ലിബിയ: അസ്ഥിരതയുടെ നാട്

കെ. മൊയ്തീന്‍കോയ

കേണല്‍ മുഅമ്മര്‍ ഖദ്ദാഫിയെ വധിക്കുകയും ഭരണകൂടത്തെ അട്ടിമറിക്കുകയും ചെയ്ത ശേഷം ലിബിയയില്‍ ഒമ്പത് വര്‍ഷമായി സ്ഥിരതയുള്ള സര്‍ക്കാര്‍ ഇല്ല. നിയമവാഴ്ചയും ഏകീകൃത സംവിധാനവുമില്ല. യു.എന്‍ പിന്തുണയുള്ള സര്‍ക്കാറും നിരവധി മിലിഷ്യകളും ലിബിയ ശിഥിലമാക്കി. ഏറ്റവും അവസാനം 2011 ഒക്ടോബര്‍ മുതല്‍ ഭരണം കയ്യടക്കാനുള്ള പോരാട്ടത്തിന് വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കുന്ന വെടിനിര്‍ത്തല്‍ നിലവരുന്നു. തലസ്ഥാനമായ ട്രിപ്പോളി കയ്യടക്കാന്‍ 14 മാസമായി പോരാട്ടം നടത്തിവന്ന യുദ്ധപ്രഭുവായ മുന്‍ സൈനിക ജനറല്‍ ഖലീഫ ഹഫ്ടര്‍ പരാജയം സമ്മതിച്ച് പിന്‍മാറിയതോടെ ലിബിയന്‍ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം ഉണ്ടാക്കാനാവുമെന്നാണ് ലോകം പ്രതീക്ഷിക്കുന്നത്. ഹഫ്ടറിന്റെ സായുധ ഗ്രൂപ്പ് പിന്‍മാറിയ പ്രദേശത്ത് കൂട്ടകുഴിമാടങ്ങള്‍ കണ്ടെത്തിയത് അറബ് ലോകത്തെ ഞെട്ടിപ്പിക്കുകയും കടുത്ത വിമര്‍ശനം ഉയരുകയും ചെയ്തിരിക്കുന്നു. മുല്ലപ്പൂ വിപ്ലവത്തിന്റെ ഭാഗമായാണ് 42 വര്‍ഷം നീണ്ടു നിന്ന ഖദ്ദാഫി ഭരണകൂടവും അട്ടിമറിക്കപ്പെട്ടത്. 1969 സപ്തംബര്‍ ഒന്നിന്നായിരുന്നു ഖദ്ദാഫി ലിബിയയില്‍ അധികാരം കയ്യടക്കിയത്.

ഖദ്ദാഫിഭരണകൂടത്തെ തകര്‍ത്ത നാറ്റോ സൈനിക സഖ്യത്തിനും പാശ്ചാത്യ അനുകൂല രാഷ്ട്രങ്ങള്‍ക്കും പക്ഷെ, പകരം സ്ഥിരതയുള്ള ഭരണകൂടത്തെ കൊണ്ടുവരാന്‍ കഴിഞ്ഞില്ല. ഖദ്ദാഫിക്ക് എതിരെ പോരാടാന്‍ ആയുധം അണിയിച്ച ഗ്രൂപ്പുകളും യുദ്ധപ്രഭുക്കളും അധികാരം കയ്യടക്കാന്‍ പിന്നീട് തമ്മില്‍ ഏറ്റുമുട്ടുന്നതാണ് കാണാന്‍ കഴിഞ്ഞത്. എണ്ണ സമ്പന്ന രാജ്യത്തിന്മേല്‍ കണ്ണ് വച്ച് ബാഹ്യശക്തികള്‍ പ്രത്യക്ഷമായും പരോക്ഷമായും സായുധ പോരാളികള്‍ക്ക് പിന്തുണയും ആയുധവും നല്‍കി . സിറിയയില്‍ നിന്ന് വ്യത്യസ്തമാണ് ലിബിയയിലെ ബാഹ്യശക്തി ഇടപെടല്‍!. സിറിയയില്‍ ബഷാറുല്‍ അസദ് ഭരണകൂടത്തിന് എതിരെ പ്രതിപക്ഷ സഖ്യത്തോടൊപ്പം അമേരിക്ക, സഊദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ അണിനിരന്നപ്പോള്‍ മറുഭാഗത്ത് റഷ്യ, ഇറാന്‍, തുടങ്ങിയ രാജ്യങ്ങളും ഹിസ്ബുല്ല പോലുള്ള ശിയാ സായുധ ഗ്രൂപ്പുമാണ്. എന്നാല്‍ ലിബിയയില്‍ ഹഫ്ടറിന് പിന്തുണ നല്‍കുന്നത് സഊദി അറേബ്യ, ഈജിപ്ത്, യു.എ.ഇ എന്നീ രാജ്യങ്ങള്‍ക്കൊപ്പം റഷ്യയുമാണ്.

അമേരിക്കയുടെയും ഇസ്‌റാഈലിന്റേയും പിന്തുണയുള്ള ഈജിപ്തിലെ അബ്ദുല്‍ ഫത്തഹ് അല്‍സീസിയെ പോലെയുള്ള നേതാവാണ് ഹഫ്ടര്‍. ഖദ്ദാഫിയുടെ അടുത്ത സുഹൃത്തായിരുന്നു. അവസാന ഘട്ടത്തില്‍ ഖദ്ദാഫിയുമായി പിണങ്ങിയാണ് ലിബിയ വിട്ടത്. ഖദ്ദാഫിക്ക് ശേഷമാണ് തിരിച്ചെത്തുന്നത്. ഐക്യരാഷ്ട്ര സംഘടന മുന്‍കയ്യെടുത്ത് രൂപീകരിച്ച സര്‍ക്കാറിന് (ജി.എന്‍.എ) ശക്തമായി പിന്തുണ നല്‍കുന്നത് അമേരിക്കയും തുര്‍ക്കിയുമാണ്. ഇതിന് പുറമെ, താബു മിലിഷ്യയും തൗറാക്ക് കേന്ദ്രമായി മറ്റൊരു വിഭാഗവും കയ്യടക്കിയ പ്രദേശത്ത് ഭരണം നടത്തുന്നു. ഐ.എസ് സാന്നിധ്യമുള്ള കേന്ദ്രങ്ങള്‍ എല്ലാവര്‍ക്കും തലവേദന സൃഷ്ടിച്ചു.

തലസ്ഥാനമായ ട്രിപോളി കഴിഞ്ഞാല്‍ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ബെന്‍ഗാസി കേന്ദ്രമാക്കിയാണ് ഹഫ്ടര്‍, ഭരണം നടത്തുന്നത്. ഹഫ്ടറിന് ആയുധം നല്‍കുന്നത് റഷ്യയാണ്. യുദ്ധവിമാനങ്ങളും ടാങ്കുകളും പുറമെ. 1200 സൈനികരും റഷ്യ അയച്ചുകൊടുത്തു. ട്രിപോളി കയ്യടക്കി, യു.എന്‍.പിന്തുണയുള്ള സര്‍ക്കാറിനെ തകര്‍ക്കാന്‍ ഹഫ്ടര്‍ വിഭാഗം നടത്തിയ നീക്കം തുര്‍ക്കിയുടെ സഹായത്തോടെ പ രാജയപ്പെടുത്തി. മെയ് 5 ന് തലസ്ഥാനം സമ്പൂര്‍ണ്ണമായും ജി.എന്‍.എ സര്‍ക്കാര്‍ തിരിച്ചുപിടിച്ചതോടെ ഹഫ്ടര്‍ സായുധ വിഭാഗം പിന്‍മാറി. ഹഫ്ടറിന് പിന്തുണ നല്‍കി വന്ന ചില അറബ് രാജ്യങ്ങളും നിലപാട് മാറ്റം പ്രകടിപ്പിച്ചു. ലിബിയയില്‍ സമാധാനം വീണ്ടെടുക്കുവാനും രാഷ്ട്രീയ പരിഹാരത്തിനും ശ്രദ്ധേയമായ നീക്കം നടത്തുന്ന തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉറുദുഗാന്‍ മോസ്‌കോയുമായും ട്രം പ് ഭരണകൂടവുമായും ചര്‍ച്ച നടത്തി വരുന്നു. റഷ്യന്‍ നേതൃത്വവുമായി ഇരുപക്ഷവും കൂടിക്കാഴ്ച നടത്തുന്നുമുണ്ട്. പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരമാകുന്നതോടെ ലിബിയയില്‍ സ്ഥിരതയുള്ള ഭരണകൂടത്തെ പ്രതിഷ്ഠിക്കാനും ജനാധിപത്യം കൊണ്ടുവരാനും കഴിയുമെന്ന പ്രതീക്ഷയിലാണ് മധ്യപൗരസ്ത്യ ദേശം.

മധ്യപൗരസ്ത്യദേശത്ത് അറബ് വസന്തം, മുല്ലപ്പൂ വിപ്ലവം എന്നൊക്കെ അറിയപ്പെട്ട ജനാധിപത്യ മുന്നേറ്റം ദൃശ്യമായ 2011-ല്‍ പക്ഷെ, അവയൊക്കെ പിന്നീട് പാശ്ചാത്യ ശക്തികളും ഇസ്‌റാഈലും ചേര്‍ന്ന് ഹൈജാക്ക് ചെയ്യുകയായിരുന്നു. മുല്ലപ്പൂ വിപ്ലവത്തിന് തുടക്കം കുറിച്ച തുനിഷ്യ മാത്രമാണ് ഇപ്പോഴും ജനാധിപത്യ പാതയില്‍ മുന്നേറുന്നത്. മൂന്ന് പതിറ്റാണ്ടിന്റെ ഹുസ്‌നി മുബാറക്കിന്റെ ഭരണം ഈജിപ്ഷ്യന്‍ ജനത കശക്കിയെറിഞ്ഞുവെങ്കിലും ഒരു വര്‍ഷം മാത്രം ജനാധിപത്യ ഭരണം നിലനിന്നു. അമേരിക്കയുടെയും ഇസ്‌റാഈലിന്റെയും സഹായത്തോടെ സൈനിക മേധാവി അബ്ദുല്‍ ഫത്തഹ് അല്‍സീസി അധികാരം കയ്യടക്കി. തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുര്‍സി ജയിലില്‍ അടക്കപ്പെട്ടു. ഏതാനും മാസം മുന്‍പ് ജയിലില്‍ വച്ച് മുര്‍സി മരണപ്പെട്ടു.

ലിബിയയില്‍ ഖദ്ദാഫിക്ക് എതിരെ ചെറിയൊരു ഗ്രൂപ്പ് മാത്രമാണ് രംഗത്തുണ്ടായിരുന്നത്. അവരെ അടിച്ചമര്‍ത്താന്‍ ഖദ്ദാഫി ഭരണകൂടം സര്‍വ സന്നാഹങ്ങളും ഒരുക്കി. സൈന്യത്തില്‍ ഒരു വിഭാഗവും എതിരായി രംഗത്തിറങ്ങിയതോടെ സംഘര്‍ഷം കനത്തു. നാറ്റോ സഖ്യസേനയും പ്രതിപക്ഷവിപ്ലവകാരികള്‍ക്ക് പിന്തുണ നല്‍കി. 2011 ഒക്ടോബര്‍ 20-ന് ഖദ്ദാഫിയും പരിവാരങ്ങളും സഞ്ചരിച്ച കാറ് വ്യൂഹത്തിന്മേല്‍ നാറ്റോ സഖ്യസേനയുടെ ബോംബിംഗ് ആണ് വഴിത്തിരിവായത്. നിരവധി പേര് മരിച്ചു. ഖദ്ദാഫിയെ കണ്ടെത്തുന്നത് ഭൂഗര്‍ഭചാലില്‍ നിന്നാണ്. അവിടെ വച്ച് തന്നെ ഖദ്ദാഫിയെയും മകന്‍ മുഅതസിമിനേയും സായുധ പോരാളികള്‍ വധിച്ചു. അറബ് രാജ്യങ്ങളും നാറ്റോ സഖ്യവും അധികാരം നാഷനല്‍ ട്രാന്‍സീഷനല്‍ കൗണ്‍സിലിനെ (എന്‍.ടി.സി ) ഏല്‍പിക്കാന്‍ തീരുമാനിച്ചുവെങ്കിലും അധികാരം കയ്യടക്കാന്‍ വിവിധ സായുധ ഗ്രൂപ്പുകള്‍ പരസ്പരം പോര്‍വിളിച്ചു. ഇതിലിടക്കും ജനാധിപത്യ സംവിധാനത്തിലേക്കുള്ള നീക്കം സജീവമായി. ജനറല്‍ ഹഫ്ടറെ രംഗത്തിറക്കി ഭരണം കയ്യടക്കാന്‍ പശ്ചാത്യ ലോബിയും മറ്റും നീക്കം നടത്തിയതോടെ ലിബിയ അഭ്യന്തര കലാപത്തിലേക്ക് നീങ്ങുകയാണുണ്ടായത്. ഒമ്പത് വര്‍ഷത്തോളം നീണ്ട കലാപത്തില്‍ ലോകത്തെ ആറാമത്തെ ഏറ്റവും വലിയ എണ്ണ സമ്പന്ന രാഷ്ട്രം തകര്‍ന്നടിഞ്ഞു. പതിനായിരങ്ങള്‍ മരണപ്പെട്ടു. ലക്ഷങ്ങള്‍ അഭയാര്‍ത്ഥികള്‍.

അതേ സമയം പാശ്ചാത്യ അധിനിവേശത്തെ അംഗീകരിക്കാത്ത ചരിത്രമുള്ള രാജ്യമാണ് ലിബിയ. അഭ്യന്തര സംഘര്‍ഷത്തിനിടെ എണ്ണ ഊറ്റിയെടുക്കാനുള്ള ബാഹ്യശക്തികള്‍ അണിയറ ആസൂത്രണം ചെയ്ത തന്ത്രം വിലപ്പോയില്ല. ഇറ്റാലിയന്‍ അധിനിവേശത്തിന് എതിരെ പോരാടിയ ‘മരുഭുമിയിലെ സിംഹം’ എന്നറിയപ്പെട്ട ഉമര്‍ മുഖ്താറിന്റെ ( 1862-1931) പിന്‍തലമുറ അധിനിവേശം ഏത് നിലയിലാണെങ്കിലും രംഗത്താണെങ്കിലും അംഗീകരിക്കാന്‍ തയാറായില്ല. ഖദ്ദാഫിയുടെ ഏകാധിപത്യ വാഴ്ചയ്ക്കു പകരം പാശ്ചാത്യരുടെ സഹയാത്രികനായ ഖലിഫ ഹഫ്ടറിന്റെ സൈനിക ഭരണത്തിനും അവര്‍ എതിരാണ്. വടക്കന്‍ മേഖലയിലെ ടര്‍ഹുന പ്രദേശത്ത് എട്ട് കൂട്ടകുഴിമാടങ്ങളില്‍ നൂറിലേറെ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്താന്‍ യു.എന്‍ ദൗത്യസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കഴിഞ്ഞു. ഇത് സംബന്ധിച്ച അന്വേഷണം ജനറല്‍ ഹഫ്ടറെ പ്രതികൂട്ടില്‍ നിര്‍ത്തുമ്പോള്‍, ലിബിയയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം എളുപ്പമാകുമെന്നും ജനാധിപത്യ ലിബിയ എന്ന സ്വപ്‌നം സാക്ഷാല്‍കരിക്കപ്പെടുമെന്നും അറബ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

SHARE