കുടുംബത്തിന് കോവിഡ് സ്ഥിരീകരിച്ചു; അനുപം ഖേര്‍ നിരീക്ഷണത്തില്‍

മുബൈ: ബോളിവുഡ് നടന്‍ അനുപം ഖേറിന്റെ കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. താരത്തിന്റെ അമ്മ ദുലാരി, സഹോദരന്‍ രാജു, സഹോദര പത്നി റിമ, റിമയുടെ മകള്‍ വൃന്ദ എന്നിവര്‍ക്കാണ് കൊവിഡ്. നിലവില്‍ കുടുംബാംഗങ്ങള്‍ക്ക് ചെറിയ രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അനുപം ട്വിറ്ററില്‍ കുറിച്ചു. ഇവരെ കോകിലാബെന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, അനുപം ഖേറിന്റെ ആദ്യ പരിശോധനാ ഫലം നെഗറ്റീവാണ്. എന്നാല്‍ കുടുംബത്തിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അദ്ദേഹവും നിരീക്ഷണത്തിലാണ്.

ഇന്നലെ രാത്രി ബോളിവുഡിലെ സൂപ്പര്‍ താരം അമിതാഭ് ബച്ചന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതിന് പിന്നാലെ മകന്‍ അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം, അമിതാഭ് ബച്ചന്റെ ഭാര്യ ജയാ ബച്ചന്‍, അഭിഷേക് ബച്ചന്റെ ഭാര്യ ഐശ്വര്യ റായ് മകള്‍ ആര്യ എന്നിവരടെ പരിശോധന ഫലം നെഗറ്റീവാണ്.