അര്‍ജന്റീനയെ നാണം കെടുത്തി സ്‌പെയിന്‍

 

ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ അര്‍ജന്റീനയെ നാണംകെടുത്തി സ്‌പെയിന്‍. സൗഹൃദ മത്സരമാണെന്ന് പോലും പരിഗണിക്കാതതെ ആറു ഗോളുകള്‍ക്കാണ് സ്‌പെയിന്‍ അര്‍ജന്റീനയെ വലിച്ചൊട്ടിച്ചത്. അര്‍ജന്റീനക്കാകട്ടെ, തിരിച്ചടിക്കാനായത് ഒരു ഗോള്‍ മാത്രവും.

റയല്‍ മാഡ്രിഡ് താരം ഇസ്‌കോ ഹാട്രിക് നേടിയ മത്സരത്തില്‍ ഡിയാഗോ കോസ്റ്റ്, തിയാഗോ അല്‍സന്റാര, അസ്പാസ് എന്നിവരും സ്‌പെയ്‌നിനായി ലക്ഷ്യം കണ്ടു. നിക്കോളാസ് ഒട്ടമണ്ടി അര്‍ജന്റീനയുടെ ഗോള്‍ കണ്ടെത്തി.

മെസ്സി, അഗ്യൂറോ, ഡി മരിയ തുടങ്ങിയ സൂപ്പര്‍ താരങ്ങളില്ലാതെ കളത്തിലിറങ്ങിയ അര്‍ജന്റീനക്ക് 12ാം മിനിറ്റില്‍ തന്നെ ആദ്യ പ്രഹരമേറ്റു. കോസ്റ്റയുടെ ഗോളില്‍ സ്‌പെയിന്‍ ലീഡ് നേടി. പിന്നീട് 27ാം മിനിറ്റില്‍ ഇസ്‌കോ സ്‌പെയിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. 12 മിനിറ്റിന് ശേഷം ഒട്ടമണ്ടിയിലൂടെ അര്‍ജന്റീന ഒരു ഗോള്‍ തിരിച്ചടിച്ചു.

എന്നാല്‍ സ്‌പെയിന്‍ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. രണ്ടാം പകുതിയില്‍ നാലു ഗോളുകള്‍ കൂടി സ്പാനിഷ് പട അര്‍ജന്റീനയുടെ വലയിലേക്ക് അടിച്ചു കയറ്റി. 52ാം മിനിറ്റില്‍ ഇസ്‌കോയും മൂന്നു മിനിറ്റിന് ശേഷം തിയാഗോയും സ്‌പെയിനിനായി ലക്ഷ്യം കണ്ടു. പിന്നീട് അസ്പാസ് 73ാം മിനിറ്റില്‍ സ്‌പെയിനിന്റെ അഞ്ചാം ഗോള്‍ നേടി. തൊട്ടടുത്ത മിനിറ്റില്‍ വീണ്ടും വല ചലിപ്പിച്ച് ഇസ്‌കോ ഹാട്രിക് തികച്ചു. പരിക്കേറ്റ് ഒന്നാം ഗോള്‍കീപ്പര്‍ സെര്‍ജിയോ റൊമേരോ 22ാം മിനിറ്റില്‍ തന്നെ കളം വിട്ടത് അര്‍ജന്റീനക്ക് തിരിച്ചടിയായി.

SHARE