വേനലില്‍ വനപാതകളില്‍ കണ്‍ക്കുളിര്‍മയായി ഏപ്രില്‍ ലില്ലി പൂക്കള്‍

വേനലില്‍ കാനന സഞ്ചാരികള്‍ക്ക് കണ്‍ക്കുളിര്‍മയായ കാഴ്ചയൊരുക്കി ഏപ്രില്‍ ലില്ലിപ്പൂക്കള്‍. വേനവധിയും അപ്രതീക്ഷിത മഴയും എത്തിയതിന് പിന്നാലെ സ്ഞ്ചാരികള്‍ക്ക് ഹൃദ്യമായ കാഴ്ച്ചയാണ് കാടൊരുക്കിയിരിക്കുന്നത്.

വയനാടിലെ തോല്‍പ്പെട്ടി , തിരുനെല്ലി വനപാതയോരങ്ങളിലും കാടിനുള്ളിലുമാണ് നിറയെ പൂക്കള്‍ വിരിഞ്ഞിരിക്കുന്നത്. മെയ് മാസ റാണി, ഈസ്റ്റര്‍ ലില്ലി, ഫുട്ബോള്‍ ലില്ലി, കുടമുല്ലപ്പൂവ് തുടങ്ങിയ പേരുകളിലറിയപ്പെടുന്ന ഉരുണ്ട ആകൃതിയിലുള്ള കടുംവയലറ്റ് നിറത്തിലുള്ള പൂവുകളാണ് പാതയോരങ്ങളിലുള്ളത്. ബേഗൂര്‍, തോല്‍പ്പെട്ടി വന്യജീവിസേതത്തിനുള്ളിലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വ്യാപകമായി പൂ വിരിഞ്ഞിട്ടുണ്ട്. സ്‌കാര്‍ഡോക്സസ് മള്‍ട്ടിഫ്ളോറസ് എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെടുന്ന തെക്കെ ആഫ്രിക്കന്‍ സസ്യമാണിത്. കായകളിലൂടെയാണ് ചെടികള്‍ പടരുന്നത്. വേനലിലെത്തിയ പുതുമഴക്ക് ശേഷം മണ്ണിനടിയില്‍ നിന്നും മുളച്ചുവരുന്നതാണ് രീതി. വിഷാംശമുള്ള കിഴങ്ങുകളാണ് ഇവക്കുള്ളതെങ്കിലും വന്യജീവികള്‍ക്ക് ദോശകരമാവില്ലെന്നാണ് പറയപ്പെടുന്നത്. അവധിക്കാലത്തെത്തുന്ന വിനോദസഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും കൗതുകമായി മാറുകയാണ് വനത്തിനുള്ളില്‍ വിരിഞ്ഞു നില്‍ക്കുന്ന ഈ അലങ്കാരപ്പൂവുകള്‍.