മ്യൂണിക്ക്: ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലില്‍ റയല്‍ മാഡ്രിഡിനെ നേരിടാനൊരുങ്ങുന്ന ബയേണ്‍ മ്യൂണിക്കിന് വന്‍ തിരിച്ചടിയായി മിഡ്ഫീല്‍ഡര്‍ അര്‍തുറോ വിദാലിന്റെ പരിക്ക്. ഞായറാഴ്ച പരിശീലനത്തിനിടെ കാല്‍മുട്ടില്‍ വേദന അനുഭവപ്പെട്ട വിദാല്‍ വിദഗ്ധ പരിശോധനക്ക് വിധേയനായപ്പോള്‍ ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു. കാല്‍സന്ധിയിലെ കുഴപ്പം പരിഹരിക്കാന്‍ വിദാലിന് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് കോച്ച് യുപ് ഹെന്‍ക്‌സ് സ്ഥിരീകരിച്ചു.
🗣 Jupp #Heynckes: "Arturo had a trip without any contact from anyone else. He has a loose body in the knee joint. He needs a small procedure and will be out for the time being." #B04FCB pic.twitter.com/CiaQzTt7oh
— FC Bayern English (@FCBayernEN) April 16, 2018
ശസ്ത്രക്രിയ ലളിതമാണെങ്കിലും അതിനു ശേഷം വിശ്രമം ആവശ്യമായി വരുമെന്നതിനാല്‍ വിദാലിന് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ കളിക്കാനാവില്ലെന്നാണ് കരുതുന്നത്. ജര്‍മന്‍ കപ്പില്‍ ബയേര്‍ ലെവര്‍കൂസിനെതിരായ സെമിഫൈനലും ബുണ്ടസ്‌ലിഗയില്‍ ഹാനോവറിനെതിരായ മത്സരവും വിദാലിന് നഷ്ടമാവും. ഈ മാസം 26-നാണ് റയലിനെതിരായ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലിന്റെ ആദ്യപാദം. മെയ് മൂന്നിന് എവേ ഗ്രൗണ്ടില്‍ രണ്ടാം പാദവും.
ഈ സീസണില്‍ ബുണ്ടസ് ലിഗ കിരീടമണിഞ്ഞ ബയേണ്‍ നിരയിലെ നിര്‍ണായക സാന്നിധ്യാണ് ചിലിയന്‍ താരമായ വിദാല്‍. 2016 ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡിനെതിരായ മത്സരത്തില്‍ വിദാലിന് റഫറി ചുവപ്പുകാര്‍ഡ് കാണിച്ചത് വന്‍ വിവാദമായിരുന്നു. വിദാല്‍ പുറത്തായതിനു ശേഷമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിവാദ ഗോള്‍ നേടിയതും റയലിനെ സെമിയിലേക്ക് നയിച്ചതും.