രാജ്യസ്‌നേഹവും ദ്രോഹവും ഡല്‍ഹി സ്റ്റൈല്‍

കെ. മൊയ്തീന്‍കോയ

രാജ്യസ്‌നേഹത്തിനും രാജ്യദ്രോഹത്തിനും ഡല്‍ഹി പൊലീസിന്റെ പുതിയ നിര്‍വചനം വിചിത്രവും രാജ്യാനന്തര വിമര്‍ശനം ക്ഷണിച്ചു വരുത്തുന്നതുമാണ്. ഇരയെ വേട്ടക്കാരനാക്കുന്ന ഡല്‍ഹി പൊലീസിന്റെ രീതി നീതി നിഷേധവും ഏകപക്ഷീയമായ അന്വേഷണവും രാജ്യത്താകെയുള്ള പൊലീസ് സേനക്ക് കളങ്കവും ഇന്ത്യന്‍ ക്രിമിനല്‍ നിയമത്തെ തകിടം മറികടക്കുന്നതുമായി. കരിനിയമങ്ങളുടെ പിന്‍ബലത്തില്‍ നിരപരാധരര്‍ക്ക് എതിരെ കള്ള കേസുകള്‍ ചുമത്തുമ്പോള്‍ തന്നെ രാജ്യദ്രോഹകേസുകളിലെ വമ്പന്‍ സ്രാവുകള്‍ക്ക് പുറത്തു പോകാന്‍ സൗകര്യം നല്‍കുകയുമാണ് ഡല്‍ഹി പൊലീസ്. ഏറ്റവും അവസാനം പുറത്തുവരുന്ന വിവരം ഞെട്ടിപ്പിച്ചു. പാക് ഭീകര സംഘടനയായ ഹിസ്ബുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകര്‍ക്ക് ഒപ്പം ജമ്മു – കശ്മീര്‍ ഹൈവേയില്‍ വാഹനയാത്ര നടത്തുന്നതിനിടെ ജനുവരി 11 ന് അറസ്റ്റിലായി ജയിലില്‍ കഴിയുകയായിരുന്ന ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദേവിന്ദര്‍ സിംഗിനെയും മറ്റ് ഭീകരരെയും ഡല്‍ഹി കോടതി ജാമ്യത്തില്‍ വിട്ടിരിക്കുന്നു.

90 ദിവസത്തിന്നകം പ്രതികള്‍ക്ക് എതിരെ കുറ്റപത്രം സമര്‍പ്പിക്കാതിരുന്നത് കൊണ്ടാണ് ജാമ്യം. രാജ്യ സുരക്ഷാ കാര്യത്തില്‍ വാതോരാതെ പ്രഭാഷണം നടത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് നിയന്ത്രിക്കുന്നതാണ് ഡല്‍ഹി പൊലീസ്. ഗൗരവമേറിയ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ എന്തുകൊണ്ട് വീഴ്ച സംഭവിച്ചു. അഭ്യന്തര സുരക്ഷയുടെ കാര്യത്തില്‍ വീഴ്ച വരുത്തിയവരുടെ ‘രാജ്യസ്‌നേഹം’ എല്ലാവരും തിരിച്ചറിയുകയാണ്. ഡല്‍ഹിയില്‍ അക്രമം നടത്താന്‍ ഹിസ്ബുള്‍ തീവ്രവാദികളുമായി ചേര്‍ന്ന് ഗുഡാലോചന നടത്തിയെന്നാണ് ദേവിന്ദര്‍ സിംഗിന് എതിരായ കേസ്. അതിനാലാണ് കേസ് ഡല്‍ഹിയില്‍ എത്തിയത്. അമിത് ഷാക്ക് നേരിട്ട് കൈകാര്യം ചെയ്യാമല്ലോ. ഡല്‍ഹി പൊലീസിലെ ഭീകരവിരുദ്ധ വിഭാഗമായ സ്‌പെഷ്യല്‍ പോലീസ് സെല്‍ ഫയല്‍ ചെയ്ത ഹരജിയിലാണ് കുറ്റപത്രം സമര്‍പ്പിക്കാതിരുന്നത്.

പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരു വിചാരണ വേളയില്‍ ദേവിന്ദര്‍ സിംഗിന്റെ ഭീകരബന്ധത്തെ കുറിച്ച് മൊഴി നല്‍കിയിരുന്നതാണെങ്കിലും അന്വേഷണം ആ വഴിയിലൂടെ നീങ്ങിയില്ല. പുല്‍വാമക്ക് അടുത്ത് വലിയ വീട് നിര്‍മ്മിച്ചതും സാമ്പത്തിക സ്രോതസും അന്വേഷണത്തില്‍ അന്ന് വന്നില്ല. ഇയാള്‍ക്ക് ഒപ്പം രണ്ട് ഹിസ്ബ്കാര്‍ക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. ദേവീന്ദര്‍ സിംഗിനെ സംരക്ഷിക്കാന്‍ താല്‍പര്യം ആര്‍ക്കാണ്? തെലങ്കാന ഹൈകോടതി ഒരു കേസില്‍ നടത്തിയ പരാമര്‍ശം ഇവിടെയും ശ്രദ്ധേയം. ‘ഒരു പ്രത്യേക സമുദായത്തില്‍ പെട്ടവര്‍ മാത്രമാണോ ദേശദ്രോഹകേസില്‍ പ്രതികള്‍ ..!’

പൗരത്വഭേദഗതി നിയമത്തിന് എതിരെ ഡല്‍ഹിയില്‍ പ്രക്ഷോഭം നടത്തിയവര്‍ക്ക് എതിരെ യു.എ.പി.എ ചുമത്തുകയാണിപ്പോള്‍. കൃത്രിമമായി കേസ് പടച്ചുണ്ടാക്കുമ്പോള്‍ ഡല്‍ഹി പൊലീസിന് സംഭവിക്കുന്ന വീഴ്ച്ചയും അബദ്ധവും തമാശയായി. പൗരത്വ പ്രക്ഷോഭത്തിന്റെ മുന്നണി പോരാളികളെ ഡല്‍ഹി കലാപകേസിന്റെ ഉള്‍പെടുത്തി ദ്രോഹിക്കാന്‍ ഡല്‍ഹി പൊലീസ് എഫ്.ഐ.ആര്‍ തയാറാക്കിയതില്‍ സംഭവിച്ച അബദ്ധം രാജ്യത്താകമാനമുള്ള പൊലീസ് സേനക്ക് അപമാനമുണ്ടാക്കുന്നു. ഉമര്‍ ഖാലിദ്, ഖാലിദ് സെയ്ഫ്, ഡല്‍ഹി കൗണ്‍സിലര്‍ താഹിര്‍ ഹുസ്സയിന്‍ എന്നിവര്‍ ജനു 8 ന് ഡല്‍ഹി കലാപത്തിന് ഗൂഡാലോചന നടത്തിയെന്നാണ് എഴുതി ചേര്‍ത്തത്.

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇന്ത്യയില്‍ എത്തുമ്പോള്‍ കലാപം ഉണ്ടാക്കിയാല്‍ പൗരത്വ പ്രക്ഷോഭത്തിന് ലോക ശ്രദ്ധ ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണത്രെ ഗൂഡാലോചനയുടെ ലക്ഷ്യം ! എന്നാല്‍ ജനു: 8 വരെ സന്ദര്‍ശനം ആലോചിച്ച് പോലുമില്ല. ജനുവരി രണ്ടാം വാരം ഒരു ദേശീയ ദിനപത്രമാണ് സന്ദര്‍ശനത്തിന് സാധ്യത എന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയില്‍ പൗരത്വ പ്രക്ഷോഭകര്‍ക്ക് ഒപ്പം നിലകൊണ്ട സിഖ് സഹോദരന്‍ ഡി.എസ്. ബിന്ദ്രയെയും വെറുതെ വിടാന്‍ ഭാവമില്ല. ഡല്‍ഹിയിലെ സ്വന്തം ഫഌറ്റ് വില്‍പന നടത്തിയ പണം ഉപയോഗിച്ച് പ്രക്ഷോഭകര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കി സിഖ് – മുസ് ലിം സൗഹൃദം പ്രകടിപ്പിച്ച മനുഷ്യ സ്‌നേഹിയെയും കേസില്‍ കുടുക്കി. നാല് മാസം ഗര്‍ഭിണിയായ ജാമിഅ ഗവേഷക വിദ്യാര്‍ത്ഥിനി സഫൂറ സര്‍ഗര്‍, ഇസ്രത്ത് ജഹാന്‍ എന്നിവര്‍ക്കെതിരെയും യു.എ.പി.എ.ചുമത്തിയിരിക്കുന്നു. വിവാഹത്തിന് ഇസ്‌റത്തിന് കോടതി അനുവദിച്ചത് പത്ത് ദിവസം മാത്രം പരോള്‍. എന്നാല്‍ കള്ളക്കേസ് ചുമത്തി ജയിലി ല്‍ അടച്ചിട്ടും ധീരമായ ചെറുത്ത് നില്‍പ് നടത്തുന്ന വിദ്യാര്‍ത്ഥിനികളും മനുഷ്യാവകാശ പ്രവര്‍ത്തകരും രാജ്യത്തിനകത്തും പുറത്തും ശ്രദ്ധ നേടി കഴിഞ്ഞു.

ലോകത്തെ ഏറ്റവും വലിയ മെട്രോപൊളിറ്റന്‍പൊലീസ് സേനകളില്‍ പ്രമുഖ സ്ഥാനമുള്ള ഡല്‍ഹി പൊലീസ് ചരിത്രത്തിന് കളങ്കമാവുകയാണ് സമീപകാല സംഭവ വികാസങ്ങള്‍. കുറ്റകൃത്യങ്ങള്‍ വന്‍തോതില്‍ വര്‍ദ്ധിച്ചു. ബലാല്‍സംഗ കേസുകള്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമം തുടങ്ങിയവ വര്‍ദ്ധിക്കുമ്പോള്‍ ഡല്‍ഹി പൊലീസിന്റെ ശ്രദ്ധ സര്‍ക്കാറിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കുന്നതിലാണ്. കോ വിഡ് മഹാമാരിക്കെതിരെ രാജ്യവും ലോകമാകെയും പൊരുതുമ്പോള്‍ ഡല്‍ഹി പോലീസ് ന്യൂനപക്ഷ വേട്ടയിലാണ്. സമീപമുള്ള രാഷ്ട്രീയ സാമൂഹ്യ സാഹചര്യമോ രാജ്യം ഭരിക്കുന്നവരുടെ മനോവികാരത്തെയോ കുറിച്ച് ചിന്താഗതിക്കാത്ത തബ് ലീഗുപ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ വലഞ്ഞു. കോവിഡ് സാഹചര്യത്തില്‍ അവര്‍ക്ക് മേല്‍ ഡല്‍ഹി പോലീസ് 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മുന്‍കാലങ്ങളില്‍ രാജ്യത്ത് ന്യൂനപക്ഷ വിരുദ്ധതയില്‍ കുപ്രസിദ്ധരായ പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റ ബുലറി (ഉത്തര്‍ പ്രദേശ് – പി.എ.സി.) കടത്തിവെട്ടും ഇങ്ങനെ നീങ്ങിയാല്‍ ഡല്‍ഹി പോലീസ്.

അലീഗര്‍ കലാപം (1978) 150 ന്യൂനപക്ഷ വിഭാഗക്കാരെ കൂട്ടക്കുരുതി നടത്തിയ മുറാദാബാദ് കലാപം (1980), മീററ്റ് കലാപം (1982), മീററ്റ് ഹാഷിം പുര മൊഹല്ലയില്‍ 40 പേര്‍ കൊല്ലപ്പെട്ട കേസ് തുടങ്ങിയ സംഭവങ്ങളില്‍ പി.എ.സിയുടെ പങ്ക് സംശയിക്കുന്നു. രാജ്യ തലസ്ഥാനത്ത് കേന്ദ്ര ഭരണത്തിന് കീഴിലുള്ള പോലീസിന് ഉത്തരവദിത്തം നിര്‍വഹിക്കുവാന്‍ സ്വാതന്ത്ര്യം നല്‍കണം. മറിച്ച് സംഭവിക്കുമ്പോള്‍ രാജ്യത്തിന്നകത്ത് മാത്രമല്ല പുറത്തും വിമര്‍ശനം സ്വാഭാവികം. മഹത്തായ പാരമ്പര്യമുള്ള നമ്മുടെ നാട്ടിന്റെ മികവുറ്റ പ്രതിച്ഛായക്ക് അത് കളങ്കമാവും.

SHARE