തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലെങ്കിലും ഇനി പൊതുജനങ്ങള്‍ക്ക് അംഗീകൃത ലാബുകളില്‍ നേരിട്ട് പോയി കോവിഡ് പരിശോധന നടത്താം. ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. അതേസമയം തിരിച്ചറിയല്‍ കാര്‍ഡ്, സമ്മതപത്രം എന്നിവ നിര്‍ബന്ധമാണ്.
ആര്‍ടിപിസിആര്‍, ട്രൂനാറ്റ്, സിബിനാറ്റ്, ആന്റിജന്‍ എന്നീ പരിശോധനകളാണ് നടത്താന്‍ കഴിയുന്നത്. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചാലും രോഗലക്ഷണങ്ങളില്ലെങ്കില്‍ സൗകര്യമുള്ളവര്‍ക്ക് വീടുകളില്‍ ചികിത്സയ്ക്കുള്ള സൗകര്യം തെരഞ്ഞെടുക്കാം. ലക്ഷണമുള്ളവരെയും ഗുരുതര നിലയിലുള്ളവരെയും ആരോഗ്യനിലയനുസരിച്ച് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്കോ കൊവിഡ് ആശുപത്രിയിലേക്കോ മാറ്റും.
കേസുകള്‍ കൂടിയതോടെ പരമാവധി പരിശോധനാ സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനാണ് നടപടി. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കായിരിക്കും പരിശോധനയ്ക്ക് ഈടാക്കുക. സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 880 പേര് രോഗ മുക്തിനേടി. സംസ്ഥാനത്ത് മരിച്ച അഞ്ചുപേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
1068 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്. ഇതില്‍ 45 പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇന്ന് 22 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.