കണ്ണു തുറക്കാന്‍ ഇനിയെത്ര പ്രവാസികള്‍ മരിക്കണം

സി.വി.എം വാണിമേല്‍

മുഖ്യമന്ത്രീ, ഇനിയെത്ര മലയാളികള്‍ മരിച്ചുവീഴണം താങ്കളുടെ കണ്ണ് തുറക്കാന്‍? വേദനകുത്തിത്തറക്കുന്ന മനസ്സില്‍ നിരാശയും ഭയവും തളം കെട്ടി നില്‍ക്കുന്ന ഈ ചോദ്യം കരള് പറിച്ചെടുത്തുള്ളതാണ്. എല്ലാ ഗള്‍ഫ് രാജ്യങ്ങളിലെയും കെ എം സി സിയടക്കമുള്ള പ്രവാസി സംഘടനാ നേതാക്കളെ വിളിച്ചപ്പോള്‍ അവര്‍ക്കെല്ലാം ഒരൊറ്റ മറുപടിയേ ഉള്ളൂ. മരണവും കാത്ത് കഴിയുന്ന മനുഷ്യരുടെ ദയനീയകഥ. എത്ര ശവങ്ങള്‍ കണ്ടാല്‍ സര്‍ക്കാരിന് തൃപ്തിയാകുമെന്നാണവര്‍ ചോദിക്കുന്നത്.

അറബ് മാധ്യമ പ്രവര്‍ത്തകന്‍ ജാബിര്‍ അബ്ദുല്ല ഹസ്സന്‍ സംസാരത്തിനിടയില്‍ പറഞ്ഞതിങ്ങിനെ: ജി.സി.സി രാജ്യങ്ങളുടെ അറബ് സന്നദ്ധ സംഘടനകളുടെ സംയുക്ത യോഗത്തില്‍ കെ എം സി സി യുടെ സന്നദ്ധ സേവനം ചര്‍ച്ചക്ക് വരും. കോവിഡ് പിടിപെട്ടവര്‍ അടച്ചിടപ്പെട്ട മുറികളിലാണിപ്പോഴും. ചികിത്സയില്ല. മരുന്നില്ല. കിടക്കാനിടമില്ല. ആത്മഹത്യകള്‍ നാം കണ്ടു. ഇനിയും ആത്മഹത്യകളുണ്ടാകുമെന്ന ഭീതിയിലാണ് സന്നദ്ധ പ്രവര്‍ത്തകര്‍. അത്രയ്ക്ക് അവശരും നിരാശരുമാണവര്‍. ഒടുവില്‍ മനുഷ്യനെ പച്ചയായി വെട്ടി നുറുക്കുന്നത് പോലെയായി കോവിഡ് ടെസ്റ്റ് വേണമെന്ന സര്‍ക്കാര്‍ നിലപാട്. ജലദോഷം വന്നാല്‍ വിക്‌സ് വാങ്ങിപ്പുരട്ടാന്‍ പോലും വഴിയില്ലാത്തവരെങ്ങനെ വന്‍ തുകനല്‍കി കോവിഡ് പരിശോധിക്കും.?

യാത്രാരേഖകളില്ലെങ്കില്‍ ടെസ്റ്റും നടക്കില്ല. ടെസ്റ്റ് നടന്നാല്‍ തന്നെ മൊബൈലില്‍ റിസള്‍ട്ട് വരില്ല. ജെസ്റ്റ് ഒരു ടെലിഫോണ്‍ കോള്‍, അത്ര തന്നെ. രണ്ടാഴ്ച മുമ്പ് ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ എമ്പസികളും കോണ്‍സുലേറ്റുകളും ഇന്ത്യയെ അറിയിച്ച ഒരു കണക്കുണ്ട്. അതിന്റെ ഉള്ളടക്കമിതാണ്, പ്രവാസികളെ രാജ്യത്തെത്തിക്കാന്‍ വൈകിയാല്‍ ഗള്‍ഫില്‍ ഇന്ത്യക്കാരുടെ മരണസംഖ്യ കൂടും. അവസ്ഥ വളരെ ഗുരുതരമാണ്. ഇതിന് ശേഷമാണ് ചാര്‍ട്ടേഡ് വിമാനങ്ങള്‍ അനുവദിക്കാന്‍ തുടങ്ങിയത്. ഇവിടെയും വന്‍ ചതി നടക്കുന്നു. കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ വരാതിരിക്കാന്‍ കേരള സര്‍ക്കാര്‍ പലതന്ത്രങ്ങളും പ്രയോഗിക്കുകയാണ്. പക്ഷേ എല്ലാം ജനം തിരിച്ചറിയുന്നുവെന്നതാണാശ്വാസം. മൃഗീയവും മനുഷ്യത്വരഹിതവുമായിപ്പോയി പട്ടിണിപ്പാവങ്ങളോട് കൊറോണാഫലം കയ്യില്‍ കരുതിയിട്ട് വേണം വിമാനം കയറാനെന്ന മുഖ്യമന്ത്രിയുടെ ഉത്തരവ്. സഊദിയില്‍ നിന്നും ഈ മാസം 20 ന് ശേഷം ഇന്ത്യയിലേക്ക് പറക്കുന്ന വന്ദേമാതരം വിമാനങ്ങളിലൊന്നും കേരളത്തിലേക്കില്ല.

2 ലക്ഷം കോടി കേരളത്തിന്റെ സമൃദ്ധിക്ക് വേണ്ടി അയച്ച പ്രവാസികളുടെ വിമാന ടിക്കറ്റും കോവിഡ് ടെസ്റ്റും സര്‍ക്കാര്‍ വഹിച്ചാലും എത്ര പണം വേണ്ടി വരും? ആരുടേയും തറവാട് വിറ്റ് കിട്ടിയതല്ലല്ലോ ഖജനാവിലുള്ളത്. ഈ മഹാമാരിയുടെ പേരില്‍ തന്നെ കോടികളെത്ര ലഭിച്ചു? ഓരോ ദുരന്തങ്ങളും ഓരോ ആഘോഷങ്ങളാക്കുകയല്ലേ സര്‍ക്കാര്‍. ഇതിനൊക്കെ പുറമെ കാലാകാലങ്ങളിലായി പ്രവാസികളുടെ സംരക്ഷണത്തിന്നായി എമ്പസികളില്‍ കുന്നുകൂടിക്കിടക്കുന്ന വെല്‍ഫയര്‍ ഫണ്ട് ആരുടെ ചാവടിയന്തിരത്തിന് വെച്ചതാണ്? ഇതുവരെയായി പ്രവാസികള്‍ക്ക് വേണ്ടി കേരളം എത്ര പണം ചിലവിട്ടു? സര്‍ക്കാരിന്റെ ഭാഷയില്‍ പറഞ്ഞാല്‍ കൊറോണയും കൊണ്ട് വരുന്നവരെ വീടുകളിലേക്ക് പറഞ്ഞയക്കുന്നതും കിട്ടിയ പണം ചിലവിടണ്ടായെന്ന ദുരുദ്ദേശ്യത്തോടെയാണെന്നാര്‍ക്കാണറിയാത്തത്? മാസങ്ങള്‍ക്ക് മുമ്പെ ഇങ്ങിനെയൊരു അപകടാവസ്ഥയുടെ മുന്നറിയിപ്പ് കണക്കുകള്‍ നിരത്തി മുസ്‌ലിം ലീഗും പ്രതിപക്ഷവും കെ എം സി സി യും ചന്ദ്രികയും ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നുണ്ടായിരുന്നു. മെഡിക്കല്‍ സംഘത്തെ അയക്കുക. അല്ലെങ്കില്‍ എത്രയും പെട്ടെന്ന് പ്രവാസികളെ നാട്ടിലെത്തിക്കുക.

ഇതൊന്നും കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇല്ലാത്ത ഓരോ കാരണങ്ങള്‍ കാണിച്ച് അനിവാര്യമായ നടപടികള്‍ നീട്ടിക്കൊണ്ടുപോയതിന്റെ ദുരന്തമാണിപ്പോള്‍ പ്രവാസികളനുഭവിക്കുന്നത്. ഈജിപ്തും ഫിലിപ്പൈനും കൊറിയയും സിങ്കപ്പൂരും ബംഗ്ലാദേശും ശ്രീലങ്കയും പാക്കിസ്താനും ചൈനയും നേപ്പാള്‍ വരെ അവരുടെ രാജ്യക്കാരെ സ്വന്തം ചിലവില്‍ കൊണ്ടുപോവുകയാണ്. ഇതൊക്കെ കാണുമ്പോള്‍ മന്ത്രിമാര്‍ക്ക് സുപ്ര വിരിച്ചും രാഷ്ട്രീയക്കാരെ വിരുന്നൂട്ടിയും ആതിഥ്യ പെരുമയുടെ മലയാളത്തനിമ പ്രകടിപ്പിച്ച പ്രവാസികള്‍ നെഞ്ചത്തടിച്ച് വാവിട്ട് കരയുകയാണ്. പ്രവാസികളുടെ ക്ഷമയറ്റിരിക്കുന്നു. ഇനി ആലോചിക്കാനും കത്തയക്കാനും സമയമില്ല. നീതി തേടി ഞങ്ങള്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് ചെയ്യും. കുടുംബങ്ങളൊത്ത്. അതിനിടവരുത്തരുത്.

SHARE