നീടും പറഞ്ഞു സോളിസിറ്റര്‍ ജനറല്‍ തന്നെ നാണംകെട്ടു. രാജ്യം മുഴുവന്‍ പത്രത്തില്‍ വായിച്ച, കോടതിയിലെത്തിയ രേഖകള്‍ ജഡ്ജിമാര്‍ പരിശോധിക്കാന്‍ പാടില്ലത്രേ. റിവ്യൂ കേള്‍ക്കാന്‍ പോലും പാടില്ലത്രേ. അഴിമതി നടന്നോയെന്നു അന്വേഷണം പാടുണ്ടോയെന്നു കോടതി പരിശോധിക്കാന്‍പോലും പാടില്ലത്രേ. അതും വാദിക്കുന്നത് ജനങ്ങളുടെ ചെലവില്‍. പൊളിഞ്ഞു പാളീസായി ആ വാദം. ‘മോഷ്ടിച്ച രേഖകള്‍ പോലും കോടതിക്ക് പരിശോധിക്കാമെന്ന് വ്യവസ്ഥയുള്ള കാര്യം അറിയില്ലേ’ എന്ന് കെ.കെ വേണുഗോപാലിനോട് ജസ്റ്റിസ്. കെ.എം ജോസഫിന്റെ ഒരൊറ്റ ചോദ്യത്തില്‍ തീര്‍ന്നു വാദം. കെ.എം ജോസഫിന്റെ സുപ്രീംകോടതി നിയമനം ഇത്രമേല്‍ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തത് എന്തിനായിരുന്നു എന്ന് ഈ നിലപാടുകള്‍ കാണുമ്പോള്‍ വരികള്‍ക്കിടയില്‍ വായിക്കാം.
ഒരു ഗുണം ഉണ്ടായി. ഏത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഏത് മാധ്യമപ്രവര്‍ത്തകനും അഴിമതിയുമായി ബന്ധപ്പെട്ടതാണെങ്കില്‍ ഏത് രഹസ്യ സ്വഭാവമുള്ള രേഖയും പരസ്യമാക്കാം, കോടതിയില്‍ എത്തിക്കാം. ഹിന്ദുവിന്റെ ചെയര്‍മാന്‍ റാം പറഞ്ഞതുപോലെ, കേസെടുത്താല്‍ നേരിടാനുള്ള ആര്‍ജ്ജവം ഉണ്ടായാല്‍ മതി. ഫോര്‍ത്ത് എസ്‌റ്റേറ്റിനു ഒരു കൈത്താങ്ങ്. ഈ രാജ്യം സുതാര്യതയിലേക്കുള്ള ഒരു ചവിട്ടുപടി കൂടി താണ്ടി.

അഡ്വ. ഹരീഷ് വാസുദേവന്‍