അര്‍ണബിനെതിരായ കേസുകളില്‍ മൂന്നാഴ്ചത്തേക്ക് നടപടി പാടില്ലെ: സുപ്രീംകോടതി


ന്യൂഡല്‍ഹി:റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരായ കേസുകളില്‍ മൂന്നാഴ്ച്ചത്തേക്ക് നടപടി പാടില്ലെന്ന് സുപ്രീം കോടതി. റിപ്ലബ്ബിക്ക് ടിവി ചര്‍ച്ചയില്‍ മഹാരാഷ്ട്രയിലെ പാല്‍ഘര്‍ സംഭവത്തെക്കുറിച്ച് മതസ്പര്‍ധ ഉണ്ടാക്കുന്ന തരത്തിലുള്ള അര്‍ണബിന്റെ പരാമര്‍ശത്തിലും, കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെക്കുറിച്ചുമുള്ള വിവാദ പരാമര്‍ശത്തിലും രജിസ്റ്റര്‍ ചെയ്ത കേസുകളിലെ തുടര്‍നടപടികളാണ് കോടതി നീട്ടിവെച്ചത്.

വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴിയാണ് അര്‍ണബ് ഗോസ്വാമിക്കെതിരായ കേസില്‍ ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എം.ആര്‍.ഷാ എന്നിവര്‍ വാദം കേട്ടത്. നാഗ്പൂരില്‍ അര്‍ണബ് ഗോസ്വാമിക്കെതിരായി ചുമത്തിയ എഫ്.ഐ.ആറിലും കോടതി സ്റ്റേ അനുവദിച്ചു.

അര്‍ണബിന് മൂന്നാഴ്ച്ചയ്ക്ക് ശേഷം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി പറഞ്ഞു.

അഡ്വക്കേറ്റ് പ്രഗ്യ ബാഗേല്‍ വഴി അര്‍ണബ് സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. അര്‍ണബിന് വേണ്ടി കോടതിയില്‍ ഹാജരായി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്ത്താഗി അര്‍ണബിന് നേരെ ചുമത്തിയിരിക്കുന്ന കേസ് മാധ്യമ സ്വാതന്ത്ര്യത്തിന് എതിരാണെന്ന് കോടതിയില്‍ വാദിച്ചു. രാഷ്ട്രീയമായ ചര്‍ച്ചകളില്‍ പ്രകോപനപരമായ ചോദ്യങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും മുകുള്‍ റോഹ്ത്താഗി പറഞ്ഞു.

SHARE