കോവിഡിനിടെ ആപ്പിള്‍ സാംസങ്ങിന് നഷ്ടപരിഹാരം നല്‍കിയത് നൂറുകോടി ഡോളര്‍; കാരണം എന്തെന്നറിയാം

വാഷിങ്ടണ്‍: സാംസങ്ങിന് ആപ്പിള്‍ നൂറുകോടിയോളം ഡോളറിന്റെ നഷ്ടപരിഹാരം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. ആപ്പിളിന്റെ ആവശ്യാനുസരണം നിര്‍മ്മിച്ച ഒഎല്‍ഇഡി ഡിസ്പ്ലേകള്‍ വാങ്ങുന്നതില്‍ കമ്പനി പരാജയപ്പെട്ടതോടെ ആപ്പിള്‍ സാംസങ്ങിന് ഒരു ബില്യണ്‍ ഡോളര്‍ പിഴയടച്ചതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്.
സാംസങ്ങില്‍നിന്ന് നേരത്തെ ഓര്‍ഡര്‍ ചെയ്ത ഒ.എല്‍.ഇ.ഡി.(ഓര്‍ഗാനിക് ലൈറ്റ് എമിറ്റിങ് ഡയോഡ്) സ്‌ക്രീനുകള്‍ വാങ്ങുന്നതില്‍ ആപ്പിള്‍ വീഴ്ച വരുത്തിയിരുന്നു. ഇതാണ് നൂറ് കോടി ഡോളര്‍ സാംസങ്ങിന് നഷ്ടപരിഹാരമായി നല്‍കാന്‍ ആപ്പിള്‍ നിര്‍ബന്ധിതരായതെന്നാണ് വിവരം.

ഒ.എല്‍.ഇ.ഡി. സ്‌ക്രീനുകള്‍ക്കായി ആപ്പിള്‍ സാംസങ്ങിനെയാണ് ആശ്രയിച്ചിരുന്നത്. ലോകത്ത് ആകെ നിര്‍മിക്കുന്ന ഒ.എല്‍.ഇ.ഡി സ്‌ക്രീനുകളില്‍ നാല്‍പ്പത് ശതമാനവും സാംസങ്ങിന്റേതാണ്.

ഇതാദ്യമല്ല ആപ്പിള്‍ സാസംങ്ങിന് നഷ്ടപരിഹാരം നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ആപ്പിള്‍ ഓഡര്‍ചെയ്ത പ്രകാരം സാംസങില്‍ നിന്ന് ഒഎല്‍ഇഡി പാനലുകള്‍ വാങ്ങാത്തതിന് പിഴ ചുമത്തിയിരുന്നു. കരാര്‍ ലംഘനത്തിന് ആപ്പിള്‍ 684 മില്യണ്‍ ഡോളര്‍ പിഴയായി സാംസങ്ങിന് നല്‍കിയതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോവിഡ് -19 മൂലം വിപണിയില്‍ വന്ന ഇടിവും മറ്റുമാണ് ആവശ്യപ്പെട്ട ഓഡറുകള്‍ വാങ്ങാന്‍ ആപ്പിളിന് സാധിക്കാഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐഫോണ്‍ 12 സീരീസിനുള്ള ഏറ്റവും വലിയ OLED വിതരണക്കാരനായി ആപ്പിള്‍ സാംസങ് ഡിസ്പ്ലേയില്‍ നിന്ന് ചൈനയുടെ BOE ടെക്കിലേക്ക് മാറുമെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ഈ വര്‍ഷം ആപ്പിള്‍ 5 ജി പിന്തുണയോടെ നാല് ഐഫോണ്‍ 12 മോഡലുകള്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാല് 5 ജി ഐഫോണുകളിലും ഒഎല്‍ഇഡി ഡിസ്പ്ലേകളാവും ഉണ്ടാവുക.

SHARE