പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യപ്രവര്‍ത്തകനുമായ അറയ്ക്കല്‍ ജോയിയുടെ മൃതദേഹം ജന്മനാടായ മാനന്തവാടിയില്‍ സംസ്ക്കരിച്ചു. ഇന്നലെ പ്രത്യേക ചാര്‍ട്ടഡ് വിമാനത്തില്‍ കരിപ്പൂരിലെത്തിച്ച മൃതദേഹം ഇന്ന് പുലര്‍ച്ചെയോടെയാണ് വയനാട്ടിലെത്തിച്ചത്. കണിയാരം സെന്റ് ജോസഫ് കത്തീഡ്രല്‍ പളളിയിലാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്.
ഇന്നലെ രാത്രി എട്ട് മണിയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം പുലര്‍ച്ചെ 12 മണിയോടെ വയനാട് മാനന്തവാടിയിലെ അറയ്ക്കല്‍ പാലസിലെത്തിച്ചു. ജോയിയുടെ ഭാര്യ സെലിന്, മക്കളായ അരുണ്‍ ജോയ്, ആഷ്ലിന് ജോയ് എന്നിവരും മൃതദേഹത്തെ അനുഗമിച്ചിരുന്നു. ജില്ലാഭരണകൂടത്തിന്റെ ഭാഗമായി ഏതാനും ജനപ്രതിനിധികളും ബന്ധുക്കളും മാത്രമാണ് അന്തിമോപചാരം അര്‍പ്പിച്ചത്.
മാനന്തവാടിയുടെ സമഗ്ര വികസനത്തിന് എന്നും അകമഴിഞ്ഞ സഹായം നല്‍കിയിരുന്ന ജോയ്, അവസാനമായി ഒരു വട്ടം കൂടി തുറന്ന ആംബുലന്‍സില്‍ മാനന്തവാടിയിലെത്തി. തെരുവുകളിലും അറക്കല്‍ പാലസ്സിലും ആളുകള്‍ കൂടാതിരിക്കാന്‍ ജില്ലാ ഭരണകൂടം നേരത്തെ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു. 7.30ഓടെ കണിയാരം സെന്റ് ജോസഫ് കത്തീഡ്രല്‍ പളളിയിലെത്തിച്ച മൃതദേഹം കുടുംബക്കല്ലറയില്‍ മാതാവിനൊപ്പം സംസ്ക്കരിച്ചു .സംസ്കാര ശുശ്രൂഷകള്‍ക്ക് കത്തീഡ്രല്‍ പള്ളി വികാരി ഫാ. പോള്‍ മുണ്ടോലിക്കല്‍ കാര്‍മികത്വം വഹിച്ചു.
ജോയിയുടേത് ആത്മഹത്യ ആണെന്ന് കഴിഞ്ഞ ദിവസം ദുബായ് പൊലീസ് സ്ഥിരീകരിച്ചിരുന്നു. കൊറോണ വ്യാപിച്ചതിനെ തുടര്‍ന്ന് ക്രൂഡ് ഓയിലിനുണ്ടായ അപ്രതീക്ഷിത വിലത്തകര്‍ച്ചയാണ് ജോയിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ദുബായ് പൊലീസ് പറഞ്ഞു. മരണത്തിനു മുമ്പുള്ള ദിവസങ്ങളില്‍ അദ്ദേഹം കടുത്ത വിഷാദത്തിലായിരുന്നുവെന്നും ദുബായ് പൊലീസ് വെളിപ്പെടുത്തി.