ആപ്പിള്‍ ചൈനവിട്ട് ഇന്ത്യയിലേക്ക്; ഐഫോണ്‍ നിര്‍മാണം ചെന്നൈയില്‍: പ്രതീക്ഷിക്കുന്നത് വന്‍ വിലക്കുറവ്

ഇന്ത്യയിലെ ഐഫോണ്‍ പ്രേമികളെ മാത്രമല്ല രാജ്യത്തെ സ്മാര്‍ട് ഫോണ്‍ പ്രേമികളെ ഒന്നടങ്കം ആഹ്ലാദഭരിതരാക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചരിത്രത്തിലാദ്യമായി തങ്ങളുടെ ഏറ്റവും പുതിയ, പ്രീമിയം ശ്രേണിയിലുള്ള ഹാന്‍ഡ്‌സെറ്റിന്റെ നിര്‍മാണം ഇന്ത്യയില്‍ തുടങ്ങിയിരിക്കുകയാണ് ആപ്പിള്‍. ചൈനയിലെ നിര്‍മാണം അവസാനിപ്പിച്ച് ഇന്ത്യയിലെ പ്ലാന്റുകളില്‍ കൂടുതല്‍ മോഡല്‍ ഐഫോണുകള്‍ നിര്‍മിക്കാനാണ് അമേരിക്കന്‍ കമ്പനിയായ ആപ്പിളിന്റെ നീക്കം. ഐഫോണ്‍ 11 മോഡലാണ് ഇപ്പോള്‍ കമ്പനി നിര്‍മിച്ചു തുടങ്ങിയിരിക്കുന്നത്. ഇത് മധ്യനിര സ്മാര്‍ട് ഫോണുകളുടെ വിലയിലും വില്‍പ്പനയിലും വന്‍ മാറ്റം വരുത്തിയേക്കാം. ഇന്ത്യയില്‍ ഇപ്പോള്‍ ഏറ്റവുമധികം ആളുകള്‍ വാങ്ങുന്ന ഐഫോണ്‍ മോഡലുകളിലൊന്നാണ് ഐഫോണ്‍ 11.

ആപ്പിളിനായി ഐഫോണുകള്‍ നിര്‍മിച്ചു കൊടുക്കുന്ന ഫോക്‌സ്‌കോണ്‍ കമ്പനിയുടെ ചെന്നൈയിലുള്ള ഫാക്ടറിയിലാണ് ഐഫോണ്‍ 11ന്റെ നിര്‍മാണം ആരംഭിച്ചിരിക്കുന്നത്. ഇതോടെ ഐഫോണ്‍ 11ന്റെ വിലയില്‍ കാര്യമായി കുറവു വന്നേക്കാമെന്നാണ് ചില നിരീക്ഷകര്‍ പറയുന്നത്. കൃത്യമായി പറഞ്ഞാല്‍ 22 ശതമാനം കുറവാണ് പ്രതീക്ഷിക്കുന്നത്. ആപ്പിള്‍ ഇപ്പോള്‍ നല്‍കുന്ന ഇറക്കുമതി ചുങ്കം 22 ശതമാനമാണ്. ഇതു കുറഞ്ഞേക്കമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, ആപ്പിള്‍ ഇതുവരെ ഐഫോണുകള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ചിട്ടില്ല. അതിന്റെ ഒരു കാരണമായി പറയുന്നത്, ഇപ്പോഴും ചൈന നിര്‍മിത ഐഫോണ്‍ 11 ഇന്ത്യയില്‍ ലഭ്യമാണ് എന്നതാണ്. എന്നാല്‍, അധികം താമസിയാതെ ഇതിനൊരു മാറ്റം വന്നേക്കാം. ഇന്ത്യയില്‍ തന്നെ നിര്‍മിച്ച ഐഫോണ്‍ 11 ഹാന്‍ഡ്‌സെറ്റുകള്‍ കടകളില്‍ എത്തിത്തുടങ്ങിയെന്നും വാര്‍ത്തകളുണ്ട്.

എന്നാല്‍, അങ്ങനെ വില കുറയ്ക്കുമ്പോള്‍ ഏതാനും മാസങ്ങള്‍ക്കു മുന്‍പ് അവതരിപ്പിച്ച ഐഫോണ്‍ എസ്ഇ 2020 മോഡലിന്റെ പ്രസക്തി കുറഞ്ഞു തുടങ്ങില്ലേ എന്ന പേടിയും കമ്പനി കണ്ടേക്കും. ഇതിനാല്‍ ഐഫോണ്‍ എസ്ഇ മോഡലും ഇന്ത്യയില്‍ തന്നെ നിര്‍മിച്ചു തുടങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആപ്പിളിന് ഐഫോണ്‍ നിര്‍മിച്ചു നല്‍കുന്ന വിന്‍സ്ട്രണ്‍ കമ്പനിയുടെ ബെംഗളൂരുവിലെ ഫാക്ടറിയിലായിരിക്കും ഐഫോണ്‍ എസ്ഇ 2020 നിര്‍മിച്ചു തുടങ്ങുക എന്നാണ് വാര്‍ത്തകള്‍. വിന്‍സ്ട്രണിന്റെ ഇതേ ഫാക്ടറിയിലാണ് ഐഫോണ്‍ എസ്ഇ ആദ്യ എഡിഷന്‍ നിര്‍മിച്ചിരുന്നത്. ഐഫോണ്‍ എസ്ഇ മോഡലിന് വെല്ലുവിളി ഉയര്‍ത്താനെന്നു പറഞ്ഞാണ്‍ വണ്‍പ്ലസിന്റെ പുതിയ മോഡലായ നോര്‍ഡ് അവതരിപ്പിച്ചത്. നോര്‍ഡിന്റെ തുടക്ക വില 24,999 രൂപയാണ്. എസ്ഇ മോഡലിനോട് മത്സരിക്കുമെന്നു കരുതുന്ന മറ്റൊരു മോഡലാണ് ഗൂഗിള്‍ പിക്‌സല്‍ 4എ. മികച്ച പ്രകടനം നടത്തുമെന്നു കരുതുന്ന ഇടത്തരം മോഡലുകളെല്ലാം ഐഫോണുകള്‍ക്കു വില കുറഞ്ഞാല്‍ വില കുറയ്‌ക്കേണ്ടതായി വന്നേക്കാം.

ഐഫോണ്‍ 11 ന്റെ തുടക്ക മോഡലിന്റെ എംആര്‍പി ഇപ്പോള്‍ 62,900 രൂപയാണ്. ഈ ഹാന്‍ഡ്‌സെറ്റ് ഇപ്പോള്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന മോഡലാണ്. ഐഡിസിയുടെ കണക്കുകള്‍ പ്രകാരം 35,000 രൂപയ്ക്കു മുകളില്‍ വില്‍ക്കുന്ന ഫോണുകളില്‍ ഏറ്റവുമധികം വിറ്റിരിക്കുന്നത് ഐഫോണ്‍ 11 ആണ്. 35,000 രൂപയ്ക്കു മുകളില്‍ വിലയുള്ള ഫോണുകളില്‍ 62.7 ശതമാനവും ഐഫോണ്‍ 11 ആണ് വിറ്റിരിക്കുന്നത്. ഇതിനു പിന്നിലായി സാംസങ്ങിന്റെയും വണ്‍പ്ലസിന്റെയും മോഡലുകളാണ് ഉള്ളത്. ഐഫോണ്‍ 11 ന്റെയും ഐഫോണ്‍ എസ്ഇയുടെയും വില കുറഞ്ഞാല്‍ മറ്റു ഫോണ്‍ നിര്‍മാതാക്കളും തങ്ങളുടെ മോഡലുകളുടെ വില കുറയ്‌ക്കേണ്ടതായി വന്നേക്കാമെന്നാണ് വലയിരുത്തലുകള്‍.

SHARE