ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള് ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഇത് മൂന്നാംതവണയാണ് കെജ് രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരത്തിലേറുന്നത്. രാംലീല മൈതാനിയിലായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ ഉണ്ടായിരിക്കും.
അതിഷി മര്‍ലേന, രാഘവ് ചന്ദ ഉള്‍പ്പടെ യുവമുഖങ്ങള്‍ ഇത്തവണ മന്ത്രിസഭയിലെത്തും. മനീഷ് സിസോദിയ, ഗോപാല്‍ റായ്, സോംനാഥ് ഭാരതി, തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്ക് പ്രധാന വകുപ്പുകള്‍ ലഭിക്കും.
കഴിഞ്ഞ തവണ 67 സീറ്റില്‍ വിജയിച്ച ആം ആദ്മി പാര്‍ട്ടി ഇക്കുറി 62 സീറ്റ് നേടിയാണ് അധികാരം നിലനിര്‍ത്തിയത്. ബിജെപി കഴിഞ്ഞ തവണത്തെ മൂന്ന് സീറ്റില്‍ നിന്ന് എട്ട് സീറ്റിലേക്ക് ഉയര്‍ന്നു.
അതേസമയം, തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ ആം ആദ്മി എംഎല്‍എ നരേഷ് യാദവിന് നേരെ വധശ്രമം ഉണ്ടായി. അക്രമത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അക്രമികളുടെ ലക്ഷ്യം എംഎല്‍എ അല്ലെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്.സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്.