മനുഷ്യസാധര്‍മ്മ്യവും സാമ്പത്തിക സമീകരണ സിദ്ധാന്തവും

പ്രൊഫ. പി.കെ.കെ തങ്ങള്‍

ലോകത്തെ ഒന്നായി കാണുന്ന, മനുഷ്യകുലത്തെ ഏകോദര സഹോദരങ്ങളായി കാണുന്ന ‘മനുഷ്യസാധര്‍മ്മ്യം’ (ഹോമോ ജനറ്റി ഓഫ് മാന്‍കൈന്റ്) എന്ന മഹത്തായ ആശയവും അതിന് താങ്ങും തണലുമായി നിര്‍ണ്ണയിക്കപ്പെട്ട സാമ്പത്തിക സമീകരണ സിദ്ധാന്തവു(സോഷ്യലിസം) മാണ് ഈ കാലഘട്ടത്തില്‍ ഏറ്റവും പ്രസ്‌കതവും എന്നാല്‍ വികലമായ ഇടപെടലുകള്‍കാരണം ഏറ്റവുമധികം ഭീഷണി നേരിടുന്നതുമായ തത്വസംഹിത. മനുഷ്യര്‍ ഒരേ കുടുംബമാണെന്നും വര്‍ണ്ണ ഭാഷാ ഭൂമേഖലാ വ്യത്യാസങ്ങളൊക്കെ തിരിച്ചറിവിനുവേണ്ടിയുള്ളതു മാത്രമാണെന്നും അപ്രകാരം തന്നെഭൂമി ദൈവത്തിന്റെതാണെന്നും അത് (വെറും താല്‍ക്കാലിക) കൈവശാവകാശം മാത്രമാണ് മനുഷ്യനുള്ളതെന്നും ആകയാല്‍ കുലമഹിമയുടെയും ധനമിടുക്കിന്റെയുംപേരില്‍ ആരും മേനി നടിക്കേണ്ടതില്ലെന്നും അഥവാ വല്ലവനും അങ്ങനെ ധാര്‍ഷ്ട്യം കാണിച്ചാല്‍ അവരുടെയെല്ലാം അന്ത്യം എപ്രകാരമായിരിക്കുമെന്നതിന്റെ ഉദാഹരണങ്ങള്‍ ഫറോവയുടെയും ഖാറൂനിന്റെയും ഹാമാനിന്റെയും അവിടുന്നിങ്ങോട്ട് ഹിറ്റ്‌ലറുടെയും മുസ്സോളനിയുടെയുമൊക്കെ ചരിത്രം പഠിപ്പിക്കുന്നുണ്ട്.

ചരിത്രം എന്ന് പറയുന്നത് മനുഷ്യന് പിന്നോട്ട് തിരിഞ്ഞുനോക്കി, കണ്ട് പാഠമുള്‍ക്കൊള്ളാനുള്ളതാണ്. ചിലപ്പോള്‍ ചരിത്രത്തത്തിന്റെ തനിയാവര്‍ത്തനങ്ങളും കാണാറില്ലേ. അത്തരം ഒരു ചരിത്ര തനിയാവര്‍ത്തനമാണോ ഫറോവയുടെയും ഹിറ്റ്‌ലറുടെയുമൊക്കെ പ്രതിരൂപങ്ങളെന്ന് തോന്നിക്കുമാറുള്ള സ്വരൂപങ്ങള്‍ ഇന്ന് നമ്മുടെ രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. അങ്ങിനെയാണെങ്കില്‍ ഒട്ടും ആശങ്കപ്പെടേണ്ടതില്ല, ‘കാണുന്നതും കാണാത്തതുമായ’ മാര്‍ഗങ്ങളിലൂടെ അവരുടെ വൈകൃത വൃത്തികളുടെ ഫലം അവര്‍ കണ്ടെത്തുകതന്നെ ചെയ്യും.

ഭരണകൂടത്തിന്റെ മൗനാനുവാദത്തോടെ രാജ്യത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്, കാരണം കണ്ടെത്താനാവാത്ത കലാപവും വേഷവും ശരീരവും പരിശോധിച്ചുള്ള നിഷ്ഠൂരമായ കൂട്ടക്കൊലയുമാണ്. സ്വതന്ത്രചിന്തയുള്ള ഏതൊരു മനുഷ്യനെയും ആകുലനാക്കുന്ന കാഴ്ചകളല്ലേ ദൈനംദിനം അരങ്ങേറ്റുന്നത്- എന്നിട്ട് ‘റോമാ നഗരം കത്തിയെരിയുമ്പോള്‍ നീറോ വീണ വായിക്കുകയായിരുന്നു’ എന്ന് പറഞ്ഞപോലെ, ഇത്തരം ആളെ തെരഞ്ഞുനോക്കിയുള്ള കൂട്ടക്കുരുതി നടക്കുമ്പോള്‍ പ്രധാനമന്ത്രി ഉറ്റചങ്ങാതിയുമൊത്ത് ഐസ്‌ക്രീം നുണയുകയല്ലേ ചെയ്തുകൊണ്ടിരിക്കുന്നത്. രാജ്യത്തെ പൗരന്മാരുടെ സുരക്ഷയുടെ ഉത്തരാവാദിത്തം ഭരണത്തലവന്റെ കൈകകളിലാണെന്നു വളരെ ലളിതമായ ലോകതത്വം ചുമതലക്കാരന് അറിഞ്ഞുകൂടാത്തതാണോ. അങ്ങിനെയല്ല, മറിച്ച് ഇവിടെ വിഷയം മറ്റൊന്നാണ്; മുസ്‌ലിം വംശഹത്യ തന്നെ. ആദ്യത്തെ അഞ്ച് വര്‍ഷ ഭരണകാലത്ത് നല്ലപിള്ള ചമഞ്ഞ് നിഗൂഢമായി പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും രണ്ടാമൂഴം വന്നപ്പോള്‍ ഇനി വൈകിക്കൂടാ എന്ന ധൃതിയോടെ അത് നടപ്പില്‍വരുത്തി ഹിറ്റ്‌ലറുടെയും മുസ്സോളിനിയുടെയും അനുസരണമുള്ള പിള്ളചമയുകയുമാണ് പ്രധാനമന്ത്രിയും കൂട്ടാളികളും.

ഇവിടെ രാജ്യത്തെ പൊതുസമൂഹം മനസ്സിലാക്കേണ്ട അടിസ്ഥാന വിഷയമുണ്ട്. ഇസ്‌ലാം ഒരിക്കലും മനുഷ്യവിഭജനത്തിന്റെ ആശയം ഉള്‍ക്കൊള്ളുന്നില്ല, പഠിപ്പിക്കുന്നില്ല, പ്രോത്സാഹിപ്പിക്കുന്നുമില്ല. ആശയപ്പൊരുത്തമില്ലാതെ വരുമ്പോള്‍ ‘നിങ്ങള്‍ക്ക് നിങ്ങളുടെ ആശയം, എനിക്കെന്റേതും’ എന്ന നിലപാടില്‍ മറ്റു ജീവിതബന്ധിയായ എല്ലാ കാര്യങ്ങളിലും സഹോദരന്മാരായി കണക്കാക്കാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. തീവ്രത, ഭീകരത എന്നിവയെ എവിടെയും ഒരളവിലും ഇസ്‌ലാം അനുവദിക്കുന്നില്ല. അയല്‍ബന്ധങ്ങളിലും സമൂഹബന്ധങ്ങളിലും രാജ്യരാജ്യാന്തര ബന്ധങ്ങളിലുമെല്ലാം തികഞ്ഞ സാഹോദര്യവും സൗഹൃദവുമാണ് ഇസ്‌ലാമിന്റെ മുഖമുദ്ര. സമൂഹത്തില്‍ ഏതെങ്കിലും കാരണത്തിന്റെ പേരില്‍ ഛിദ്രതയുണ്ടാക്കുന്ന ഒരു വ്യക്തിയെയും ഒരു ആശയത്തെയും ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല.

പരിശുദ്ധ ഖുര്‍ആനിന്റെയും നബി തിരുമേനിയുടെയും ആഹ്വാനം അതാണ് മുസ്‌ലിം സമൂഹത്തെ പഠിപ്പിക്കുന്നത്. അപ്രകാരംതന്നെ ദുഷ്ടലാക്കോടെ, വശീകരിച്ച്, പ്രേരിപ്പിച്ച് അംഗസംഖ്യ വര്‍ധിപ്പിക്കാനും ഇസ്‌ലാമില്‍ ഒരു മാതൃകയുമില്ല. അതേസമയം മറ്റു പല പ്രത്യയശാസ്ത്രങ്ങളിലും നിലനില്‍ക്കുന്ന തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും പീഢനങ്ങളും സഹിക്കവയ്യാതെ സ്വമേധയാ ഇസ്‌ലാം ആശ്ലേഷിച്ചവരെ തുല്യപരിഗണനയില്‍ ഒപ്പംനിര്‍ത്താനും രണ്ടാംതരം പൗരന്മാരായി കണക്കാക്കാതിരിക്കാനും ഇസ്‌ലാം പഠിപ്പിക്കുന്നു. പല ആദര്‍ശ സിദ്ധാന്തങ്ങളും പഠിച്ച് പരീക്ഷിച്ച് താരതമ്യം നടത്തി ഒടുവില്‍ ഇസ്‌ലാമിക സംഹിത ഉള്‍ക്കൊണ്ട സമൂഹത്തിന്റെ ഉന്നത ശ്രേണിയിലുള്ള പലരെയും യൂറോപ്യന്‍ രാജ്യങ്ങളിലടക്കം കാണാന്‍ കഴിയും. മനുഷ്യര്‍ ഏകോദര സഹോദരങ്ങളാണ് എന്ന ഇസ്‌ലാമിന്റെ ഏറ്റവും ഉന്നതമായ ചിന്താധാരയാണ് ഇവിടെയെല്ലാം കാണാന്‍ കഴിയുന്നത്.

വെറും ആശയപരവും ചിന്താപരവുമായ വിഷയത്തില്‍ മാത്രമല്ല, പ്രായോഗിക ജീവിതമേഖലയിലും ഇസ്‌ലാമിന്റെ നിലപാട് വളരെ വിശാലമാണ്. അതില്‍ പ്രധാനപ്പെട്ടത് മനുഷ്യന്റെ ഭൗതിക ജീവിതത്തെ ഒന്നാകെ സ്പര്‍ശിക്കുന്ന സാമ്പത്തിക മേഖലയാണ്. സമ്പത്ത് ഒരാളില്‍തന്നെ കുമിഞ്ഞുകൂടാനുള്ളതല്ല. എന്നാല്‍ ഒരാള്‍ അയാളുടെ കഴിവുപയോഗിച്ച് എത്ര സമ്പാദിക്കുന്നതിനും വിരോധവുമില്ല. അങ്ങിനെ ധനം കൈവശമുള്ളവര്‍ കണ്ണുമടച്ചങ്ങിനെ കഴിഞ്ഞാല്‍ പോരാ- അവരുടെ സമ്പത്തിന്റെ തോതനുസരിച്ച് നിര്‍ബന്ധമായും അര്‍ഹരായിട്ടുള്ളവര്‍ക്ക് അതില്‍നിന്നും ദാനം ചെയ്‌തേ പറ്റൂ- വളരെ ലളിതമായി പറഞ്ഞാല്‍ ഒരാളുടെ കൈവശം നൂറു രൂപ ഇരിപ്പുണ്ടെങ്കില്‍ അതില്‍ രണ്ടര രൂപ അയാളുടെതല്ല- മറിച്ച് ആ രണ്ടര ശതമാനം പാവപ്പെട്ടവന് അര്‍ഹതപ്പെട്ടതാണ്.

അത് അവന്റെ ധനത്തില്‍നിന്ന് അവന്‍ കൊടുത്തുവീട്ടുന്നതോടെ മാത്രമേ യഥാര്‍ത്ഥത്തില്‍ അവന്റെ കൈയിരിപ്പുള്ള ധനം ശുദ്ധമാകുന്നുള്ളൂ- അങ്ങനെ ചെയ്യുന്ന പ്രക്രിയയുടെ സാങ്കേതിക നാമമാണ് ‘സക്കാത്ത്’ (ശുദ്ധീകരണം). അന്യന്റെ അവകാശമായ നിര്‍ബന്ധദാനം കൊടുത്തുവീട്ടാത്തവന്‍ അവന്റെ വയറ്റില്‍ നിറക്കുന്നത് അഗ്നിയാണ് എന്നാണ് ഇസ്‌ലാമിന്റെ നിലപാട്- എന്നുവെച്ചാല്‍ അത്രയും ഗുരുതരമാണെന്നര്‍ത്ഥം. വെറും ധനത്തിന് മാത്രമല്ല അങ്ങനെയുള്ള നിര്‍ബന്ധദാനം- കാര്‍ഷിക വിളകള്‍ക്കും ദാനം നിര്‍ബന്ധമാക്കിയിട്ടുണ്ട്. സാധാരണ വിളകള്‍ക്ക് പത്ത് ശതമാനവും പുഞ്ച കൃഷിക്ക് അഞ്ച് ശതമാനവും എന്നെല്ലാമാണ് അവയുടെ വ്യവസ്ഥ. സ്വര്‍ണ്ണം കൈവശം വെക്കുന്നതിനും പരിധിയുണ്ട്. ഏകദേശം പത്തര പവനിലധികം സ്വര്‍ണ്ണം ഒരാളുടെ കൈവശമുണ്ടെങ്കില്‍ അതിനും പണത്തിന്റെ തോതനുസരിച്ച് നിര്‍ബന്ധ ദാനം നല്‍കേണ്ടതുണ്ട്. ഇത്തരം നിയമങ്ങളെല്ലാം മതത്തില്‍ ഉള്‍ക്കൊള്ളിച്ചത് പൊതുസമൂഹത്തിന്റെ ഗുണത്തിന് വേണ്ടിയാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഇതിലൊന്നും എവിടെയും ഒരു വിധത്തിലുള്ള സങ്കുചിതത്വവും കല്‍പ്പിച്ചിട്ടില്ല.

ആധുനിക സമൂഹത്തെ ഏറ്റവും കൂടുതല്‍ നേരിട്ടു സ്പര്‍ശിക്കുന്ന വിഷയം സാമ്പത്തികം തന്നെയാണല്ലോ. എല്ലാറ്റിനും അഭിനവ ശാസ്ത്രീയത അളന്നുമുറിച്ചു തിട്ടപ്പെടുത്തി നടപ്പില്‍വരുത്താന്‍ ശ്രമിക്കുന്നു. അതേസമയം ഏതൊന്നിന്റെയും അടിത്തറയെന്തെന്ന സത്തയെക്കുറിച്ച് അശ്രദ്ധരാവുകയും അത് അന്തിമമായി വലിയ ആപത്തില്‍ ആപതിക്കുകയും ചെയ്യുന്നു. സ്വന്തം നിലക്ക് ഏകാധിപതി എന്ന നിലയില്‍ മറ്റെല്ലാറ്റിനെയും കണ്ണടച്ചിരുട്ടാക്കി മുന്നേറിയ ഹിറ്റ്‌ലര്‍ തന്റെ സ്വന്തം കാഴ്ചപ്പാടനുസരിച്ചുള്ള സാമ്പത്തിക സാമൂഹ്യ പരീക്ഷണങ്ങള്‍ക്കൊടുവില്‍ ആത്മഹത്യ എല്ലാറ്റിനും പകരമായി തെരഞ്ഞെടുക്കേണ്ടിവന്നു. വംശഹത്യക്ക് ഇത്രയും കേളികേട്ട ആളായിരുന്നില്ലേ- എന്നിട്ടെന്തുണ്ടായി? തനിക്കും ആ വിധി തന്നെ വേണ്ടിവന്നില്ലേ. ഇറ്റലിയില്‍ മുസ്സോളിനിക്കും ഗതി അതു തന്നെയായി. പക്ഷേ, സ്വന്തം കൈകൊണ്ടല്ല; വെടിയുണ്ട ഏറ്റുവാങ്ങിക്കൊണ്ട് എന്ന വ്യത്യാസമേ ഉള്ളൂ.

പ്രകൃതി നിലനില്‍ക്കുന്നത്, പ്രകൃതി അഥവാ പ്രാപഞ്ചികനിയമങ്ങള്‍ക്കനുസൃതമായാണ്. മനുഷ്യന് അവന്റെതാണെന്ന് അവന്‍ അവകാശപ്പെടുന്ന ഭൂമിയും വിഭവങ്ങളും യഥാര്‍ത്ഥത്തില്‍ അവനുണ്ടാക്കിയതല്ലല്ലോ. അപ്പോള്‍ അവയെല്ലാം കൈകാര്യംചെയ്യുന്നതിലും ചില പരിധികളെല്ലാം പാലിക്കേണ്ടതുണ്ട്. ദൈവിക നിയമങ്ങള്‍ എന്നു സമ്മതിക്കാന്‍ അഹംഭാവം അനുവദിക്കാത്തവര്‍ പ്രകൃതി എന്നു പറയും. അങ്ങിനെയാണെങ്കില്‍ അത്തരക്കാര്‍ മനസ്സിലാക്കുക, പ്രകൃതി നിയമം എന്നൊന്നുണ്ട്. അത് മനുഷ്യന്റെ അഹന്തക്കെത്രയോ കാതം അപ്പുറത്താണ്. പ്രകൃതിയുടെ വിഭവങ്ങള്‍ മനുഷ്യന്‍ തന്റെ സ്വേച്ഛക്കനുസരിച്ച് കൈകാര്യം ചെയ്യാനുള്ളതല്ല; അതിന്റെ ദാതാവിന്റെ ഇംഗിതം കണക്കിലെടുത്തുകൊണ്ടായിരിക്കണം. ഉടമസ്ഥത ഒരാള്‍ക്ക്, കൈകാര്യാവകാശം താല്‍ക്കാലികക്കാരന് എന്ന വ്യവസ്ഥിതി അപക്വമല്ലേ? അവിടെ പിന്നെ ഉടലെടുക്കുന്നത് തികഞ്ഞ പൊരുത്തക്കേടായിരിക്കും. അതിനാല്‍ ശരിയായ ഉടമസ്ഥന്റെ മാര്‍ഗരേഖകള്‍ക്കനുസൃതമായിരിക്കണം കൈകാര്യം. എങ്കില്‍ അത് പ്രായോഗികമായിരിക്കും. അതുകൊണ്ട് ബുദ്ധി, ധനം, വിഭവങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുമ്പോള്‍ അവധാനതയോടുകൂടിയാവണം.

പല കോണുകളില്‍നിന്നും ഇസ്‌ലാമിക നിയമങ്ങള്‍ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രധാനമായ ഒന്നാണ് ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച് കുടുംബത്തിന്റെ അനന്തരാവകാശത്തിന്റെ വീതംവെക്കല്‍- പുരുഷന് അനന്തരമായി കിട്ടുന്നതിന്റെ നേര്‍പകുതിയാണ് സ്ത്രീക്ക് അനന്തരമായി കിട്ടുന്നത്. ഇത് കടുത്ത അനീതിയല്ലേ, അക്രമമല്ലേ എന്നെല്ലാം വളരെയധികം വേദനിക്കുന്ന പല സഹതാപക്കാരെയും നേരിടേണ്ടിവരാറുണ്ട്. എന്നാല്‍ ലളിതമായ കാര്യം പറയട്ടെ, ഇസ്‌ലാം സ്ത്രീകളോട് ഒരു അവഗണനയും ഈ വിഷയത്തില്‍ കാണിക്കുന്നില്ല. കാരണം ഇസ്‌ലാമിക നിയമമനുസരിച്ച് കുടുംബത്തിന്റെ ഒരുവിധത്തിലുള്ള ഉത്തരവാദിത്തവും ഇസ്‌ലാം സ്ത്രീയുടെ മേല്‍ ഏല്‍പിച്ചിട്ടില്ല. കുടുംബത്തിന്റെ എല്ലാ വിധേനയുമുള്ള പരിപാലനവും പരിരക്ഷയും അര്‍പ്പിതമായിട്ടുള്ളത് പുരുഷന്റെ കടമ എന്ന നിലക്കാണ്- കുടുംബം പട്ടിണിയായാല്‍, മക്കള്‍ക്കോ ഭാര്യക്കോ അസുഖം ബാധിച്ചാല്‍, കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ എന്നുവേണ്ട സര്‍വവും നിര്‍വഹിക്കേണ്ടത് പുരുഷന്‍ മാത്രമാണ്. സ്ത്രീ അഥവാ കോടീശ്വരിയാണെങ്കിലും അവള്‍ ഒരു പൈസപോലും ചെലവഴിച്ചില്ലെങ്കിലും അവളെ കുറ്റപ്പെടുത്താനാവില്ല. ഈയൊരു സാഹചര്യത്തില്‍ അനന്തര സ്വത്തിന്റെ പുരുഷ വിഹിതത്തിന്റെ പകുതി സ്ത്രീകള്‍ക്ക് നിശ്ചയിച്ചിരിക്കുന്നത് അവരുടെ സുരക്ഷയും വ്യക്തിത്വവും കണക്കിലെടുത്താണ്. മറിച്ച് അനീതിയോ അവഗണനയോ അല്ല; വളരെ പ്രായോഗികമായ നിലപാടാണിത്.

സാമ്പത്തികരംഗത്തെ ഇസ്‌ലാമിക നിയമം ഈ രാജ്യത്ത് അതിജീവിക്കുന്ന മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം പലപ്പോഴും ഇരട്ടബാധ്യതയാവുന്നില്ലേ? കാരണം, ജീവിതത്തിന്റെ എല്ലാ മേഖലകളിലുമുള്ളവര്‍ ഇന്ത്യന്‍ ഭരണഘടനയും തൊഴില്‍-വരുമാന വകുപ്പുമൊക്കെ നിര്‍ദ്ദേശിക്കുന്നതിനനുസരിച്ച് നിയമാനുസൃത നികുതികള്‍ അടക്കുന്നവരാണെന്നതോടൊപ്പം അവര്‍ ഇസ്‌ലാമിക ശരീഅത്ത് അനുശാസിക്കുന്ന നിരക്കനുസരിച്ച് നിര്‍ബന്ധദാനവും (സക്കാത്ത്) മറ്റു ദാനധര്‍മ്മങ്ങളും നിര്‍വഹിക്കുന്നവര്‍ കൂടിയാണ്. ഇതിലൊന്നും ഒരു വിമുഖതയും ഒരു വിശ്വാസിയും കാണിക്കാറില്ല. അതനുസരിച്ച് ഈ രാജ്യത്തിന് കലവറയില്ലാത്ത സാമ്പത്തിക സഹകരണമാണ് മുസ്‌ലിം സമൂഹം നല്‍കിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തും രാജ്യത്തും ഒട്ടനവധി മനുഷ്യസ്‌നേഹ സഹായ സ്ഥാപനങ്ങള്‍ വളര്‍ന്നുവരാനുണ്ടായ പ്രത്യേക സാഹചര്യവും ഈ പ്രത്യേകതമൂലമാണ്.
സമ്പത്ത് ഒരാളിലും കുമിഞ്ഞുകൂടാന്‍ പാടുള്ളതല്ല. അത് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് ഒഴുകിക്കൊണ്ടിരിക്കേണ്ടതാണ്.

അത് അനുവദനീയ മാര്‍ഗങ്ങളില്‍ ചെലവഴിച്ചുകൊണ്ടിരിക്കുകയും ന്യായവിധത്തില്‍ വളരുകയും അനുവദനീയ മാര്‍ഗങ്ങളില്‍ ചെലവഴിച്ചുകൊണ്ടിരിക്കുകയും അതോടൊപ്പം മേല്‍വിവരിച്ചവിധം അതുമായി ബന്ധപ്പെട്ട എല്ലാ ബാധ്യതകളും വീഴ്ച കൂടാതെ നിര്‍വഹിക്കുകയും ചെയ്തിരിക്കണം. അല്ലാത്തപക്ഷം അതിന് ആശ്വാസത്തിന്റെ കുളിര്‍മ്മക്ക്പകരം അഗ്നിയുടെ തീക്ഷ്ണതയാണുണ്ടാവുക. ധനം കൊണ്ടുള്ള ധൂര്‍ത്തും ചെലവഴിക്കാതെയുള്ള പൂഴ്ത്തിവെപ്പും -രണ്ടും കടുത്ത കുറ്റമാണ്. അവ രണ്ടിനുമിടയിലുള്ള മിതവ്യയമാണ് ഏറ്റവും ശ്രേയസ്‌കരവും സന്തോഷകരവും. കോടാനുകോടികളുടെ കൂമ്പാരങ്ങളില്‍ കൂത്താടുന്നവരോര്‍ക്കണം, ഒരു സെക്കന്റില്‍ ശ്വാസമൊന്നു നിലച്ചാല്‍ പിന്നീടതാര്‍ക്കുള്ളതാണെന്ന് ആര്‍ക്കറിയാം- ‘പണം മനുഷ്യന്റെ കൈകളില്‍ ഒരു പരീക്ഷണ’മാണെന്ന പാഠം മറക്കാതിരിക്കുക. ധനത്തിന്റെ ആത്യന്തിക ഉടമസ്ഥന്‍ ആരാണോ, ആ ഉടമസ്ഥന്റെ ഇംഗിതം അറിഞ്ഞുകൊണ്ടായിരിക്കട്ടെ വ്യവഹാരങ്ങള്‍, കൂടെ ഒരല്‍പം വിനയവും.

SHARE