അഭിമാനകരമായ അസ്തിത്വത്തിന്റെ 71 വര്‍ഷം

കെ.പി.എ മജീദ്
(മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി)

അഭിമാനവും അവകാശവുമുള്ള പൗരന്മാരായി ഇന്ത്യയില്‍ ജീവിക്കാനും നാടിന്റെ പൊതുവായ പുരോഗതിയില്‍ പങ്കാളിത്തം വഹിക്കാനും ഇന്ത്യയിലെ ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗങ്ങളെ പ്രാപ്തമാക്കിയ ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗ് 71-ാം സ്ഥാപകദിനം ആഘോഷിക്കുകയാണ്. അവശ ജനവിഭാഗങ്ങളുടെ നോവുകളും കണ്ണീരും കണ്ടറിഞ്ഞാണ് മുസ്്‌ലിംലീഗ് അതിന്റെ തുടക്കം തൊട്ടേ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിച്ചത്. 1948 മാര്‍ച്ച് 10ന് മദിരാശിയിലെ രാജാജി ഹാളില്‍ മുസ്്‌ലിംലീഗ് രൂപവത്ക്കരിക്കുമ്പോള്‍ ലക്ഷ്യമിട്ട ചിലതുണ്ട്. ഇന്ത്യയുടെ അഖണ്ഡത സംരക്ഷിക്കുക എന്നതായിരുന്നു അതില്‍ പ്രധാനം. ഇന്ത്യയില്‍ ജനിച്ച മുഴുവന്‍ മനുഷ്യര്‍ക്കും രാജ്യത്തെ വിഭവങ്ങളില്‍ അവകാശമുണ്ടെന്നും അതിന്റെ വിനിയോഗത്തില്‍ പങ്കാളിത്തം ആവശ്യമാണെന്നും മുസ്‌ലിംലീഗ് പ്രമേയം ഊന്നിപ്പറഞ്ഞു. ചരിത്രപരമായ കാരണങ്ങളാല്‍ ഉദ്യോഗങ്ങളില്‍നിന്നും അധികാരത്തില്‍നിന്നും അന്യംനിന്നു പോയവരെ കൈപിടിച്ചുയര്‍ത്തേണ്ടത് അതിന്റെ ഉദ്ദേശ്യങ്ങളിലൊന്നായി എഴുതിച്ചേര്‍ത്തു. ന്യൂനപക്ഷങ്ങളുടെയും അധ:സ്ഥിത ജനവിഭാഗങ്ങളുടെയും അവകാശങ്ങള്‍ നേടിയെടുക്കാനും നേടിയെടുത്തവ സംരക്ഷിക്കാനുമുള്ള പോരാട്ടങ്ങള്‍ മുസ്്‌ലിംലീഗ് അതിന്റെ പ്രഖ്യാപിത ലക്ഷ്യമായി അവതരിപ്പിച്ചു. അവശ ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌ക്കാരിക, രാഷ്ട്രീയ വികാസത്തിന് മുസ്്ലിംലീഗ് നിലനില്‍ക്കേണ്ടതിന്റെ ആവശ്യകതയാണ് അതിന്റെ പ്രയാണ പഥങ്ങളിലെ ഊര്‍ജ്ജം.
മുസ്്ലിംലീഗിനെ എതിര്‍ത്തവര്‍ ആരും അതിന്റെ രാഷ്ട്രീയ സാധുതയെ ചോദ്യം ചെയ്തിട്ടില്ല. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിയാത്ത പലതും മത ന്യൂനപക്ഷങ്ങളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും അവകാശ സംരക്ഷണത്തിന് മുസ്്ലിംലീഗിന് ചെയ്യാന്‍ സാധിച്ചു എന്നതു തന്നെയാണ് ഈ അംഗീകാരത്തിന്റെ കാരണം. ഒരു സാമുദായിക സമാജം എന്നതിനപ്പുറം സമൂഹത്തിന്റെ സകല മേഖലകളെയും അഭിസംബോധന ചെയ്യാനും യോജിക്കാവുന്ന മേഖലകളില്‍ ഒന്നിച്ചു മുന്നേറാനും മുസ്്ലിംലീഗിന് പരിമിതികളില്ല. ആഭ്യന്തരമായും വൈദേശികമായുമുള്ള പ്രതിസന്ധികളെ ഇന്ത്യയിലെ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ അഭിമുഖീകരിക്കേണ്ടത് ഏതു തരത്തിലാണെന്ന് മുസ്്ലിംലീഗിന് നല്ല ബോധ്യമുണ്ട്. കെ.എം സീതി സാഹിബിന്റെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്: ഇന്ത്യയില്‍ ജനിച്ച് ഇന്ത്യയില്‍ ജീവിച്ച് ഇന്ത്യയില്‍ മരിക്കാനാഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാരായ മുസ്ലിംകളുടെ നിയമപരവും മൗലികവുമായ അവകാശ സംരക്ഷണത്തിനായി വ്യവസ്ഥാപിതമായ മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്നതിനാണ് മുസ്‌ലിം ലീഗ്. ഇന്ത്യയുടെ അധീശാധികാരവും ഐക്യവും അവിച്ഛിന്നതയും സംരക്ഷിക്കാന്‍ ഏത് ഇന്ത്യക്കാരനേയും പോലെ പ്രതിജ്ഞാബദ്ധനാണ് ഇന്ത്യയില്‍ ജീവിക്കുന്ന ഓരോ മുസ്‌ലിമും. ഇന്ത്യ ജീവിച്ചാല്‍ മാത്രമേ അവനും ജീവിക്കുകയുള്ളൂ. ഇന്ത്യയുടെ നിലനില്‍പ്പ് ഇന്ത്യയുടെ മുസ്‌ലിമിന്റെ നിലനില്‍പ്പാണ്.
71 പിന്നിട്ടു കഴിഞ്ഞിട്ടും ഈ കൊടിയടയാളം കൂടുതല്‍ ശോഭയോടെ ജ്വലിച്ചു നില്‍ക്കുന്നു എന്നതു തന്നെയാണ് മുസ്്ലിംലീഗ് രാഷ്ട്രീയത്തിന്റെ പ്രസക്തി. ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്്മാഈല്‍ സാഹിബ് കാണിച്ചുതന്ന ദര്‍ശനത്തിന് ഒരു കോട്ടവും പറ്റിയില്ല. സീതി സാഹിബും പോക്കര്‍ സാഹിബും ഉപ്പി സാഹിബും ബാഫഖി തങ്ങളും സി.എച്ചും പൂക്കോയ തങ്ങളും ശിഹാബ് തങ്ങളും ഇ. അഹമ്മദുമെല്ലാം ഈ പതാകയുടെ മഹത്വം വാനോളമുയര്‍ത്താന്‍ കഠിന യത്നം നടത്തിയ പ്രതിഭകളാണ്. ആ നേതൃ മഹിമയുടെ ബലം മുസ്്‌ലിംലീഗ് പ്രവര്‍ത്തകന്മാര്‍ക്ക് താങ്ങും തണലുമായി. ഇന്ത്യയുടെ രാഷ്ട്രീയ ഭൂമികയില്‍ തെളിഞ്ഞും പൊലിഞ്ഞും ഒട്ടേറെ ചെറു കക്ഷികള്‍ അപ്രത്യക്ഷമായിട്ടും മുസ്്ലിംലീഗ് മുന്നോട്ടുവെച്ച ലക്ഷ്യങ്ങളോ പതാകയോ പരിപാടിയോ മാറ്റങ്ങളൊന്നുമില്ലാതെ അതിജീവിക്കുന്നത് അതിന്റെ വേരുകളുടെ ബലം കൊണ്ടാണ്. അതിന്റെ പാരമ്പര്യത്തിലും അന്തസ്സിലും ഓരോ മുസ്്ലിംലീഗുകാരനും അഭിമാനിക്കുന്നു.
ഇന്ത്യ ഇന്ന് ഒരു പൊതുതെരഞ്ഞെടുപ്പിന്റെ പോര്‍മുഖത്താണ്. രാഷ്ട്രശില്‍പികള്‍ വിഭാവനം ചെയ്ത മതേതര, ജനാധിപത്യ, സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന ആശയത്തെ ഒളിഞ്ഞും തെളിഞ്ഞും ചവിട്ടിമെതിക്കാന്‍ ഫാസിസ്റ്റ് ശക്തികള്‍ അധികാരവും മസില്‍ പവറും ഉപയോഗിക്കുന്ന കാലത്ത് ഈ തെരഞ്ഞെടുപ്പിന് ഏറെ പ്രസക്തിയുണ്ട്. മുമ്പൊന്നുമില്ലാത്തവിധം രാജ്യത്തെ ന്യൂനപക്ഷങ്ങളും ദലിതുകളും അധ:സ്ഥിത പിന്നാക്ക ജനവിഭാഗങ്ങളും പീഡനങ്ങള്‍ അനുഭവിക്കുകയും ആള്‍ക്കൂട്ടക്കൊല എന്ന പേരില്‍ വംശഹത്യ നേരിടുകയും ചെയ്ത കാലമാണ് കടന്നുപോയത്. ബി.ജെ.പി നേതൃത്വത്തിലുള്ള സംഘ്പരിവാര്‍ ശക്തികളാണ് ഈ അസഹിഷ്ണുതയുടെ പ്രയോക്താക്കള്‍. ആ ദുശ്ശക്തികളെ തുരത്തി രാജ്യത്തെ ശുദ്ധീകരിക്കാനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പ്. രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്ന മതേതര ജനാധിപത്യ ചേരിയെ ശക്തിപ്പെടുത്തുക എന്നതാണ് ഈ വിപത്തിനെ ചെറുക്കാനുള്ള പരിഹാരം.
ഇന്ത്യന്‍ പാര്‍ലമെന്റില്‍ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാനും പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളോട് ഐക്യപ്പെടാനും എക്കാലത്തും മുന്നില്‍നിന്നത് മുസ്്ലിംലീഗിന്റെ പ്രഗത്ഭരായ പാര്‍ലമെന്റ് അംഗങ്ങളാണ്. പോക്കര്‍ സാഹിബും ഖാഇദെ മില്ലത്തും സേട്ട് സാഹിബും ബനാത്ത് വാല സാഹിബും ഇ. അഹമ്മദുമെല്ലാം ആ പാരമ്പര്യത്തെ മുറുകെപിടിച്ചാണ് പാര്‍ലമെന്റില്‍ പോരാടിയത്. പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും പിന്തുടര്‍ന്ന രാഷ്ട്രീയ ശൈലിയും ഇന്ത്യയിലെ അവശ ജനവിഭാഗങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതായിരുന്നു. കേരളത്തില്‍ യു.ഡി.എഫിന് കരുത്തേകുന്ന രാഷ്ട്രീയ കാലാവസ്ഥയാണുള്ളത്. കേന്ദ്രത്തില്‍ ബി.ജെ.പിയെ തുരത്താന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിക്കു മാത്രമേ കഴിയൂ എന്ന സാമാന്യബോധം കേരളത്തിലെ വോട്ടര്‍മാര്‍ക്കുണ്ട്. സമുദായത്തിന്റെ പ്രാതിനിധ്യവും രാജ്യത്തിന്റെ പൊതുവായ അഭിവൃദ്ധിയും ലക്ഷ്യമിട്ടുകൊണ്ടാണ് എല്ലാ തെരഞ്ഞെടുപ്പുകളിലും മുസ്്ലിംലീഗ് നിലപാടുകള്‍ സ്വീകരിച്ചത്. ഈ തെരഞ്ഞെടുപ്പും അതില്‍നിന്ന് വ്യത്യസ്തമല്ല.
അഭിമാനത്തിന്റെ ഈ പതാക 71 വര്‍ഷം പിന്നിടുമ്പോള്‍ മുസ്്ലിംലീഗ് പ്രവര്‍ത്തകര്‍ ഏറെ ആഹ്ലാദത്തിലാണ്. ആരാലും ഏറ്റെടുക്കാനില്ലാതെ അവഗണിക്കപ്പെട്ട ഒരു ജനവിഭാഗത്തിന് അന്തസ്സോടെ എഴുന്നേറ്റ് നില്‍ക്കാനുള്ള ആര്‍ജ്ജവം നല്‍കിയത് മുസ്്ലിംലീഗാണ്. പാര്‍ട്ടി അതിന്റെ ദൗത്യം പൂര്‍വാധികം ശക്തമായി നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് നാള്‍ക്കുനാള്‍ ഈ പച്ചപ്പതാകയുടെ തണലിലേക്ക് കയറി വരുന്നവരുടെ ആവേശം. ഇതൊരു അഭിമാനത്തിന്റെ കൊടിയടയാളമാണ്. മുസ്്ലിംലീഗിന്റെ 71-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് സംസ്ഥാന കമ്മിറ്റി വിപുലമായ പ്രവര്‍ത്തന പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ആലപ്പുഴയിലെ പ്രതിനിധി സമ്മേളനമാണ് ആകര്‍ഷകമായ പരിപാടി. എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത പ്രതിനിധികളാണ് സമ്മേളനത്തില്‍ സംബന്ധിക്കുന്നത്. മുസ്്ലിംലീഗ് രാഷ്ട്രീയത്തിന്റെ ചരിത്രവും സാധുതയും വര്‍ത്തമാനവും ചര്‍ച്ച ചെയ്യുന്ന സമ്മേളനം മികച്ചതും ശാസ്ത്രീയവുമായ മുന്നൊരുക്കങ്ങളോടെയാണ് നടത്തുന്നത്. കാസര്‍കോട് മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ ശാഖാ കേന്ദ്രങ്ങളില്‍ ഇതേദിവസം പതാക ഉയര്‍ത്തല്‍, മധുരപലഹാര വിതരണം എന്നിവ നടക്കും. പഞ്ചായത്ത്, മുനിസിപ്പല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സ്ഥാപകദിന സംഗമങ്ങളും സംഘടിപ്പിക്കും.

SHARE