സി.പി.എം നിലപാടിലെ പൊള്ളത്തരം

 

ആശയസംഘട്ടനങ്ങളുടെ കൂടാരമാണ് എക്കാലത്തും കമ്യൂണിസ്റ്റ് സംഘടനകള്‍. സായുധ പോരാളികളുള്‍പ്പെടെ ഡസന്‍ കണക്കിന് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉണ്ടെങ്കിലും ഇന്ത്യയിലെ കമ്യൂണിസത്തിന്റെ യഥാര്‍ത്ഥ വക്താക്കള്‍ എന്നവകാശപ്പെടുന്നത് കമ്യൂണിസ്റ്റ്് മാര്‍ക്‌സിസ്റ്റ്് പാര്‍ട്ടിയാണ്. മാതൃ സംഘടനയായ സി.പി.എമ്മിന്റെ ഇരുപത്തി രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രിലില്‍ നടക്കാനിരിക്കെ കേരള ആസൂത്രണ ബോര്‍ഡ് മുന്‍ അംഗമായ സി.എം.പി ജനറല്‍ സെക്രട്ടറി സി.പി.ജോണ്‍ ‘ചന്ദ്രിക’ യോട് സംസാരിക്കുന്നു.
? സി.പി.എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് വരികയാണല്ലോ. ആശയപരമായും മറ്റും കടുത്ത വെല്ലുവിളികളാണ് ആ പാര്‍ട്ടി ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. എങ്ങനെ വിലയിരുത്തുന്നു.
= സി.പി.എം അതിന്റെ ചരിത്രത്തിലെ വഴിത്തിരിവിലാണിന്ന്. സി.പി.എമ്മിന്റെ രൂപീകരണത്തിന് മുമ്പ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഒരു രാഷ്ട്രീയ തര്‍ക്കം ഉണ്ടായിരുന്നു. അത് കോണ്‍ഗ്രസ് ഏറ്റവും ശക്തമായി നിന്ന കാലത്താണ്. 1947ല്‍ സ്വാതന്ത്ര്യം കിട്ടി ഏതാണ്ട് ഒന്നര പതിറ്റാണ്ടോളം ഭരിച്ചതിന് ശേഷം കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരു ചര്‍ച്ച തുടങ്ങിവെക്കുകയായിരുന്നു. അത് ഉന്നയിച്ചത് രണ്ട് അഭിപ്രായങ്ങളാണ്. ഒന്ന് കോണ്‍ഗ്രസ് ഒരു പുരോഗമന പ്രസ്ഥാനമാണ്. രണ്ട് കോണ്‍ഗ്രസ് കുത്തക മുതലാളിമാരെ താലോലിക്കുന്ന മുതലാളി വര്‍ഗ പാര്‍ട്ടിയാണ്. അതില്‍ ആദ്യത്തെ കൂട്ടരാണ് സി.പി.ഐ. രണ്ടാമത്തെ കൂട്ടര്‍ പിന്നീട് സി.പി.എമ്മായി മാറിയവരാണ്. കോണ്‍ഗ്രസ് ഒരു ദേശീയ ബൂര്‍ഷ്വാസിയാണെന്നും അവരുമായി കൂട്ടുകൂടിയില്ലെങ്കില്‍ ഇവിടെ വലതു പക്ഷവും വര്‍ഗീയത വളരുമെന്ന് ഡാങ്കേയുടെയും രാജേശ്വര്‍ റാവുവിന്റെയും നേതൃത്വത്തില്‍ സി.പി.ഐ വാദിച്ചപ്പോള്‍ ബി.ടി രണദിവെയുടെയും ഇ.എം.എസിന്റെയും മറ്റും നേതൃത്വത്തില്‍ അതിനെതിരെ നിലപാടെടുക്കുകയായിരുന്നു സി.പി.എം. ഇതിന് കാരണമായിരുന്നത് സോവിയറ്റ് അധികാര കേന്ദ്രങ്ങളുമായി ഇന്ത്യക്കും നെഹ്‌റുവിനും ഉണ്ടായ ബന്ധമായിരുന്നു. മൂന്നാം ലോക രാജ്യങ്ങളെയും സോഷ്യലിസ്റ്റ് ചേരിയെയും സംരക്ഷിക്കുക എന്ന മഹത്തായ ലക്ഷ്യമാണ് അതിനുണ്ടായിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഇന്ത്യയിലെ ദാരിദ്ര്യം അവസാനിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന നയമാണ് ചൈനയുമായി അടുപ്പമുണ്ടായിരുന്നവര്‍ സ്വീകരിച്ചത്.
? അപ്പോള്‍ സി.പി.എമ്മിന്റെ നിലപാട് തെറ്റിയിരിക്കുന്നുവെന്നും സി.പി.ഐ നിലപാടാണ് ശരിയെന്നും വന്നിരിക്കുന്നുവെന്നല്ലേ ഇപ്പോഴത്തെ ഇന്ത്യന്‍ ഫാസിസ്റ്റ് വര്‍ഗീയതയുടെ വളര്‍ച്ചയെ കാണേണ്ടത്.
= ശരിയാണ്. 1962ലെ പൊതുതെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രാജ്യത്ത് പത്തു ശതമാനം വോട്ടാണ് ലഭിച്ചത്. രാജ്യത്തെല്ലായിടത്തും സാന്നിധ്യവും അതിനുണ്ടായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ ജനപിന്തുണയാണ് അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പാര്‍ലമെന്റിലടക്കം ലഭിച്ചത്. കേരളത്തില്‍ പാര്‍ട്ടിക്ക് സ്വതന്ത്രരുടെ പിന്തുണയോടെ അധികാരത്തിലെത്താനും കഴിഞ്ഞു. എന്നാല്‍ ഈ സര്‍ക്കാരിനെ പിരിച്ചുവിട്ടതടക്കമുള്ള പ്രശ്‌നങ്ങളില്‍ സി.പി.എമ്മിന് കോണ്‍ഗ്രസിനോടുള്ള വൈരം വര്‍ധിക്കുകയും ആ പാര്‍ട്ടി 1964ല്‍ പിളരാനുണ്ടായ നയങ്ങളില്‍ വെള്ളം ചേര്‍ക്കുകയും ചെയ്തു. ഭൂരിപക്ഷ വര്‍ഗീയതയെ ചെറുക്കുകയും ന്യൂനപക്ഷ ജനവിഭാഗങ്ങളെ സംരക്ഷിക്കുകയും ചെയ്യുക എന്നതായിരുന്നു ആ നിലപാട്. 1980 ഓടുകൂടി ഇ.എം.എസ്സാണ് അത് ലംഘിച്ചത്. അഖിലേന്ത്യാ മുസ്്‌ലിം ലീഗുള്ളത് കൊണ്ടാണ് കേരളത്തില്‍ ഹിന്ദുത്വ വര്‍ഗീയത വളരുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍.
? സി.എം.പിയുടെ ഉല്‍ഭവത്തിന്റെ പ്രധാന കാരണവും അതായിരുന്നുവല്ലോ.
= അതെ. അഖിലേന്ത്യാ ലീഗ് ഇടതുമുന്നണിയിലുള്ളതുകൊണ്ടാണ് 1984ലെ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് കേരള വര്‍മ രാജക്ക് വോട്ടു കൂടുതല്‍ കിട്ടിയത് എന്നായിരുന്നു ഇ.എം.എസിന്റെ വാദം. എന്നാലതിനെ എം.വി രാഘവന്‍ ചോദ്യം ചെയ്തു. ‘അങ്ങനെയാണെങ്കില്‍ സഖാവേ, നാഗ്പൂരില്‍ ബി.ജെ.പിക്ക് കൂടുതല്‍ വോട്ടു കിട്ടിയത് ലീഗ് കാരണമാണോ’ എന്നായിരുന്നു എം.വി.ആറിന്റെ ചോദ്യം
? ഇപ്പോഴും പ്രസക്തമായ ചോദ്യമാണിത്.
= കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പത്തമ്പതുവര്‍ഷത്തെ പ്രവര്‍ത്തനചരിത്രം നോക്കിയാല്‍ എന്താണ് അതിന്റെ നെറ്റ് റിസള്‍ട്ട്. ബിസിനസ് കുറഞ്ഞുവെന്ന് മാത്രമല്ല. ലാഭവും കുറഞ്ഞു.
? കോണ്‍ഗ്രസുമായി കൂടുന്നതാണല്ലോ ഇപ്പോഴത്തെയും പ്രശ്‌നവിഷയം.
= 1964 അല്ല ഇന്ന്. സോവിയറ്റ് യൂണിയനോ അന്നത്തെ ചൈനയോ ഇന്നില്ല. പണ്ട് കെട്ടിവെച്ച കാശ് കിട്ടാനായിരുന്നു കേരളത്തില്‍ പോലും മല്‍സരം. ഇന്ന് ഏതാണ്ടൊരേ കാലത്ത് തുടങ്ങിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ആര്‍.എസ്.എസ്സിന്റെയും അവസ്ഥയെന്താണ്. ഇവ തമ്മില്‍ എവിടെ നില്‍ക്കുന്നു! കോണ്‍ഗ്രസുമായി കൂടുമ്പോള്‍ കമ്യൂണിസ്റ്റ് കരുത്ത് നഷ്ടപ്പെടുമെന്നാണ് സി.പി.എം പറയുന്നത്. ഇത് കമ്യൂണിസ്റ്റ് കരുത്ത് സ്വയം ഇല്ലാത്തതുകൊണ്ടാണ്. ഞങ്ങള്‍ എത്രകാലമായി കോണ്‍ഗ്രസിന്റെ കൂടെ നില്‍ക്കുന്നു. ഞങ്ങള്‍ക്കെന്തെങ്കിലും സംഭവിച്ചോ. ഞാന്‍ കോണ്‍ഗ്രസായോ. കോണ്‍ഗ്രസിന്റെ കൂടെ ചേര്‍ന്നാല്‍ ഐഡന്റിറ്റി നഷ്ടപ്പെടില്ല എന്നതിന്റെ ഉത്തമമായ മറുപടിയല്ലേ സി.എം.പി.
? യെച്ചൂരിയുടെ വാദത്തെക്കുറിച്ച്
= യെച്ചൂരിയുടെ ചോദ്യം ലളിതമല്ലേ. ചുമര് കാണുമോ ചിത്രം വരയ്ക്കാന്‍ എന്നാണ് അദ്ദേഹം സ്വന്തം സഖാക്കളോട് ചോദിച്ചിരിക്കുന്നത്. യെച്ചൂരി കേരളത്തില്‍ വന്നിട്ട് ഫാസിസ്റ്റ് വിരോധമല്ലേ പറഞ്ഞത്. ബി.ജെ.പി എന്നു പോലും പറഞ്ഞോ. നല്ല മൂന്നക്ഷരമല്ലേ അവരുടേത്. (ചിരിക്കുന്നു) വാജ്‌പേയിയേക്കാള്‍ മോശമാണ് മോദി. ഇനി അതിനേക്കാള്‍ വലിയ ആദിത്യനാഥായിരിക്കാം വരുന്നത്. മമതയാണ് ബംഗാളിലെ പാര്‍ട്ടിയുടെ കോണ്‍ഗ്രസ് അനുകൂല നിലപാടിന് കാരണം. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ നിലപാടാണ് വിഷയമാകേണ്ടത്. മമതയോ കോണ്‍ഗ്രസോ ബി.ജെ.പിയോ അല്ല. സി.പി.എമ്മിലെ ഔദ്യോഗിക പക്ഷക്കാരെക്കാളും സി.പി.ഐയേക്കാളും ഫാസിസ വിരുദ്ധത നന്നായി പറയുന്നത് യെച്ചൂരിയാണ്.
? ഉദാരവത്കരണ നയമാണ് കോണ്‍ഗ്രസിനെ എതിര്‍ക്കാനായി പ്രകാശ് കാരാട്ടും കൂട്ടരും പറയുന്നത്.
= നോക്കൂ. മുഗളന്മാരുടെ കാലത്ത് ഇവിടെ പട്ടിണിയുണ്ടായിരുന്നില്ല. എല്ലാം പൊതുസ്വത്തായിരുന്നു. മുഗളന്മാര്‍ നൂറ്റാണ്ടുകള്‍ ഭരിക്കാന്‍ കാരണം അതായിരുന്നു. കലകള്‍, നൃത്തം, സംഗീതം ഒക്കെ ഇന്ത്യയിലിന്ന് കാണുന്നതൊക്കെ അവരുടെ സംഭാവനയല്ലേ. താജ്മഹലിന്റെ വാസ്തുവിദ്യ ഇന്നും ആര്‍ക്കും പഠിക്കാന്‍ പറ്റിയിട്ടില്ല. ചിക്കാഗോ പ്രസംഗത്തില്‍ അശോകന്റെയും അക്ബറിന്റെയും പേരുകളാണ് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത്. അതില്‍ തന്നെ കേമന്‍ അക്ബറാണെന്നും വിവേകാനന്ദന്‍ പറഞ്ഞു. അക്ബറിന്റെ കാലഘട്ടത്തില്‍ ലോകത്തുതന്നെ ഏറ്റവും സമ്പദ് സമൃദ്ധിയുള്ള നാടായിരുന്നു നമ്മുടെ ഇന്ത്യ. ബ്രിട്ടീഷുകാരാണ് ജന്മിമാര്‍ക്ക് ഭൂമി മുഴുവന്‍ പതിച്ചുകൊടുത്തത്. അവര്‍ക്കെതിരായിരുന്നു ഗാന്ധിയുടെ പോരാട്ടം. അതേസമയം, അതേ ബ്രിട്ടീഷുകാരെ കമ്യൂണിസ്റ്റുകാര്‍ 1942ലെ ക്വിറ്റ്ഇന്ത്യാ സമരത്തിനിടെ രണ്ടാം ലോക യുദ്ധത്തില്‍ പിന്തുണച്ചതിന് കാരണം ഹിറ്റ്‌ലര്‍ക്കെതിരെ ബ്രിട്ടീഷുകാര്‍ പോരാടുന്നു എന്നതുകൊണ്ടായിരുന്നു. അപ്പോള്‍ ഫാസിസത്തെ എതിര്‍ക്കുന്നതിനുവേണ്ടി മുതലാളിത്തത്തിന്റെ ലോക രൂപമായ ബ്രിട്ടനെ അനുകൂലിക്കാന്‍ പോലും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി തയ്യാറായി. അപ്പോള്‍ കാരാട്ടിന്റെ നിലപാടിന്റെ പൊള്ളത്തരം ബോധ്യമായില്ലേ.
? ലക്ഷണമൊത്ത ഫാസിസം ഇന്ത്യയിലെത്തിയിട്ടില്ല എന്ന് ആവര്‍ത്തിക്കുകയാണല്ലോ കാരാട്ട്.
= അതെന്തിനാണെന്നറിയാമോ. കോണ്‍ഗ്രസുമായി ചേരാന്‍ വയ്യാത്തതുകൊണ്ടാ.
? ഇത് ബി.ജെ.പിയെ സഹായിക്കാനാണെന്ന ആരോപണമുണ്ടല്ലോ.
= നോക്കൂ, ഒ.കെ ജോണി എഴുതി: കാരാട്ടിന്റെ ബന്ധുക്കളെ സഹായിക്കാനാണ് അദ്ദേഹം കോണ്‍ഗ്രസ് വിരുദ്ധത പറയുന്നതെന്ന്. ആരും ഇതുവരെ അത് നിഷേധിച്ചുകണ്ടില്ല. കാരാട്ടിനെ വ്യക്തിപരമായി ആക്ഷേപിക്കാനൊന്നും ഞാനില്ല.
? കോണ്‍ഗ്രസുമായി കൂട്ടുകൂടിയാല്‍ കേരളത്തില്‍ സി.പി.എമ്മിനെ അത് പ്രതികൂലമായി ബാധിക്കുമെന്നാണ് പറയുന്നത്.
= ആരു പറഞ്ഞു, അത് വേണമെന്ന്. കേരളത്തില്‍ മൂന്നു മുന്നണികള്‍ക്കും പ്രത്യേക വോട്ട് ബാങ്കുകളുണ്ട്. ബി.ജെ.പി എന്തുവന്നാലും ഇവിടെ ജയിക്കാന്‍ പോകുന്നില്ല. ഇവിടെ യു.ഡി.എഫിനും ഇടതുമുന്നണിക്കും അവരുടേതായ വോട്ടുകള്‍ കിട്ടും. ഇനി യു.ഡി.എഫ് സി.പി.എമ്മുമായി യോജിക്കുമെന്ന് കരുതുന്നുണ്ടോ. സി.പി.എം തയ്യാറായാല്‍ തന്നെ ഞങ്ങള്‍ തയ്യാറാകുമോ. അതിന്റെ ആവശ്യമില്ലല്ലോ.
? കണ്ണൂരിലെ സി.പി.എം അക്രമങ്ങളെകുറിച്ച്.
= കണ്ണൂരിലേത് സി.പി.എമ്മിന്റെ ഫാസിസം തന്നെയാണ്. അവരുടെ കൊലപാതക രാഷ്ട്രീയം ഒഴിവാക്കിയാല്‍ അവര്‍ മതേതര പാര്‍ട്ടിയാണ്. ഭൂരിപക്ഷ വര്‍ഗീയതയെക്കുറിച്ച് പഠിപ്പിക്കേണ്ടത് പോളിങ് ബൂത്തിനുമുന്നില്‍ വെച്ചല്ല. ജനങ്ങളെ പഠിപ്പിക്കാന്‍ കമ്യൂണിസ്റ്റുകള്‍ക്ക് പ്രത്യേക പദ്ധതിതന്നെയുണ്ട്. അതിന്ന് അവര്‍ക്ക് നഷ്ടപ്പെട്ടു.
? മുസ്്‌ലിം ലീഗും ബി.ജെ.പിയും വര്‍ഗീയ പാര്‍ട്ടികളാണെന്ന ആരോപണത്തെക്കുറിച്ച്.
= അത് വിവരമില്ലാഞ്ഞിട്ടാണ്. മുസ്‌ലിംലീഗ് കേരളത്തില്‍ ചെയ്ത ജോലിയെന്താ. അവര്‍ മതേതരമായ മുസ്‌ലിമിനെ സൃഷ്ടിച്ചില്ലേ. അതാണോ ബി.ജെ.പിയും ആര്‍.എസ്.എസ്സും ചെയ്തുകൊണ്ടിരിക്കുന്നത്.
? ത്രിപുര എന്താകും
= സി.പി.എമ്മിനെ സംബന്ധിച്ച് ത്രിപുര നിയമസഭാഫലം വലിയ ചോദ്യചിഹ്നമാണ് ഉയര്‍ത്താന്‍ പോകുന്നത്. അത് അവര്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് ആ പാര്‍ട്ടി നേരിടുന്ന ദുരന്തവും.

SHARE