മെസ്സി ഹാട്രിക്കില്‍ അര്‍ജന്റീന ലോകകപ്പിന്; ചിലി പുറത്ത്

ക്വിറ്റോ: നിര്‍ണായക മത്സരത്തില്‍ നിറഞ്ഞാടിയ ലയണല്‍ മെസ്സിയുടെ ഹാട്രിക്കിന്റെ കരുത്തില്‍ അര്‍ജന്റീന ലോകകപ്പിന്. ഇക്വഡോറിനെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളിന് വീഴ്ത്തി ദക്ഷിണ അമേരിക്കന്‍ മേഖലയില്‍ നിന്ന് മൂന്നാം സ്ഥാനക്കാരായാണ് മെസ്സിയും സംഘവും റഷ്യയിലേക്ക് ടിക്കറ്റെടുത്തത്. പെറുവുമായി സമനില പാലിച്ച കൊളംബിയ നാലാം സ്ഥാനക്കാരായി നേരിട്ട് യോഗ്യത നേടിയപ്പോള്‍ പെറു പ്ലേ ഓഫിനുള്ള യോഗ്യത നേടി. യൂറുഗ്വേ ബൊളീവിയയെ 4-2 ന് തകര്‍ത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ബ്രസീലിനോട് ഏകപക്ഷീയമായ മൂന്നു ഗോളിന് തോറ്റ കോപ അമേരിക്ക ചാമ്പ്യന്മാരായ ചിലിയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ അവസാനിച്ചു.

സമുദ്ര നിരപ്പില്‍ നിന്ന് 9350 അടി ഉയരത്തിലുള്ള ക്വിറ്റോയിലെ ഹൈ ആള്‍ട്ടിറ്റിയൂഡ് സ്‌റ്റേഡിയത്തില്‍ ഒരു ഗോള്‍ വഴങ്ങിയതിനു ശേഷമായിരുന്നു അര്‍ജന്റീനയുടെ ശക്തമായ തിരിച്ചുവരവ്. മത്സരത്തിന്റെ 40-ാം സെക്കന്റില്‍ തന്നെ ഇബാറ റൊമാരിയോ ഇക്വഡോറിനെ മുന്നിലെത്തിച്ചപ്പോള്‍ അര്‍ജന്റീനയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്കു മേല്‍ കരിനിഴല്‍ പരന്നിരുന്നു. എന്നാല്‍ 12-ാം മിനുട്ടില്‍ 12-ാം മിനുട്ടില്‍ എയ്ഞ്ചല്‍ ഡി മരിയക്ക് കൊടുത്തുവാങ്ങിയ പന്ത് ലക്ഷ്യത്തിലെത്തിച്ച് മെസ്സി ടീമിനെ ഒപ്പമെത്തിച്ചു. 20-ാം മിനുട്ടില്‍ എതിര്‍താരത്തിന്റെ കാലില്‍ നിന്ന് പന്ത് തട്ടിയെടുത്ത് ബോക്‌സില്‍ കയറിയ മെസ്സി കരുത്തുറ്റ ഷോട്ടിലൂടെ വലകുലുക്കി സന്ദര്‍ശകരെ ഒപ്പമെത്തിച്ചു. 62-ാം മിനുട്ടില്‍ പ്രതിരോധക്കാരെ കബളിപ്പിച്ച് മുന്നേറി ഗോള്‍കീപ്പറുടെ തലയ്ക്കു മുകളിലൂടെ പന്തിനെ വലയിലേക്കയച്ച് താരം അര്‍ജന്റീനയുടെ ലോകകപ്പ് പ്രവേശം ഉറപ്പാക്കി.

 

ഗബ്രിയേല്‍ ജീസസ് രണ്ടു തവണയും പൗളിഞ്ഞോ ഒരു വട്ടവും വലകുലുക്കിയതാണ് ചിലിക്കെതിരെ മികച്ച ജയം നേടാന്‍ ബ്രസീലിനെ സഹായിച്ചത്. മുന്നേറണമെങ്കില്‍ ജയം അനിവാര്യമായിരുന്ന ചിലി സാവോപോളോയിലെ ആദ്യ പകുതിയില്‍ മഞ്ഞപ്പടയെ ഗോള്‍രഹിതമായി പിടിച്ചുനിര്‍ത്തിയെങ്കിലും 55-ാം മിനുട്ടില്‍ പൗളിഞ്ഞോ സമനിലക്കെട്ട് പൊട്ടിച്ചു. 57-ാം മിനുട്ടില്‍ നെയ്മറിന്റെ പാസില്‍ നിന്ന് ലീഡുയര്‍ത്തിയ ജീസസ് 93-ാം മിനുട്ടില്‍ വില്ലിയന്റെ സഹായത്തോടെയാണ് പട്ടിക പൂര്‍ത്തിയാക്കിയത്.

പെറുവിനെ അവരുടെ തട്ടകത്തില്‍ നേരിട്ട കൊളംബിയ 56-ാം മിനുട്ടില്‍ ഹാമിസ് റോഡ്രിഗസിന്റെ ഗോളില്‍ മുന്നിലെത്തിയിരുന്നു. എന്നാല്‍ 76-ാം മിനുട്ടില്‍ ഗ്വെറേറോ പെറുവിനെ ഒപ്പമെത്തിച്ചു. ചിലി തോറ്റതോടെ, പെറുവിന് പ്ലേ ഓഫ് ഭാഗ്യം ലഭിക്കുകയും ചെയ്തു.

ലൂയിസ് സുവാരസിന്റെ ഇരട്ട ഗോളുകളാണ് ബൊളീവിയക്കെതിരെ യൂറുഗ്വായ്ക്ക് ജയമൊരുക്കിയത്. 24-ാം മിനുട്ടില്‍ ഗാസ്റ്റന്‍ സില്‍വയുടെ ഓണ്‍ഗോളില്‍ പിന്നിലായിപ്പോയ ആതിഥേയര്‍ക്കു വേണ്ടി 39-ാം മിനുട്ടില്‍ കാസറസ് ഒരു ഗോള്‍ മടക്കി. 42-ാം മിനുട്ടില്‍ കവാനി ലീഡുയര്‍ത്തിയപ്പോള്‍ 60, 76 മിനുട്ടുകളിലായിരുന്നു സുവാരസിന്റെ ഗോളുകള്‍. 79-ാം മിനുട്ടില്‍ ഡീഗോ ഗോഡിന്റെ ഓണ്‍ ഗോള്‍ പിറന്നെങ്കിലും മത്സരം 4-2 ന് യൂറുഗ്വായ് സ്വന്തമാക്കി.

ലോകകപ്പ് യോഗ്യതക്ക് വിദൂര സാധ്യതയുണ്ടായിരുന്ന പാരഗ്വേയെ വെനിസ്വെല അട്ടിമറിച്ചു. 84-ാം മിനുട്ടില്‍ യാങ്കല്‍ ഹെരേരയാണ് ഗോള്‍ നേടിയത്. 89-ാം മിനുട്ടില്‍ പാരഗ്വേയുടെ ഗുസ്താവോ ഗോമസും വില്‍കര്‍ എയ്ഞ്ചലും ചുവപ്പു കാര്‍ഡ് കണ്ടു മടങ്ങി.