‘ബോളിവുഡില്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്ന ഒരു സംഘമുണ്ട്’; സംഗീത സംവിധാനം ചെയ്ത ചിത്രങ്ങള്‍ കുറഞ്ഞതിനെ കുറിച്ച് എ.ആര്‍.റഹ്മാന്‍

മുംബൈ: സംഗീത സംവിധാനം നിര്‍വഹിച്ച ബോളിവുഡ് ചിത്രങ്ങളുടെ എണ്ണം കുറഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി സംഗീത സംവിധായകന്‍ എ.ആര്‍.റഹ്മാന്‍. തനിക്കെതിരെ ബോളിവുഡില്‍ ചില സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റഹ്മാന്‍ പറഞ്ഞു. റേഡിയോ മിര്‍ച്ചിക്ക് നല്‍കിയ അഭിമുഖത്തിലാണ് തനിക്കെതിരേ ബോളിവുഡിലെ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി റഹ്മാന്‍ വെളിപ്പെടുത്തിയത്.

‘നല്ല സിനിമകള്‍ വേണ്ടെന്ന് ഞാന്‍ പറയുന്നില്ല, പക്ഷേ ഒരു സംഘമുണ്ടെന്ന് ഞാന്‍ കരുതുന്നു, തെറ്റിദ്ധാരണകള്‍ കാരണം ചില തെറ്റായ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നു. മുകേഷ് ചബ്ര എന്റെയടുത്തെത്തിയപ്പോള്‍, രണ്ട് ദിവസത്തിനുള്ളില്‍ ഞാന്‍ അദ്ദേഹത്തിന് നാല് ഗാനങ്ങള്‍ നല്‍കി. അദ്ദേഹം എന്നോട് പറഞ്ഞു, ‘സര്‍, എത്ര പേര്‍ പറഞ്ഞു, പോകരുത്, അവന്റെ അടുത്തേക്ക് പോകരുത്. അവര്‍ കഥകള്‍ക്ക് ശേഷം കഥകള്‍ പറഞ്ഞു.’ ഞാന്‍ അത് കേട്ടു, ഞാന്‍ മനസ്സിലാക്കി,’ എആര്‍ റഹ്മാന്‍ പറഞ്ഞു.

‘അതെ, ഇപ്പോള്‍ എനിക്ക് മനസ്സിലായി ഞാന്‍ കുറച്ച് ചെയ്യുന്നത് എന്തുകൊണ്ടാണെന്ന്, നല്ല സിനിമകള്‍ എന്നിലേക്ക് വരാത്തത് എന്തുകൊണ്ടാണെന്ന്. ഞാന്‍ ഇരുണ്ട സിനിമകള്‍ ചെയ്യുന്നു, കാരണം ഒരു സംഘം മുഴുവന്‍ എനിക്കെതിരെ പ്രവര്‍ത്തിക്കുന്നു, ഉപദ്രവമാണ് ചെയ്യുന്നതെന്ന് അറിയാതെയാണ് അത് അവര്‍ ചെയ്യുന്നത്,’ എആര്‍ റഹ്മാന്‍ പറഞ്ഞു.

‘ഞാന്‍ കാമ്പുള്ള കാര്യം ചെയ്യുമെന്ന് ആളുകള്‍ പ്രതീക്ഷിക്കുന്നു, പക്ഷേ ഇത് സംഭവിക്കുന്നത് തടയുന്ന മറ്റൊരു സംഘമുണ്ട്. ഇത് കുഴപ്പമില്ല, കാരണം ഞാന്‍ വിധിയില്‍ വിശ്വസിക്കുന്നു, എല്ലാം ദൈവത്തില്‍ നിന്നുള്ളതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിനാല്‍, ഞാന്‍ എന്റെ സിനിമകള്‍ എടുക്കുകയും എന്റെ മറ്റ് കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുന്നു. എന്നാല്‍ എന്റെ അടുത്തേക്ക് വരാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും സ്വാഗതം. മനോഹരമായ സിനിമകള്‍ നിര്‍മ്മിക്കുക, എന്റെ അടുത്തേക്ക് വരാന്‍ നിങ്ങള്‍ക്ക് സ്വാഗതം,-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SHARE