ചിരിയും തമാശയും മുഹമ്മദ് നബിയുടെ മാതൃക

പി. മുഹമ്മദ് കുട്ടശ്ശേരി

പ്രവാചകന്‍ പറഞ്ഞ തമാശകളും അദ്ദേഹം ചിരിച്ച സന്ദര്‍ഭങ്ങളുമൊക്കെ മനുഷ്യര്‍ക്ക് എന്നും മാതൃകയും അവരുടെ സൂക്ഷ്മപഠനത്തിന് വിധേയമാകേണ്ട വിഷയങ്ങളുമാണ്. ഈ ജീവിതത്തില്‍ വെറും പ്രാര്‍ത്ഥനയും കീര്‍ത്തനവും ഭക്തിപ്രകടനങ്ങളും ദൈവസ്തുതിയും മാത്രം പോരാ. ജീവിതത്തിന് രസമേകുന്നതും സന്തോഷവും ആവേശവും ജ്വലിപ്പിക്കുന്നതുമായ കളിയും തമാശയും വിനോദങ്ങളുമെല്ലാം ആവശ്യമാണ്. ചിരിയുടെ പ്രാധാന്യത്തെയും ജീവിതത്തില്‍ അത് സൃഷ്ടിക്കുന്ന നല്ല ഫലങ്ങളെയും സംബന്ധിച്ച് ആരോഗ്യശാസ്ത്രജ്ഞന്മാരും മനശാസ്ത്ര വിദഗ്ദ്ധരുമെല്ലാം ധാരാളം പ്രതിപാദിപ്പിച്ചിട്ടുണ്ട്. ചിരി ഏറ്റവും ആരോഗ്യകരമായ വ്യായാമമാണെന്നാണ് ഹ്യുഫെലാണ്ട് പ്രസ്താവിച്ചിട്ടുള്ളത്. നല്ല ചിരി ഭവനത്തിലെ സൂര്യപ്രകാശമാണ്-താക്കറെ പറയുന്നു. ഓര്‍ത്ത് ദു:ഖിക്കുന്നതിനേക്കാള്‍ നല്ലത് മറന്ന് ചിരിക്കുന്നതാണ്-റോസ്റ്റി പ്രസ്താവിക്കുന്നു. എനിക്ക് കരയാന്‍ കഴിയാത്തതുകൊണ്ട് ചിരിക്കുന്നത് എന്നത്ര റഷ്യന്‍ പ്രധാനമന്ത്രിയായിരുന്ന ക്രൂഷ്‌ചേവ് പറഞ്ഞത്. മനുഷ്യന് ചിരിക്കാനും ചിന്തിക്കാനുമുള്ള കഴിവ് ഒപ്പം നല്‍കിയ ദൈവത്തിന്റെ സൃഷ്ടിവൈഭവം അത്ഭുതകരം തന്നെ. മഹാന്മാരുടെ ചിരിയും തമാശകളുമൊക്കെ ചരിത്രത്തില്‍ കൗതുകപൂര്‍വ്വം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും ഈ വിഷയത്തിലുള്ള മുഹമ്മദ് നബിയുടെ സവിശേഷതകള്‍ അധികവും ശ്രദ്ധിക്കപ്പെടുന്നില്ല.
മുഹമ്മദ് നബി ഈ ജീവിതത്തിന്റെ സൗന്ദര്യഘടകങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ മരണാനന്തരജീവിത്തില്‍ ശാശ്വത വിജയവും സന്തോഷവും ലഭിക്കുന്നതിനാവശ്യമായ മാര്‍ഗങ്ങളാണ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചില മുഖങ്ങള്‍ അന്ന് പ്രകാശമാനവും ചിരി തൂകുന്നതും സന്തുഷ്ഠവുമായിരിക്കും. മരണശേഷമുള്ള മനുഷ്യവ്യവസ്ഥയെപ്പറ്റി ഖുര്‍ആന്‍ വിവരിക്കുന്നു. പൂര്‍വ്വികര്‍ ചിരിച്ച ചില സന്ദര്‍ഭങ്ങള്‍ ഖുര്‍ആന്‍ എടുത്തുകാണിക്കുന്നുണ്ട്. മതം എന്നത് ആരാധാനയും ഭക്തിപ്രകടനവും പ്രാര്‍ത്ഥനയും കീര്‍ത്തനവും ദൈവസ്തുതിയും മാത്രമല്ല, കളിയും വിനോദവും തോട്ടങ്ങളും പൂക്കളും ചിരിയും തമാശയുമൊന്നും മതത്തിന്റെ പുറത്തുള്ള കാര്യമല്ല. മനുഷ്യമനസ്സിന് ഉന്മേഷവും സന്തോഷവും കര്‍മ്മങ്ങള്‍ക്ക് ഉത്തേജനങ്ങളും നല്‍കുന്നതുമായ എല്ലാ നല്ല പ്രവൃത്തികളും മതത്തിന്റെ ഭാഗം തന്നെയാണ്. എപ്പോഴും ഗൗരവഭാവം നടിക്കുകയും മ്ലാനവദനനും ദു:ഖിതനുമായി ജനങ്ങളുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന വ്യക്തികളുമായി അടുക്കാന്‍ അധികമാരും ഇഷ്ടപ്പെടുകയില്ല. മുഹമ്മദ് നബിയുടെ സവിശേഷത അദ്ദേഹം ഇതില്‍ നിന്ന് വ്യത്യസ്തമാ ഒരു രീതി ജീവിതത്തില്‍ സ്വീകരിച്ചു എന്നതാണ്.
വീട് എപ്പോഴും സന്തോഷപ്പൂക്കള്‍ നിറഞ്ഞതായിരിക്കണം. നോക്കൂ, പ്രവാചകപത്‌നി ആയിശ പറഞ്ഞ വാക്കുകള്‍: നബി ഞങ്ങള്‍ തനിച്ചാകുമ്പോള്‍ വീട്ടില്‍ പുഞ്ചിരിയും പൊട്ടിച്ചിരിയും നിറക്കുമായിരുന്നു. തന്റെ ഗൗരവവും ഗാംഭീര്യവുമൊന്നും ചിരിക്കുന്നതിന് അദ്ദേഹത്തിന് തടസ്സമായിരുന്നില്ല. സ്വന്തം ഭാര്യയുമൊത്തുള്ള കുടുംബജീവിതത്തിലാണ് ആദ്യമായി സന്തോഷം കളിയാടേണ്ടത്. ഒരു യാത്രയില്‍ കൂടെയുള്ളവരോടെല്ലാം മുന്നോട്ട് നീങ്ങാന്‍ കല്‍പ്പിച്ചു അദ്ദേഹവും പത്‌നി ആയിശയും ഓട്ടമത്സരം നടത്തുന്നു. പുഞ്ചിരി നബിയുടെ കൂടപ്പിറപ്പായിരുന്നു. പ്രസന്നവദനനായി മാത്രമേ അദ്ദേഹം ജനങ്ങളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടിരുന്നുള്ളു. ജനങ്ങളോട് തമാശകള്‍ പറയുന്നതിലും അവരുടെ തമാശകള്‍ ആസ്വദിക്കുന്നതിലും അദ്ദേഹം വളരെ തല്‍പരനായിരുന്നു. കുട്ടികളെ കണ്ടാല്‍ അവരുടെ മനസ്സില്‍ കുളിര്‍മ പകരുന്ന സമീപനമാണ് സ്വീകരിച്ചിരുന്നത്. ശിഷ്യനായ അബൂതല്‍ഹയുടെ മകന്‍ അബൂ ഉമൈറിനെ കാണുമ്പോഴൊക്കെയും അദ്ദേഹം അവനുമായി എന്തെങ്കിലും തമാശകള്‍ പങ്ക് വെക്കും. ഒരിക്കല്‍ നബി വരുമ്പോള്‍ അബൂ ഉമൈര്‍ വളരെ സങ്കടപ്പെട്ട് ഇരിക്കുന്നു. നബി ചോദിച്ചു: ‘നിന്റെ കളിക്കൂട്ടുകാരന്‍ കിളി എവിടെ?’ കുട്ടി ദു:ഖത്തോടെ പറഞ്ഞു: ‘അത് ചത്തുപോയി? അദ്ദേഹം അവന്റെ ദു:ഖത്തില്‍ പങ്ക് ചേര്‍ന്നു.
കിഴവികളോടും നബി തമാശകള്‍ പറയുമായിരുന്നു. ഒരു കിഴവി അദ്ദേഹത്തെ സന്ദര്‍ശിച്ചു. തനിക്ക് സ്വര്‍ഗപ്രവേശനത്തിനായി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. പ്രവാചകന്‍: ‘ കിഴവികളൊന്നും സ്വര്‍ഗത്തിലൂണ്ടാവുകയില്ല’ ഈ മറുപടി കേട്ട് ആ സ്ത്രീ കണ്ണീര്‍ തുടച്ചു കൊണ്ട് തിരിച്ചുപോവുകയാണ്. അപ്പോള്‍ താന്‍ പറഞ്ഞതിന്റെ പൊരുള്‍ അവര്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ നബി കല്‍പ്പിച്ചു. അതായത് ‘ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നവര്‍ക്കെല്ലാം അല്ലാഹു പുനസൃഷ്ടി നല്‍കും. പ്രായമുള്ളവരൊക്കെ ചെറുപ്പക്കാരികളായി മാറും’ ഒരിക്കല്‍ ഉമ്മു ഐമന്‍ എന്ന എത്യോപ്യക്കാരി നബിയെ സമീപിച്ചു. തന്റെ ഭര്‍ത്താവ് അദ്ദേഹത്തെ കാണാന്‍ താല്‍പര്യപ്പെടുന്നുവെന്ന് അറിയിച്ചു. ‘ആരാണ് നിന്റെ ഭര്‍ത്താവ് കണ്ണില്‍ വെള്ളമുള്ള ആ മനുഷ്യനോ?’ സ്ത്രീ: എന്റെ ഭര്‍ത്താവിന്റെ കണ്ണില്‍ വെള്ളമൊന്നുമില്ലല്ലോ. നബി: ‘ഉണ്ട്’. സ്ത്രീ വീട്ടിലേക്ക് പോയി. ഭര്‍ത്താവ് ഉറങ്ങുകയാണ്. കണ്‍പോളകള്‍ പതുക്കെ തുറന്നുനോക്കി. നബി പറഞ്ഞത് ശരിയാണ്. കണ്‍തടങ്ങളിലെ വെള്ളമാണ് അദ്ദേഹം സൂചിപ്പിച്ചത്. തമാശ കാണിക്കുന്നതില്‍ പ്രസിദ്ധി നേടിയ വ്യക്തിയായിരുന്നു നബിയുടെ ശിഷ്യനായ നുഐമാന്‍. ഒരു ഗ്രാമീണന്‍ യാത്ര ചെയ്തു പള്ളിയിലെത്തി മുറ്റത്ത് ഒട്ടകത്തെ കെട്ടി. കൂട്ടുകാര്‍ ഒരു തമാശ ഒപ്പിച്ചു. ഒട്ടകത്തെ അറുത്തു മാംസമാക്കി. പിന്നെ നേതൃത്വം കൊടുത്ത നുഐമാന്‍ ഒരു വീടിനോട് ചേര്‍ന്ന് കിടങ്ങില്‍ ഒളിച്ചിരുന്നു. കൂട്ടുകാര്‍ ഓലകള്‍ കൊണ്ടു അവനെ മറച്ചു. ഒട്ടകത്തിന്റെ ഉടമ ‘എന്റെ ഒട്ടകം’ എന്ന് നിലവിളിച്ചു കരയാന്‍ തുടങ്ങി. നബി നുഐമാനെ കണ്ടെത്തി അദ്ദേഹത്തിന്റെ മുഖത്തെ പൊടിപടലങ്ങളെല്ലാം തുടച്ചുനീക്കി. അവരുടെ ചിരിയിലും തമാശയിലും അദ്ദേഹവും പങ്ക് ചേര്‍ന്നു. ഒട്ടകത്തിന്റെ ഉടമക്ക് അദ്ദേഹം നഷ്ടപരിഹാരം നല്‍കി അദ്ദേഹത്തെ സമാധാനിപ്പിച്ചു.
ഇന്ന് എല്ലാവര്‍ക്കും വളരെ തിരക്കാണ്. മാനസിക സംഘര്‍ഷങ്ങളുടെ അടിമകളാണ് സ്ത്രീകളും പുരുഷന്മാരുമെല്ലാം. ചിരിയും തമാശയുമൊക്കെ ജീവിതത്തില്‍ നിന്ന് അസ്തമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ ജീവിതം ആസ്വാദ്യകരമായ ഒരനുഭവമായെങ്കില്‍ മാത്രമേ മനുഷ്യന് ദൈവാരാധനക്കും ഭക്തി പ്രകടനത്തിനും ജനസേവന പ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം ആവേശമുണ്ടാവുയുള്ളു. ഇതിന് ശാരീരികവും മാനസികവുമായി ഉല്ലാസത്തിന് തമാശയും ചിരിയും തിന്മകളില്‍ നിന്ന് മുക്തമായ വിനോദവും അനിവാര്യമാണ്. ഇതിന് പ്രവാചകന്‍ മാതൃകയാണ്.

SHARE