പ്രതികളെ വെടിവെച്ച് കൊന്ന സംഭവം, ജനങ്ങള്‍ സന്തോഷിക്കുന്നത് നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ട്; കെജ്‌രിവാള്‍

ഹൈദരാബാദില്‍ ബലാത്സംഗ പ്രതികളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ പ്രതികരണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പ്രതികളെ വെടിവെച്ച് കൊന്നതില്‍ ജനങ്ങള്‍ സന്തോഷിക്കുന്നത് നീതിന്യായ വ്യവസ്ഥയില്‍ അവര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടതിനാലാണെന്ന് അദ്ദേഹം പറഞ്ഞു.

‘ബലാത്സംഗക്കേസ് ഹൈദരാബാദിലേതായാലും ഉന്നവോയിലേതായാലും ജനങ്ങള്‍ വിഷമിക്കുന്നവരാണ്. അതുകൊണ്ടാണ് അവര്‍ ഏറ്റുമുട്ടല്‍ കൊലയില്‍ സന്തോഷിക്കുന്നത്. ജനങ്ങള്‍ക്ക് നമ്മുടെ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടമായെന്നതാണ് ഇത് തെളിയിക്കുന്ന സങ്കടകരമായ കാര്യം’ അദ്ദേഹം ചൂണ്ടിക്കാട്ടി.

വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച കേസിലെ പ്രതികളായ നാലു പേരും ഇന്ന് പുലര്‍ച്ചെ 3.30ന് പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. നവംബര്‍ 28ന് ആണ് 26 വയസ്സുള്ള വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ഷാദ്‌നഗര്‍ ദേശീയപാതയില്‍ പാലത്തിനടിയില്‍ കാണപ്പെട്ടത്. ഈ സംഭവത്തില്‍ പിന്നീട് അറസ്റ്റിലായ ജോല്ലു ശിവ, ജോല്ലു നവീന്‍, ചിന്താകുന്ത ചന്നകേശവുലു, മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ ലോറി തൊഴിലാളികളാണ്. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുവെച്ചുതന്നെയാണ് പ്രതികള്‍ പോലീസിന്റെ വെടിയേറ്റു മരിച്ചത്.

ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് തെളിവെടുക്കുന്നതിനായി പ്രതികളെ എത്തിച്ചപ്പോഴാണ് സംഭവം. പ്രതികളായ നാലുപേരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. പ്രതികളുടെ മൃതദേഹം ഷാദ്‌നഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വെറ്ററിനറി ഡോക്ടറായ യുവതിയെ ബുധനാഴ്ച രാത്രിയോടെയാണ് നാലംഗ സംഘം ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ ഹൈദരാബാദ് ബെംഗളൂരു ദേശീയ പാതയില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

SHARE