വിദ്വേഷ പ്രസ്താവന; നിരവധി സ്‌റ്റേഷനുകളില്‍ എഫ്‌ഐആര്‍; അര്‍ണബ് ഗോസ്വാമി പോലീസ് സ്‌റ്റേഷനില്‍

മുബൈ: ചാനല്‍ ചര്‍ച്ചയ്ക്കിടെ സാമുദായിക സ്പര്‍ദ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ ഉന്നയിക്കുകയും കോണ്‍ഗ്രസ് അധ്യക്ഷ്യ സോണിയ ഗാന്ധിയെ അധിക്ഷേപിക്കുകയും ചെയ്ത റിപ്പബ്ലിക് ടിവി മേധാവി അര്‍ണാബ് ഗോസ്വാമിക്കെതിരെ നിരവധി പോലീസ് സ്‌റ്റേഷനുകളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അര്‍ണബിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഛത്തീസ്ഗഢിലേയും മഹാരാഷ്ട്രയിലേയും വിവിധ പോലീസ് സ്റ്റേഷനുകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.

ഛത്തീസ്ഗഢ് ആരോഗ്യമന്ത്രി ടി.എസ് സിങ്ദിയോ കോണ്‍ഗ്രസ് നേതാവ് മോഹന്‍ മര്‍കാം എന്നിവര്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ റായ്പുര്‍ സിവില്‍ ലൈന്‍സ് പോലീസാണ് കേസെടുത്തത്. ഐപിസി 153എ, 25എ 502(2) എന്നീ വകുപ്പുകള്‍ ചാര്‍ത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പാല്‍ഘറിലെ ആള്‍ക്കൂട്ട കൊലയെക്കുറിച്ച് ഗ്വോസാമി നടത്തിയ പരാമര്‍ശമാണ് പരാതിക്ക് ആധാരം. പാല്‍ഘറില്‍ സന്ന്യാസി കൊല്ലപ്പെട്ട സംഭവത്തില്‍ സോണിയഗാന്ധിക്കെതിരെ പരിധിവിട്ട അധിക്ഷേപമാണ് ചാനല്‍ ലൈവില്‍ അര്‍ണബ് നടത്തിയത്. വിദ്വേഷ പ്രസ്താവനകളും ഉന്നയിച്ചു.

അര്‍ണബ് നടത്തുന്ന വിദ്വേഷപരമായ പ്രസ്താവനയെ മാധ്യമപ്രവര്‍ത്തനമായി കണക്കാക്കാനാവില്ലെന്നും ചര്‍ച്ചയ്ക്കിടെ അര്‍ണബ് രാജ്യത്തിലെ ഐക്യത്തിന്റെ അന്തരീക്ഷത്തെ ബാധിക്കുന്ന തരത്തില്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയെന്നും കേസില്‍ പറയുന്നു.

സമൂഹമാധ്യമങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തുന്ന അതേ വിദ്വേഷപ്രസ്താവനകളും അടിസ്ഥാനരഹിതമായ ആരപണങ്ങളുമാണ് അര്‍ണബും നടത്തുന്നതെന്ന് വിഷയത്തില്‍ കോണ്‍ഗ്രസ് ഐ.ടി സെല്‍ പ്രതികരിച്ചു. അര്‍ണബിനെ അറസ്റ്റ് ചെയ്യണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

അതേസമയം, കേസുകളുമായി കോണ്‍ഗ്രസ് നിയമനടപടികളുമായി ഗൗരവത്തില്‍ നീങ്ങിയതോടെ അറസ്റ്റ് ഭയന്ന അര്‍ണബ് എതിര്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ തന്നെ അര്‍ണബ് ഭാര്യയുമൊത്ത് മുബൈ എന്‍.എം ജോഷി പൊലീസ് സ്്‌റ്റേഷനില്‍ പരാതി നല്‍കാനെത്തി. അതേസമയം വഴിയില്‍ തന്നെയും ഭാര്യയേയും അജ്ഞാതരായ രണ്ടുപേര്‍ ആക്രമിച്ചെന്നും അവര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നുമാണ് അര്‍ണബിന്റെ പരാതി.