ആ ട്രോളുകള്‍ വല്ലാതെ വേദനിപ്പിച്ചു; മലയാള സിനിമയില്‍ നിന്ന് മാറി നിന്നതിനെ കുറിച്ച് നടി അനുപമ

കോഴിക്കോട്: മലയാളികള്‍ക്ക് പ്രേമത്തിലെ മേരിയാണ് അനുപമ പരമേശ്വരന്‍. നടിയുടെ സിനിമാ ജീവിതത്തിലെ വഴിത്തിരിവും മേരിയാണ്. എന്നാല്‍ പ്രേമത്തിന് ശേഷം നാലു മലയാള ചിത്രത്തിലേ അനുപമയുണ്ടായിരുന്നുള്ളൂ. ഇതരഭാഷാ ചിത്രങ്ങളില്‍ സജീവമാകുകയും ചെയ്തു. എന്താണ് ഇതിന്റെ കാരണം എന്നു വെളിപ്പെടുത്തുകയാണ് ഇപ്പോള്‍ നടി.

‘ പ്രേമം പുറത്തിറങ്ങിയ ശേഷം സാമൂഹിക മാദ്ധ്യമങ്ങളില്‍ നിന്ന് ഒരുപാട് തെറികേട്ടു. ജാഡയാണ്, അഹങ്കാരിയാണ് എന്നൊക്കെയാണ് അവര്‍ പറഞ്ഞത്. ചിത്രത്തിന്റെ പ്രമോഷന്റെ സമയത്ത് ഞാന്‍ ഒരുപാട് അഭിമുഖങ്ങള്‍ നല്‍കിയിരുന്നു. അവസരങ്ങള്‍ മുതലാക്കാനായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. തൃശൂരില്‍ നിന്നുള്ള കൊച്ചു പെണ്‍കുട്ടിയായ ഞാന്‍ അവര്‍ പറയുന്നത് കേട്ടു. സിനിമയില്‍ ഞാന്‍ കുറച്ചു നേരമേ ഉണ്ടായിരുന്നുള്ളൂ. അതുവച്ച് ആളുകള്‍ എന്നെ ട്രോള്‍ ചെയ്യാന്‍ തുടങ്ങി. എന്റെ വ്യക്തിപരമായ വളര്‍ച്ചയ്ക്കു വേണ്ടിയാണ് ഇത് ഞാന്‍ ഉപയോഗിച്ചത് എന്നവര്‍ക്കു തോന്നി. ട്രോളുകള്‍ എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. അതു കൊണ്ടു തന്നെ മലയാളം സിനിമയില്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിച്ചു. ആ സമയത്താണ് തെലുങ്ക് നിര്‍മാണ കമ്പനിയില്‍ നിന്ന് നെഗറ്റീവ് റോളില്‍ ഒരു ഓഫര്‍ കിട്ടുന്നത്. എനിക്ക് അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞവര്‍ക്കു മുമ്പില്‍ ഞാന്‍ അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു. പുതിയ ഭാഷ പഠിച്ച് ആ ഇന്‍ഡസ്ട്രിയിലേക്കിറങ്ങി. അതിനു ശേഷം രണ്ടു തെലുങ്ക് ചിത്രങ്ങള്‍ കൂടി. പിന്നീട് തമിഴും’ – ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

മണിയറയിലെ അശോകന്‍ എന്ന പുതിയ ചിത്രത്തെ കുറിച്ചും അവര്‍ വാചാലയായി. താനും ദുല്‍ഖറും നല്ല സുഹൃത്തുക്കളാണ്. സിനിമയ്ക്ക് വേണ്ടി എട്ടു ദിവസത്തെ ഷൂട്ട് മാത്രമാണ് ഉണ്ടായിരുന്നത്. ശ്യാമ എന്നാണ്് ചിത്രത്തിന്റെ തന്റെ കഥാപാത്രത്തിന്റെ പേര്. ഷൂട്ട് കഴിഞ്ഞു തിരിച്ചു പോയപ്പോള്‍ ആ ടീമിനെ മിസ് ചെയ്തു. അപ്പോള്‍ ദുല്‍ഖറാണ് അസിസ്റ്റ് ചെയ്തു കൂടേ എന്നു ചോദിച്ചത്. ഒരു സംവിധായിക ആകുകയാണ് സ്വപ്‌നമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.