‘കേരള നിയമസഭയിലെ പ്രമേയത്തിന് പ്രസക്തിയില്ല’; പ്രമേയം ചരിത്ര കോണ്‍ഗ്രസിന്റെ ഉപദേശ പ്രകാരമാകാമെന്നും ഗവര്‍ണര്‍

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിന് എതിരായ കേരള നിയമസഭയിലെ പ്രമേയത്തിനോട് പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത്. പ്രമേയത്തിന് പ്രസക്തിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഈ പ്രമേയം ചരിത്ര കോണ്‍ഗ്രസിന്റെ ഉപദേശ പ്രകാരമാകാമെന്നും ചരിത്ര കോണ്‍ഗ്രസിന് ക്രിമിനല്‍ ലക്ഷ്യമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് നിയമപരമായോ ഭരണഘടനാപരമായോ സാധുതയില്ല. കേരളത്തില്‍ അനധികൃത കുടിയേറ്റക്കാര്‍ ഇല്ലാത്തതിനാല്‍ പുതിയ നിയമം കേരളത്തെ ബാധിക്കുന്ന പ്രശ്‌നമല്ല. പൗരത്വ നിയമം പൂര്‍ണമായും കേന്ദ്ര വിഷയമാണ്. അതിനാല്‍ ഈ പ്രമേയത്തിന് യാതൊരു പ്രസക്തിയുമില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എതിരഭിപ്രായം പ്രകടിപ്പിക്കുന്നതിനോടു വിരോധമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ഡിസംബര്‍ 31നാണ് പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയത്.

സംസ്ഥാനത്തിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാവില്ല. സംസ്ഥാനത്തിന്റെ അധികാര പരിധിയിലുള്ള കാര്യത്തില്‍ മുഖ്യമന്ത്രി സമയം ചെലവഴിക്കണമെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ചരിത്ര കോണ്‍ഗ്രസിന്റെ ഉപദേശ പ്രകാരമായതിനാല്‍ ക്രിമിനല്‍ ലക്ഷ്യമുണ്ടാവാന്‍ സാധ്യതയുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

SHARE