ദുബായ്: പ്രവാസി വ്യവസായി ജോയ് അറയ്ക്കലിന്റെ മൃതദേഹം ഇന്ന് മൂന്നരയോടെ ചാര്‍ട്ടേഡ് വിമാനത്തില്‍ കോഴിക്കോടേക്ക് കൊണ്ടുപോകും. രാത്രി എട്ടരയോടെ അവിടെയെത്തുന്ന മൃതദേഹം രാത്രിയില്‍ത്തന്നെ വയനാട് മാനനന്തവാടിയിലേക്ക് കൊണ്ടുപോകും. സംസ്കാരം കണിയാരം മാനന്തവാടി സെന്റ് ജോസഫ്സ് കത്തീഡ്രലില്‍ നടത്തും.
ജോയി സ്ഥാപക എംഡിയായിരുന്ന ഇന്നോവ ഗ്രൂപ്പിന്റെ എംഡിയായി വാലി ഡാഹിയയെ നിയമിച്ചു. അമേരിക്കന്‍ പൗരത്വമുള്ള ഇന്ത്യക്കാരനാണ് വാലി ഡാഹിയ. യൂറോപ്യന്‍, സഊദി ബാങ്ക് പ്രതിനിധികള്‍ക്കു പുറമെ കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സില്‍ ഉണ്ടായിരുന്ന വ്യക്തിയാണ് വാലി.
കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിലേക്ക് ജോയിയുടെ മകന് അരുണിനെയോ കുടുംബം നിര്‍ദ്ദേശിക്കുന്ന ആളെയോ ഉള്‍പ്പെടുത്തുമെന്നും ഓഫിസ് വൃത്തങ്ങള്‍ അറിയിച്ചു.
ഈ മാസം 23ന് ദുബായ് ബിസിനസ് ബേയിലെ കെട്ടിടത്തിന്റെ 14-ാം നിലയില്‍ നിന്ന് ചാടി ജോയ് അറക്കല്‍ ജീവനൊടുക്കുകയായിരുന്നെന്ന് ബര്‍ദുബായ് പൊലീസ് സ്റ്റേഷന് ഡയറക്ടര്‍ ബ്രി.അബ്ദുല്ല ഖാദിം ബിന്‍ സുറൂര്‍ സ്ഥിരീകരിച്ചു. മരണത്തില്‍ ദുരൂഹതകളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിസിനസ്സ് ബേയിലെ ഓഫിസില്‍ ഉച്ചക്ക് 12ന് ഉദ്യോഗസ്ഥരുടെ യോഗം വച്ചിരുന്നെങ്കിലും അതിനു തൊട്ടുമുമ്പായിരുന്നു മരണം. പുതിയൊരു പദ്ധതിയുടെ പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട കാലതാമസം അദ്ദേഹത്തിന് ഏറെ മനോവിഷമം ഉണ്ടാക്കിയെന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുടുംബ സുഹൃത്ത് വ്യക്തമാക്കി.
മാനന്തവാടി സ്വദേശിയായ ജോയി, യുഎഇ ആസ്ഥാനമായ ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡിയും പ്രധാന ഓഹരി ഉടമയുമാണ്. 2 ലക്ഷം കോടി വിറ്റുവരവുള്ള കമ്പനി, ഓഹരി വിപണിയില്‍ പ്രവേശിക്കാനിരിക്കുകയായിരുന്നു.