സായ് കേന്ദ്രത്തില്‍ പരിശീലനത്തിനിടെ വനിതാ താരത്തിന്റെ കഴുത്തില്‍ അമ്പ് തറച്ചു

കൊല്‍ക്കത്ത: പരിശീലനത്തിനിടെ മറ്റൊരാള്‍ എയ്ത അമ്പ് കഴുത്തില്‍ തറച്ച് 14-കാരിയായ അമ്പെയ്ത്ത് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയിലെ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) കേന്ദ്രത്തില്‍ വെച്ച് ഫസീല ഖാത്തൂന്‍ എന്ന പെണ്‍കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്. ബോല്‍പൂര്‍ സബ് ഡിവിഷനല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച ഫസീലയുടെ കഴുത്തില്‍ നിന്ന് അമ്പ് നീക്കം ചെയ്തു. പെണ്‍കുട്ടിയുടെ സ്ഥിതി ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ജുവല്‍ ഷെയ്ഖ് എന്ന മറ്റൊരു താരം എയ്ത അമ്പാണ് അബദ്ധത്തില്‍ കടന്നുവന്ന ഫസീലയ്ക്ക് കൊണ്ടത്. പിന്‍വശത്തു നിന്നു വന്ന അമ്പ് കഴുത്തിന്റെ ഇടതുഭാഗത്ത് തൊലി തുളച്ചാണ് കയറിയത്. കഴുത്തിന്റെ മധ്യത്തില്‍ കൊള്ളാതിരുന്നതിനാല്‍ ്‌വന്‍ അപകടം ഒഴിവായി.

‘ഞങ്ങള്‍ നാലു പേര്‍ പരിശീലനം നടത്തുകയായിരുന്നു. രണ്ടു പേരുടെ ഊഴം കഴിഞ്ഞപ്പോഴാണ് പെണ്‍കുട്ടി പരിശീലനത്തിനായി വന്നത്. ഞാന്‍ അമ്പെയ്തു കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നാണ് എന്റെ ശ്രദ്ധയില്‍പ്പെടാതെ പെണ്‍കുട്ടി അടുത്തേക്ക് വന്നത്. അബദ്ധത്തില്‍ അവര്‍ക്ക് അമ്പേല്‍ക്കുകയായിരുന്നു.’ ജുവല്‍ ഷെയ്ഖ് പറഞ്ഞു.

ജുവല്‍ പരിശീലിക്കുന്നത് ശ്രദ്ധയില്‍പ്പെടാതെയാണ് താന്‍ അവിടേക്ക് ചെന്നതെന്ന് ഫസീല പറഞ്ഞു. അപകടം നടക്കുമ്പോള്‍ പരിശീലകര്‍ ആരും സ്ഥലത്തുണ്ടായിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.