റിപ്പബ്ലിക് ടിവിയുടെ ChinaGetOut ഡിബേറ്റ്, സ്പോണ്‍സേര്‍ഡ് ചെയ്തത് ചൈനീസ് കമ്പനി; പരിഹാസവുമായി സോഷ്യല്‍ മീഡിയ

ന്യൂദല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയുണ്ടായ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ചൈനക്കെതിരേയും സംഭവത്തില്‍ ഇനിയും വിശദീകരണം പുറത്തുവിടാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയും രാജ്യത്ത് വലിയ തോതിലുള്ള വിമര്‍ശനമാണ് ഉയരുന്നത്.

അതേസമയം, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന്റെ കോലം കത്തിച്ചും ചൈനീസ് ഉപകരണങ്ങള്‍ കത്തിച്ചും ഗുജറാത്തിലടക്കം ചിലയിടങ്ങളില്‍ പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്്. ഇന്ത്യയിലെത്തുന്ന ചൈനീസ് ഉത്പ്പനങ്ങള്‍ എല്ലാം ഉപേക്ഷിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

എന്നാല്‍, ഇന്നലെ അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയിലും നടന്ന ചര്‍ച്ച ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് തന്നെയായിരുന്നു. അര്‍ണബ് ഗോസ്വാമി നയിച്ച ചര്‍ച്ച ചൈന ഗെറ്റ് ഔട്ട് എന്ന ഹാഷ് ടാഗിലായിരുന്നു നടന്നത്. പക്ഷേ, ചൈനീസ് ഉത്പ്പനങ്ങള്‍ എല്ലാം ഉപേക്ഷിക്കണമെന്ന ആവശ്യമുയര്‍ത്തി നടന്ന ചര്‍ച്ച സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് ചൈനീസ് മൊബൈല്‍ കമ്പനിയായ വിവോ തന്നെയാണെന്ന് പുറത്തായതോടെ ചാനലും അര്‍ണബ് ഗോസ്വാമിയും വീണ്ടും വിവാദത്തിലായി.

ഇതോടെ റിപ്പബ്ലിക് ടിവിക്കും അര്‍ണബ് ഗോസ്വാമിക്കുമെതിരെ സോഷ്യല്‍മീഡിയയില്‍ വന്‍ ട്രോളുകളാണ് വരുന്നത്. അര്‍ണബ് ഗോസ്വാമി അവതാരകനായ ചൈന ഗെറ്റ് ഔട്ട് എന്ന ചര്‍ച്ച ‘വിവോ’ സ്പോണ്‍സര്‍ ചെയ്യുന്നതാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് പരിഹാസവുമായി രംഗത്തെത്തിയത്.

ഒട്ടും ലജ്ജയില്ലാത്ത വീണ്ടും റിപ്പബ്ലിക് ടിവി ചൈനീസ് കമ്പനികളില്‍ നിന്ന് പണം എടുക്കുകയും ചൈനയെ ആക്രോശിക്കുകയും ചെയ്യുന്നു. അര്‍നബ് ഗോസ്വാമി മനസ്സാക്ഷിയില്ലാത്തവന്‍ മാത്രമല്ല അയാള്‍ ദേശവിരുദ്ധനായ ആശയഭ്രാന്തന്‍ കൂടിയാണ്, എന്ന് മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ആര്‍കെ രാധാകൃഷ്ണന്‍ ട്വീറ്റ് ചെയ്തു

https://twitter.com/kunalkamra88/status/1273243804569677826

ചൈനക്കെതിരെ ഇന്ത്യയില്‍ പ്രതിഷേധം കത്തിപ്പടരുന്നതായി കാണിച്ചുകൊണ്ടുള്ള റിപ്പബ്ലിക് ടിവിയുടെ പല റിപ്പോര്‍ട്ടുകളും സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് ചൈനീസ് മൊബൈല്‍ കമ്പനിയായ ഷവോമിയായിരുന്നെന്ന വിവരങ്ങളും പുറത്തുവന്നു. രാജ്യമെമ്പാടും ചൈനീസ് വിരുദ്ധ പ്രക്ഷോഭം നടക്കുകയാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടിന് മുകളിലായി പരിപാടിയുടെ സ്പോണ്‍സര്‍ MI 10 5 G എന്ന ചൈനീസ് കമ്പനിയാണെന്നും കാണിക്കുന്നുണ്ട്.

റിപ്പബ്ലിക് ടിവിയുടെ മിക്ക പരിപാടിയുടേയും സ്പോണ്‍സര്‍മാര്‍ വിവോയും ഹൈക്കും ഒലയും പേടി എമ്മുമാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ ചൈനീസ് ഉത്പ്പന്നത്തിന്റെ പരസ്യം വാങ്ങി എന്തിനാണ് ഇത്തരത്തിലുള്ള നാടകങ്ങള്‍ കളിക്കുന്നതെന്നാണ് ചിലര്‍ ഫേസ്ബുക്കിലും ട്വിറ്ററിലുമായി ചോദിക്കുന്നത്.