അറബിക്കടലില്‍ ഇരട്ട ന്യൂനമര്‍ദത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം


അറബിക്കടലില്‍ ഇരട്ട ന്യൂനമര്‍ദത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യ കിഴക്കന്‍ അറബിക്കടല്‍ പ്രദേശത്തുമായി മെയ് 31 നോട് കൂടി ഒരു ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇത് കേരള തീരത്ത് നിന്ന് അധികം അകലെയല്ലാത്ത പ്രദേശമാണ്. അതോടൊപ്പം മധ്യ പടിഞ്ഞാറന്‍ അറബിക്കടലിലും അതിനോടു ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍ പ്രദേശത്തുമായി ഒരു ന്യൂനമര്‍ദം മെയ് 29 നോട് കൂടി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അറബിക്കടലില്‍ ന്യൂനമര്‍ദങ്ങള്‍ രൂപപ്പെടാനുള്ള സാധ്യത പ്രവചിക്കപ്പെട്ട പശ്ചാത്തലത്തില്‍ നാളെ (മെയ് 28) മുതല്‍ കേരള തീരത്തും അതിനോട് ചേര്‍ന്നുള്ള അറബിക്കടലിലും മത്സ്യ ബന്ധനം പൂര്‍ണമായി നിരോധിച്ചിരിക്കുന്നു. മെയ് 28 ന് ശേഷം കേരള തീരത്ത് നിന്ന് യാതൊരു കാരണവശാലും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ല. നിലവില്‍ ആഴക്കടല്‍, ദീര്‍ഘദൂര മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്നവര്‍ മെയ് 28 രാത്രിയോടെ കേരള തീരത്ത് മടങ്ങിയെത്തുകയോ അല്ലെങ്കില്‍ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്തെത്തുകയോ ചെയ്യേണ്ടതാണ്.

ന്യൂനമര്‍ദ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടങ്ങളോടും ബന്ധപ്പെട്ട വകുപ്പുകളോടും ആവശ്യമായ തയാറെടുപ്പുകള്‍ നടത്താന്‍ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. കടല്‍ പ്രക്ഷുബ്ധമാകും എന്നതിനാല്‍ മത്സ്യബന്ധന നിരോധനത്തോടൊപ്പം കടലാക്രമണ ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ക്യാമ്പുകള്‍ കണ്ടത്തി കൊവിഡ് 19 പശ്ചാത്തലത്തില്‍ ‘ഓറഞ്ച് ബുക്ക് 2020’ ലെ മാര്‍ഗ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കി വെക്കാനും അവ പൊതുജനങ്ങളെയും ജനപ്രതിനിധികളെയും അറിയിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷക്കായി മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ തയാറാക്കി മത്സ്യബന്ധന കേന്ദ്രങ്ങളിലും മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലും പ്രചരിപ്പിക്കാനും ഫിഷറീസ് വകുപ്പിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

SHARE