മുഖ്യമന്ത്രി കെജരിവാളിന് നിര്‍ദ്ദേശങ്ങളുമായി ‘ഡല്‍ഹി കത്തിച്ച’ കപില്‍ മിശ്ര

നൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വനിയമ ഭേദഗതിക്കെതിരെ സമരംനടത്തിയ പ്രതിഷേധക്കാര്‍ക്കെതിരെ സിഎഎ അനുകൂലികള്‍ നടത്തിയ അക്രമണങ്ങള്‍ സംഘര്‍ഷത്തിലും കൊലപാതകങ്ങളിലും കലാശിച്ചിരിക്കെ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് നിര്‍ദ്ദേശങ്ങളുമായി ഡല്‍ഹി കത്തിച്ച കുപ്രസിദ്ധനായ ബിജെപി നേതാവ് കപില്‍ മിശ്ര. കലാപത്തിനിടെ ഒരു പൊലീസുകാരനുള്‍പ്പെടെ എഴ് പേര്‍ കൊല്ലപ്പെട്ടിരിക്കെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കെജരിവാള്‍ യോഗം വിളിച്ചുചേര്‍ത്തിരിക്കെയാണ് വീണ്ടും വിദ്വേഷ നിലപാടുകളുമായി കപില്‍ മിശ്ര രംഗത്തെത്തിയത്.

ഷഹീന്‍ ബാഗ്, സഫറബാദ്, ചന്ദ് ബാഗ് ഉള്‍പ്പെടെ ഡല്‍ഹിയിലെ എല്ലാ റോഡുകളും സമരക്കാരെ നീക്കി ശൂന്യമാക്കണമെന്നാണ് ആദ്യ നിര്‍ദ്ദേശം. പൗരത്വനിയമ വിരുദ്ധ പ്രമേയം ഡല്‍ഹി നിയമസഭയില്‍ വരരുതെന്നും, ഷാരൂഖിനെ വെടിയുണ്ടകള്‍ കൊണ്ട് നേരിടണമെന്നുമാണ് തുടര്‍നിര്‍ദ്ദേശങ്ങള്‍. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നിങ്ങള്‍ ഇന്ന് കൂടിക്കാഴ്ച നടത്തുന്നു, ഈ മൂന്ന് കാര്യങ്ങള്‍ മനസ്സില്‍ വയ്ക്കുക, എന്ന് കുറിച്ചായിരുന്നു കപില്‍ മിശ്രയുടെ നിര്‍ദ്ദേശങ്ങളടങ്ങിയ ട്വീറ്റ്.

അതേസമയം, കെജരിവാളിന്റെ യോഗത്തിന് പിന്നലെ എതിര്‍പ്പുമായും മിശ്ര രംഗത്തെത്തി. മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍ ഒരിക്കല്‍ പോലും ഡല്‍ഹിയിലെ അടച്ച റോഡുകള്‍ തുറക്കാന്‍ അഭ്യര്‍ത്ഥിച്ചില്ലെന്നായിരുന്നു വിമര്‍ശനം. മുഖ്യമന്ത്രിയായി ഉടന്‍ റോഡുകള്‍ തുറക്കണമെന്നും എന്തുകൊണ്ടാണ് റോഡരികിലെ കലാപകാരികളെ ആം ആദ്മി രക്ഷപ്പെടുത്തുന്നതെന്നും മിശ്ര ചോദിച്ചു. റോഡുകള്‍ അടച്ചത് പൊലീസാണെന്നു സമാധാനപരമായി പ്രതിഷേധിക്കുന്ന സമരക്കാര്‍ക്ക് അതില്‍പങ്കില്ലെന്നുമുള്ള സത്യവാങ്മൂലം സുപ്രീംകോടതിയില്‍ നിലനില്‍ക്കെയാണ് കുപ്രസിദ്ധ നേതാവിന്റെ വിമര്‍ശനം.

അതേസമയം, തനിക്ക് വധഭീഷണിയുള്ളതായും കപില്‍ മിശ്ര അവകാശപ്പെട്ടു. ഒവൈസി, ബാര്‍ഖ, രാജ്ദീപ്, അഭിസര്‍, കപ്രി, ജാവേദ് അക്തര്‍ എന്നിവരെല്ലാം തന്നെ അധിക്ഷേപിക്കുന്നുവെന്നും കപില്‍ മിശ്ര പറഞ്ഞു.

അതേസമയം, ഡല്‍ഹിയില്‍ കലാപത്തിന് ആഹ്വാനം ചെയ്ത ബി.ജെ.പി നേതാവ് കപില്‍ മിശ്രക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി ബി.ജെ.പി എം.പി ഗൗതം ഗംഭീര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ജാഫ്രാബാദില്‍ മിശ്ര നടത്തിയ പ്രകോപനപരമായ പ്രസംഗത്തിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഗംഭീര്‍ പറഞ്ഞു. കപില്‍ മിശ്രയുടെ പ്രസ്താവന അംഗീകരിക്കാന്‍ കഴിയില്ലെന്നും അത്തരം പ്രകോപനപരമായ പ്രസംഗം നടത്തിയിട്ടുണ്ടെങ്കില്‍ അതാരായാലും അദ്ദേഹത്തിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു. പോലീസുകാര്‍ പോലും സുരക്ഷിതരല്ലെങ്കില്‍ സാധാരണക്കാരുടെ മനസ്സിന്റെ അവസ്ഥ സങ്കല്‍പ്പിക്കാമെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കപില്‍ മിശ്ര നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സി.എ.എ അനുകൂലികളെന്ന പേരില്‍ തെരുവിലിറങ്ങി കലാപം നടത്തിയത്. വളരെ ആസൂത്രിതമായി മുസ് ലിംകളെ മാത്രം തിരഞ്ഞുപിടിച്ച് അക്രമിക്കുകയായിരുന്നു. തിങ്കളാഴ്ച ദേശീയ തലസ്ഥാനത്തെ പിടിച്ചുകുലുക്കിയ അക്രമാസക്തമായ ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരനടക്കം എട്ടുപേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.

അതിനിടെ ഡല്‍ഹി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തി. നിലവില്‍ പൊലീസിന് പ്രശ്‌നങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയാണെങ്കില്‍ സൈനത്തെ വിന്യസിക്കുമെന്ന് അമിത് ഷാ അറിയിച്ചിട്ടുണ്ടെന്നും കെജ്‌രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
അമിത് ഷായുമായുള്ള ചര്‍ച്ചക്ക് മുമ്പ് കെജ്‌രിവാള്‍ അടിയന്തരയോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഡല്‍ഹിയിലെ തന്റെ വീട്ടിലാണ് യോഗം വിളിച്ച് ചേര്‍ത്തത്. എംഎല്‍എമാരെയും പൗരത്വ ഭേദഗതി പ്രതിഷേധക്കാര്‍ക്കെതിരെ അക്രമം നടന്ന സ്ഥലങ്ങളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും യോഗത്തില്‍ വിളിച്ചിരുന്നു.

ഡല്‍ഹിയിലെ സംഘര്‍ഷാവസ്ഥക്ക് പരിഹാരം കാണാന്‍ ക്ഷേത്രങ്ങളിലും പള്ളികളിലും സമാധാന ചര്‍ച്ചകള്‍ നടത്തണമെന്നും ചര്‍ച്ചകളില്‍ എം.എല്‍.എമാര്‍ പങ്കെടുക്കണമെന്നും കെജ്‌രിവാള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവിലെ സംഘര്‍ഷാവസ്ഥയെ നിയന്ത്രിക്കാന്‍ ദല്‍ഹിയുടെ അതിര്‍ത്തികള്‍ അടക്കേണ്ടതുണ്ടെന്നും ആക്രമണങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി പ്രതിഷേധക്കാര്‍ക്കെതിരെ സിഎഎ അനുകൂലികളും സംഘ്പരിവാര്‍ പ്രവര്‍ത്തകരും വ്യാപകമായ അക്രമം അഴിച്ചുവിട്ടത്. സംഘര്‍ഷത്തെ തുടര്‍ന്ന് ഒരു പൊലീസുകാരനടക്കം ഏഴ് പേരാണ് ഇതുവരെ കൊല്ലപ്പെട്ടിരിക്കുന്നത്. കലാപത്തില്‍ പരുക്കേറ്റ നൂറിലേറെ പേര്‍ ആസ്പത്രിയിലാണ്. നിരവധി ആളുകളുടെ നില ഗുരുതരമായി തുടരുകയാണ്.

പ്രതിഷേധക്കാര്‍ക്കെതിരെയുള്ള അക്രമം അപകടകരമായ നിലയിലേക്ക് നീങ്ങിയിട്ടും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇടപെടുന്നില്ലെന്നും കാര്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും വ്യാപകമായ വിമര്‍ശനമുയര്‍ന്നിരുന്നു. ഡല്‍ഹി പൊലീസ് സിഎഎ അനുകൂലികള്‍ക്ക് അക്രമത്തിന് സഹായം ചെയ്യുന്ന നിരവധി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.