ചൈന ചങ്ങാതിയല്ല; ശത്രു തന്നെ

കെ. മൊയ്തീന്‍ കോയ

ചങ്ങാതിയാകാന്‍ ചൈനയെ പ്രതീക്ഷിക്കുന്നത് വിഡ്ഡിത്തമാണെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞു. ചൈന ചതിയന്‍ തന്നെ. 55 വര്‍ഷം മുമ്പ് ഇന്ത്യ – ചൈന യുദ്ധം നടന്ന കാലം വിസ്മരിക്കാന്‍ കഴിയില്ല. പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു 1954 ഒക്ടോബറില്‍ ബീജിംഗ് സന്ദര്‍ശിച്ചു. അതിര്‍ത്തി പ്രശ്നം ഉള്‍പ്പെടെ ഉഭയകക്ഷി പ്രശ്‌നങ്ങള്‍ വിശദമായ ചര്‍ച്ച നടത്തി. ചൈനീസ് പ്രധാനമന്ത്രി ചൗ എന്‍ ലായ് സന്ധികളില്‍ ഒപ്പുവച്ചു. ‘ഇന്ത്യ – ചൈന. ഭായ്, ഭായ്’ എന്ന മുദ്രാവാക്യം ലോകം ആവേശപൂര്‍വം ഏറ്റെടുത്ത ഘട്ടത്തിലാണ് ചൈന ഇന്ത്യയെ അക്രമിച്ചത്. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയുടെ സൈനിക ശക്തി കരുത്താര്‍ജിക്കും മുന്‍പായിരുന്നു ചൈനീസ് ആക്രമണം. ധാര്‍ഷ്ട്യവും ഭീഷണിയും പിന്നീട് നാളിത് വരെ ചൈന നിര്‍ത്തിയിട്ടില്ല. ഇപ്പോഴൂം അതിര്‍ത്തിയില്‍ പ്രകോപനം തന്നെ. മെയ് 5ന് കിഴക്കന്‍ ലഡാക്കിലെ സൂ തടാകത്തിന് സമീപം ഉണ്ടായ സംഘര്‍ഷം കഴിഞ്ഞ ദിവസത്തെ സംഭവത്തോടെ സങ്കീര്‍ണ്ണമായി. ഏകപക്ഷീയവും പ്രകോപനപരവുമായ ചൈനീസ് നീക്കം നാം പ്രതീക്ഷിച്ചതല്ല. എന്നാല്‍ ചൈനയുടെ നാളിത് വരെയുള്ള സമീപനം വിലയിരുത്തി മുന്നോട്ട് പോകേണ്ടതായിരുന്നു. ചര്‍ച്ച നടക്കുന്നതിനിടെ അക്രമിക്കുക അവരുടെ പതിവ് സ്വഭാവം.

അതേസമയം കശ്മീര്‍ ഭാഗത്തെ ചൈനീസ് കുതന്ത്രവും കണ്ടില്ലെന്ന് നടിക്കാനാവില്ല. പലപ്പോഴായി 38,000 സ്‌ക്വയര്‍ കി.മീറ്റര്‍ പ്രദേശം ചൈന കയ്യടക്കിയിട്ടുണ്ടെന്ന് പ്രമുഖ ദേശീയപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഓരോ ആക്രമണ ഘട്ടത്തിലും ഇന്ത്യയുടെ ഭൂമി കയ്യടക്കുക, പിന്നീട് അല്‍പമൊക്കെ വിട്ടു പോകുക എന്നായിരുന്നു അവരുടെ നിലപാട്. അതേസമയം, ചൈനയുമായി സൗഹൃദം ഇന്ത്യ ആഗ്രഹിക്കുന്നു. പാക്കിസ്താനോടുള്ള സമീപനമല്ല, ചൈനയോട് പുലര്‍ത്തിവന്നത്. എന്നാല്‍ ചൈന ഓരോ ഘട്ടത്തിലും ഇന്ത്യന്‍ ഭൂപ്രദേശം കയ്യടക്കാനാണ് ശ്രമിച്ചത്. കോവിഡ് മഹാമാരിക്ക് ശേഷം മാറി വരുന്ന ലോക ഘടനയില്‍ മേധാവിത്വം പുലര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമായി പുതിയ ശ്രമത്തെ വിലയിരുത്തുന്ന രാഷ്ട്രീയ നിരീക്ഷകരും ഉണ്ട്. വ്യാപാര താല്‍പര്യം പ്രധാന ഘടകമായി കാണുന്നു. വിപണി നഷ്ടപ്പെടുന്നതിലും ചൈന അസ്വസ്ഥരാണത്രെ.

ഇന്ത്യയെ മറികടക്കുക ചൈനയുടെ പ്രധാന ലക്ഷ്യമാണ്. അതോടൊപ്പം ഇന്ത്യന്‍ വിപണിയിലും അവരുടെ താല്‍പര്യമുണ്ട്. പുതിയ സാഹചര്യത്തില്‍ ലോകത്തെ 23 രാജ്യങ്ങളെ വ്യാപാര ബന്ധത്തിലൂടെ കടബാധ്യതയിലാക്കിയിരിക്കുകയാണവര്‍. അമേരിക്ക പോലും 1.01 ട്രില്ലര്‍ കോടിയുടെ ബാധ്യതയുണ്ടെന്നാണ് ചൈനീസ് കേന്ദ്രങ്ങളുടെ അവകാശവാദം. ലോകമാകെ സാമ്പത്തിക മാന്ദ്യത അനുഭവിക്കുമ്പോള്‍ രംഗം കയ്യടക്കാന്‍ ചൈന ശ്രമിക്കുന്നു. യൂറോപ്പില്‍ ഉള്‍പ്പെടെ വിവിധ കമ്പനികളില്‍ നിക്ഷേപം വര്‍ദ്ധിപ്പിച്ച് അവരുടെ കാല്‍കീഴില്‍ കൊണ്ടുവരാനാണ് ചൈനയുടെ ശ്രമം. ഈ നീക്കം ഇന്ത്യയിലുമുണ്ടായപ്പോള്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ഇതിന്റെ പിന്നിലുണ്ടാകാവുന്ന ആപത്ത് ചൂണ്ടിക്കാണിച്ച് മുന്നറിയിപ്പ് നല്‍കിയത്. മോദി സര്‍ക്കാര്‍ നിയമം വഴി ഈ നീക്കം തടഞ്ഞത് ചൈനയെ പ്രകോപിപ്പിച്ചിട്ടുണ്ടത്രെ! ഇലട്രോണിക്, ജൈവവളങ്ങള്‍ തുടങ്ങിയവയുടെ ഇറക്കുമതി ഇന്ത്യ നിയന്ത്രിച്ചേക്കുമെന്നും ചൈനക്ക് ആശങ്കയുണ്ട്.

കോവിഡ് കാലത്തിന് ശേഷം അമേരിക്കയുടെ ലോകമേധാവിത്വം ക്ഷയിക്കുമ്പോള്‍ ആ സ്ഥാനം കയ്യടക്കാമെന്നാണ് ചൈനയുടെ വ്യാമോഹം. അമേരിക്കയുമായുള്ള ചൈനീസ് തര്‍ക്കത്തില്‍ ഇന്ത്യ ഇടപെടരുതെന്ന് നേരത്തെ അവര്‍ മുന്നറിയിപ്പ് നല്‍കിയതാണ്. വ്യാപാര യുദ്ധം മുറുകുമ്പോള്‍ ഏറ്റുമുട്ടുക അമേരിക്കയോടാണ് എന്നാണത്രെ ചൈനീസ് നിഗമനം! അതിന് ഇന്ത്യ തടസ്സമാകരുത്. ചൈനയെ മറികടന്ന് ഇന്ത്യ സാമ്പത്തിക ശക്തിയാകുന്നതിനെയും ഭയക്കുന്നു. ഇന്ത്യയുടെ മുന്നേറ്റം തടയാന്‍, നേപ്പാള്‍ പ്രശ്നം പുറത്തിട്ടതിന് പിന്നിലും ചൈനീസ് കരങ്ങള്‍ തന്നെ. പാക്കിസ്താനെ അതിര്‍ത്തിയില്‍ കടന്ന് കയറുന്നതിന് പ്രോത്സാഹിപ്പിക്കുന്നതും ചൈനീസ് തന്ത്രമാണ്. അയല്‍പക്ക രാജ്യങ്ങളെ ഇന്ത്യക്ക് എതിരായി തിരിച്ചുവിടാന്‍ ചൈന വര്‍ഷങ്ങളായി ശ്രമിക്കുന്നു. തിബത്ത് അവര്‍ കയ്യടക്കി. ബുദ്ധമതക്കാരുടെ ആത്മീയ നേതാവ് ദലൈ ലാമക്ക് അഭയം നല്‍കിയതില്‍ നേരത്തെ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നതാണെങ്കിലും ഇപ്പോള്‍ കെട്ടടങ്ങിയിരിക്കുന്നു. മ്യാന്‍മര്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളെയും ചൈന കൂടെ നിര്‍ത്തുന്നു. നേപ്പാളില്‍ കമ്യൂണിസ്റ്റ് ഐക്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ നമ്മുടെ പിടിവിട്ടു. ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നിവര്‍ നമ്മോടൊപ്പമുണ്ട്. അയല്‍പക്ക സൗഹൃദം വീണ്ടെടുക്കണം. ചൈനയുടെ ഇന്ത്യാ വിരുദ്ധ തന്ത്രത്തെ അതേ നാണയത്തില്‍ തന്നെ നയതന്ത്രതലത്തില്‍ പരാജയപ്പെടുത്താന്‍ നിതാന്ത ജാഗ്രത പുലര്‍ത്തണം. സൈന്യത്തിന് പിന്നില്‍ 130 കോടി ജനങ്ങളും നിലയുറപ്പിക്കണം.

SHARE