കോട്ടയം: കോവിഡ് ഭീതിയില്‍ വിദേശത്തു നിന്നെത്തുന്ന പ്രവാസികളെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തി പുതുപ്പള്ളിയിലെ ആറാട്ടുചിറ ഗ്രാമം. കേരളത്തിലെ ചിലയിടങ്ങളില്‍ പ്രവാസികള്‍ക്കു നേരെ വിവേചനം റിപ്പോര്‍ട്ട് ചെയ്ത വേളയിലാണ് ആറാട്ടുചിറയ്ക്കാര് പ്രവാസികള്‍ക്ക് സ്വാഗതമേകുന്നത്. വിഷയത്തില്‍ ആറാട്ടുചിറ പൗരസമിതി വച്ച് ഫ്ളക്സ് ബോര്‍ഡ് സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലായി.
‘സ്വദേശികളായ പ്രവാസികളേ, നിങ്ങള്‍ക്ക് സ്വാഗതം. നിങ്ങളുടെ നാട്ടിലേക്കാണ് നിങ്ങള്‍ വരുന്നത്. പ്രതിരോധ നടപടികളുമായി സഹകരിക്കുക. നാടിന്റെ വികസനത്തിന് നിങ്ങള്‍ നല്കിയ സംഭാവന ചെറുതല്ല. കരുതലോടെ സംരക്ഷിക്കാം ഞങ്ങള്‍’ – എന്നാണ് ബോര്‍ഡില്‍ എഴുതിയിട്ടുള്ളത്.
‘സ്വന്തം വീട്ടുകാര്‍ക്ക് വേണ്ടിയും, ഒരു പരിധി വരെ നാടിന്റെ നന്മയ്ക്കു വേണ്ടിയും നാടും വീടും വിട്ടു പുറംനാടുകളില്‍ പണിചെയ്യുന്നവര്‍ അവസ്ഥ മോശമായതു കൊണ്ട് സ്വന്തം നാട്ടിലേക്കും വീട്ടിലേക്കും വരുമ്പോള്‍ പുറംതിരിഞ്ഞു നില്ക്കുന്ന നാട്ടുകാര്‍ക്കുള്ള മറുപടിയാണ് ഇത്. പ്രവാസികളായ കൂടപ്പിറപ്പുകളെ ഞങ്ങള്‍ രണ്ട് കയ്യും നീട്ടി സ്വീകരിക്കുന്നു. അവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ഞങ്ങള്‍ ചെയ്യും. മനുഷ്യത്വം മരിച്ചിട്ട് മനുഷ്യന് ജീവിച്ചിട്ട് കാര്യമില്ലല്ലോ ?’ – പൗരസമിതി പ്രവര്‍ത്തകര്‍ പറയുന്നു.