മുന്നില്‍ നാല് കിടിലന്‍ ഓഫറുകള്‍; ഏത് സ്വീകരിക്കണമെന്നറിയാതെ സാംപൗളി

മാഡ്രിഡ്: സ്പാനിഷ് ലീഗിലെ സെവിയ്യയുടെ കോച്ച് ഹോര്‍ഹെ സാംപൗളി ഇപ്പോള്‍ ധര്‍മ സങ്കടത്തിലാണ്. ഈ സീസണോടെ സെവിയ്യ വിടാന്‍ ഏറെക്കുറെ തീരുമാനിച്ച അര്‍ജന്റീനക്കാരനു മുന്നില്‍ ഓഫറുകളുടെ പെരുമഴയാണ്; ഏത് സ്വീകരിക്കണം, ഏത് തള്ളണം എന്നറിയാത്ത വിധം മികച്ച ടീമുകളാണ് 56-കാരനു വേണ്ടി രംഗത്തുള്ളത്. ബാര്‍സലോണ, അര്‍ജന്റീന, ആര്‍സനല്‍, നെതര്‍ലന്റ്‌സ് തുടങ്ങി പ്രമുഖ ടീമുകളില്‍ നിന്നെല്ലാം ഓഫര്‍ വരുമ്പോള്‍ ആരായാലും കണ്‍ഫ്യൂഷന്‍ അടിക്കാതിരിക്കുന്നതെങ്ങനെ?

ചിലിയെ കോപ അമേരിക്ക ചാമ്പ്യന്മാരാക്കിയ സാംപൗളി സെവിയ്യ വിടുന്നുവെന്ന അഭ്യൂഹം പരന്നതോടെയാണ് മോഹന വാഗ്ദാനങ്ങളുമായി പ്രമുഖര്‍ രംഗത്തിറങ്ങിയത്. തന്റെ സുഹൃത്തും സെവിയ്യ സ്‌പോര്‍ട്ടിങ് ഡയറക്ടറുമായ മോണ്‍ചി ക്ലബ്ബ് വിട്ടതോടെയാണ് ലാലിഗ ക്ലബ്ബില്‍ നിന്ന് പടിയിറങ്ങാന്‍ സാംപൗളി മാനസികമായി തയാറെടുത്തത്.

കോച്ച് ലൂയിസ് എന്റിക്കിന്റെ കാലാവധി ഈ സീസണോടെ അവസാനിക്കുമെന്നുറപ്പായതോടെ ബാര്‍സലോണ പകരക്കാരനു വേണ്ടിയുള്ള അന്വേഷണത്തിലാണ്. മെസ്സിയെ പരിശീലിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് ഒരിക്കല്‍ മനസ്സു തുറന്ന സാംപൗളി തങ്ങളുടെ ഓഫര്‍ നിരസിക്കില്ലെന്നാണ് ബാര്‍സ കരുതുന്നത്. ആക്രമണ, സൗന്ദര്യ ഫുട്‌ബോളിന്റെ വക്താവായ സാംപൗളി ക്ലബ്ബിന് യോജിച്ച കോച്ചായിരിക്കുമെന്ന് ആരാധകരും കരുതുന്നു.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ തപ്പിത്തടയുന്ന അര്‍ജന്റീന കോച്ച് എഡ്ഗാര്‍ഡോ ബൗസയെ ഈയിടെ പുറത്താക്കിയത് സാംപൗളി വരുമെന്ന പ്രതീക്ഷയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കോച്ചിനെ ചാക്കിലാക്കാനുള്ള അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ നീക്കങ്ങള്‍ക്കെതിരെ സെവിയ്യ പരസ്യ പ്രസ്താവന ഇറക്കുക പോലും ചെയ്തു. നാല് മത്സരം ശേഷിക്കെ ലോകകപ്പ് യോഗ്യത കയ്യാലപ്പുറത്തായ അര്‍ജന്റീനക്ക് റഷ്യയിലേക്ക് ടിക്കറ്റുറപ്പിക്കണമെങ്കില്‍ കരുത്തനായ ഒരു കോച്ച് അത്യാവശ്യമാണ്. അര്‍ജന്റീനാ മാധ്യമങ്ങളും ആരാധകരും സാംപൗളിക്കാണ് മുന്‍തൂക്കം നല്‍കുന്നത്. മെസ്സിയുമായുള്ള ബന്ധം ഇതിനായി ഉപയോഗപ്പെടുത്താമെന്നാണ് ഫെഡറേഷന്റെ കണക്കുകൂട്ടല്‍.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരായ ആര്‍സനല്‍ ഈ സീസണ്‍ അവസാനത്തോടെ കോച്ച് ആര്‍സീന്‍ വെങറുമായി വഴിപിരിയുമെന്നാണ് വാര്‍ത്തകള്‍. മികച്ച ടീമുണ്ടായിട്ടും മേജര്‍ കിരീടങ്ങളില്ലാതെ ഈ സീസണും അവസാനിക്കുന്നതോടെ ഇത്രയും കാലം പിന്തുണച്ച ആരാധകരും വെങര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. സാംപൗളിയുമായി ആര്‍സനല്‍ അധികൃതര്‍ കൂടിക്കാഴ്ച നടത്തിയെന്ന് വാര്‍ത്തയുണ്ട്.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മോശം ഫോമിലുള്ള നെതര്‍ലാന്റ്‌സും സാംപൗൡക്ക് പിന്നാലെയുണ്ട്. യൂറോപ്യന്‍ മേഖലയിലെ ഗ്രൂപ്പ് എയില്‍ അഞ്ച് മത്സരം മാത്രം ശേഷിക്കെ നാലാം സ്ഥാനം മാത്രമുള്ള അവര്‍ക്ക് ഇനിയുള്ള മത്സരങ്ങളെല്ലാം ജയിച്ചാലേ യോഗ്യത നേടാനാവൂ. കോച്ച് ഡാനി ബ്ലിന്‍ഡിനെ പുറത്താക്കിയ നെതര്‍ലാന്റ് ഫെഡറേഷനും സാംപൗളിയെയാണ് നോട്ടമിടുന്നത്.

അതിനിടെ, താന്‍ ഇതുവരെ ആരോടും യെസ് പറഞ്ഞിട്ടില്ലെന്നും വലന്‍സിയക്കെതിരായ സെവിയ്യയുടെ അടുത്ത മത്സരം മാത്രമാണ് തന്റെ മനസ്സിലുള്ളതെന്നും സാംപൗളി പറയുന്നു.