പി.എം കെയര്‍ ഫണ്ട്: ദുരൂഹതകളുടെ ശേഖരം

ടി.സി അഹമ്മദലി ഹുദവി

കോവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാര്‍ച്ച് 28 ന് രൂപീകരിച്ച പി.എം കെയര്‍ ഫണ്ട് (Prime Minister’s Citizen Assistance Fund) കൂടുതല്‍ അവ്യക്തതകളുടെയും സുതാര്യതയില്ലായ്മയുടെയും പുകമറ സൃഷ്ടിക്കുകയാണ്. പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, കേന്ദ്ര പ്രതിരോധ മന്ത്രി, കേന്ദ്ര സാമ്പത്തിക മന്ത്രി എന്നിവര്‍ അടങ്ങുന്ന ഒരു ചാരിറ്റബിള്‍ ട്രസ്റ്റാണ് പി.എം കെയര്‍ ഫണ്ടെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ ഔദ്യോഗിക വിവരണം. ഇതിലേക്ക് പുറത്ത് നിന്നുള്ള മൂന്ന് അംഗങ്ങളെ നിശ്ചയിക്കാനുള്ള അധികാരം പ്രധാനമന്ത്രിക്കുണ്ട്. ഇതിന്റെ അധികാരങ്ങളും ധന വിനിയോഗവും അംഗങ്ങളില്‍ സംക്ഷിപ്തമാക്കുന്ന സ്വഭാവമാണ് ഈ ട്രസ്റ്റിന്റെത്. 1948 ല്‍ ജവഹര്‍ലാല്‍ നെഹ്‌റു രൂപകല്‍പന ചെയ്തതും പ്രകൃതിദുരന്തങ്ങള്‍ക്കും അടിയന്തിര സാഹചര്യങ്ങള്‍ക്കും ഉപയോഗിച്ച് വരുന്നതുമായ പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ നിധി (PMNRF) ഉണ്ടായിരിക്കെ പിന്നെന്തിനാണ് ഒരു പി.എം കെയര്‍ ഫണ്ട് എന്നാണ് ഉയര്‍ന്നുവരുന്ന ഏറ്റവും വലിയ ചോദ്യം. 2019 ലെ കണക്കനുസരിച്ച് പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ നിധിയിലെ 3,800.44 കോടിയുടെ വലിയ ഭാഗവും ഉപയോഗിക്കാതെ കിടക്കുന്ന ഈ സാഹചര്യത്തില്‍ , തിടുക്കംകൂട്ടി പി.എം കെയര്‍ രൂപികരിച്ചതിന്റെ പിന്നിലെ ആവശ്യകത തന്നെയാണ് അടിസ്ഥാനപരമായി സംശയമുയര്‍ത്തുന്നത്.

പി.എം.എന്‍.ആര്‍.എഫിന്റെ ധനവിനിയോഗത്തിന് പാര്‍ലമെന്റ് അനുമതി ആവശ്യമാണെന്നിരിക്കെ പാര്‍ലമെന്റിന്റെ ഒരു അനുമതിയും ആവശ്യമല്ലാത്ത ധന വിനിയോഗ അധികാരം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മാത്രം അംഗങ്ങളില്‍ ഒതുങ്ങുന്ന പി.എം കെയര്‍, സ്വജനപക്ഷപാതത്തിന്റെ വലിയ സാധ്യതകളിലേക്കാണ് വഴിയൊരുക്കുന്നത്. ഭീമമായ ധനം ശേഖരിക്കുന്ന ഈ കെയര്‍ ദുര്‍ബലമായ നിയമ വ്യവസ്ഥകള്‍ പ്രകാരം രൂപീകരിക്കപ്പെട്ടു എന്നുള്ളത്, ദുരുപയോഗത്തിനുള്ള സാഹചര്യങ്ങള്‍ കൂടി വരുത്തി വെക്കുന്നുണ്ട്.

പി.എം കെയറിന്റെ വിശദാംശങ്ങള്‍ വിവരവകാശ പ്രകാരം ആവശ്യപ്പെട്ടപ്പോള്‍ മൗനം ഭജിച്ച പ്രധാനമന്ത്രിയുടെ ഓഫീസ്, ഒരു മാസത്തിന് ശേഷം അപ്പീലിന് പോയപ്പോഴാണ് ഇത് പൊതുകാര്യമല്ലെന്നും വിവരവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നുമുള്ള നിലപാടുമായി രംഗത്ത് വന്നത്. ഇന്ത്യയുടെ ദേശീയ ചിഹ്നമായ അശോക ചക്ര വെച്ച് പ്രചരണം നടത്തുകയും പൊതു ചാരിറ്റബിള്‍ ട്രസ്റ്റാണെന്ന് വെബ്‌സൈറ്റില്‍ വ്യക്തമാക്കുകയും ചെയ്യുമ്പോഴും സ്വതന്ത്ര്യ ഓഡിറ്റിംഗാണ് നടത്തപ്പെടുക എന്നുള്ളതാണ് വലിയ വിരോധാഭാസം. ട്രെസ്റ്റ് ആവശ്യപ്പെടാത്ത കാലത്തോളം ഓഡിറ്റ് ചെയ്യാനാവില്ല എന്ന് സി.എ.ജി ഇതിനകം പ്രതികരിക്കുകയും ചെയ്തു. പിന്നീട് പി.എം കെയറിന്റെ സ്വതന്ത്ര ഓഡിറ്ററായി ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘സാര്‍ക്ക് അസോസിയേറ്റി’നെ നിയമിച്ചതായി വെബ്‌സൈറ്റിലൂടെ ജൂണ്‍ 11 നാണ് അറിയിക്കുന്നത്. ഏപ്രില്‍ 23 ന് തന്നെ ഓഡിറ്ററെ നിയമിച്ചിരുന്നു എന്ന അവകാശവാദ ഉന്നയിക്കപ്പെടുമ്പോഴും പ്രസിദ്ധീകരിക്കാന്‍ പിന്നെന്തുകൊണ്ട് ഏഴ് ആഴ്ച്ചയോളം വൈകി എന്ന ചോദ്യം ഏറെ പ്രസക്തമാണ്.

പി.എം കെയറിന്റെ അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഓഡിറ്റ് ചെയ്യുന്ന സാര്‍ക്ക് അസോസിയേറ്റ്, ബിസിനസ്സ് വിദഗ്ധനും എഴുത്തുകാരനുമായ സുനില്‍ കുമാര്‍ ഗുപ്ത എന്ന ബി.ജെ.പി ആദര്‍ശവാദിയുടെ ഉടമസ്ഥതയിലാണ്. നരേന്ദ്ര മോദിയുടെ സംരംഭങ്ങളെ പ്രചരിപ്പിക്കുന്ന ‘മേക്ക് ഇന്‍ ഇന്ത്യ’, ‘ബിനാമി പ്രോപര്‍ട്ടി’ എന്നീ പുസ്തകങ്ങളുടെ രചയിതാവും, മോഡി സര്‍ക്കാറിന്റെ ‘സ്‌കില്‍ ഇന്ത്യ’, ‘സ്റ്റാര്‍ട്ടപ്പ് ഇന്ത്യ’, ‘മുദ്ര യോജന’ ക്രെഡിറ്റ് ഗാരണ്ടി ഫണ്ട് എന്നിവയെ കുറിച്ച് ദൂരദര്‍ശന്‍ ടി.വിയിലും സീ ബിസ്‌നസ് ചാനലിലും വന്ന് വാതോരാതെ സംസാരിക്കുന്ന ഒരാളും കൂടിയാണ് സുനില്‍ കുമാര്‍ ഗുപ്ത. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബി.ജെ.പി സൗഹൃദ സന്നദ്ധ സംഘടനയായ രാഷ്ട്രീയ അന്തോദ്യ സംഘ് (RAS) പ്രവര്‍ത്തകനുമാണ്. അതുകൊണ്ട് തന്നെ ഗുപ്തയുടെ ഈ നിയമനം സ്വജനപക്ഷപാതത്തിലേക്ക് വഴിയെരുക്കുന്നുണ്ട്.

2018-19 മുതല്‍ പി.എം.എന്‍.ആര്‍.എഫ് ഓഡിറ്ററായി മോദി ഗവണ്‍മെന്റ് നിയമിച്ചതും ഇതേ സാര്‍ക്ക് അസോസിയേറ്റിനെയാണ്. 2009-10 മുതല്‍ 2017-18 വരെ ഓഡിറ്റിംഗ് ചെയ്തിരുന്ന താകൂര്‍ വൈദ്യാനാഥ് അയര്‍ കമ്പനിക്ക് കോണ്‍ഗ്രസ്സ് നേതാവ് രമേശ്വര്‍ താകൂറുമായി ബന്ധമുണ്ടെന്ന വ്യാജ ആരോപണം ഉന്നയിച്ച് പുറത്താക്കിയ അതേ മോദിയാണ് ഇവിടെ സ്വന്തക്കാരനായ സുനില്‍ കുമാര്‍ ഗുപ്തയുടെ കമ്പനിയെ ഓഡിറ്ററായി നിയമിച്ചത് എന്നതാണ് ബഹു രസം.

9,677.90 കോടിയാണ് ഇതിനകം പി.എം കെയറിലേക്ക് എത്തിയത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതില്‍ 4,308 കോടി സംഭാവന ചെയ്തത് ഗവണ്‍മെന്റ് സ്ഥാപനങ്ങളും ഉദ്യോഗസ്ഥരുമാണ്. ഇതിനകം ഗൂഗില്‍ പെ യിലൂടെ മാത്രം ലഭിച്ചത് 124 കോടി രൂപയാണ്. പ്രത്യേക സര്‍ക്കുലര്‍ അയച്ചും ആദായ നികുതി കിഴിവ് നല്‍കിയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും പിരിച്ചെടുത്ത ഫണ്ടിന് സുതാര്യതയും, പൊതു സ്വഭാവവും കൈവരാത്തത് ഒരിക്കലും ന്യായീകരിക്കാനാവാത്തതാണ്.
വിദേശ സംഭാവന നിയന്ത്രണ നിയമ പ്രകാരം വിദേശ സംഭാവന അനുവദനീയമാക്കിയത് മൂലം വലിയ തോതില്‍ വിദേശ ഫണ്ട് പി.എം കെയറിലേക്ക് വരാന്‍ സാധ്യതയുണ്ട്. വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ ഈ കാര്യം പ്രസിദ്ധീകരിച്ചത് ഇതോടെപ്പം കൂട്ടി വായിക്കേണ്ടതാണ്. പി.എം കെയറിലേക്കുള്ള സംഭാവന ആദായ നികുതി നിയമത്തിന്റെ കീഴിലെ സെക്ഷന്‍ 80 ജി പ്രകാരമുള്ള നൂറ് ശതമാനം നികുതി കിഴിവ് ലഭിക്കുന്നതിനാലും ‘നിര്‍ബന്ധിത സാമൂഹിക ബാദ്ധ്യത’ (CSR) യായി പരിഗണിക്കപ്പെടുന്നതിനാലും കോര്‍പറേറ്റ് മേഖലയില്‍ നിന്ന് വലിയ സംഭാവനകളാണ് ഒഴുകുന്നത്. ഇതിന്റെ ആനുകൂല്യ വിവരങ്ങള്‍ കേന്ദ്ര കേര്‍പറേറ്റ് മന്ത്രാലയം തന്നെയാണ് പരസ്യപ്പെടുത്തിയത്. മോദിയുടെ അടുത്ത വ്യവസായ സുഹൃത്ത് ഗൗതം അദാനി 100 കോടിയും ജെ.എസ് ഡബ്യൂ ഗ്രൂപ്പ്, ടാറ്റ, റിലയന്‍സ് എന്നിവര്‍ വന്‍ തുക വാഗ്ദാനവുമായി രംഗത്ത് വരികയും ചെയ്തിട്ടുണ്ട്.

പി.എം.എന്‍.ആര്‍ എഫി നും സംസ്ഥാനങ്ങളിലെ മുഖ്യ മന്ത്രി ദുരിതാശ്വാസ ഫണ്ടിനും നല്‍കാത്ത ഇത്തരം വ്യവസ്ഥകളും ഇളവുകളും കേന്ദ്ര സര്‍ക്കാര്‍ പി.എം കെയറിന് അനുവദിച്ച് നല്‍കിയത് വ്യക്തികളുടെയും കോര്‍പറേറ്റ് കമ്പനികളുടെയും സാമൂഹിക ഫണ്ട് പി എം കെയറില്‍ കുമിഞ്ഞ് കൂടാന്‍ കാരണമാകും. ഇതിലൂടെ കോര്‍പറേറ്റ് വ്യക്തികള്‍ക്ക് ഇരട്ടലാഭമാണ് കരസ്ഥമാകുന്നത്. മാത്രമല്ല ഇത് സി.എസ്.ആര്‍ ഫണ്ടിനെ ആശ്രയിക്കുന്ന സന്നദ്ധ സംഘടനകളുടെ നിലനില്‍പ്പിനെ തന്നെ ശക്തമായ രീതിയില്‍ ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സന്നദ്ധ സംഘടനയിലേക്ക് വരുന്ന അമ്പത് ശതമാനത്തോളം വരുമാനത്തെ തന്നെ ഇല്ലാതാക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ഒരു ഭാഗത്ത്, രണ്ട് വര്‍ഷത്തേക്കുള്ള എം.പിമാരുടെ തദ്ദേശ വികസന ഫണ്ടിന് കടുത്ത നിയന്ത്രണം കൊണ്ടുവരുകയും മറ്റൊരു ഭാഗത്ത് സന്നദ്ധ സംഘടനകളിലൂടെ ഗ്രമങ്ങളിലേക്ക് ഒഴുകേണ്ട ഫണ്ട് പി.എം കെയറിലേക്ക് വഴിതിരിച്ചുവിട്ട് സ്വന്തം ട്രസ്റ്റിന്റെ പോക്കറ്റിലാക്കുന്നത് ഇന്ത്യ നേരിടാന്‍ പോകുന്ന വലിയൊരു ദുരന്തമാകും.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ രൂപീകരിച്ച ഫണ്ടിന്റെ വിനിയോഗം വ്യക്തതയില്ലാതെ കിടക്കുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് മൂലം പട്ടിണിയിലേക്കും മരണത്തിലേക്കും നടന്ന് നീങ്ങിയ ലക്ഷക്കണക്കിന് അതിഥി തൊഴിലാളികള്‍ക്കോ, ജോലി നഷ്ടപ്പെട്ട 12. 2 കോടി ജനങ്ങള്‍ക്കോ പി.എം കെയറില്‍ നിന്ന് നയാ പൈസ വിനിയോഗിക്കാന്‍ ഇത് വരെ തയ്യാറായിട്ടില്ല.

പി.എം കെയറില്‍ നിന്ന് 3,100 കോടി ചെലവഴിച്ചതിനെക്കുറിച്ച് മാത്രമാണ് ഇത് വരെ വിവരങ്ങള്‍ പുറത്തുവന്നത്. ഇത് തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ കോവിഡ് ഹോസ്പിറ്റലായ അഹമ്മദാബാദിലെ ഹോസ്പിറ്റലിലേക്ക് 500 വെന്റിലേറ്ററുകള്‍ വാങ്ങാന്‍ ഉപയോഗിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. 2.5 ലക്ഷത്തിന്റെ 500 വെന്റിലേറ്ററുകള്‍ വാങ്ങാന്‍ 1250 കോടി മാത്രമെ ആവുകയുള്ളു . ബാക്കിയുള്ള പണം എവിടെ ചിലവഴിക്കപ്പെട്ടു എന്ന ചോദ്യം അവശേഷിക്കുകയാണ്. ഈ വാങ്ങിയ വെന്റിലേറ്ററുകള്‍ തന്നെ ഉപയോഗ ശൂന്യമാണെന്ന പത്രവാര്‍ത്തകള്‍ വന്ന സാഹചര്യത്തില്‍, ഫണ്ടിന്റെ വിനിയോഗത്തിലെ കാര്യക്ഷമത ഊഹിക്കാനാവുന്നതെ ഉള്ളൂ.

ഒരേ സമയം, സര്‍ക്കാറിന്റെ ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി പ്രചരിപ്പിക്കുകയും പൊതുജനങ്ങളില്‍ നിന്ന് ധനശേഖരണം നടത്തുകയും ചെയ്തിട്ട് അതിന്റെ കൈകാര്യവും വിനിയോഗവും വിവരാവകാശത്തിന് പോലും മുഖം കൊടുക്കാതെ മുന്നോട്ട് പോകുന്നത് അപകടകരമാണ്. റഫേല്‍ ഇടപാടില്‍ സൃഷ്ടിച്ച പുകമറ പി.എം കെയര്‍ ഫണ്ടിലും സൃഷ്ടിച്ച് കാര്യം നേടാന്‍ ശ്രമിക്കുകയാണ് ഇവിടെ നരേന്ദ്ര മോഡിയും കൂട്ടരും.

SHARE