ഡല്‍ഹിയില്‍ നടന്നത് ആസൂത്രിതമായ വംശഹത്യയെന്ന് മമത ബാനര്‍ജി

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്നത് ആസൂത്രിതമായ വംശഹത്യയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഡല്‍ഹിയില്‍ നടന്ന സംഭവത്തെ ഞങ്ങള്‍ അപലപിക്കുന്നുവെന്നും ഞങ്ങളതില്‍ ദുഃഖിതരും വിഷാദമുള്ളവം അനുഭവിക്കുന്നു. ഡല്‍ഹിയില്‍ നടന്നത് ആസൂത്രിതമായ വംശഹത്യയാണെന്ന് ഞാന്‍ കരുതുന്നുവെന്നും മമത പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പശ്ചിമ ബംഗാളില്‍ ബിജെപി റാലിയില്‍ പങ്കെടുത്ത് തൃണമൂല്‍ സര്‍ക്കാറിനെതിരെ കലാപ ആരോപണം നടത്തിയതിന് പിന്നാലെയാണ് മമത ബാനര്‍ജിയുടെ മറുപടി.

ഡല്‍ഹിയില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യാത്ത നടപടിയെയും മമത വിമര്‍ശിച്ചു. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തിട്ടില്ല, എന്നാല്‍ കൊല്‍ക്കത്തില്‍ പ്രകോപനപരമായയി “രാജ്യദ്രോഹി…” മുദ്രാവാക്യം വിളിച്ച മൂന്ന് ബിജെപി പ്രവര്‍ത്തകരെ ഇന്നലെ രാത്രി തങ്ങളുടെ പൊലീസ് അറസ്റ്റുചെയ്‌തെന്നും മമത അവകാശപ്പെട്ടു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത പരിപാടിയിലേക്ക് ഗോലി മാരോ മുദ്രാവാക്യം വിളിച്ചെത്തിയ ബി.ജെ.പി പ്രവര്‍ത്തകരെയാണ് കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തത്. സുരേന്ദ്ര കുമാര്‍ തിവാരി, ധ്രുബ ബസു, പങ്കജ് പ്രസാദ് എന്നിവരെയാണ് ഐ പി സി 505, 506, 34, 153 അ എന്നീ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തത്.

റാലിക്കിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ പാര്‍ട്ടി പതാക വീശിക്കൊണ്ട് ഗോലി മാരോ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.