വി.എസ് മനോജ് കുമാര്‍
കളങ്കിത വ്യക്തികളോടുള്ള അടുപ്പവും ബന്ധങ്ങളും എല്ലാക്കാലത്തും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. അതൊരു രാഷ്ട്രീയ ധാര്‍മ്മികതയുടെ ഭാഗമാണ്. പൊതുപ്രവര്ത്തകന് അല്ലെങ്കില്‍ ഭരണാധികാരിക്ക് ആരുമായൊക്കെ ഏതെല്ലാം തരത്തിലുള്ള ബന്ധങ്ങളാകാമെന്ന കാര്യത്തില്‍ പ്രത്യേക നിയമങ്ങള്‍ ഒന്നും തന്നെയില്ല. പക്ഷേ, സമൂഹത്തിന്റെ നിരീക്ഷണത്തിലുള്ളവര്‍ ഓരോ നിമിഷവും സൂക്ഷ്മത പുലര്‍ത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം ചില വിഗ്രഹങ്ങള്‍ ഉടഞ്ഞു വീഴുന്നത് കാണേണ്ടി വരും. നിയമസഭക്ക് ജനാധിപത്യത്തിന്റെ ‘ശ്രീകോവില്‍ ‘ എന്ന വിശേഷണം നല്‍കിയത് പവിത്രമായ ഇടം എന്ന സങ്കല്‍പ്പത്തിലാണ്. ശ്രീകോവിലിനെ സംബന്ധിച്ച് പ്രതിഷ്ഠയാണ് പരമപ്രധാനം. നിയമസഭയിലെ മുഖ്യപ്രതിഷ്ഠക്ക് ഇപ്പോള്‍ ‘ചൈതന്യ ലോപം’ സംഭവിച്ചിരിക്കുകയാണ്. കളങ്കിത സ്ത്രീയുമായുള്ള അടുപ്പവും മറ്റുമാണ് ചൈതന്യ ലോപത്തിന് കാരണം. ഇത് മാറ്റിയെടുക്കണമെങ്കില്‍ നവീകരണ നടപടികള്‍ ആവശ്യമാണ്. പുന:പ്രതിഷ്ഠയോടെ മാത്രമേ ചൈതന്യവും ശോഭയും വീണ്ടെടുക്കാനാവൂ.
ജനാധിപത്യത്തിന്റെ ശ്രീകോവിലിന്റെ പവിത്രത കാത്തു സംരക്ഷിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ മുന്നിട്ടിറങ്ങുക തന്നെ ചെയ്യണം. സ്വര്‍ണക്കടത്തിലെ പ്രതികള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായും പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കരനുമായും ബന്ധമുണ്ടെന്നിരിക്കെ ആ ബന്ധത്തിന്റെ ആഴമാണ് അന്വേഷണത്തിലൂടെ പുറത്തുവരേണ്ടത്. ബന്ധം മാത്രമല്ല, സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നതാണ് വിഷയം.
തിരുവനന്തപുരം അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ കള്ളക്കടത്ത് കേസ് ആരംഭിച്ചിട്ട് ഏകദേശം ഒരു മാസം പിന്നിടുകയാണ്. സ്വര്‍ണ കടത്ത് കേസ് എന്‍.ഐ.എ ഉള്‍പ്പെടെയുള്ള വിവിധ ഏജന്‍സികള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. പ്രതികളില്‍ ചിലരെ പിടികൂടുകയും ചെയ്തിട്ടുണ്ട്. ഇത് കേരളത്തില്‍ പുതിയ കാര്യമല്ല. ഇങ്ങനെ മാത്രമായിരുന്നെങ്കില്‍ സാധാരണ കള്ളക്കടത്ത് കേസില്‍ ഒന്നു മാത്രമായി ഇതു മാറിയേനേ. ഈ കള്ളക്കടത്ത് കേസ് വ്യത്യസ്തമായ ഒന്നായി മാറുന്നത് കേസിലെ പ്രധാന പ്രതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അടുപ്പക്കാരായിരുന്നു എന്ന വിവരം പുറത്തുവന്നതോടെയാണ്. ഇത് കേസിന്റെ ഗൗരവം പതിന്മടങ്ങാക്കി. പിടിയിലായ സ്വപ്ന സുരേഷ് ഐ.ടി വകുപ്പിന് കീഴിലെ കേരളാ സ്റ്റേറ്റ് ഐ.ടി ഇന്‍ഫ്രാസ്ട്രെക്ചര്‍ ലിമിറ്റഡിനു കീഴിലുള്ള സ്പെയ്സ് പാര്‍ക്കിലെ ജീവനക്കാരിയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളത്തില്‍ ഐ.ടി വകുപ്പില്‍ ജീവനക്കാരിയല്ലെന്ന് പറയുമ്പോള്‍ ഈ സ്ഥാപനം അവരെ പിരിച്ചുവിട്ടെന്ന് പ്രഖ്യാപിക്കുകയായി രുന്നു. കൂടാതെ ഇവര്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്പെയ്സ് കോണ്‍ക്ലേവിലെ സംഘാടകയുമായി. ഒരു സമയം ഒരാള്‍ക്ക് കേരളത്തില്‍ രണ്ട് ഇടങ്ങളില്‍ ജോലിക്ക് എങ്ങനെയാണ് അവസരമുണ്ടായത്. കേരള ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി നല്കിയ സത്യവാങ്മൂലത്തില്‍ കോണ്‍സലേറ്റ് ജീവനക്കാരി എന്നും പറയുന്നു. എന്തിനായിരുന്നു ഇവരെ ഐ.ടി വകുപ്പിന് കീഴില്‍ നിയമിച്ചത്?. ആരുടെ താല്പര്യം, എന്ത് യോഗ്യത തുടങ്ങിയ കാര്യങ്ങള്‍ വിശദമായി പരിശോധിക്കേണ്ടതായുണ്ട്. ഇവര്‍ക്കെതിരെ നേരത്തെ കേസ് ഉണ്ടായിരുന്ന കാര്യം അറിഞ്ഞിരുന്നില്ലേ.
അഥവാ അത് പൊലീസ് അറിയിച്ചെങ്കില്‍ എന്തിന് വേണ്ടിയായിരുന്നു നിയമനം. അങ്ങനെ നിയമിച്ചാല്‍ അത് ആഭ്യന്തര വകുപ്പിന്റെ ചുമലയുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വീഴ്ചയല്ലേ. നിയമനം ലഭിക്കുന്നതിന് മുമ്പുതന്നെ മാറ്റൊരു കേസില്‍ പ്രതിയായിരുന്ന ഇവര്‍ക്ക് എത്ര രൂപയായിരുന്നു ശമ്പളമെന്ന് ഇപ്പോഴും തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഒരു ലക്ഷത്തിലേറെയെന്നാണ് പുറത്തുവരുന്ന വിവരം. അതിന്റെ ഇരട്ടിയിലധികമാകാനാണ് സാധ്യത. താല്‍ക്കാലിക ജീവനക്കാരിക്ക് സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിങ് കാര്‍ഡും മറ്റ് സൗകര്യങ്ങളും അനുവദിച്ചതും ദുരൂഹമാണ്. സംസ്ഥാന ഐ.ടി വകുപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് പുറത്തുവന്നത്. ഇക്കാര്യത്തില്‍ പൊതുസമൂഹത്തിനുമുന്നില്‍ വലിയ ആശങ്കകള്‍ നില്ക്കുന്നു.
കേരള സ്റ്റേറ്റ് ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ അഴിമതിയും അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവും നടന്നതായി ആക്ഷേപമുണ്ട്. പരസ്യപ്പെടുത്തിയിട്ടില്ലാത്ത തസ്തികകളിലേക്ക് ദുരൂഹമായ രഹസ്യനിയമനങ്ങള് നടന്നിട്ടുണ്ട്. 2016 ജൂണ്‍ മുതല്‍ സംസ്ഥാന ഐ.ടി വകുപ്പിലും ഈ വകുപ്പിന് കീഴില്‍ വരുന്ന കെ.എസ്. ഐ.ടി.ഐ.എല്‍, സ്പേസ് പാര്‍ക്ക് തുടങ്ങിയ സ്ഥാപനങ്ങളിലും പ്രൊജക്ടുകളിലും നിരവധി ക്രമക്കേടുകളാണ് നടന്നിട്ടുള്ളത്. യോഗ്യതാ മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള നിയമനങ്ങള്‍ ഐ.ടി വകുപ്പിനു കീഴില്‍ നടന്നു എന്നത് തെളിവുകള്‍ സഹിതം പുറത്തുവന്നിട്ടുണ്ട്. സ്പേസ് പാര്‍ക്ക് എന്ന ഐ.ടി വകുപ്പിന് കീഴിലുള്ള പ്രൊജക്ടില്‍ സ്വപ്ന സുരേഷിനെ നിയമിക്കുകയും പിന്നീട് പുറത്താക്കുകയും ചെയ്ത നടപടി ദുരൂഹവും സംശയാസ്പദവുമാണ്.
ഇവര്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന കള്ളക്കടത്ത് കേസില്‍ പെട്ടതുമായി ബന്ധപ്പെട്ടാണ് ഇത്തരം നിയമനങ്ങള്‍ പൊതുസമൂഹത്തിനു മുന്നില്‍ എത്തിയത്. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ (പി.ഡബ്ല്യു.സി), വിഷന്‍ ടെക്നോളജി ആന്റ് സ്റ്റാഫിങ് സൊല്യൂഷന്‍സ് തുടങ്ങിയ സ്ഥാപനങ്ങളുമായി ഏര്‍പ്പെട്ട കരാറുകളും പ്രവര്‍ത്തികളും നിയമനങ്ങളും അന്വേഷിക്കേണ്ടതുണ്ട്. 2016 ജൂണ്‍ മുതല്‍ ഈ സ്ഥാപനത്തിലും അനുബന്ധ പ്രൊജക്ടുകളും നടന്നിട്ടുള്ള നിയമനങ്ങള്‍ക്ക് യോഗ്യതയും പരിചയവും നിശ്ചയിക്കപ്പെട്ടിട്ടില്ല. യോഗ്യതകള്‍ നിശ്ചയിച്ചിരുന്ന തസ്തികകളില്‍ അവ പാലിച്ചിട്ടുമില്ല. അധികാരികള്‍ക്ക് താല്പര്യമുള്ള വ്യക്തികളെ യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിയമിക്കുന്നതിനും മറ്റു ക്രമക്കേടുകള്‍ നടത്തുന്നതിനും മറയാക്കാനായിരുന്നു പ്രൈസ് വാട്ടര്‍ ഹൗസ് സൂപ്പര്‍ പോലെയും വിഷന്‍ ടെക്നോളജി ആന്റ്സ്റ്റാഫിങ് സൊല്യൂഷന്‍സ് പോലെയുമുള്ള കണ്‍സള്‍ട്ടന്‍സികളെ തെരഞ്ഞെടുത്തത്.
സുതാര്യമല്ലാതെയും മാനദണ്ഡങ്ങള്‍ പാലിക്കാതെയുമാണ് ഈ നിയമനങ്ങള്‍ നടന്നിട്ടുള്ളത്. ഇതിനുപിന്നില്‍ അഴിമതിയും സ്വജനപക്ഷപാതവുമുണ്ട്. ഇതു മാത്രമല്ല, ഒട്ടനവധി നിയമനങ്ങള്‍ കെ.എസ്.ഐ.ടി.എല്‍ എന്ന സ്ഥാപനത്തിലും വകുപ്പിലെ വിവിധ പ്രോജക്ടുകളിലും നടന്നിട്ടുണ്ട്. യോഗ്യതയില്ലാത്തവരെ ഉയര്‍ന്ന ശമ്പളം നല്കി നിയമിച്ചത് നഗ്നമായ അഴിമതിയാണ്. കെ.എസ്.ഐ.ടി.ഐ.എല്‍ എന്ന സ്ഥാപനത്തില്‍ നിരവധി വാഹനങ്ങള്‍ വാടകക്ക് എടുത്തതും ചട്ടപ്രകാരമായിരുന്നില്ല.