അരവിന്ദ് കെജ്രിവാള്‍; മറനീക്കി പുറത്തുവരുന്ന സംഘപരിവാറിന്റെ വേറൊരു മുഖം


ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മൂന്നാമതും വിജയം നേടിയതിനു പിന്നാലെ രൂക്ഷ വിമര്‍ശനം നേരിട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ആംആദ്മി പാര്‍ട്ടിയും. പൗരത്വ നിയമ വിരുദ്ധ സമരങ്ങളില്‍ കൃത്യമായ നിലപാടു സ്വീകരിക്കാത്തതും ഷഹീന്‍ ബാഗ് ഉള്‍പ്പെടെയുള്ള സമരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാതിരുന്നതും നേരത്തെ പ്രതിഷേധത്തിനു കാരണമായിരുന്നു. അധികാരത്തിലേറി 8 ദിവസങ്ങള്‍ക്കു ശേഷം ജാഫറാബാദില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷങ്ങളിലും എഎപിയും കേജ്‌രിവാളും മൃദുനയമാണു സ്വീകരിച്ചത്. ഇപ്പോഴിതാ ജെഎന്‍യുവില്‍ രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കിയതുമായി ബന്ധപ്പെട്ടുള്ള കേസില്‍ കനയ്യ കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിയും.

നിലപാടുകളിലുണ്ടായ മാറ്റംതന്നെയാണ് അരവിന്ദ് കേജ്‌രിവാളിന്റെയും എഎപിയുടെയും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. ജെഎന്‍യു കേസ് തന്നെയെടുക്കുക. പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച് ഒരു വര്‍ഷത്തിനു ശേഷമാണു കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള എഎപി സര്‍ക്കാരിന്റെ അനുമതി. 2016ലുണ്ടായ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്നു കണ്ടെത്തിയതുമാണ്.

2016 ഫെബ്രുവരി 9നു ജെഎന്‍യു കാംപസിലെ അഫ്‌സല്‍ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ടു നടന്ന പരിപാടിയില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന പരാതിയിലാണു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ഭന്‍ ഭട്ടാചാര്യ എന്നിവരടക്കം 10 പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്തത്.

ബിജെപി മുന്‍ എംപി മഹേഷ് ഗിരിയും എബിവിപി പ്രവര്‍ത്തകരും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 11നാണു ഡല്‍ഹി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. തൊട്ടടുത്ത ദിവസം കനയ്യകുമാറിനെയും 24നു ഉമര്‍ ഖാലിദ്, അനിര്‍ഭന്‍ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. പിന്നാലെയാണു ജെഎന്‍യുവിലെ വിദ്യാര്‍ഥിസമരങ്ങളുടെ തുടക്കം.

രണ്ടാം എഎപി സര്‍ക്കാര്‍ അധികാരമേറ്റു മാസങ്ങള്‍ക്കുള്ളിലായിരുന്നു സംഭവം. യുവാക്കളുടെ ഏറെ പിന്തുണയോടെ അധികാരത്തിലെത്തിയ എഎപി ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം നിന്നു. സംഭവത്തിന്റെ നിജസ്ഥിതി കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചു. കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചതിനു തെളിവില്ലെന്നായിരുന്നു 2016 മാര്‍ച്ച് 3നു നല്‍കിയ റിപ്പോര്‍ട്ടിലെ സാരാംശം. ഇതിനു പിന്നാലെ വ്യാജവിഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ചാനലുകള്‍ക്കെതിരെ ഡല്‍ഹി സര്‍ക്കാര്‍ നിയമനടപടി ആരംഭിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു: കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് എന്നിവര്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചതിനു തെളിവില്ല. എന്നാല്‍, അനിര്‍ബാന്‍ ഭട്ടാചാര്യ, അശുതോഷ് എന്നിവര്‍ അഫ്‌സല്‍ ഗുരുവിനും മഖ്ബൂല്‍ ഭട്ടിനും അനുകൂലമായി മുദ്രാവാക്യം മുഴക്കിയതായി സംശയമുണ്ട്. എന്നാല്‍, ഇവരും ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടില്ല. പുറത്തുനിന്നെത്തിയ മുഖംമറച്ച ചിലരാണിതു ചെയ്തത്.

കശ്മീരിലെ ജനങ്ങളും സ്ത്രീകളും നടത്തുന്ന പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന മുദ്രാവാക്യങ്ങളാണ് ഉമര്‍ ഖാലിദ് വിളിച്ചത്. ഫെബ്രുവരി ഒന്‍പതിനു നടന്ന പരിപാടിയിലേക്കു മാധ്യമപ്രവര്‍ത്തകരെ ക്ഷണിച്ചത് എബിവിപി നേതാവും വിദ്യാര്‍ഥി യൂണിയന്‍ ജോയിന്റ് സെക്രട്ടറിയുമായ സൗരഭ് ശര്‍മയാണ്. പരിപാടിയുടെ ദൃശ്യങ്ങള്‍ എന്ന നിലയില്‍ പ്രമുഖ ചാനല്‍ സംപ്രേഷണം ചെയ്തത് കൃത്രിമമായി തയാറാക്കിയ വിഡിയോ ആണ്. ഇതില്‍ പാക്കിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യങ്ങള്‍ കൃത്രിമമായി കൂട്ടിച്ചേര്‍ക്കുകയായിരുന്നു.

സംഭവം നടന്നു 3 വര്‍ഷത്തിനു ശേഷം 2019 ജനുവരി 14നാണു 10 പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. രാജ്യദ്രോഹം, കലാപമുണ്ടാക്കാന്‍, അനുമതിയില്ലാതെ യോഗം ചേരല്‍, വ്യാജരേഖ ചമയ്ക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് 1200 പേജ് കുറ്റപത്രം. ജെഎന്‍യു, ജാമിയ മിലിയ, അലിഗഡ് സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളും കശ്മീര്‍ സ്വദേശികളുമായ അഖ്വിബ് ഹുസൈന്‍, മുജീബ് ഹുസൈന്‍, മുനീബ് ഹുസൈന്‍, ഉമര്‍ ഗുല്‍, റയീസ് റസൂല്‍, ഖാലിദ് ബഷീര്‍ ഭട്ട്, ബഷ്‌റത് അലി എന്നിവരും പേരു ചേര്‍ക്കപ്പെട്ടു.

പക്ഷേ അപ്പോഴും കേന്ദ്രസര്‍ക്കാരിന് എതിരായിരുന്നു എഎപിയുടെ നിലപാട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ ലക്ഷ്യം മുന്നില്‍ കണ്ടാണു കുറ്റപത്രം സമര്‍പ്പിച്ചതെന്നായിരുന്നു എഎപിയുടെ ആരോപണം. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ കുറ്റപത്രം സമര്‍പ്പിച്ചതിനു കോടതി ചീത്ത വിളിച്ചു.

അനുമതിക്കായി സമര്‍പ്പിച്ചിരുന്നെന്നു പൊലീസും ഇല്ലെന്നു സംസ്ഥാന സര്‍ക്കാരും ആരോപണങ്ങള്‍ തീര്‍ത്തു. വീണ്ടും അനുമതിക്കായി സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിച്ചു. ശേഷം ഒരു വര്‍ഷം പിന്നിട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടി, എഎപി അമ്പേ പരാജയപ്പെട്ടു. കേജ്‌രിവാള്‍ കളമറിഞ്ഞു കളിക്കാന്‍ തുടങ്ങി. പൗരത്വ നിയമ വിഷയങ്ങളില്‍ ഉള്‍പ്പെടെ മൗനം പാലിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പും ശേഷവുമുള്ള എഎപിയെയും അരവിന്ദ് കേജ്‌രിവാളിനെയും താരതമ്യപ്പെടുത്തുക തന്നെ പ്രയാസം. സര്‍ക്കാര്‍ പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നില്ലെന്നു കാട്ടി 2018 ജൂണില്‍ ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജലിന്റെ വസതിയില്‍ 9 ദിവസം സമരം നടത്തിയ കേജ്‌രിവാളാണ് വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ സംഘര്‍ഷത്തില്‍ ആദ്യ രണ്ടു ദിവസങ്ങളിലും മുഖം തിരിച്ചത്. ദേശീയ രാഷ്ട്രീയത്തിലേക്കു കടന്നുവരാനുള്ള അടവുനയത്തിന്റെ ഭാഗമാണിതെന്നാണു രാഷ്ട്രീയ ലോകത്തിലെ ചര്‍ച്ച. കാര്യമെന്തായാലും മുന്‍വര്‍ഷങ്ങളിലേതു പോലെ സുഗമമാകില്ല വരുംനാളുകളില്‍ അരവിന്ദ് കേജ്‌രിവാളിന്റെ ഡല്‍ഹി ഭരണമെന്നു തീര്‍ച്ച.