‘മോദിയേക്കാള്‍ ദുര്‍ബലനായ പ്രധാനമന്ത്രി ഉണ്ടായിട്ടില്ല’

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണ പരാജയവും വര്‍ഗീയ അജണ്ടയും തുറന്നുകാട്ടി മുന്‍ കേന്ദ്രമന്ത്രിമാരായ മുതിര്‍ന്ന ബി.ജെ.പി നേതാക്കളുടെ പ്രസ്താവന തുടരുന്നു. വാജ്‌പേയി മന്ത്രിസഭയില്‍ ധനകാര്യ, പ്രതിരോധ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന യശ്വന്ത് സിന്‍ഹക്കു പിന്നാലെ ഇക്കാലത്ത് വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന അരുണ്‍ ഷൂരിയും മോദിക്കെതിരെ ആഞ്ഞടിച്ചു.
മോദിയേക്കാള്‍ അരക്ഷിതനും ദുര്‍ബലനുമായ പ്രധാനമന്ത്രി ഇന്ത്യയില്‍ അധികാരത്തിലിരുന്നിട്ടില്ലെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ഷൂരി ചൂണ്ടിക്കാട്ടി. വിവരസാങ്കേതിക വിദ്യയുടെ പുതിയ കാലഘട്ടത്തില്‍ എല്ലാവരും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ കുപ്രചരണങ്ങളും വളച്ചൊടിക്കലും എളുപ്പം വെളിച്ചത്ത് വരുമെന്നും മോദിയുടെ അസംബന്ധ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയുടെ ലിറ്ററേച്ചര്‍ ഫെസ്റ്റിവെലില്‍ സംസാരിക്കവെയായിരുന്നു ഷൂരിയുടെ ശ്രദ്ധേയമായ നിരീക്ഷണം. 40 വര്‍ഷമായി താന്‍ ഇന്ത്യന്‍ രാഷ്ട്രീയം നിരീക്ഷിക്കുന്നു. ഇത്രയധികം യാഥാര്‍ത്ഥ്യ വിരുദ്ധമായ കാര്യങ്ങള്‍ക്ക് ഒരിക്കലും ഇന്ത്യന്‍ രാഷ്ട്രീയം സാക്ഷ്യം വഹിച്ചിട്ടില്ല. കുപ്രചരണങ്ങളിലൂടെ കാര്യങ്ങള്‍ സ്ഥിരീകരിക്കാനാണ് ഭരണാധികാരികള്‍ ശ്രമിക്കുന്നത്. ഹിന്ദുത്വത്തെ അംബേദ്കര്‍ അനുകൂലിച്ചു എന്ന തരത്തില്‍ ബി. ജെ.പി വാദങ്ങളുന്നയിച്ചിട്ടുണ്ട്. അംബേദ്കറുടെ തന്നെ ‘റിഡ്ഡില്‍സ് ഇന്‍ ഹിന്ദൂയിസം’ എന്ന പുസ്തകം വായിച്ച് ഈ വാദങ്ങളെ നമുക്ക് ചോദ്യം ചെയ്യാനാകും- ഷൂരി പറഞ്ഞു. രാജ്യത്ത് ഉടലെടുത്ത അസഹിഷ്ണുതയേയും മതത്തിന്റെ പേരിലുള്ള വേര്‍തിരിവിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
ഒരു കഴുതയെ കുതിരയാക്കി മാറ്റാന്‍ ഇന്ന് കഴിയും. അത്രക്കും ആഴത്തില്‍ വ്യാജ പ്രചാരണങ്ങള്‍ക്ക് ഇക്കാലത്ത് വേരോട്ടം ലഭിക്കും. ഓരോ പൗരന്‍മാരിലും അരക്ഷിതാവസ്ഥയുണ്ടാക്കിയെന്നതാണ് ഈ സര്‍ക്കാരിന്റെ നേട്ടമെന്നും കാപട്യമാണ് മോദിയുടെ മുഖമുദ്രയെന്നും ഷൂറി ആഞ്ഞടിച്ചു.

SHARE