ദിലീപുമായി ബന്ധപ്പെടുത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി അന്‍വര്‍ സാദത്ത് എം.എല്‍.എ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപുമായി തനിക്ക് ബന്ധമുണ്ടെന്ന രീതിയിലുള്ള ആരോപണങ്ങള്‍ക്ക് മറുപടിയുമായി അന്‍വര്‍ സാദത്ത് എം.എല്‍.എ. ദിലീപിന്റെ അടുത്ത സുഹൃത്താണ് താനെന്ന് അദ്ദേഹം പറഞ്ഞു.

ദിലീപുമായി സൗഹൃദമുണ്ട്. ദിലീപിന് അങ്ങോട്ടും ദിലീപ് തിരിച്ചും വിളിക്കാറുണ്ട്. നടി ആക്രമിക്കപ്പെട്ടതിനുശേഷവും വിളിച്ചിട്ടുണ്ട്. എന്നാല്‍ റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളില്ല. നടിയെ ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളെക്കുറിച്ച് താന്‍ ദിലീപിനോട് ചോദിച്ചിട്ടുണ്ട്. എന്നാല്‍ ഇല്ലെന്നാണ് ദിലീപ് പറഞ്ഞിട്ടുള്ളത്. ആലുവ തേവരുടെ മുന്നില്‍ സത്യം ചെയ്ത് തെറ്റുകാരനല്ലെന്ന് ദിലീപ് പറഞ്ഞു. അറസ്റ്റിലായ മുഖ്യപ്രതി പള്‍സര്‍ സുനിയെ അറിയുമോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ദിലീപ് പറഞ്ഞിട്ടുള്ളതെന്നും എം.എല്‍.എ പറഞ്ഞു. ‘സംഭവത്തില്‍ ദിലീപ് കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കപ്പെടണം.’ ഇടതുപക്ഷ എം.എല്‍.എമാര്‍ക്കെതിരായ ആരോപണം ബാലന്‍സ് ചെയ്യാനാണ് തനിക്കുനേരെയുള്ള ആരോപണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കേസില്‍ തനിക്കുനേരെ വരുന്ന ഏതന്വേഷണവുമായും സഹകരിക്കുമെന്നും എം.എല്‍.എ പറഞ്ഞു. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് താന്‍. തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ മുകേഷിനെ ചോദ്യം ചെയ്യുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അതേസമയം, നാളെ വൈകുന്നേരം അഞ്ചുമണിവരെ ദിലീപിനെ കസ്റ്റഡിയില്‍ വിട്ടു. ദിലീപിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കുമെന്നും കോടതി അറിയിച്ചു.