1986ല്‍ അര്‍ജന്റീനക്ക് ലോകകപ്പ് നേടിക്കൊടുത്ത കോച്ചിന് കോവിഡ്


1986ല്‍ അര്‍ജന്റീന ഫുട്‌ബോള്‍ ലോകകപ്പ് നേടുമ്പോള്‍ കോച്ചായിരുന്ന കാര്‍ലോസ് ബിലാര്‍ഡോക്ക് കോവിഡ്19. 82 വയസ്സുകാരനായ ഇദ്ദേഹം ബ്യൂണസ് അഴേയ്‌സിലെ നഴ്‌സിങ് ഹോമിലാണ് കഴിയുന്നത്. അതേസമയം, രോഗലക്ഷണങ്ങളില്ലെന്നും ആരോഗ്യവാനാണെന്നും കുടുംബവൃത്തങ്ങള്‍ അറിയിച്ചു. അര്‍ജന്റീന മറഡോണയുടെ നേതൃത്വത്തില്‍ നേടിയ അവസാനത്തെ ലോകകപ്പിലെ ടീമിന്റെ കോച്ചായിരുന്നു ബിലാര്‍ഡോ.

കഴിഞ്ഞവര്‍ഷം തലച്ചോറിനെ ബാധിച്ച അപൂര്‍വ രോഗത്തെത്തുടര്‍ന്നാണ് ഇദ്ദേഹം നഴ്‌സിങ് ഹോമില്‍ എത്തുന്നത്. ഇവിടെയുള്ള മറ്റു പത്തുപേര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. മറഡോണയുമായി ഏറെ ആത്മബന്ധം പുലര്‍ത്തുന്നയാളാണ് ബിലാര്‍ഡോ. തലച്ചോറിന് രോഗം ബാധിച്ചതറിഞ്ഞ് മറഡോണ പെട്ടിക്കരഞ്ഞ് പ്രാര്‍ഥിക്കുന്ന രംഗം ഏറെ വൈറലായിരുന്നു.

1965-1970 കാലയളവില്‍ അര്‍ജന്റീനന്‍ ക്ലബായ എസ്റ്റിയുഡിയന്റ്‌സിന്റെ താരമായിരുന്നു ബിലാര്‍ഡോ. ഇതിനിടയില്‍ മൂന്ന് കോപ ലിബര്‍ട്ടഡോറസ് കീരീടങ്ങള്‍ നേടി. 1971ല്‍ ടീമിന്റെ കോച്ചായി ചുമതലയേറ്റു.

1983 മുതല്‍ 1990 വരെയാണ് അര്‍ജന്റീനയുടെ പരിശീലക കുപ്പായമണിഞ്ഞത്. 1986ല്‍ ലോകകപ്പും 1990ല്‍ ടീമിനെ ഫൈനലിലെത്തിക്കുകയും ചെയ്തു. അതിനുശേഷം സെവിയ്യയുടെയും ബോക്ക ജൂനിയേഴ്‌സിന്റെയും പരിശീലകനായി. 2003-2004 കാലയളവില്‍ എസ്റ്റിയൂഡിയന്റ്‌സില്‍ തിരിച്ചെത്തി.

അര്‍ജന്റീനയില്‍ ഇതുവരെ 57,744 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 1200ഓളം പേര്‍ മരിക്കുകയും ചെയ്തു.

SHARE