വാഷിംഗ്ടണ്‍: ജോര്‍ജ്ജ് ഫ്‌ലോയിഡിന്റെ മരണത്തെ തുടര്‍ന്ന് അമേരിക്കയില്‍ പ്രതിഷേധം ആളിക്കത്തുന്നതിനിടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജോണ്‍ പോള്‍ രണ്ടാമന്‍ ദേശീയ ദേവാലയം സന്ദര്‍ശിച്ചു. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി വാഷിംഗ്ടണ്‍ കാത്തലിക് ആര്‍ച്ച് ബിഷപ് വില്‍ട്ടണ്‍ ഡി ഗ്രിഗറി രംഗത്തെത്തി. ദേശീയ ദേവാലയം സന്ദര്‍ശിച്ച ട്രംപിന്റെ നടപടി അപക്വവും ദുരുപയോഗവുമാണെന്ന് ആര്‍ച്ച് ബിഷപ് പ്രതികരിച്ചു. അമേരിക്കയില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധം ശക്തമാവുന്നതിനിടയിലാണ് ട്രംപിന്റെ പള്ളിസന്ദര്‍ശനം.
പ്രസിഡന്റിന്റെ നടപടി നിന്ദ്യവും അമ്പരപ്പിക്കുന്നതുമാണെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. മതപരമായ ആചാരങ്ങള്‍ ലംഘിച്ചാണ് ട്രംപ് പള്ളിയിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈറ്റ്ഹൗസിന് മുന്നിലെ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ബലം പ്രയോഗിച്ചതിനെതിരെയും ആര്‍ച്ച് ബിഷപ് പ്രതികരിച്ചു. ബൈബിളും കൈയില്‍ പിടിച്ച് കഴിഞ്ഞ ദിവസമാണ് പ്രസിഡന്റ് ട്രംപ് പള്ളിയിലെത്തിയത്. പിന്നീട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു.
അതേസമയം, ട്രംപിനെതിരെ വിമര്‍ശനം ശക്തമാവുകയാണ്. രാജ്യത്തെ വെളുത്തവര്‍ഗക്കാരുടെ പിന്തുണ ഉറപ്പാക്കാനാണ് ട്രംപ് കാത്തലിക് ദേവാലയത്തില്‍ എത്തിയതെന്ന് എതിരാളികള്‍ വിമര്‍ശിച്ചു. 2016 തെരഞ്ഞെടുപ്പില്‍ കാത്തലിക് വെളുത്ത വര്‍ഗക്കാരുടെ ഭൂരിപക്ഷ വോട്ടും ട്രംപിനാണ് ലഭിച്ചത്. ചലച്ചിത്ര സംവിധായകന്‍ സ്‌പൈക് ലീയും ട്രംപിനെതിരെ രംഗത്തെത്തി. ട്രംപ് ഗ്യാങ്സ്റ്ററാണെന്ന് ലീ തുറന്നടിച്ചു.
പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ സൈന്യത്തെ നിയോഗിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രതിഷേധം അടിച്ചമര്‍ത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍ സൈന്യത്തെ അയക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.പ്രതിഷേധക്കാര്‍ വൈറ്റ്ഹൗസിന് സമീപത്തെത്തിയതോടെ ട്രംപിനെ ഭൂഗര്‍ഭ അറയിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ചൊവ്വാഴ്ച പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ പൊലീസ് ജീവനക്കരാനും കൊല്ലപ്പെട്ടിരുന്നു.