കെട്ടുറപ്പ് തകരുന്ന എന്‍.ഡി.എയും ശക്തിയാര്‍ജിക്കുന്ന കോണ്‍ഗ്രസും

 

വനത്തിലെ ഹിംസ്ര ജന്തുക്കളില്‍ നിന്നു രക്ഷപെടാനായി പരസ്പരം സഹകരിച്ച കുരുടന്റെയും മുടന്തന്റെയും കഥയിപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ പുനര്‍ വായന നടത്തുന്നത് നന്നായിരിക്കും. വനത്തില്‍ കുരുടന്‍ തപ്പിത്തടഞ്ഞ് നടക്കുമ്പോള്‍ കാട്ടില്‍ നിന്നു ഒരു നിലവിളി കേട്ടു. ആ ദീനരോദനം ഒരു മുടന്തന്റെതായിരുന്നു. സിംഹം, കടുവ, പുലി തുടങ്ങിയ പൊതു ശത്രുവില്‍ നിന്നു രക്ഷ നേടാനായി അവര്‍ തന്ത്രം മെനഞ്ഞു. അന്ധന് കാണാന്‍ കഴിയില്ലെങ്കിലും നടക്കാന്‍ ബുദ്ധിമുട്ടില്ല. നടക്കാന്‍ സാധിക്കില്ലെങ്കിലും മുടന്തന് കാഴ്ചക്ക് കുറവില്ല. രണ്ട് പേരും തങ്ങളുടെ കഴിവുകള്‍ തിരിച്ചറിഞ്ഞു. മുടന്തനെ കുരുടന്‍ തോളിലേറ്റി. തോളിലിരുന്ന് കൊണ്ട് മുടന്തനായ ആള്‍ കുരുടന് വഴി പറഞ്ഞ് കൊടുത്തു. അങ്ങനെ ഇരുവരും രക്ഷപെട്ടു.
ഈ കഥയുടെ സാരാംശം ശരിവെക്കുംവിധമുള്ള തെരഞ്ഞെടുപ്പ് സഖ്യമാണ് ഉത്തര്‍പ്രദേശിലെ പാര്‍ലമെന്റ് ഉപ തെരഞ്ഞെടുപ്പില്‍ കണ്ടത്. ബദ്ധവൈരികളായ സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും നേതാക്കളായ മായാവതിയും അഖിലേഷ് യാദവും പരസ്പരം കൈകോര്‍ത്തപ്പോള്‍ മുഖ്യ ശത്രുവായ ബി.ജെ.പി നിലം പരിശായിരിക്കുകയാണ്.
2014ലെ പാര്‍ലമെന്റ് പൊതു തെരഞ്ഞെടുപ്പില്‍ യു.പിയിലെ 80 സീറ്റില്‍ 72 ഇടത്തും വിജയിച്ചത് ബി.ജെ.പിയായിരുന്നു. സമാജ്‌വാദി പാര്‍ട്ടി അഞ്ച് സീറ്റിലും കോണ്‍ഗ്രസ് രണ്ട് സീറ്റിലും വിജയിച്ചപ്പോള്‍ മായാവതിയുടെ ബഹുജന്‍ സമാജ്‌വാദി പാര്‍ടി സംപൂജ്യരാവുകയായിരുന്നു. ഒരു വര്‍ഷം മുമ്പ് നിയമ സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും ബി.ജെ.പി വിജയം തൂത്തുവാരിയിരുന്നു. നിയമസഭയില്‍ വന്‍ ഭൂരിപക്ഷം നേടിയിട്ടും ജയിച്ചവരുടെ കൂട്ടത്തില്‍ നിന്നു മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും തെരഞ്ഞെടുക്കാന്‍ ബി.ജെ.പി നേതൃത്വം തയ്യാറായില്ല. യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയായും കേശവ് പ്രസാദ് മൗര്യയെ ഉപമുഖ്യമന്ത്രിയായും ഡല്‍ഹിയില്‍നിന്നു നൂലില്‍കെട്ടി ഇറക്കുകയായിരുന്നു. അവര്‍ രണ്ട് പേരും മൂന്നു ലക്ഷത്തില്‍പരം വോട്ടുകള്‍ക്ക് വിജയിച്ച ഗോരഖ്പൂര്‍, ഫുല്‍പൂര്‍ എന്നീ മണ്ഡലങ്ങളിലാണിപ്പോള്‍ താമരക്ക് വാട്ടമേറ്റത്. മായാവതി പ്രകടിപ്പിച്ച പ്രായോഗിക രാഷ്ട്രീയത്തിന്റെ ഫലമായി ബി.ജെ.പിയുടെ കോട്ട കൊത്തളങ്ങളില്‍ സമാജ്‌വാദി പാര്‍ട്ടിയിലെ പ്രവീണ്‍ കുമാര്‍ നിഷാദിനും നരേന്ദ്ര സിങ് പട്ടേലിനും ജയിക്കാനായത്.
ത്രിപുര, മേഘാലയ, നാഗാലാന്റ്, മിസോറാം, ഗോവ തുടങ്ങിയ കൊച്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം ബി.ജെ.പി പക്ഷത്തായിരുന്നു. മേല്‍പറഞ്ഞ ഏഴോളം വരുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആകെയുള്ളത് 24 പാര്‍ലമെന്റ് സീറ്റുകള്‍ മാത്രമാണ്. എന്നാല്‍ യു.പി, പഞ്ചാബ്, ബീഹാര്‍, രാജസ്ഥാന്‍, മധ്യപ്രദേശ്, ബംഗാള്‍ തുടങ്ങിയ വലിയ സംസ്ഥാനങ്ങളിലെ ലോക്‌സഭാ സീറ്റുകളിലേക്ക് നടന്ന ഉപ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍ തകര്‍ച്ചയെയാണ് നേരിട്ടത്. മധ്യപ്രദേശിലെ രത്‌ലം സീറ്റ് തിരിച്ചുപിടിച്ചാണ് ബി.ജെ.പിക്ക് കോണ്‍ഗ്രസ് ആദ്യപ്രഹരമേല്‍പ്പിച്ചത്. ഒന്നര ലക്ഷം വോട്ടുകള്‍ക്ക് ബി.ജെ.പിയിലെ രാജേഷ് ഖന്ന വിജയിച്ച മണ്ഡലമായിരുന്നു പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍. രാജേഷ് ഖന്നയുടെ മരണത്തെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സുനില്‍ ജാഖര്‍ രണ്ട് ലക്ഷം വോട്ടുകള്‍ക്കാണ് അവിടെ ജയിച്ചുകയറിയത്. രാജസ്ഥാനിലെ അജ്മീര്‍, അള്‍വാര്‍ തുടങ്ങിയ സീറ്റുകളിലും പത്തരമാറ്റിന്റെ വിജയമാണ് കോണ്‍ഗ്രസ് കാഴ്ചവെച്ചത്.
ബംഗാളിലെ ഉദുബേരിയയില്‍ നാലര ലക്ഷം വോട്ടുകള്‍ക്കാണ് തൃണമൂല്‍ കോണ്‍ഗ്രസിലെ സാജിത് അഹമ്മദ് ബി.ജെ.പിയിലെ അനുപം മാലിക്കിനെ കശക്കിയെറിഞ്ഞത്. ബീഹാറിലെ അരാരിയ മണ്ഡലത്തില്‍ നിതീഷ്‌കുമാറിന്റെ പിന്തുണയുണ്ടായിട്ടും ബി.ജെ.പിക്ക് ജയിക്കാനായില്ല. കാലിത്തീറ്റ കേസില്‍ ലാലു പ്രസാദ് യാദവ് ജയിലില്‍ കിടക്കുമ്പോഴാണ് ബീഹാറില്‍ തെരഞ്ഞെടുപ്പ് നടന്നത്. ലാലുവിന്റെ പുത്രന്‍ തേജസ്വിനി യാദവിന്റെ മുമ്പിലാണ് നിതീഷ് കുമാറും ബി.ജെ.പിയും അടിയറവ് പറഞ്ഞത്. നാല് വര്‍ഷത്തിനിടയില്‍ നടന്ന ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ ഏഴ് സിറ്റിങ് സീറ്റുകളാണ് ബി.ജെ.പിക്ക് നഷ്ടപ്പെട്ടത്. 24 ഇടങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഒരെണ്ണത്തില്‍ പോലും വിജയിക്കാനും ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല. യു.പിയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കെരാന മണ്ഡലത്തില്‍ നിലവിലെ സഖ്യം തുടരുമെന്ന് മായാവതിയും അഖിലേഷ് യാദവും പ്രഖ്യാപിച്ചിരിക്കുകയാണ്. മഹാരാഷ്ട്രയിലെ ഭണ്ഡാര- ഘോണ്ടിയ, പാല്‍ഘര്‍ മണ്ഡലങ്ങളില്‍ എന്‍.സി.പിയുമായി സഹകരിക്കാന്‍ കോണ്‍ഗ്രസും തയ്യാറാവുന്നതോടെ അവിടെയും ബി.ജെ.പിക്ക് രക്ഷപ്പെടാന്‍ കഴിയില്ല.
2014ല്‍ നടന്ന പാര്‍ലമെന്റ് പൊതു തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 282 സീറ്റുകളിലാണ് വിജയക്കൊടി പറത്തിയത്. കാല്‍ നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷം രാജ്യം ഭരിക്കാനാവശ്യമായ കേവല ഭൂരിപക്ഷം ലഭിച്ചത് നരേന്ദ്രമോദിക്കായിരുന്നു. വി.പി സിങ്, പി.വി നരസിംഹ റാവു, ദേവഗൗഡ, ഐ.കെ ഗുജറാള്‍, ചന്ദ്രശേഖര്‍, വാജ്‌പേയ്, ഡോ. മന്‍മോഹന്‍സിങ് തുടങ്ങിയ പ്രധാന മന്ത്രിമാര്‍ രാജ്യഭരണം കയ്യാളിയപ്പോള്‍ അവര്‍ പ്രതിനിധാനം ചെയ്ത കക്ഷികള്‍ക്ക് ഒറ്റക്ക് ഭരിക്കാനാവശ്യമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ചെറിയ കക്ഷികളുടെ പിന്തുണയോടെയുള്ള കൂട്ടുകക്ഷി മന്ത്രിസഭകള്‍ക്കാണ് അക്കാലയളവില്‍ രാജ്യം സാക്ഷ്യം വഹിച്ചത്. ഇപ്പോഴും എന്‍.ഡി.എ മുന്നണിയാണ് ഭരിക്കുന്നതെങ്കിലും മുന്നണിക്ക് നേതൃത്വം നല്‍കുന്ന ബി.ജെ.പിക്ക് തനിച്ച് ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞിരുന്നു. നാല് വര്‍ഷം പിന്നിടുമ്പോള്‍ ബി.ജെ.പിയുടെ നില ഏറെ പരുങ്ങലിലാണ്. ഏഴ് സീറ്റുകളുടെ നഷ്ടത്തില്‍ കേവല ഭൂരിപക്ഷം നൂല്‍പ്പാലത്തിലെത്തിനില്‍ക്കുകയാണ്. ബീഹാറില്‍നിന്നുള്ള ബി.ജെ.പി എം.പിമാരായ കീര്‍ത്തി ആസാദും ശത്രുഘ്‌നന്‍ സിന്‍ഹയും ഇടഞ്ഞുനില്‍ക്കുകയാണ്. ഇവര്‍ വിട്ടുനിന്നാല്‍ കേവല ഭൂരിപക്ഷത്തിനാവശ്യമായ 272 എന്ന മാന്ത്രിക സംഖ്യ തുലാസിലാവും. എല്‍. ഡി.എ മുന്നണിയുടെ എക്കാലത്തെയും മനസൂക്ഷിപ്പുകാരനായ ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ശിവസേന തുടങ്ങിയ ഭരണ പക്ഷത്തെ കക്ഷികളിപ്പോള്‍ പ്രതിപക്ഷമായി മാറിയിരിക്കുകയാണ്. ടി.ഡി.പിയുടെ അവിശ്വാസ പ്രമേയവും ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലെ തുറന്ന്പറച്ചിലും ബി.ജെ.പിയുടെ ഉറക്കംകെടുത്തുകയാണ്.
2019ലും ഭരണ തുടര്‍ച്ചയെന്ന ബി.ജെ.പിയുടെ അവകാശവാദത്തിനേറ്റ തിരിച്ചടിയില്‍ ഇന്ത്യന്‍ രാഷ്ട്രീയം ആടിയുലയുകയാണ്. ഒരു വര്‍ഷത്തിന് ശേഷം നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തിരിച്ചുവരവിനുള്ള കായകല്‍പക ചികിത്സയും കരുനീക്കങ്ങളുമാണിപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തികൊണ്ടിരിക്കുന്നത്. മതേതര കക്ഷിക്കളെ റാഞ്ചിയെടുക്കാനുള്ള ബി.ജെ.പിയുടെ തന്ത്രങ്ങള്‍ക്ക് തടയിടാനും എന്‍.ഡി.എ പാളയത്തിലെ പടലപ്പിണക്കങ്ങളില്‍ മുതലെടുപ്പ് നടത്താനും കോണ്‍ഗ്രസിന് കഴിയണം. എസ്.പിയും ബി.എസ്.പിയും പരസ്പരം വൈരം മറന്നത് പോലെ രാജ്യത്തെ മതേതര ചിന്താഗതിക്കാര്‍ കോണ്‍ഗ്രസുമായി വിട്ടുവീഴ്ചക്ക് തയ്യാറാവണം. യു.പിയിലെ ഉപ തെരഞ്ഞടുപ്പില്‍ ക്ഷണിച്ചുവരുത്തിയ ദുഷ്‌പേരിനു ശേഷമാണെങ്കിലും മതേതര ചിന്താഗതിക്കാരെ ചേര്‍ത്തുപിടിക്കാന്‍ തയ്യാറാണെന്ന കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളന പ്രഖ്യാപനം അവസരോചിതമാണ്. വര്‍ഗീയത, അസഹിഷ്ണുത, അഴിമതി, കാര്‍ഷികത്തകര്‍ച്ച, സാമ്പത്തിക മുരടിപ്പ്, തൊഴിലില്ലായ്മ, കോര്‍പറേറ്റ് പ്രീണനം തുടങ്ങിയ വിഷയങ്ങളില്‍ ബി.ജെ.പിക്കെതിരായി രാജ്യമാസകലം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യോജിച്ചുള്ള പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരണം.
ബി.ജെ.പിക്കെതിരായി മതേതര കക്ഷികള്‍ സടകുടഞ്ഞെഴുന്നേല്‍ക്കുമ്പോള്‍ ഇടതുപക്ഷ ചേരിയിലെ സി.പി.എം പ്രസ്ഥാനം ഇപ്പോഴും തലമറന്ന് എണ്ണ തേക്കുന്ന തിരക്കിലാണ്. ചെങ്കോട്ടയായിരുന്ന ത്രിപുരയില്‍പോലും ബി.ജെ.പിയോട് ഏറ്റുമുട്ടാന്‍ കെല്‍പില്ലാത്തവരായി അസ്ഥിക്ഷയം സംഭവിച്ചിട്ടും തെറ്റുതിരുത്തുന്നതിനു പകരം കാരാട്ട് പക്ഷക്കാര്‍ കോണ്‍ഗ്രസ് വിരുദ്ധ വരട്ട് തത്വവാദം ആവര്‍ത്തിക്കുകയാണ്. കേരളത്തിലെ സി.പി.എം സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തീകരണം എന്ന ഏക അജണ്ടക്ക് മുന്നില്‍ കാരാട്ട് – പിണറായി – കൊടിയേരി ത്രയങ്ങള്‍ രാജ്യ താല്‍പര്യം സൗകര്യപൂര്‍വം മറക്കുന്നു. സി.പി.എമ്മും ബി.ജെ.പിയും നേര്‍ക്കുനേരെ കൊമ്പുകോര്‍ത്ത ത്രിപുരയില്‍ ഇലക്ഷന്‍ കാലത്ത് പോകാനോ ബി.ജെ.പിക്കെതിരായി ഒരക്ഷരംപോലും ഉരുവിടാനോ തയ്യാറാകാത്ത പിണറായിയിലും കൊടിയേരിയിലും ബി.ജെ.പി വിരുദ്ധ പോരാട്ടത്തില്‍ വിശ്വാസമര്‍പ്പിക്കുന്നവരുടെ കഴുത്തില്‍ കാലം വിഡ്ഢിപ്പട്ടം ചാര്‍ത്തുകതന്നെ ചെയ്യും.

SHARE